ചിത്രത്തില്‍ ആര്‍എസ്എസ് വേഷമണിഞ്ഞ് നില്‍ക്കുന്നത് കരസേന മേധാവി ബിപിന്‍ റവാത്ത് ആണോ?

രാഷ്ട്രീയം

വിവരണം

കരസേന മേധാവി ബിപിന്‍ റാവത്ത് അസ്സല്‍ ചാണകം, ദൃശ്യങ്ങള്‍ പുറത്ത് !! എന്ന തലക്കെട്ട് നല്‍കി കരസേന മേധാവി അസ്സല്‍ സംഘി.. പിന്നെങ്ങനെ നന്നാവാനാണ്.. എന്ന പേരിലൊരു പോസ്റ്റ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. സലാം ചേലാമ്പ്ര എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും ഐയുഎംഎല്‍ എന്ന ഗ്രൂപ്പില്‍ പങ്കുവെച്ചിരിക്കുന്ന പോസ്റ്റില്‍  ആര്‍എസ്എസിന്‍റെ ഗണവേഷധാരികളായ കുറച്ച് പേര്‍ നില്‍ക്കുന്നതില്‍ നിന്നും ഒരാളെ വട്ടമിട്ട് അടയാളപ്പെടുത്തി അത് കരസേന മേധാവി ബിപിന്‍ റാവത്ത് ആണെന്നാണ് അവകാശവാദം ഉന്നയിച്ചിരിക്കുന്നത്.  വാട്‌സാപ്പിലും ഇതെ ചിത്രം വ്യാപകമായി പ്രചരിക്കുന്നുണ്ട്-

FacebookArchived Link

എന്നാല്‍ ചിത്രത്തില്‍ ഗണവേഷം ധരിച്ച് നില്‍ക്കുന്നത് കരസേന മേധാവി ബിപിന്‍ റാവത്ത് തന്നെയാണോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

ഗണവേഷം അണിഞ്ഞ് നില്‍ക്കുന്നവരുടെ ചിത്രം ക്രോപ്പ് ചെയ്ത ശേഷം ഗൂഗിള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ചില്‍ തിരഞ്ഞപ്പോഴാണ് ചിത്രത്തില്‍ വട്ടമിട്ട് അടയാളപ്പെടുത്തിയിരിക്കുന്നത് ബിപിന്‍ റാവത്ത് അല്ലെന്നും മുന്‍ കരസേന മേധാവിയും കേന്ദ്ര സഹമന്ത്രിയുമായ വി.കെ.സിങ് ആണെന്നും കണ്ടെത്താന്‍ കഴിഞ്ഞത്. കരസേന മേധാവി സ്ഥാനത്ത് നിന്നും വിരമിച്ച ശേഷമാണ് വി.കെ.സിങ് ബിജെപി അംഗത്വം സ്വീകരിക്കുന്നതും പിന്നീട് കേന്ദ്ര മന്ത്രിയാകുന്നതും ആര്‍എസ്എസ് പ്രവര്‍ത്തനങ്ങളില്‍ സജീവമാകുന്നതും. 2018ല്‍ ആര്‍എസ്എസിന്‍റെ ഒരു പരിപാടിയില്‍ പങ്കെടുത്ത് വി.കെ.സിങിന്‍റെ ചിത്രം നാഷണല്‍ ഹെറാള്‍‍ഡ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതെ ചിത്രം തന്നെയാണ് നിലവിലെ കരസേന മേധാവി ബിപിന്‍ റാവത്ത് ആണിതെന്ന പേരില്‍ പ്രചരിക്കുന്നതെന്നും വ്യക്തമായി കഴിഞ്ഞു.

റിവേഴ്‌സ് ഇമേജ് സെര്‍ച്ച് റിസള്‍ട്ട്-

നാഷണല്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്ത (മാര്‍ച്ച് 2, 2018)-

ദേശ് ഗുജറാത്ത് എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നും വി.കെ.സിങ് പങ്കെടുത്ത ആര്‍എസ്എസ് പരിപാടിയുടെ ചിത്രങ്ങള്‍ ട്വീറ്റ് ചെയ്തിട്ടുള്ളത്-

സുപ്രീം കോടതി അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷന്‍ വി.കെ.സിംഗിന്‍റെ ആര്‍എസ്എസ് വേഷത്തിനെതിരെ ട്വീറ്റ് ചെയ്തപ്പോള്‍-

നിഗമനം

മുന്‍ കരസേന മേധാവിയായിരുന്ന വി.കെ.സിങ് ആര്‍എസ്എസിന്‍റെ ഗണവേഷം ധരിച്ച് നില്‍ക്കുന്ന ചിത്രമാണ് നിലവിലെ കരസേന മേധാവിയായ ബിപിന്‍ റാവത്തിന്‍റെ പേരില്‍ പ്രചരിക്കുന്നതെന്ന് കണ്ടെത്തി കഴിഞ്ഞു. ഔദ്യോഗിക പധവിയില്‍ നിന്നും വിരമിച്ച ശേഷമായിരുന്നു വി.കെ.സിങ് രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചതും. അതുകൊണ്ട് തന്നെ കരേസന മേധാവിയിരുന്നപ്പോള്‍ ആര്‍എസ്എസ് വേഷത്തില്‍ പരിപാടിയില്‍ പങ്കെടുത്തു എന്ന അവകാശവാദവും ഉന്നയിക്കാന്‍ കഴിയുകയില്ല. അതുകൊണ്ട്  പോസ്റ്റ് പൂര്‍ണമായും വ്യാജവും വസ്‌തുത വിരുദ്ധവുമാണെന്ന് അനുമാനിക്കാം.

Avatar

Title:ചിത്രത്തില്‍ ആര്‍എസ്എസ് വേഷമണിഞ്ഞ് നില്‍ക്കുന്നത് കരസേന മേധാവി ബിപിന്‍ റവാത്ത് ആണോ?

Fact Check By: Dewin Carlos 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •