
വിവരണം
Dr zakir naik malayalam എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ഡിസംബർ 18 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. “*ആസാം മുഖ്യമന്ത്രിയെ ജനം കൈകാര്യം ചെയ്യുന്നു” എന്ന അടിക്കുറിപ്പോടെ പോസ്റ്റിൽ നൽകിയിരിക്കുന്ന വീഡിയോയിൽ ഒരു വ്യക്തിയെ ഏതാനുംപേർ ചേർന്ന് ചവിട്ടുകയും അടിക്കുകയും കുറ്റിക്കാട്ടിലേയ്ക്ക് തള്ളിയിടുകയും മറ്റും ചെയ്യുന്ന ദൃശ്യങ്ങളാണ്. സുരക്ഷാ ഉദ്യോഗസ്ഥരും ജനങ്ങളും ഓടുന്ന ദൃശ്യങ്ങളും വീഡിയോയിലുണ്ട്. സീ ന്യൂസ് എന്ന വാര്‍ത്താ ചാനലില്‍ എക്സ്ക്ളൂസീവ് വിഭാഗതില്‍ അവര്‍ നല്കിയ വീഡിയോ ആണിതെന്ന് ദൃശ്യങ്ങളില്‍ നിന്നു വ്യക്തമാകുന്നു.

FB post | archived link |
ആസ്സാമിലെ മുഖ്യമന്ത്രിയെ ജനം കൈകാര്യം ചെയ്യുന്ന ദൃശ്യങ്ങളാണിത് എന്നാണ് പോസ്റ്റിലെ അവകാശവാദം. പൗരത്വ ഭേദഗതി ബില്ലിന്‍റെ പേരിൽ ഏതാനും ദിവസങ്ങളായി അസാമിൽ പ്രക്ഷോഭങ്ങൾ നടക്കുകയാണ്. പ്രക്ഷോഭങ്ങളുടെയും പ്രതിഷേധങ്ങളുടെയും വാർത്തകളിൽ സത്യമായവയും വ്യാജമായവയും ഉണ്ട്. ഇത്തരത്തിൽ ആസാമിൽ മുഖ്യമന്ത്രിയെ രക്ഷിച്ചു കൊണ്ട് പോകുന്നു എന്ന തരത്തിൽ പ്രചരിച്ച ഒരു ചിത്രത്തിന് മുകളിൽ ഞങ്ങൾ വസ്തുതാ അന്വേഷണം നടത്തിയിരുന്നു. ആ റിപ്പോർട്ട് താഴെ കൊടുത്തിരിക്കുന്ന ലിങ്ക് സന്ദർശിച്ചു വായിക്കാവുന്നതാണ്.
ഈ വീഡിയോയിലെ ദൃശ്യങ്ങൾ യഥാർത്ഥത്തിൽ അസ്സവും മുഖ്യമന്ത്രിയെ ജനങ്ങൾ ‘കൈകാര്യം’ ചെയ്യുന്ന വീഡിയോ ആണോ അതോ മറ്റേതെങ്കിലും സന്ദർഭത്തിലേതാണോ എന്ന് നമുക്ക് അന്വേഷിച്ചു കണ്ടു പിടിക്കാം
വസ്തുതാ വിശകലനം
ഈ പോസ്റ്റിലെ വീഡിയോ ഇൻവിഡ് എന്ന വീഡിയോ അനലൈസിങ് ടൂളുപയോഗിച്ച് ഞങ്ങൾ വിവിധ ഫ്രയിമുകളായി വിഭജിച്ചു. എന്നിട്ട് അതിൽ പ്രധാനപ്പെട്ട ഒരു ഫ്രെയിം ഉപയോഗിച്ച് റിവേഴ്‌സ് ഇമേജ് അന്വേഷണം നടത്തിയപ്പോൾ സമാന ചിത്രങ്ങൾ ഉപയോഗിച്ച് വാർത്ത പ്രസിദ്ധീകരിച്ച ചില മാധ്യമങ്ങളുടെ ലിങ്ക് ലഭിച്ചു.
ഈ വീഡിയോ ദൃശ്യങ്ങളിൽ അക്രമണത്തിനിരയാകുന്നത് പശ്ചിമ ബംഗാളിലെ മുതിർന്ന ബിജെപി നേതാവ് ജയ് പ്രകാശ് മജുംദാറാണ്. ഫ്രീപ്രസ്സ് ജേർണൽ എന്ന മാധ്യമം 2019 നവംബർ 25 ന് പ്രസിദ്ധീകരിച്ച വാർത്ത പ്രകാരം “പശ്ചിമ ബംഗാളിൽ ഉപതെരഞ്ഞെടുപ്പ് നടന്ന ദിവസം ബിജെപി മുതിർന്ന നേതാവും പാർട്ടിയുടെ കരിംപൂർ നിയമസഭാ സ്ഥാനാർത്ഥിയുമായ ജയ് പ്രകാശ് മജുംദാർ പോളിംഗ് ബൂത്തിൽ പ്രവേശിക്കുന്നതിനിടെ ആക്രമിക്കപ്പെട്ടു.

archived link | freepressjournal |
നാദിയ ജില്ലയിലെ ഫിപുൽഖോള പ്രദേശത്ത് ടിഎംസി പ്രവർത്തകർ മജുംദാറിനെ മർദ്ദിക്കുകയും മർദ്ദിക്കുകയും ചെയ്ത സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.
മുറിവുകൾ ഭേദമാകുമെങ്കിലും പശ്ചിമ ബംഗാളിലെ ജനാധിപത്യത്തിന്‍റെ അന്ത്യത്തിന്‍റെ വ്യക്തമായ അടയാളമാണിതെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് കർശനമാക്കാനുള്ള ഉദ്ദേശ്യത്തോടെ പ്രദേശത്ത് ഒത്തുകൂടിയ വ്യാജ വോട്ടർമാരാണ് ടിഎംസി പ്രവർത്തകരെന്ന് ബിജെപി നേതാവ് ആരോപിച്ചു”
മറ്റ് ചില മാധ്യമങ്ങളും ഇതേ വാര്‍ത്ത നല്കിയിട്ടുണ്ട്.
പോസ്റ്റിൽ നൽകിയിരിക്കുന്ന വീഡിയോ അദ്ദേഹം തന്‍റെ ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. “എന്നെ ചവിട്ടുകയും അടിക്കുകയും ഇടിക്കുകയും തള്ളിയിടുകയുമൊക്കെ ചെയ്തിട്ടുണ്ട്. തൃണമൂല്‍ ഗുണ്ടകളുടെ ഇടയില്‍ കരിംപൂരിലെ സാധാരണക്കാരുടെ ജീവിതം ഇങ്ങനെയാണ് എന്ന വിവരണം അദ്ദേഹം വീഡിയോയ്ക്കൊപ്പം നല്കിയിട്ടുണ്ട്.
আমি একজন প্রার্থী হয়ে খেলাম লাথি , কিল , চড় , ঘুসি ।
— Jay Prakash Majumdar (@jay_majumdar) November 25, 2019
ভোটের দিন তৃণমূল গুন্ডা বাহিনীর এই দৃশ্য আশাকরি প্রমান করে দিলো যে করিমপুর সাধারণ মানুষ কি ভাবে আছেন । @DilipGhoshBJP @subratowb@BJP4Bengal @BJP4India @JPNadda @AmitShah @SuPriyoBabul pic.twitter.com/plEY20ZKSz
archived link |
ഡിസംബർ 9 ന് ലോക്‌സഭയും ഡിസംബർ 11 ന് രാജ്യസഭയും പാസാക്കിയ പൗരത്വ ഭേദഗതി ബിൽ ഡിസംബർ 12 നു രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവാച്ചതോടെയാണ് നിയമമായി മാറിയത്. അതിനുശേഷമാണ് അസാമിൽ ഇതിനെതിരെ പ്രതിഷേധമുണ്ടായതും തുടർന്ന് അക്രമങ്ങളുണ്ടായതും. എന്നാൽ പോസ്റ്റിൽ നൽകിയിരിക്കുന്ന വീഡിയോ നവംബറിൽ പശ്ചിമ ബംഗാളിൽ നടന്ന മറ്റൊരു അക്രമത്തിന്‍റെതാണ്. അസ്സാമുമായി വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ല.
നിഗമനം
ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത പൂർണ്ണമായും തെറ്റാണ്. പോസ്റ്റിൽ നൽകിയിരിക്കുന്ന വീഡിയോയിൽ കാണുന്നത് പശ്ചിമ ബംഗാളിൽ നവംബറിൽ നടന്ന ഉപതെരഞ്ഞെടുപ്പ് സമയത്ത് അവിടെ സ്ഥാനാർത്ഥിയായിരുന്ന ബിജെപി നേതാവ് ജയ് പ്രകാശ് മജുൻദാറിനെ ആക്രമിക്കുന്ന ദൃശ്യങ്ങളാണ്. അല്ലാതെ ആസ്സാം മുഖ്യമന്ത്രിയെ ജനങ്ങൾ കൈകാര്യം ചെയ്യുന്നതിന്‍റെതല്ല . അതിനാൽ തെറ്റായ വിവരണമുള്ള ഇത്തരം പോസ്റ്റുകൾ ഷെയർ ചെയ്യാതിരിക്കാൻ മാന്യ വായനക്കാർ ശ്രദ്ധിക്കുക

Title:ആസാം മുഖ്യമന്ത്രിയെ ജനം കൈകാര്യം ചെയ്യുന്ന ദൃശ്യങ്ങളാണോ ഇത്…?
Fact Check By: Vasuki SResult: False
