തോഷിബ ആനന്ദ് കമ്പനി എന്തുകൊണ്ടാണ് കേരളത്തിൽ പ്രവർത്തനം അവസാനിപ്പിച്ചത്…?

രാഷ്ട്രീയം

വിവരണം

Sugesh Pattuvam

 എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്ന് 2019  ഡിസംബർ 2  മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. “ടി.വി.തോമസ്

വ്യവസായ മന്ത്രിയായിരുന്ന കാലത്ത്

ജപ്പാനിൽപ്പോയി ക്ഷണിച്ചു കൊണ്ടുവന്ന

കമ്പനി ആനന്ദ് ഗ്രൂപ്പുമായി ചേർന്ന്

തോഷിബ ആനന്ദ് എന്ന പേരിൽ തുടങ്ങിയ

ബാറ്ററി നിർമാണ യൂണിറ്റ് എറണാകുളത്ത് ഒരു വിധം നന്നായി ഓടിയിരുന്നു,തുടർന്ന് ബൾബ് ഉല്ലാദക യൂണിറ്റും തുടങ്ങുകയുണ്ടായി

ആയിരത്തിലെറെ യുവാക്കൾക്ക് തൊഴിലും ലഭിച്ചിരുന്നു.

ഒടുവിൽ അതുതന്നെ സംഭവിച്ചു

തൊഴിലാളി സഖാക്കളുടെ സഹകരണം കൊണ്ട് 1991 ഇൽ പൂട്ടിക്കെട്ടിച്ചു അതേ തോഷിബയെയാണ് പിണറായി വിജയൻ അങ്ങോട്ട് പോയി വീണ്ടും ക്ഷണിച്ചു കൊണ്ടുവരുന്നത്.

കമ്മ്യൂണിസ്റ്റ്കാർക്ക് നേരം വെളുക്കാൻ ഇത്തിരി സമയം എടുക്കും”

എന്ന അടിക്കുറിപ്പോടെ പോസ്റ്റിൽ രണ്ടു ചിത്രങ്ങൾ നൽകിയിട്ടുണ്ട്. ഒരെണ്ണം മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഫേസ്‌ബുക്ക് പേജിൽ അദ്ദേഹം ജപ്പാൻ സന്ദർശനത്തെ തുടർന്ന്  വ്യാവസായിക തലത്തിൽ ലഭിച്ച ക്ഷണങ്ങളെ പറ്റി പ്രസിദ്ധീകരിച്ച പോസ്റ്റിന്‍റെ സ്ക്രീൻഷോട്ടും ഒപ്പം പ്രീയ സഖാക്കളെ നിങ്ങൾ ഓർക്കുന്നുണ്ടോ ജാപ്പനീസ് സാങ്കേതിക വിദ്യയിൽ കേരളത്തിൽ  നിർമ്മിച്ചിരുന്ന തോഷിബ ആനന്ദ് ബാറ്ററി കമ്പനി നിങ്ങൾ സമരം ചെയ്തു പൂട്ടിച്ചത്..? എന്ന വാചകങ്ങളുമാണ്. 

archived linkFB post

1991 ൽ ഇടതുപക്ഷം സമരം ചെയ്തു പൂട്ടിച്ച തോഷിബ കമ്പനിയെയാണ് മുഖ്യമന്ത്രി വീണ്ടും കേരളത്തിൽ വ്യവസായം ആരംഭിക്കാൻ ക്ഷണിക്കുന്നത് എന്നാണ് പോസ്റ്റിലൂടെ അറിയിക്കുന്നത്. എന്തുകൊണ്ടാണ് തോഷിബ കമ്പനി കേരളം വിട്ടത്..? എപ്പോഴായിരുന്നു അവർ പദ്ധതി ഉപേക്ഷിച്ചത്..? പോസ്റ്റിൽ ആരോപിക്കുന്നതുപോലെ ഇടതുപക്ഷ സമരത്തെ തുടർന്നാണോ എന്ന് നമുക്ക് അന്വേഷണത്തിലൂടെ അറിയാം 

വസ്തുതാ വിശകലനം 

ഞങ്ങൾ തോഷിബ ആനന്ദ് കമ്പനി എന്തുകൊണ്ടാണ് കേരളത്തിൽ നിന്ന് പിൻവാങ്ങിയത് എന്തുകൊണ്ടാണ് എന്ന കീ വേർഡ്‌സ് ഉപയോഗിച്ച് അന്വേഷണം നടത്തിയപ്പോൾ ഇന്ത്യടുഡേ 1988 ജൂൺ 15 നു പ്രസിദ്ധീകരിച്ച ഒരു ലേഖനം ലഭിച്ചു. കേരളത്തിൽ വ്യവസായങ്ങൾ നിശ്ചലമാകുന്നു എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പരാജയപ്പെട്ട വ്യവസായങ്ങളുടെ പട്ടികയിൽ തോഷിബയുടെ കാര്യവും പരാമർശിക്കുന്നുണ്ട്.

 “കേരളത്തിലെ മിക്ക നിക്ഷേപങ്ങളും കേരളത്തിന്‍റെ മണ്ണില്‍ നിന്ന് തന്നെയാണ് വന്നത്. സംസ്ഥാനത്ത് പണം നിക്ഷേപിക്കുന്ന പുറത്തുനിന്നുള്ളവർ ഇപ്പോൾ മറ്റെവിടെയെങ്കിലും നിക്ഷേപം നടത്തുന്നു. ബാറ്ററി കമ്പനിയായ തോഷിബ ആനന്ദ് 30 വർഷം മുമ്പ് കേരളത്തിലേക്ക് ധീരമായി ചുവടുവച്ചെങ്കിലും സംസ്ഥാനത്ത് അവസാനമായി നിക്ഷേപം നടത്തിയത് 1971 ലാണ്. അതിനുശേഷം, പ്രശ്നമുള്ള പഞ്ചാബിൽ ഉൾപ്പെടെ നാല് തവണ മറ്റെവിടെയെങ്കിലും നിക്ഷേപം നടത്തി. തോഷിബ ആനന്ദ് ഗ്രൂപ്പിന്‍റെ വൈസ് ചെയർമാനും ജോയിന്‍റ് മാനേജിംഗ് ഡയറക്ടറുമായ പ്രദീപ് ആനന്ദ് സമ്മതിക്കുന്നു: “കേരളത്തിൽ നിക്ഷേപം നടത്താൻ ഞങ്ങൾ വിമുഖരാണ്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് തൊളിലാളികള്‍ വളരെ ഉൽ‌പാദനക്ഷമമാണ്. പക്ഷേ അത് വളരെ ചെലവേറിയതാണ്.”

archived linkindiatoday

ഇതല്ലാതെ കേരളത്തിലെ ഇടതുപക്ഷം സമരം ചെയ്ത് തോഷിബാ ആനന്ദ് പൂട്ടിച്ചു എന്ന് വാർത്തകളോ അക്കാലത്തേതായി അഭിപ്രായങ്ങളോ  കാണാനില്ല. തോഷിബാ കമ്പനി കേരളത്തിൽ വ്യവസായം തുടങ്ങാൻ തീരുമാനിച്ചത് 1960 കളിലാണ്. 1996 ആയപ്പോഴാണ് കമ്പനി പൂർണ്ണമായും ഉൽപ്പാദനം നിർത്തിയത്. ബാറ്ററിയും ബൾബും നിർമ്മിക്കുന്ന രണ്ടു യൂണിറ്റുകൾ കൊച്ചിയിൽ അത്താണിയിലും കളമശ്ശേരിയിലുമാണ് ഉണ്ടായിരുന്നത്. 

ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ് 2019 നവംബർ 29  ന്  പ്രസിദ്ധീകരിച്ച വാർത്തയിൽ തോഷിബ ആനന്ദ് കമ്പനിയുടെ ചരിത്രവും ഇതേപ്പറ്റി സിപിഐ ട്രേഡ് യൂണിയൻ നേതാവായ ചന്ദ്രൻ പിള്ളയുടെ വാക്കുകളും അന്നത്തെ ലേബർ കമ്മീഷണറായിരുന്ന എംപി ജോസഫിന്‍റെ വാക്കുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. വാർത്തയുടെ പ്രസക്ത ഭാഗങ്ങളുടെ പരിഭാഷ താഴെ കൊടുക്കുന്നു.

newindianexpressarchived link

തോഷിബയുടെ മുൻ അവതാരമായ തോഷിബ-ആനന്ദ്, 1970 കളുടെ തുടക്കത്തിൽ യഥാക്രമം അത്താണി, കളമശ്ശേരി എന്നിവിടങ്ങളിൽ ബൾബുകൾക്കും ബാറ്ററികൾക്കുമായി ഉൽ‌പാദന കേന്ദ്രം സ്ഥാപിച്ചു, അന്നത്തെ വ്യവസായ മന്ത്രി ടിവി തോമസിന്‍റെ ശ്രമങ്ങൾക്ക് നന്ദി. രണ്ടാമത്തെ ഇ എം എസ് നമ്പൂതിരിപ്പാട് മന്ത്രാലയത്തിലും (1967-69) വ്യവസായ മന്ത്രിയായും രണ്ടാമത്തെ അച്ചുതമേനോൻ മന്ത്രാലയത്തിലും (1971 സെപ്റ്റംബർ മുതൽ 1977 മാർച്ച് വരെ) വ്യവസായ മന്ത്രിയായി സേവനമനുഷ്ഠിച്ച സിപിഐയുടെ തോമസ്, ആ കാലയളവിൽ നിരവധി കമ്പനികളെ സംസ്ഥാനത്തേക്ക് ആകർഷിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു.

“മറ്റൊരു പാർട്ടിയിൽ നിന്നാണെങ്കിലും ടി വി തോമസ് തന്‍റെ ഭരണകാലത്ത് നിരവധി വലിയ നിക്ഷേപങ്ങൾ ആകർഷിക്കാൻ കേരളത്തെ സഹായിച്ചു എന്ന് പറയാൻ എനിക്ക് ഒരു മടിയുമില്ല. യൂണിറ്റുകൾ സ്ഥാപിക്കുന്നതിനായി കേരളത്തിലേക്ക് വരുന്ന കമ്പനികളിലും സമാനമായ വർധനയാണ് ഇപ്പോൾ നാം കാണുന്നത്, ”ട്രേഡ് യൂണിയൻ നേതാവും സിപിഎം നേതാവുമായ കെ ചന്ദ്രൻ പിള്ള പറഞ്ഞു.

തോഷിബ-ആനന്ദിന്‍റെ ബൾബ് ഡിവിഷനും ബാറ്ററി ഡിവിഷനും 1996 വരെ തുടർന്നു, അതിനുശേഷം രണ്ട് യൂണിറ്റുകളും അടച്ചു. ഫാക്ടറികൾ അടച്ചത് തൊഴിൽ പ്രശ്‌നങ്ങളാലല്ല, മറിച്ച് അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാങ്കേതിക മാറ്റങ്ങളെ നേരിടാൻ ജാപ്പനീസ് സംയുക്ത സംരംഭത്തിന് കഴിയാത്തതിനാലാണ്. തോഷിബ-ആനന്ദിന്‍റെ ബാറ്ററി യൂണിറ്റ് പിന്നീട് ബി‌എഫ്‌ആർ (ബോർഡ് ഫോർ ഇൻഡസ്ട്രിയൽ ആൻഡ് ഫിനാൻഷ്യൽ റീകൺസ്ട്രക്ഷൻ) ലേക്ക് റഫർ ചെയ്തു, ”പിള്ള പറഞ്ഞു.

തോഷിബ-ആനന്ദ് കേരളത്തിലെ തൊഴിൽ, സാങ്കേതിക പ്രശ്‌നങ്ങൾ അഭിമുഖീകരിച്ചിട്ടുണ്ടെന്ന് അന്നത്തെ ലേബർ കമ്മീഷണറായിരുന്ന എം പി ജോസഫ് ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സിനോട് പറഞ്ഞു. “ഇത് വളരെക്കാലം മുമ്പായിരുന്നു, പക്ഷേ അധ്വാനവും സാങ്കേതിക പ്രശ്നങ്ങളും ഉണ്ടായിരുന്നുവെന്ന് ഞാൻ ഓർക്കുന്നു. പുതിയ സാങ്കേതികവിദ്യകൾ അവരുടെ സാങ്കേതികവിദ്യകളെ മാറ്റിസ്ഥാപിച്ചു, ”ജോസഫ് പറഞ്ഞു.  

കൂടാതെ Project Kerala എന്ന ഫേസ്‌ബുക്ക് ഗ്രൂപ്പിൽ Riyaz Valkandi 

എന്ന വ്യക്തി തോഷിബ ആനന്ദ് കമ്പനിയെയും ഇടതുപക്ഷത്തേയും ചേർത്തുള്ള പ്രചരണത്തിനെതിരായി എഴുതിയ വിശദീകരണ കുറിപ്പ് താഴെ കൊടുക്കുന്നു. 

archived linkfacebook

കൂടാതെ  വ്യവസായ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സുധീഷുമായി ഞങ്ങളുടെ പ്രതിനിധി സംസാരിച്ചിരുന്നു. അദ്ദേഹം ഞങ്ങൾക്ക് നൽകിയ വിശദീകരണം ഇങ്ങനെയാണ് : ഈ പ്രചാരണം തീർത്തും അടിസ്ഥാന രഹിതമാണ്‌. ഇടതുപക്ഷം സമരം ചെയ്തുകൊണ്ട് തോഷിബ ആനന്ദ് കമ്പനി പൂട്ടി എന്ന് എങ്ങനെ പറയാൻ കഴിയും. ഇതിനു യാതൊരു തെളിവുമില്ല. ഏതൊരു  സംഭവിക്കാറുള്ളതുപോലെ എന്തെകിലും ചെറിയ തൊഴിൽ പ്രശ്നങ്ങളൊക്കെ ഉണ്ടായിട്ടുണ്ട്. എന്നാൽ കമ്പനി പൂട്ടാൻ കാരണം അതൊന്നുമല്ല. ആഗോളവൽക്കരണം പോലുള്ള മാറ്റങ്ങൾ വന്നപ്പോൾ കമ്പനിയുടെ ഉൽപ്പന്നങ്ങൾക്ക് വിപണി ഇല്ലാതെയായി. മറ്റു ചില കമ്പനികളും അക്കാലത്ത് പൂട്ടിയിരുന്നു. 

ഞങ്ങൾ സിപിഎം  നേതാവ് ചന്ദ്രൻ പിള്ളയുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അദ്ദേഹം ചില തിരക്കുകളിൽ ആയിരുന്നതിനാൽ സാധിച്ചില്ല. അദ്ദേഹത്തിന്‍റെ പ്രസ്താവന ലഭിച്ചാലുടൻ ലേഖനത്തിൽ കൂട്ടിച്ചേർക്കുന്നതാണ്.

1960 ൽ ആരംഭിച്ച തോഷിബാ ആനന്ദ് കമ്പനി 1996 ലാണ് കേരളത്തിൽ നിന്ന് പിന്മാറിയത്. അവരുടെ സാങ്കേതികത പിന്നിലായി പോയതിനാലും ഉൽപ്പന്നങ്ങൾക്ക് വിപണി നഷ്ടപ്പെട്ടതിനാലും കേരളത്തിലെ കൂലിച്ചെലവ്  കമ്പനിക്ക് താങ്ങാവുന്നതിലും അധികം ആയതിനാലുമാണ് തോഷിബ ആനന്ദ് കമ്പനി കേരളത്തിൽ നിന്നും പിന്മാറിയത്. ഇടതുപക്ഷം സമരം ചെയ്തു പൂട്ടിച്ചതിനാൽ അല്ല. 

നിഗമനം 

ഈ പോസ്റ്റിൽ നൽകിയിരിക്കുന്നത് പൂർണ്ണമായും തെറ്റായ വാർത്തയാണ്. തോഷിബ ആനന്ദ് കമ്പനി ഇടതുപക്ഷ സമരത്തെ തുടർന്ന് പൂട്ടിപ്പോയതല്ല. അവരുടെ ഉൽപ്പന്നങ്ങൾക്ക് വിപണി നഷ്ടപ്പെട്ടതിനാലും സാങ്കേതികത കാലഹരണപ്പെട്ടതിനാലും കേരളത്തിലെ കൂലിച്ചെലവ് കൂടുതലായതിനാലും അവർ കേരളത്തിലെ വ്യവസായം നിർത്തിയതാണ്. 

Avatar

Title:തോഷിബ ആനന്ദ് കമ്പനി എന്തുകൊണ്ടാണ് കേരളത്തിൽ പ്രവർത്തനം അവസാനിപ്പിച്ചത്…?

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •