തിരുപ്പതി ബാലാജി ക്ഷേത്രം അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന് 100 കോടി സംഭാവന നൽകും എന്ന വാർത്ത സത്യമോ…?

ദേശീയം

വിവരണം 

സുദര്ശനം (sudharshanam) എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019  നവംബർ 12  മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിട്ടുള്ളത്. “വിശുദ്ധ രാമക്ഷേത്രം നിർമ്മിക്കാൻ ഗുരുവായൂർ, ശബരിമല ദേവസവും ഇതുപോലെ ചെയ്യും എന്നു പ്രതീക്ഷിക്കാം” എന്ന അടിക്കുറിപ്പോടെ പോസ്റ്റിൽ നൽകിയിട്ടുള്ളത് “ശ്രീരാമ ഭഗവാൻ ജനിച്ച വിശുദ്ധ നഗരമായ അയോധ്യയിൽ ശ്രീരാമ ക്ഷേത്രം പണിയാൻ തിരുപ്പതി ക്ഷേത്രം 100  കോടി നൽകും.” എന്ന വാർത്തയാണ്. ഒപ്പം ഈസ്റ്റ് കോസ്റ്റ് ഡെയിലി  എന്ന മാധ്യമം ഇതേപ്പറ്റി പ്രസിദ്ധീകരിച്ച വാർത്തയുടെ സ്ക്രീൻഷോട്ട് നല്കിയിട്ടുണ്ട്. അതിൽ “100  കോടി രൂപ തിരുപ്പതി ബാലാജി ക്ഷേത്രം അയോദ്ധ്യ രാമക്ഷേത്രത്തിന് സംഭാവന ചെയ്യും. എന്ന വാചകങ്ങൾ അതിൽ കാണാം. 

archived linkFB post

അയോധ്യയിലെ തർക്ക ഭൂമിയിൽ രാമക്ഷേത്രം നിർമ്മിക്കാമെന്ന സുപ്രീം കോടതി വിധിയെ തുടർന്ന് അഞ്ചു വർഷത്തിനുള്ളിൽ ക്ഷേത്ര നിർമ്മാണം പൂർത്തിയാക്കുമെന്ന് ഹിന്ദു സംഘടനകൾ അവകാശപ്പെട്ടിരുന്നു. ക്ഷേത്ര നിർമ്മാണത്തിനുള്ള പണം ക്രൗഡ് ഫണ്ടിംഗിലൂടെ കണ്ടെത്തുമെന്ന് അനൗദ്യോഗിക വാർത്തകൾ പുറത്തു വരുന്നുണ്ട്. ഈ സന്ദർഭത്തിൽ തിരുപ്പതി ബാലാജി ക്ഷേത്രം 100  കോടി രൂപ സംഭാവന നൽകാമെന്ന് അറിയിച്ചോ…? നമുക്ക് അന്വേഷിച്ചു നോക്കാം 

വസ്തുതാ വിശകലനം

ഞങ്ങൾ ഈ വാർത്തയെ പറ്റി  ഓൺലൈനിൽ അന്വേഷിച്ചു നോക്കിയപ്പോൾ ചില മാധ്യമങ്ങൾ  ഈ വാർത്ത നൽകിയിട്ടുള്ളതായി കാണാൻ കഴിഞ്ഞു. എന്നാൽ ഈ വാർത്തയുടെ സ്രോതസ്സ് വാർത്തകളിൽ ഉൾപ്പെടുത്തിയിട്ടില്ല. അതായത് തിരുപ്പതി ക്ഷേത്രം ഭാരവാഹികൾ പത്രസമ്മേളനം നടത്തിയോ അല്ലെങ്കിൽ അവരുടെ ഔദ്യോഗിക സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾ വഴി അറിയിപ്പ് നൽകിയോ എന്നൊന്നും വ്യക്തമല്ല. അതിനാൽ പോസ്റ്റിലെ വാർത്ത വിശ്വസിക്കാനാകില്ല.  അതിനാല്‍ ഞങ്ങള്‍ അവരുടെ ട്വിറ്റര്‍  അക്കൌണ്ട് പരിശോധിച്ചു നോക്കി. ഇത്തരത്തില്‍ സൂചനകളോ വാര്‍ത്തയോ നല്‍കിയിട്ടില്ല. കൂടാതെ തിരുപതി ദേവസ്ഥാനത്തിന്‍റെ വെബ്സൈറ്റ് ഞങ്ങള്‍ പരിശോധിച്ചു നോക്കി. അതിലും ഇങ്ങനെയൊരു വാര്‍ത്ത നല്‍കിയിട്ടില്ല. 

തുടർന്ന് ഞങ്ങൾ തിരുപ്പതി ക്ഷേത്രം അഡ്മിനിസ്ട്രേറ്റിവ് ഓഫീസുമായി ബന്ധപ്പെട്ടു. അവിടെ നിന്നും ക്ഷേത്രം പിആർഒ രവിയെ ബന്ധപ്പെടാൻ നിർദേശം ലഭിച്ചു. പിആർഒയുടെ ഓഫീസിൽ ബന്ധപ്പെട്ടപ്പോൾ ഈ വാർത്ത പൂർണ്ണമായും തെറ്റാണ് എന്ന് ഓഫീസിൽ നിന്നും വ്യക്തമാക്കി. “അയോദ്ധ്യ ക്ഷേത്ര നിർമ്മാണത്തിന് 100  കോടി നൽകുന്നതിനെ പറ്റി ഇതുവരെ ദേവസ്ഥാനം ബോർഡ്  തീരുമാനം എടുത്തിട്ടില്ല.” പിആർഒ ഒരു യോഗത്തിൽ പങ്കെടുക്കുകയായിരുന്നതിനാൽ അദ്ദേഹത്തോട് സംസാരിക്കാൻ സാധിച്ചില്ല. അദ്ദേഹത്തിന്‍റെ വിശദീകരണം ലഭിച്ചശേഷം ഞങ്ങൾ ലേഖനത്തിൽ അപ്‌ഡേറ്റ് ചെയ്യുന്നതായിരിക്കും.

ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്തയുടെ സമാന പോസ്റ്റുകളിൽ ബൂംലൈവ്  എന്ന വസ്തുതാ അന്വേഷണ വെബ്സൈറ്റ് അന്വേഷണം നടത്തി ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. അവരും ഇതേ നിഗമനത്തിലാണ് എത്തിച്ചേർന്നത്. 

ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത തെറ്റാണ് എന്ന് അനുമാനിക്കാം. 

നിഗമനം 

ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത പൂർണ്ണമായും തെറ്റാണ്. തിരുപ്പതി ബാലാജി ക്ഷേത്രം അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന് 100  കോടി സംഭാവന നൽകും എന്നവാർത്ത അടിസ്ഥാന രഹിതമാണ്‌. തെറ്റായ വാർത്തയാണ് എന്നാണ് തിരുപ്പതി ക്ഷേത്രത്തിൽ നിന്നും ഞങ്ങളെ അറിയിച്ചിട്ടുള്ളത്. അതിനാൽ സ്ഥിരീകരണമില്ലാത്ത ഇത്തരം വാർത്തകൾ പ്രചരിപ്പിക്കരുതെന്നു മാന്യ വായനക്കാരോട് അഭ്യർത്ഥിക്കുന്നു

Avatar

Title:തിരുപ്പതി ബാലാജി ക്ഷേത്രം അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന് 100 കോടി സംഭാവന നൽകും എന്ന വാർത്ത സത്യമോ…?

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •