
വിവരണം
Aneesh pc എന്ന ഫേസ്ബുക്ക് പ്രൊഫൈലിൽ നിന്നും 2019 സെപ്റ്റംബർ 14 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിട്ടുള്ളത്. “ചിതറിത്തെറിച്ച ചോരത്തുള്ളികൾ കൊണ്ട് ചരിത്രം തിരുത്തിയ വിപ്ലവ പോരാളികളെ ലാത്തിയും തോക്കും കൊണ്ട് പിടിച്ചുകെട്ടാൻ ആവില്ല നിങ്ങൾക്ക്…അഭിമാനിക്കുന്നു.സഖാക്കളേ നിങ്ങൾക്ക് എന്റെ ഇടനെഞ്ചോട് ചേർത്ത് ഒരായിരം വിപ്ലവ അഭിവാദ്യങ്ങൾ…. ????????” എന്ന അടിക്കുറിപ്പുമായി രണ്ടു ചിത്രങ്ങളാണ് പോസ്റ്റിലുള്ളത്. ശിരസ്സ് പൊട്ടി മുഖത്തും ശരീരത്തിലും രക്തമൊഴുകിയിട്ടും കൈകളുയർത്തി അഭിവാദ്യമർപ്പിക്കുന്ന മട്ടിൽ കൈ ഉയർത്തുന്ന യുവതിയുടെയും പൊലീസിന് നേരെ വിരൽചൂണ്ടി സധൈര്യം മുന്നോട്ടു നീങ്ങുന്ന മറ്റൊരു യുവതിയുടെയും ചിത്രങ്ങളാണ് പോസ്റ്റിൽ ഉള്ളത്.

archived link | FB post |
ഇടത് യുവജന സംഘടനകൾ നടത്തിയ റാലിക്കിടെ നടന്ന സംഘർഷത്തിൽ സംഭവിച്ചത് എന്ന മട്ടിലാണ് ചിത്രം പ്രചരിക്കുന്നത്. നിരവധി ഫേസ്ബുക്ക് പോസ്റ്റുകളിൽ ഇതേ ചിത്രം പ്രചരിപ്പിച്ചിരുന്നു.
ഈ ചിത്രങ്ങൾ ഏതു സന്ദർഭത്തിലേതാണ്..? ഇടതുപക്ഷത്തിന്റെ സമരത്തിൽ നിന്നുമുള്ളതാണോ…? നമുക്ക് അറിയാൻ ശ്രമിക്കാം
വസ്തുതാ വിശകലനം
ചിത്രം 1
ഞങ്ങൾ ഈ ചിത്രം yandex എന്ന സെർച്ച് എൻജിൻ ഉപയോഗിച്ച് പരിശോധിച്ചപ്പോൾ ഞങ്ങൾക്ക് ഷിയാ ആഘോഷമായ അഷൂറയെ പറ്റി പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിന്റെ ലിങ്ക് ലഭിച്ചു. ഓരോ രാജ്യത്തെയും അഷൂറ ആഘോഷങ്ങളുടെ ചിതങ്ങൾ ലേഖനത്തിലുണ്ട്. ലബനോനിൽ നിന്നുള്ള ചിത്രങ്ങൾ എന്ന വിഭാഗത്തിൽ ഇതേ ചിത്രവും നൽകിയിട്ടുണ്ട്.

archived link | jafariyanews |
ഏറ്റവും വലിയ ഷിയാ ന്യൂസ് വെബ്സൈറ്റ് എന്ന് സ്വയം അവകാശപ്പെടുന്ന ജാഫറിയ ഡോട്ട്കോം എന്ന പോർട്ടലിൽ 2005 ഫെബ്രുവരി 20 നാണ് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ആശൂറാ ആഘോഷത്തിന്റെ മറ്റൊരു വീഡിയോ തെറ്റായ വിവരണവുമായി പ്രചരിപ്പിച്ചത് ഞങ്ങൾ വസ്തുതാ അന്വേഷണം നടത്തി കണ്ടെത്തിയിരുന്നു. ലേഖനത്തിന്റെ ലിങ്ക് താഴെ കൊടുക്കുന്നു.
സംഘപരിവാർ മുസ്ലിം സ്ത്രീക്ക് നേരെ നടത്തിയ ആക്രമണത്തിന്റെ വീഡിയോയാണോ ഇത്…?
ഈ ചിത്രം ഷിയാ മുസ്ലീങ്ങളുടെ ആചാരമായ അഷൂറ ആഘോഷത്തിൽ നിന്നുമുള്ളതാണ്. 2005 ൽ ലബനോനിൽ നിന്നുള്ളതാണ് ചിത്രമെന്ന് ഷിയാ മുസ്ലിം വാർത്തകൾ പ്രസിദ്ധീകരിക്കുന്ന വെബ്സൈറ്റ് അവകാശപ്പെടുന്നു. ഇത് ഇടത് യുവ സംഘടനകൾ നടത്തിയ സമരത്തിൽ നിന്നുള്ളതല്ല എന്ന് വ്യക്തമാണ്.

ചിത്രം 2
ഈ ചിത്രം ഇടത് സമരത്തിൽ നിന്നുള്ളതാണ് എന്ന് അനുമാനിക്കുന്നു. ചിത്രത്തിന്റെ തിരയലിൽ ഞങ്ങൾക്ക് അനുകൂല ഫലങ്ങളൊന്നും ലഭ്യമായില്ലെങ്കിലും ഇതേ സന്ദർഭത്തിലെ ഒരു വീഡിയോ Subash Sreedharan K
എന്ന പ്രൊഫൈലിൽ പ്രസിദ്ധീകരിച്ചിരിക്കുന്നതായി കണ്ടെത്തി.
ചിത്രത്തിലുള്ള യുവതിയുടെ അതേ വീഡിയോ ആണിതെന്നു താരതമ്യം ചെയ്തു നോക്കുമ്പോൾ മനസ്സിലാകുന്നു. ബംഗാളിലെ വിപ്ലവകാരികള്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചുകൊണ്ടാണ് പോസ്റ്റിന്റെ അടിക്കുറിപ്പ്.
stalkram എന്ന വെബ്സൈറ്റില്‍ ഇതേ വീഡിയോ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പോസ്റ്റിൽ ആദ്യത്തെ ചിത്രം വിപ്ലവവുമായി യാതൊരു ബന്ധവുമില്ലാത്തതാണ്. രണ്ടാമത്തെ ചിത്രം ബംഗാളിലെ ഇടത് യുവജന പ്രസ്ഥാനങ്ങളുടെ തൊഴിലില്ലായ്മയ്ക്കെതിരെയുള്ള റാലിയിൽ നിന്നുമുള്ളതാണെന്ന് അനുമാനിക്കുന്നു.
നിഗമനം
ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന ചിത്രങ്ങളിൽ ആദ്യത്തേത് ഇടതു പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടതല്ല. ഷിയാ മുസ്ലീങ്ങളുടെ ആചാരമായ അഷൂറയുടെ ലബനോനിൽ നിന്നുള്ളതാണ് ചിത്രം. രണ്ടാമത്തെ ചിത്രം ഇടതുപക്ഷത്തിന്റെ സമര മുഖത്ത് നിന്നുമുള്ളതാണെന്ന് അനുമാനിക്കുന്നു. പോസ്റ്റിൽ നല്കിയിരിക്കുന്നതിൽ സത്യവും അസത്യവുമായ കാര്യങ്ങളുണ്ട്. അതിനാൽ മുകളിൽ നൽകിയിരിക്കുന്ന വസ്തുതകൾ മനസ്സിലാക്കി പോസ്റ്റിനോട് പ്രതികരിക്കാൻ മാന്യ വായനക്കാരോട് അഭ്യർത്ഥിക്കുന്നു.

Title:ഈ ചിത്രങ്ങൾ ഇടതുപക്ഷ പ്രവർത്തകരുടെ സമരവേദിയിൽ നിന്നുള്ളതാണോ…?
Fact Check By: Vasuki SResult: Mixture
