ഇത് മമതയും കോൺഗ്രസ്സും കൂടി പുറത്തേയ്ക്കു പാസ് കൊടുക്കാതെ കൽക്കട്ടയിൽ തടഞ്ഞ ഉള്ളി ലോറികളുടെ വീഡിയോ അല്ല…

ദേശീയം

വിവരണം 

Unni Krishnan

 എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 ഡിസംബർ 10 മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റിന് ഇതുവരെ 500 റോളം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. “ഈ വീഡിയോ കഴിയുന്നത്രയും ഷെയർ ചെയ്യുക.കൽകട്ടയിൽ സവാള കയറ്റിയ ലോറികൾ ദിവസങ്ങളായി ടേണിൽ കിടക്കുകയാണ് മമതയും കോൺഗ്രസ്സും കൂടീ വണ്ടിക്ക് പുറത്തേക്ക് പോവുവാൻ ഉള്ള പാസ് കൊടുക്കുന്നില്ല. സവാള ടൺ കണക്കിന് ചീഞ്ഞ് നാറി നശിച്ചു കൊണ്ടിരിക്കുകയാണ്” എന്ന അടിക്കുറിപ്പിൽ പോസ്റ്റിൽ നൽകിയിട്ടുള്ള വീഡിയോയിൽ നിരവധി ലോറികൾ സവാള  നിറച്ച ചാക്കുകളുമായി ഒരിടത്ത് പാർക്ക് ചെയ്തിരിക്കുന്നത് കാണാം.

archived linkFB post

ഈ സവാള വിപണനത്തിന് നൽകാതെ ബംഗാളിൽ കോൺഗ്രസ്സുകാരും മമതയും തടഞ്ഞു വച്ചിരിക്കുകയാണെന്നും അവ ചീഞ്ഞു പൊയ്ക്കൊണ്ടിരിക്കുന്നുവെന്നും പോസ്റ്റിൽ അവകാശപ്പെടുന്നു.

നമുക്ക് വീഡിയോയുടെ വസ്തുത അറിയാൻ ശ്രമിക്കാം.

വസ്തുതാ വിശകലനം 

ഞങ്ങൾ ഫേസ്‌ബുക്കിൽ വാർത്തയുടെ കീ വെഡ്സ് ഉപയോഗിച്ച് തിരഞ്ഞപ്പോൾ ഈ വീഡിയോ ഇതേ വാദഗതിയുമായി നിരവധിപ്പേർ ഷെയർ ചെയ്യുന്നുണ്ട് എന്ന് മനസ്സിലായി. 

മാത്രമല്ല വീഡിയോയുടെ ഒപ്പം നൽകിയിരിക്കുന്ന അവകാശവാദം പൂർണ്ണമായും തെറ്റാണ് എന്നും മനസ്സിലായി. യഥാർത്ഥത്തിൽ ഈ ഉള്ളി ലോറികൾ 2019 സെപ്റ്റംബറിൽ ബംഗ്ളാദേശിലേയ്ക്ക് ഉള്ളി കയറ്റുമതി ചെയ്യാനായി ഉപയോഗിച്ചവയാണ്. 

ഞങ്ങൾ വീഡിയോ ഇൻവിഡ് എന്ന വീഡിയോ അനലൈസിങ്  ടൂളുപയോഗിച്ച് വിവിധ ഫ്രേമുകളായി വിഭജിച്ച ശേഷം അതിൽ നിന്നും പ്രസക്തമായ ഒരെണ്ണം എടുത്ത് റിവേഴ്‌സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ സമാനമായ ചിത്രങ്ങൾ ഉപയോഗിച്ച് വാർത്ത പ്രസിദ്ധീകരിച്ച ചില മാധ്യമങ്ങളുടെ ലിങ്കുകളും ഇതേ വീഡിയോയ്ക്ക് മുകളിൽ വസ്തുതാ അന്വേഷണം നടത്തിയ ആൾട്ട് ന്യൂസ് എന്ന വെബ്‌സൈറ്റിന്‍റെ ലിങ്കും ലഭിച്ചു. 

ഈ വീഡിയോ ഒക്ടോബര്‍ 5 നു Khalsa Rajbinder Krb എന്ന പ്രൊഫൈല്‍ നിന്നും പോസ്റ്റു ചെയ്തിട്ടുണ്ട്. 

archived linkFB rajbinder

ആൾട്ട് ന്യൂസിന്‍റെ റിപ്പോർട്ട് പ്രകാരം അവർ ഘോജദംഗ അതിർത്തിയിലെ ഒരു പ്രാദേശിക ചരക്ക് കമ്പനിയുമായി ബന്ധപ്പെട്ടിരുന്നു എന്ന് പറയുന്നു.  ബംഗ്ലാദേശിലേക്ക് ഉള്ളി കയറ്റുമതി ചെയ്യുന്നതിനായി രണ്ട് മാസം മുമ്പ് അതിർത്തിയിൽ ചരക്ക് ട്രക്കുകൾ നിലയുറപ്പിച്ചിരിക്കുകയാണെന്ന് കമ്പനി അധികൃതർ അവരെ അറിയിച്ചതായി റിപ്പോർട്ടിൽ നൽകിയിട്ടുണ്ട്.  “ഇപ്പോൾ, ഘോജദംഗ അതിർത്തിയിൽ ട്രക്കുകളൊന്നുമില്ല. ഇന്ത്യയിൽ നിന്ന് ബംഗ്ലാദേശിലേക്ക് ഉള്ളി കയറ്റുമതി ചെയ്യുന്നതിനായി 2-3 മാസം മുമ്പ് ഇവിടെ ട്രക്കുകൾ ഉണ്ടായിരുന്നുഎന്ന് കമ്പനി അധികൃതർ പറഞ്ഞതായി ആൾട്ട്ന്യൂസ് റിപ്പോർട്ടിലുണ്ട്.

കൂടാതെ ഞങ്ങൾക്ക് ലഭിച്ച ടൈംസ് ഓഫ് ഇന്ത്യയുടെ മാധ്യമ റിപ്പോർട്ടിൽ ആഭ്യന്തര വിപണിയിൽ ക്ഷാമം നേരിടാൻ തുടങ്ങിയതിനെ തുടർന്ന്  സെപ്റ്റംബർ 29 ന് ഇന്ത്യൻ സർക്കാർ ബംഗ്ലാദേശിലേക്ക് ഉള്ളി കയറ്റുമതി ചെയ്യുന്നത് നിരോധിച്ചിരുന്നു എന്ന് എഴുതിയിട്ടുണ്ട്. ഒക്ടോബർ 5 ന് ടൈംസ് ഓഫ് ഇന്ത്യയിൽ വന്ന റിപ്പോർട്ട് അനുസരിച്ച്, “ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ 6,750 ടൺ ഉള്ളി ചാക്കുകളുമായി നാസിക്കിൽ നിന്നും യാത്ര പുറപ്പെട്ട 225 ട്രക്കുകൾ കയറ്റുമതി നിരോധിച്ചതിനെത്തുടർന്ന് ഘോജദംഗ അതിർത്തിയിൽ കുടുങ്ങിപ്പോയി. എന്നാൽ, നിരോധനം നിലവിൽ വരുന്നതിന് മുമ്പ് ട്രക്കുകൾ നാസിക്കിൽ നിന്ന് പുറപ്പെട്ടിരുന്നു.”

archived linktimesofindia

ഈ ഉള്ളി ലോറികൾക്കുള്ള നിരോധനം പിന്നീട് കേന്ദ്ര  സർക്കാർ നീക്കം ചെയ്തതായും ലോറികൾക്ക് കടന്നു പോകാൻ അനുമതി നൽകിയതായും ബംഗ്ളാ ഭാഷയിലെ മാധ്യമമായ ബംഗ്ലട്രിബ്യുൺ ഓക്ടോബർ 9 നു പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. ഇറക്കുമതി നടത്തിയ ബംഗ്ളാദേശ്, ഉള്ളിയുടെ നിലവാരത്തിൽ സംതൃപ്തരല്ല എന്നും റിപ്പോർട്ടിലുണ്ട്. 

ഇറ്റെഫാക്ക് എന്ന ബംഗ്ളാ വെബ്‌സൈറ്റ് നൽകിയ റിപ്പോർട്ടിൽ 2019  സെപ്റ്റംബർ 7 ന് കേന്ദ്ര സർക്കാർ ഉള്ളി കയറ്റുമതിക്ക് നിരോധനം ഏർപ്പെടുത്തുകയും പിന്നീട് ആഴ്ചകൾക്കു ശേഷം നിരോധനം പിൻവലിക്കുകയും ചെയ്തപ്പോൾ കച്ചവടക്കാർക്ക് തങ്ങളുടെ ഉൽപ്പന്നത്തിന്‍റെ 5-20% നഷ്ടം സംഭവിച്ചിരുന്നു എന്നു അറിയിക്കുന്നു. കൂടാതെ കിലോയ്ക്ക് 12 ബംഗ്ളാദേശി ടക്ക(ബംഗ്ളാദേശി കറൻസി) വിലയിടിവും സംഭവിച്ചു. വെസ്റ്റ് ബംഗാളിലെ സാത്കിര ജില്ലയിലെ തുറമുഖ പ്രദേശമായ ഭോമറയിലാണ് ഉള്ളി ലോറികൾ എത്തിച്ചത്.

കയറ്റുമതി നിരോധനം മൂലം ഘോജദംഗ അതിർത്തിയിൽ വെസ്റ്റ് ബംഗാളിലേക്കുള്ള യാത്രയ്ക്കിടെ തടയപ്പെട്ട ലോറികളുടെ വീഡിയോ ആണ് തെറ്റായ വിവരണത്തോടെ പ്രചരിപ്പിക്കുന്നത്. 

നിഗമനം 

ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വീഡിയോയ്‌ക്കൊപ്പം നൽകിയിരിക്കുന്ന വിവരണം പൂർണ്ണമായും തെറ്റാണ്. ഈ ഉള്ളി ലോറികൾ  2019  സെപ്റ്റംബറിൽ ബംഗ്ളാദേശിലേയ്ക്ക് ഉള്ളി കയറ്റുമതി ചെയ്യാനായി ഉപയോഗിച്ചവയാണ്. കയറ്റുമതി നിരോധനം മൂലം ഘോജദംഗ അതിർത്തിയിൽ വെസ്റ്റ് ബംഗാളിലേക്കുള്ള യാത്രയ്ക്കിടെ ലോറികൾ തടയപ്പെട്ടു. ഇവയുടെ വീഡിയോ ആണ് തെറ്റായ വിവരണത്തോടൊപ്പം പ്രചരിപ്പിക്കുന്നത്. അതിനാൽ ഈ പോസ്റ്റ് ഷെയർ ചെയ്യുന്നതിന് മുമ്പ് വസ്തുതകൾ മനസ്സിലാക്കണമെന്ന് മാന്യ വായനക്കാരോട് അപേക്ഷിക്കുന്നു 

Avatar

Title:ഇത് മമതയും കോൺഗ്രസ്സും കൂടി പുറത്തേയ്ക്കു പാസ് കൊടുക്കാതെ കൽക്കട്ടയിൽ തടഞ്ഞ ഉള്ളി ലോറികളുടെ വീഡിയോ അല്ല…

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •