പാർലെ ജിയുടെ ബിസ്ക്കറ്റ് കവറിലെ കുട്ടി യഥാർത്ഥത്തിൽ ആരാണ്…?

കൗതുകം

വിവരണം 

Lady Media

 എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 നവംബർ 30 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. Parle – G ബിസ്ക്കറ്റിന്‍റെ മോഡലായ നീരു ദേശ് പാണ്ഡേയ്ക്ക് വയസ് 63 കഴിഞ്ഞു.

ഇപ്പോഴും കമ്പനി ഈ മോഡലിനെ ഉപേക്ഷിക്കുവാന്‍ തയ്യാറല്ല…!” എന്ന അടിക്കുറിപ്പോടെ പോസ്റ്റിൽ നൽകിയിരിക്കുന്നത് കുട്ടിയുടെ ചിത്രമുള്ള പാർലെ ജി യുടെ  ബിസ്ക്കറ്റ് പായ്ക്കറ്റും ഒപ്പം ഒരു മുതിർന്ന സ്ത്രീയുടെ ചിത്രവുമാണ്. 

archived linkFB post

പായ്ക്കറ്റിലെ കുട്ടിയാണ് താഴെയുള്ള ചിത്രത്തിലെ  സ്ത്രീ എന്നാണ് പോസ്റ്റിലെ അവകാശവാദം. അവരുടെ പേര് നീരു ദേശ്പാണ്ഡെ എന്നാണെന്നും പോസ്റ്റ് അവകാശപ്പെടുന്നു. 1939 മുതൽ കഴിഞ്ഞ 80 വർഷക്കാലമായി ഇന്ത്യയുടെ രുചി മുകുളമായി മാറിയ ബ്രാന്‍റാണ് പാർലെ ജി. പാർലെ ബിസ്ക്കറ്റ് കവറിലെ കുട്ടിയും എട്ടു പതിറ്റാണ്ടുകളായി ഭാരതീയർക്ക് സുപരിചിതയാണ്. ബിസ്ക്കറ്റ് കവറിലെ കുട്ടിയുടെ പേര് നീരു ദേശ്പാണ്ഡെ എന്നാണോ…? അവർക്ക് 63 വയസ്സായോ…? നമുക്ക് അന്വേഷിച്ചു കണ്ടുപിടിക്കാം 

വസ്തുതാ വിശകലനം 

ഞങ്ങൾ പോസ്റ്റിലെ ചിത്രം ഞങ്ങൾ റിവേഴ്‌സ് ഇമേജ് പരിശോധന നടത്തിയപ്പോൾ ഇത് ഇൻഫോസിസ് സ്ഥാപകൻ  നാരായണ മൂർത്തിയുടെ ഭാര്യയും ഇൻഫോസിസ് ഫൗണ്ടേഷന്‍റെ ചെയർപേഴ്സണും എഴുത്തുകാരിയുമായ സുധാ നാരായണ മൂർത്തിയാണ് എന്ന് മനസ്സിലായി. സുധാ മൂർത്തിയുടെ ഇതേ ചിത്രം അവരെ പറ്റിയുള്ള ഒരു ലേഖനത്തിൽ റിപ്പബ്ലിക്ക് വേള്‍ഡ് ഉപയോഗിച്ചിട്ടുണ്ട്. 2018 ഓഗസ്റ്റ് 19 നു സുധാ മൂര്‍ത്തിയ്ക്ക് 69 വയസ്സ് പൂര്‍ത്തിയായതിനെ പറ്റിയാണ് വാര്‍ത്ത. 

archived linkrepublicworld

ഇനി പോസ്റ്റിൽ പറയുന്ന നീരു ദേശ്പാണ്ഡെ എന്ന പേരിൽ ഒരു വ്യക്തിയെ പറ്റി  ഓൺലൈനിൽ കൃത്യമായ വിവരണവുമായി വാർത്തകൾ ലഭ്യമല്ല. സുധാ മൂർത്തിയുടെ ചിത്രം തന്നെയാണ് നീരു ദേശ്പാണ്ഡെയുടെ പേരിൽ ചില വെബ്‌സൈറ്റുകളിൽ നൽകിയിട്ടുള്ളത്. എന്നാൽ ഇത് പൂർണ്ണമായും തെറ്റാണ്. സുധാ മൂര്‍ത്തിയുടെ ചിത്രങള്‍ ഓണ്‍ലൈനില്‍ നിരവധി ലഭ്യമാണ്. ഇന്‍ഫോസിസിന്‍റെ ഔദ്യോഗിക വെബ്സൈറ്റില്‍ സുധാ മൂര്‍ത്തിയെ പറ്റി വിവരണം നല്കിയിട്ടുണ്ട്. 

archived linkinfosys

പാർലെയുടെ ചിത്രത്തിലെ കുട്ടിയുടേത്  അറുപതുകളിൽ വരച്ചെടുത്ത ചിത്രമാണെന്ന് പാർലെയിൽ  പ്രോഡക്റ്റ് മാനേജരായ മായങ്ക് ഷാ പറഞ്ഞതായി ഇക്കണോമിക് ടൈംസ് 2013 ഒക്ടോബർ 30 നു പ്രസിദ്ധീകരിച്ച ലേഖനത്തിൽ നൽകിയിട്ടുണ്ട്. ബാക്കിയെല്ലാം ഓരോരുത്തർ അവരവരുടെ ഭാവന അനുസരിച്ച് സൃഷ്ടിച്ചെടുക്കുന്ന  കഥകളാണെന്ന് അദ്ദേഹം വ്യക്തമാക്കിയതായി ലേഖനത്തിലുണ്ട്. ചിത്രത്തിലെ കുട്ടിയുടെ പേരുകളും അതുപോലെതന്നെ ഭാവനകളാണ്. 

archived linkeconomictimes

ഈ വാർത്ത വിവിധ ഭാഷകളിൽ സുധാ മൂർത്തിയുടെ വിവിധ ചിത്രങ്ങളുമായി പ്രചരിച്ചിരുന്നു. മലയാളത്തിൽ തന്നെ ഏതാണ്ട് 2014  മുതൽ ഇതേ വിവരണവുമായി പോസ്റ്റുകൾ പ്രചരിക്കുന്നതായി ഞങ്ങൾ കണ്ടെത്തി. 

ഈ അവകാശവാദമുള്ള പോസ്റ്റുകളുടെ മുകളിൽ ഇന്ത്യടുഡേ വസ്തുതാ അന്വേഷണം നടത്തിയിരുന്നു. അവരും ഇതേ നിഗമനത്തിൽ തന്നെയാണ് എത്തിച്ചേർന്നിട്ടുള്ളത്. 

പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത തെറ്റാണ് എന്ന് നിസ്സംശയം പറയാം 

നിഗമനം 

ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത പൂർണ്ണമായും തെറ്റാണ്. പാർലെജി യുടെ ബിസ്ക്കറ്റ് പായ്ക്കറ്റിലെ കുട്ടിയുടെ ഇപ്പോഴത്തെ ചിത്രം എന്ന പേരിൽ പോസ്റ്റിൽ നൽകിയിരിക്കുന്ന ചിത്രം ഇന്‍ഫോസിസ് അധ്യക്ഷ സുധാ നാരായണ മൂർത്തിയുടേതാണ്. നീരു ദേശ്പാണ്ഡെ എന്ന പേര് സാങ്കല്പികമാണ്. അതിനാൽ തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന  വാർത്ത പ്രചരിപ്പിക്കുന്ന ഈ പോസ്റ്റ് ഷെയർ ചെയ്യാതിരിക്കാൻ മാന്യ വായനക്കാർ ശ്രദ്ധിക്കുക 

Avatar

Title:പാർലെ ജിയുടെ ബിസ്ക്കറ്റ് കവറിലെ കുട്ടി യഥാർത്ഥത്തിൽ ആരാണ്…?

Fact Check By: Vasuki S 

Result: False