ഈ ചിത്രങ്ങൾ ഇറ്റലിയിലേതല്ല, വെനിസ്വേലയിൽ നിന്നുള്ളതാണ്…

Coronavirus അന്തർദേശിയ൦

വിവരണം 

ഇറ്റലിയിലെ തെരുവോരങ്ങളിൽ കറൻസി നോട്ടുകൾ  ചിതറിക്കിടക്കുന്ന ചിത്രവുമായി പ്രചരിക്കുന്ന ഒരു വാർത്ത സാമൂഹിക മാധ്യമങ്ങളിൽ ഇന്നലെ മുതൽ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്. “പണം കൊണ്ട് അഹങ്കരിക്കുന്ന അഹങ്കാരികളേ ഇതാ നിങ്ങൾ അഹങ്കരിച്ചിരുന്ന പണം ആർക്കും ഉപകാരമില്ലാതെ കുപ്പതൊട്ടിയിൽ. ഇറ്റലിയിലെ ആളുകൾ അവരുടെ പണം മുഴുവൻ പുറത്തുള്ള റോഡുകളിലേക്ക് വലിച്ചറിഞ്ഞു. മരണത്തിൽ നിന്ന് അവരെ രക്ഷിക്കാൻ ഈ പണത്തിന് കഴിയില്ലെന്നും, ഉപയോഗശൂന്യമാണെന്നും പറഞ്ഞു . നിങ്ങൾ തിരിച്ചെത്തിച്ചേരുകയാണെങ്കിൽ ഇത് സേവനത്തിനും ദരിദ്രരെ സഹായത്തിനും വേണ്ടി ചെലവഴിക്കുക. മാനവികതയ്ക്കുള്ള പാഠം.” എന്ന വിവരണത്തോടെയാണ് ചിത്രങ്ങൾ നൽകിയിട്ടുള്ളത്. 

http://archive.is/wip/ULTxB

കോവിഡ് 19 വൈറസ് ബാധ ഇറ്റലിയിൽ ഇതുവരെ 12428 പേരുടെ ജീവൻ അപഹരിച്ചു കഴിഞ്ഞു. 105792 ആളുകൾ രോഗബാധിതരാണ്. സാമ്പത്തികമായും വൈകാരികമായും വലിയ പ്രതിസന്ധിയാണ് ഇറ്റലി അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്നത്. ഈ അവസരത്തിൽ പ്രചരിക്കുന്ന ചിത്രങ്ങളുടെ യാഥ്യാർഥ്യം എന്താണെന്ന് നമുക്ക് കണ്ടുപിടിക്കാം 

വസ്തുതാ വിശകലനം 

ഈ  ചിത്രത്തിന്‍റെ റിവേഴ്‌സ് ഇമേജ് അന്വേഷണം നടത്തിയപ്പോൾ ചിത്രം എവിടുത്തേതാണെന്നും എന്താണ് ചിത്രത്തിന് പിന്നിലെന്നും ഞങ്ങൾക്ക് വ്യക്തമായി. വാർത്ത നിങ്ങളുമായി പങ്കു വയ്ക്കുന്നതിൽ ഞങ്ങൾക്ക്  സന്തോഷമുണ്ട്. ഇതേ ചിത്രത്തിന്‍റെ സ്ക്രീൻഷോട്ട് റഷ്യൻ ഭാഷയിലെ വിവരണത്തോടെയാണ് ആദ്യം ലഭിച്ചത്. ഡാനിയേൽ റോഡ്രിഗ്സ് എന്ന പ്രൊഫൈലിൽ നിന്നും സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വിവരണം മനസ്സിലാക്കാൻ സാധിച്ചില്ലെങ്കിലും ചിത്രം പ്രസിദ്ധീകരിച്ചിരിക്കുന്നത് 2019 മാർച്ച് 19 നാണെന്ന് മനസ്സിലായി. ഈ ചിത്രം റീപോസ്റ്റ് ചെയ്ത മറ്റൊരു വെബ്‌സൈറ്റിൽ  നിന്നും ഒരു ചെറിയ വിവരണം  ലഭിച്ചു. വിവരണത്തിന്‍റെ പരിഭാഷ ഇതാണ്:  

ഒരു പുതിയ സാഹസിക ദിനത്തിലൂടെ (ഞങ്ങൾക്ക് രാത്രിയുണ്ട്, പ്രഭാതമുണ്ട്) വെനിസ്വേല ഒരു കൂപ്പുകുത്തലിലേയ്ക്കും അനിയന്ത്രിതമായ കുഴപ്പത്തിലേക്കും നീങ്ങുന്നുവെന്ന് വ്യക്തമാകും. കവർച്ചകൾ നടക്കുന്നു. എല്ലാം കൊള്ളയടിക്കുന്നു- ബാങ്കുകൾ, സൂപ്പർമാർക്കറ്റുകൾ, കടകൾ, വീടുകൾ. പോലീസ് ഇപ്പോഴും കൊള്ളക്കാരെ ചിതറിക്കുകയാണ്, എന്നാൽ നിലവിലെ സാഹചര്യങ്ങളിൽ ആളുകൾ അതിജീവിക്കാൻ ശ്രമിക്കുന്ന  ഘടകങ്ങൾ തടയുന്നത് അസാധ്യമാണ്. ഇതുവരെ, കൊള്ളയിൽ ഭൂരിഭാഗവും 1.7 ദശലക്ഷം മാരാകൈബോയിലാണ്‌ നടന്നിട്ടുള്ളത്, എന്നാൽ അക്രമത്തിന്‍റെയും കുറ്റകൃത്യങ്ങളുടെയും തരംഗം തുടർന്നും വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് തോന്നുന്നു …….

…… സ്ഥിതി ഈ ദിശയിൽ തുടരുകയാണെങ്കിൽ, അയൽരാജ്യങ്ങൾ അതിർത്തി പ്രദേശങ്ങളിലേക്ക് അടിയന്തിരമായി സൈനികരെ അയയ്ക്കാനും ബഫർ സോണുകൾ സൃഷ്ടിക്കാനും ദശലക്ഷക്കണക്കിന് അഭയാർഥികളെ സ്വീകരിക്കാനും തയ്യാറാകേണ്ടിവരും. സംഭവിക്കുന്നതിന്‍റെ തീവ്രത കണക്കിലെടുക്കുമ്പോൾ, 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ദുരന്തത്തെയാണ് ഞങ്ങൾ അഭിമുഖീകരിക്കുന്നത്.

archived link

ഈ ചിത്രങ്ങൾ വെനിസ്വേലയിൽ നിന്നുമുള്ളതാണ്. അവിടെ കലാപത്തിന് ശേഷം അക്രമികൾ കൊള്ള നടത്തിയതിനു ശേഷമുള്ള ചിത്രങ്ങളാണിത്. 

ഈ വിവരത്തിൽ നിന്നുമുള്ള കീ വേർഡ്‌സ് ഉപയോഗിച്ച് ഓൺലൈനിൽ തിരഞ്ഞപ്പോൾ  ലഭിച്ച വാർത്തകളുടെ വിശദാംശങ്ങൾ ഇങ്ങനെയാണ്: വെനിസ്വേലയിൽ 2014 മുതൽ നടന്നുവരുന്ന കലാപങ്ങളിൽ ഇതുവരെ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെടുകയും ബാങ്കുകളും സ്ഥാപനങ്ങളും വീടുകളും കൊള്ളയടിക്കപ്പെടുകയും ചെയ്തു. വെനസ്വേലയുടെ പ്രസിഡന്‍റായിരുന്ന ഹ്യുഗോ ഷാവേസിന്‍റെ മരണത്തെ തുടർന്ന് 2013 ൽ അധികാരത്തിലെത്തിയ നിക്കോളാസ് മഡുറോയുടെ ഭരണത്തോടുള്ള ജനങ്ങളുടെ അതൃപ്തിയാണ് കലാപത്തിൽ അവസാനിച്ചത്. തുടർന്ന് രാജ്യം അഭിമുഖീകരിച്ച സാമ്പത്തിക പ്രതിസന്ധി രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളെയും പട്ടിണിയിലേക്ക് നയിച്ചു. ഇങ്ങനെ ഉടലെടുത്ത കലാപം ഇപ്പോഴും വെനിസ്വേലയിൽ തുടരുകയാണ്.

 2017 -2019 കാലത്ത് പ്രസിദ്ധീകരിച്ച ഈ ചിത്രങ്ങൾക്ക് ഏതായാലും 2020 മാർച്ചിൽ ഇറ്റലിയിൽ പൊട്ടിപ്പുറപ്പെട്ട കോവിഡ് 19 വൈറസ് ബാധയുമായി യാതൊരു ബന്ധവുമില്ല. 

നിഗമനം 

പോസ്റ്റിൽ നൽകിയിരിക്കുന്ന ചിത്രങ്ങൾ ഇറ്റലിയിൽ നിന്നുള്ളതല്ല. വെനിസ്വേലയിലേതാണ്. അവിടെ ഏതാനും വർഷങ്ങളായി തുടർന്ന് പോരുന്ന കലാപത്തിന്‍റെ ചില ചിത്രങ്ങളാണിത്. ഇറ്റലിയുമായി ഇവയ്ക്ക് യാതൊരു ബന്ധവുമില്ല

Avatar

Title:ഈ ചിത്രങ്ങൾ ഇറ്റലിയിലേതല്ല, വെനിസ്വേലയിൽ നിന്നുള്ളതാണ്…

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •