പടിക്കെട്ടുകള്‍ കയറാൻ കഴിയാത്ത വൃദ്ധയുടെ പരാതി പരിഹരിക്കാനെത്തുന്നത് ജില്ലാ കളക്ടറാണ്, ജഡ്‌ജിയല്ല…

സാമൂഹികം

വിവരണം

പടിക്കെട്ടുകള്‍ കയറാൻ കഴിയാത്ത വൃദ്ധയുടെ പരാതിക്ക് പരിഹാരവുമായി താഴേയ്ക്ക് ഇറങ്ങി വന്ന ജഡ്‌ജ്‌  എന്ന വാര്‍ത്ത  സാമൂഹ്യ മാധ്യമങ്ങളിലൂടെയും വാർത്താ മാധ്യമങ്ങളിലൂടെയും നിങ്ങള്‍ വായിച്ചു കാണും. 

archived linkFB post

പോസ്റ്റിലെ വിവരണം ഇങ്ങനെയാണ്: 

“തെലങ്കാനയിലെ ഭൂപാൽപള്ളി ജില്ലാ കോടതിയിലാണ് ഈ സംഭവം.

കോടതിയുടെ പടികൾ കയറാൻ വയ്യാതിരുന്ന വൃദ്ധയുടെ അടുത്തേക്ക് ബന്ധപ്പെട്ട ഫയലുകളുമായി ബഹുമാനപ്പെട്ട ജഡ്ജി ശ്രീ അബ്ദുൽ ഹസീം ഒന്നാം നിലയിൽ നിന്ന് പടിയിറങ്ങി വന്നു. എന്നിട്ട് ആ പടിക്കെട്ടിലിരുന്ന് അവർക്ക് നീതി നൽകി. മുടങ്ങിപോയ പെൻഷൻ ലഭിക്കുന്നതിന് വേണ്ടിയുള്ള പോരാട്ടത്തിനാണ് ഈ അമ്മ കോടതിയിൽ എത്തിയത്.

ആ അമ്മ കോടതി മുറ്റത്തിന്റെ പ്രവേശന കവാടത്തിൽ ഇരിക്കുകയാണെന്നും വാർദ്ധക്യം കാരണം ക്ഷീണിതയാണെന്നും അവരുടെ ക്ഷേമ പെൻഷനുമായി ബന്ധപ്പെട്ട കേസിൽ പങ്കെടുക്കാൻ പടികൾ കയറാൻ കഴിയുന്നില്ലെന്നും ജഡ്ജിയോട് കോടതി ക്ലാർക്ക് പറഞ്ഞു. ജഡ്ജി പരാതിക്കാരിയുടെ സമീപത്തെ തറയിൽ ഇരുന്നു അവരുടെ സബ്മിഷൻസ്‌ കേട്ടു. കേസ് കേട്ട ശേഷം കഴിഞ്ഞ 2 വർഷമായി തീർപ്പുകൽപ്പിച്ചിരുന്ന പ്രശ്നം അദ്ദേഹം പരിഹരിച്ചു.

‘ഇന്ത്യയിൽ ഇപ്പോഴും ഇങ്ങനെയുള്ള ന്യായാധിപന്മാരുണ്ട് എന്നതിൽ ഞാൻ അഭിമാനിക്കുന്നു..’

– മുൻ ജസ്റ്റിസ് ശ്രീ മാർക്കണ്ഡേയ കട്ജു”

മലയാളത്തിലെ പ്രമുഖ മാധ്യമങ്ങളും ഇതേപ്പറ്റി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. 

കോടതിയുടെ പടികൾ കയറാൻ വയ്യാതിരുന്ന വൃദ്ധയുടെ അടുത്തേക്ക് ബന്ധപ്പെട്ട ഫയലുകളുമായി ബഹുമാനപ്പെട്ട ജഡ്‌ജി ഇറങ്ങിവന്നുവെന്നാണ് മാധ്യമങ്ങൾ റിപ്പോര്‍ട്ട്  ചെയ്തത്. പ്രായാധിക്യം കൊണ്ടാണ്  കോടതിയിലേക്ക്  കയറാനാകാത്ത വൃദ്ധ പടികളിൽ ഇരുന്നത്. മുൻ സുപ്രീം കോടതി  ജസ്റ്റീസ് മാർക്കണ്ഡേയ കട്‌ജു തന്‍റെ സെപ്തംബര്‍ അഞ്ചിന് ഫേസ്‌ബുക്ക് പേജിലൂടെയാണ് ഈ സംഭവത്തിന്‍റെ വിവരങ്ങൾ പങ്കു വച്ചത്. 

archived linkfacebook

എന്നാൽ ചിത്രത്തിൽ വൃദ്ധയെ സഹായിക്കുന്നത് ജഡ്‌ജിയല്ല. 

വസ്തുത ഇങ്ങനെയാണ്

പോസ്റ്റിലെ ചിത്രത്തില്‍ വൃദ്ധയെ സഹായിക്കുന്നത് ജഡ്‌ജിയല്ല, ജയശങ്കര്‍ ഭൂപാല്‍പള്ളി  ജില്ലാ കളക്റ്റര്‍ മുഹമ്മദ്‌ അബ്ദുല്‍ അസീസ്‌  ആണ്. 

mohhamed abdul azeem

മാർക്കണ്ഡേയ കട്‌ജു പ്രസിദ്ധീകരിച്ച പോസ്റ്റില്‍ ജഡ്‌ജിയുടെ പേര് നല്‍കിയിരുന്നത് അബ്ദുല്‍ ഹസീം എന്നായിരുന്നു. അതിനാല്‍ മാധ്യമ വാര്‍ത്തകളിലും ഇതേ പേര് പ്രചരിച്ചു. വാര്‍ത്ത  നല്‍കിയ മാധ്യമങ്ങളെല്ലാം പിന്നീട് വിവരങ്ങള്‍ തിരുത്തി. 

പ്രമുഖ മാധ്യമങ്ങള്‍  മാർക്കണ്ഡേയ കട്‌ജുവിന്‍റെ  ഫേസ്ബുക്ക് പോസ്റ്റിനെ ആധാരമാക്കി മാത്രമാണ്  വാര്‍ത്ത പ്രസിദ്ധീകരിച്ചത്. എന്നാല്‍ അദ്ദേഹത്തിന്‍റെ പോസ്റ്റിലെ വിവരങ്ങള്‍ തെറ്റായിരുന്നു.   അദ്ദേഹം പിന്നീട് പോസ്റ്റ് നീക്കം ചെയ്തു. തുടര്‍ന്ന് വാര്‍ത്ത പ്രസിദ്ധീകരിച്ച മാധ്യമങ്ങള്‍ വാര്‍ത്ത തിരുത്തി. എന്നാല്‍ മാധ്യമങ്ങള്‍ ആദ്യം  പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ സ്ക്രീന്‍ ഷോട്ടുകളാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. 

2020 ഫെബ്രുവരി 26 ന് ടിവി 9 തെലുങ്ക്  പ്രസിദ്ധീകരിച്ച വാര്‍ത്ത പ്രകാരം വൃദ്ധ പെന്‍ഷന്‍ ശരിയാക്കാനായി രണ്ടു വര്‍ഷമായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങുക ആയിരുന്നു.  

“പ്രായമായവരുടെ ജീവിതത്തെ സഹായിക്കാനാണ് സർക്കാർ പെൻഷൻ നൽകുന്നത്. എന്നാൽ ചില സർക്കാർ ഉദ്യോഗസ്ഥർ പ്രായമായവരെ സഹായിക്കുന്നതിന് പകരം അവരെ  ഗുരുതരമായ കുഴപ്പത്തിലാക്കുകയാണ്. അടുത്തിടെ അത്തരമൊരു സംഭവം വെളിച്ചത്തുവന്നു. ജില്ലാ കളക്ടർ അക്ഷരാർത്ഥത്തിൽ വൃദ്ധയുടെ പ്രശ്നം പരിഹരിച്ചിച്ചു.

ജയശങ്കർ ഭൂപാൽപള്ളി മേഖലയിലെ ഗുരുരമ്പള്ളി ഗ്രാമത്തിൽ താമസിക്കുന്ന വൃദ്ധയായ ആദിവാസി വനിതയായ അജ്മേര മംഗമ്മ (70) രണ്ടുവർഷമായി പെൻഷനായി സർക്കാർ ഓഫീസുകളിൽ കയറിയിറങ്ങുന്നു. എന്നാൽ വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി അധികൃതർ ഇതുവരെ അവർക്ക് പെൻഷൻ നൽകിയിട്ടില്ല. കലക്ടർ മന്ത്രി എറബെല്ലി ദയകർ റാവു, പ്രാദേശിക എം‌എൽ‌എ ഗാന്ദ്ര വെങ്കടരാമന റെഡ്ഡി എന്നിവരോടൊപ്പം അടുത്തിടെ നഗരവികസന പരിപാടിയിൽ പങ്കെടുത്തതാണ് മുഹമ്മദ് അബ്ദുൽ അസീം.  അപ്പോഴാണ്‌  വൃദ്ധ ഓഫീസിലെ പടികളിൽ ഇരിക്കുന്നത് ശ്രദ്ധയില്‍ പെട്ടത്. കളക്ടർ ഉടനെ അവരുടെ  അടുത്ത് ചെന്ന് എന്തിനാണ് ഇവിടെ ഇരിക്കുന്നതെന്ന് ചോദിച്ചു. രണ്ട് വർഷമായി തന്‍റെ പെൻഷൻ വരുന്നില്ലെന്നും ഭക്ഷണം കഴിക്കാൻ നിവൃത്തിയില്ലെന്നും അവർ കളക്ടറോട് പരാതിപ്പെട്ടു. ഇതുകേട്ട് മനസ്സലിഞ്ഞ  കളക്ടർ അവരുടെ അരികിലിരുന്ന് തന്നെ  ജില്ലാ ഗ്രാമവികസന ഓഫീസർ സുമതിയോട് ഫോണിൽ സംസാരിക്കുകയും പെൻഷൻ അനുവദിപ്പിക്കുകയും ചെയ്തു. “

കഴിഞ്ഞ ഫെബ്രുവരി മാസം നടന്ന ഈ സംഭവം അന്നുതന്നെ മാധ്യമങ്ങളില്‍ വരുകയും ചിലര്‍ സാമൂഹ്യ മാധ്യമ പേജുകളില്‍ പ്രസിദ്ധീകരിക്കുകയും  ചെയ്തിരുന്നു. 

പോസ്റ്റില്‍ നല്‍കിയിരിക്കുന്ന വാര്‍ത്ത തെറ്റാണ്. ചിത്രത്തിലുള്ളത് ജില്ലാ കളക്റ്റര്‍ ആണ്. ജില്ലാ ജഡ്ജ് അല്ല. ഇദ്ദേഹത്തിന്‍റെ പേര് മുഹമ്മദ്‌ അബ്ദുല്‍ അസീം എന്നാണ്.

നിഗമനം

പോസ്റ്റില്‍ നല്‍കിയിരിക്കുന്ന വാര്‍ത്ത തെറ്റാണ്. പോസ്റ്റിലെ ചിത്രത്തിലുള്ളത് ജയശങ്കർ ഭൂപാൽപള്ളി ജില്ലയുടെ കലക്ടര്‍ മുഹമ്മദ്‌ അബ്ദുല്‍ അസീസ്‌ ആണ്. ജില്ലാ ജഡ്ജി അല്ല. തെറ്റായ വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ പിന്നീട് തിരുത്തി നല്‍കിയിരുന്നു. 

Avatar

Title:പടിക്കെട്ടുകള്‍ കയറാൻ കഴിയാത്ത വൃദ്ധയുടെ പരാതി പരിഹരിക്കാനെത്തുന്നത് ജില്ലാ കളക്ടറാണ്, ജഡ്‌ജിയല്ല…

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •