വീഡിയോയിൽ കാണുന്ന ഉപകരണം ഇസ്രായേൽ ഇറക്കുമതി ചെയ്ത് ഉടൻ വിപണിയിലെത്തുമോ..?

കൗതുകം

വിവരണം 

Lesley Varghese

 എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 ഓഗസ്റ്റ് 27  മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. “ടെക്നോളജി മൊത്തം മാറി. ഇനി മൊബൈലൊക്കെ മറന്നേക്കൂ. ഇസ്രയേൽ പുതിയ ഒരു ബ്രേസലേറ്റ് ഇറക്കുമതി ചെയ്യുന്നുണ്ട്. വിശ്വസിക്കാൻ പ്രയാസം. ഉടനെ മാർക്കറ്റിൽ വരാൻ പോകുന്നു.” എന്ന അടിക്കുറിപ്പോടെ ഒരു വീഡിയോയാണ് പോസ്റ്റിൽ നൽകിയിരിക്കുന്നത്. ബ്രെസ്‌ലെറ്റിന്‍റെ രൂപത്തിലുള്ള ഒരു ആൻഡ്രോയിഡ് ഉപകരണത്തെ പരിചയപ്പെടുത്തുന്ന ഏറെ ആകർഷണീയമായ  വീഡിയോയാണിത്. ഒരു വാച്ച് പോലെ കൈത്തണ്ടയിൽ ധരിച്ചാൽ കൈത്തണ്ടയിൽ സ്‌ക്രീൻ തെളിഞ്ഞു വരുകയും അതിൽ മൊബൈൽ ഫോണിൽ ചെയ്യുന്ന കാര്യങ്ങൾ എല്ലാം തന്നെ കാൾ സ്വീകരിക്കുകയും സംസാരിക്കുകയും ചെയ്യുന്നതുൾപ്പെടെ ചെയ്യുവാൻ സാധിക്കുമെന്നും വീഡിയോ വ്യക്തമാക്കുന്നു. കുളിക്കുമ്പോള്‍ പോലും ഉപയോഗിക്കാവുന്ന ഒരു വിസ്മയ ഉപകരണമാണിത് എന്നും വീഡിയോ അവകാശപ്പെടുന്നു. 

archived linkFB Post

ഈ ഉപകരണം ഇസ്രായേൽ ഇറക്കുമതി ചെയ്യുന്നുവെന്നും ഉടനെ മാർക്കറ്റിൽ ലഭ്യമാകുമെന്നും പോസ്റ്റിൽ പറയുന്നു. നമുക്ക് ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന അവകാശവാദത്തെ പറ്റി അന്വേഷിച്ചു നോക്കാം.

വസ്തുതാ വിശകലനം 

ഞങ്ങൾ പോസ്റ്റിലെ വീഡിയോ വിവിധ കീ ഫ്രയിമുകളിൽ വിഭജിച്ചു. ശേഷം അതിൽ നിന്നും ചില ചിത്രങ്ങൾ എടുത്ത്  invid  എന്ന വീഡിയോ അനലൈസിങ് ടൂളുപയോഗിച്ച് തിരഞ്ഞു നോക്കി. ഏതാണ്ട് 2014 മുതൽ ഇന്‍റർനെറ്റിൽ പ്രചരിക്കുന്നതാണ് പ്രസ്തുത വീഡിയോ എന്നാണ്  അന്വേഷണ ഫലങ്ങൾ കാണിക്കുന്നത്. 

ഈ ഉപകരണത്തിന്‍റെ നിർമാതാക്കളെ പറ്റി  അന്വേഷിച്ചപ്പോൾ ഗില്ലോമേ പോംമീർ (Guillaume Pommier) എന്ന ഫ്രാൻസുകാരനാണ് ഇതിന്‍റെ സഹ ഉപജ്ഞാതാവ് എന്ന് കാണുന്നു. 

archived linkwtsnew

ഉപകരണത്തെപ്പറ്റി ആധികാരികമായ ലേഖനം പ്രസിദ്ധീകരിച്ച  സിഡിനെറ്റ് എന്ന വെബ്‌സൈറ്റിൽ ഇത് ഫ്രാൻസിൽ നിന്നുമുള്ളതാണെന്ന്  വ്യക്തമാക്കുന്നു. ഉപകരണത്തിന്‍റെ പേരിൽ പ്രചരിക്കുന്ന ഈ വീഡിയോ പ്രചരണാർത്ഥം നിർമിച്ചതാണെന്നും ഉപകരണം ഇനിയും ഈ സാങ്കേതികതയോടെ തയ്യാറായിട്ടില്ല എന്നും ലേഖനത്തിൽ പറയുന്നു. നിർമാണ സംഘം ഇതിനായി ഫണ്ട് ശേഖരിക്കാനുള്ള ശ്രമത്തിലാണ്. 

പോംമീറും ഉപകരണത്തിന്‍റെ നിർമാണ സംഘവും ഇതിന്‍റെ പേറ്റന്‍റിനായി  അപേക്ഷിച്ചിട്ടുണ്ട് എന്നും ചില ലേഖനങ്ങൾ പറയുന്നു.

archived link

ഇസ്രയേലിന് സീക്രട്ട് ബ്രെസ്‌ലെറ്റ് എന്ന ഉപകരണവുമായി എന്തെങ്കിലും ബന്ധം ഉണ്ടോ എന്നറിയാനായി ഞങ്ങൾ വിവിധ കീ വേർഡ്സ് ഉപയോഗിച്ച് അന്വേഷിച്ചു നോക്കി. എന്നാൽ ഇസ്രയേലുമായി ബന്ധം തെളിയിക്കുന്ന യാതൊരു സൂചനകളും ലഭിച്ചില്ല. ഇതിന്‍റെ നിർമാണത്തിലോ മാർക്കറ്റിങ്ങിലോ ഇസ്രായേലിന് യാതൊരു വിധത്തിലുള്ള പങ്കാളിത്തവുമില്ല. 

ഈ ഉപകരണം വ്യാജമാണെന്നും ഒരിക്കലും വിപണിയിലെത്താൻ സാധ്യതയില്ലാത്തതുമായ ഒന്നാണെന്ന് അറിവുകളും ആശയങ്ങളും പങ്കുവയ്ക്കുന്ന ക്വോറാ ഫോറത്തിൽ ഒരു ചോദ്യത്തിനുള്ള ഉത്തരമായി നൽകിയിരിക്കുന്നു. 

ഞങ്ങളുടെ അന്വേഷണത്തിൽ ഈ ഉപകരണം അടുത്ത കാലത്ത് വിപണിയിലെത്തുമെന്നുള്ള യാതൊരു സൂചനകളും നൽകുന്ന വാർത്തകൾ ലഭിച്ചില്ല. ഒരു ഡെമോ രൂപത്തിൽ പുറത്തിറക്കിയ ഈ വീഡിയോ അല്ലാതെ ആരെങ്കിലും ഇത് സ്വന്തമാക്കിയതായി വാർത്തകളില്ല.  ഇസ്രായേൽ ഉപകരണം ചെയ്യുന്നുവെന്നും ഉടൻ ഇത് വിപണിയിലെത്തുമെന്നുമുള്ള വാർത്തകളൊക്കെ വെറും അഭ്യൂഹങ്ങൾ മാത്രമാണ്.

നിഗമനം 

ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന അവകാശവാദം പൂർണ്ണമായും തെറ്റാണ്. വീഡിയോയിൽ കാണുന്ന, മൊബൈൽ ഫോണിന് പകരം ഉപയോഗിക്കാവുന്ന ഈ  ഉപകരണം ഇസ്രായേൽ ഇറക്കുമതി ചെയ്യുമെന്നോ വിപണിയിൽ ഉടൻ ലഭ്യമാകുമെന്നോ ഉള്ള വാർത്തകൾ വെറും ഊഹാപോഹങ്ങൾ മാത്രമാണ്. അതിനാൽ വസ്തുത അറിയാതെ പോസ്റ്റ് ഷെയർ ചെയ്യരുതെന്ന്  മാന്യ വായനക്കാരോട് അഭ്യർത്ഥിക്കുന്നു.

Avatar

Title:വീഡിയോയിൽ കാണുന്ന ഉപകരണം ഇസ്രായേൽ ഇറക്കുമതി ചെയ്ത് ഉടൻ വിപണിയിലെത്തുമോ..?

Fact Check By: Vasuki S 

Result: False