എസ്എഫ്ഐ നേതാവിന്‍റെ വീട്ടില്‍ റെയ്‍ഡ് നടത്തിയ എസ്ഐയെ പ്രതികാര നടപടിയായി സ്ഥലം മാറ്റിയോ?

രാഷ്ട്രീയം

വിവരണം

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ വിദ്യാര്‍ത്ഥി സംഘര്‍ഷത്തെ തുടര്‍ന്നുള്ള വിവാദങ്ങളും വിമര്‍ശനങ്ങളുമൊക്കെയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ചൂടുള്ള ചര്‍ച്ചാ വിഷയം. ഇതിനിടയാലാണ് സംഘര്‍ഷത്തിനിടയില്‍ വിദ്യാര്‍ഥിയെ കുത്തിപ്പരുക്കേല്‍പ്പിച്ച കേസില്‍ ഒന്നാം പ്രതിയായ ശിവരഞ്ജിത്തിന്‍റെ വീട്ടില്‍ പോലീസ് പരിശോധിച്ചപ്പോള്‍ കേരള യൂണിവേഴ്‌സിറ്റിയുടെ എഴുതാത്ത ഉത്തരക്കടലാസുകള്‍ കണ്ടെത്തിയെന്ന വാര്‍ത്തകളും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തത്. എന്നാല്‍ ഇപ്പോള്‍ ഇതാ ചര്‍ച്ചാവിഷയമായിരിക്കുന്നത് ഉത്തരക്കടലാസ് കണ്ടെത്തിയ തിരുവനന്തപുരം കണ്ടോണ്‍മെന്‍റ് പോലീസ് സ്റ്റേഷന്‍ എസ്ഐ ആര്‍.ബിനുവിനെ പ്രതികാര നടപടിയായി സ്ഥലം മാറ്റിയെന്നതാണ്. മീഡിയ വണ്‍ ചാനലാണ് ആദ്യം ഇങ്ങനെയൊരു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതെന്നാണ് കണ്ടെത്താന്‍ കഴിഞ്ഞത്. എന്നാല്‍ പിന്നീട് ഇത് നീക്കം ചെയ്യുകയും ചെയ്തു. 

അതെസമയം വാര്‍ത്ത പെട്ടെന്ന് തന്നെ സമൂഹമാധ്യമങ്ങളിലെ പടരുകയും പല പേജുകളും പോസ്റ്റുകളായി പങ്കുവയ്ക്കുകയും ചെയ്‌കു. ഓ മൈ ഹെല്‍ത്ത്  എന്ന പേരിലുള്ള പേജില്‍ 16ന് വിഷയം സംബന്ധിച്ച് പങ്കുവച്ച പോസ്റ്റ്  ഇപ്രകാരമാണ്-

പോസ്റ്റിന് ഇതുവരെ 10,000 ലൈക്കുകളും 8,000 ഷെയറുകളും ലഭിച്ചിട്ടുണ്ട്. ഇതുപോലെ നിരവധി പേജുകളില്‍ വിഷയം പ്രചരിക്കുന്നുണ്ട്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ കണ്ടോണ്‍മെന്‍റ് എസ്ഐയെ സ്ഥലം മാറ്റിയിട്ടുണ്ടോ? ഇതെ എസ്ഐയുടെ നേതൃത്വത്തിലായിരുന്നോ എസ്എഫ്ഐ നേതാവ് ശിവരഞ്ജിത്തിന്‍റെ വീട്ടില്‍ പരിശോധന നടത്തിയത്? പ്രചരണങ്ങള്‍ക്ക് പിന്നിലെ യഥാര്‍ത്ഥ വസ്‌തുത എന്താണെന്ന് പരിശോധിക്കാം.

Archived Link

വസ്‌തുത വിശകലനം

തിരുവനന്തപുരം സിറ്റി പോലീസിന്‍റെ കീഴിലുള്ള സ്റ്റേഷനാണ് കണ്ടോണ്‍മെന്‍റ് പോലീസ് സ്റ്റേഷന്‍. എസ്ഐ ബിനുവിന്‍റെ സ്ഥലംമാറ്റ വാര്‍ത്തയെ കുറിച്ച് അറിയാന്‍ ഞങ്ങളുടെ പ്രതിനിധി തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണര്‍ (ഡിഐജി) ദിനേന്ദ്ര കശ്യപുമായി ഫോണില്‍ ബന്ധപ്പെട്ടു. അടിസ്ഥാന രഹിതമായ വാര്‍ത്തയാണ് പ്രചരിക്കുന്നതെന്നാണ് അദ്ദേഹം ഞങ്ങളോട് പ്രതികരിച്ചത്.

ദിനേന്ദ്ര കശ്യപിന്‍റെ വാക്കുകളിങ്ങനെ-

-ദിനേന്ദ്ര കശ്യപ് (തിരുവനന്തപുരം പോലീസ് മേധാവി)

കണ്ടോണ്‍മെന്‍റ് പോലീസ് സ്റ്റേഷനില്‍ നിന്നുള്ള പ്രതികരണം-

ആര്‍.ബിനു ഇപ്പോഴും കണ്ടോണ്‍മെന്‍റ് സ്റ്റേഷനില്‍ എസ്ഐയായി തന്നെ തുടരുന്നുണ്ട്. അഞ്ച് എസ്ഐമാരുണ്ടായിരുന്ന കണ്ടോണ്‍മെന്‍റ് പോലീസ് സ്റ്റേഷനില്‍ നിന്നും ലോക്‌സഭ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി ചില ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതിന്‍റെ ഭാഗമായി മാറ്റങ്ങള്‍ വരുത്തിയിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം 4 എസ്ഐമാര്‍ ആയി കുറഞ്ഞിരുന്നു. ഇപ്പോള്‍ വീണ്ടും ഒരു എസ്ഐ കൂടി വീണ്ടും ചുമതലയേറ്റു. എന്നാല്‍ അതിന് പകരമായി ആരെയും സ്ഥലം മാറ്റിയിട്ടില്ല. അങ്ങനെയൊരു സ്ഥലമാറ്റ നടപടിക്ക് വേണ്ട ഒരു സാഹചര്യവും നിലവിലില്ല. അടിസ്ഥാന രഹിതമായ വിവരങ്ങളാണ് എസ്ഐയെ സ്ഥലം മാറ്റി എന്ന പേരില്‍ പ്രചരിക്കുന്നത്.

കൈരളിയുടെയും മനോരമ ന്യൂസിന്‍റെയും തിരുവനന്തപുരം റിപ്പോര്‍ട്ടര്‍മാരോട് സംസാരിച്ചതില്‍ നിന്നും ഇതെ വിവരങ്ങള്‍ തന്നെയാണ് അറിയാന്‍ കഴിഞ്ഞത്. മാത്രമല്ല എസ്ഐ ആര്‍.ബിനുവിന്‍റെ നേതൃത്വത്തിലായിരുന്നില്ല ശിവരഞ്ജിത്തിന്‍റെ വീട്ടില്‍ പരിശോധന നടന്നതെന്നും കണ്ടോണ്‍മെന്‍റ് സിഐയാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയതെന്നുമാണ് കൈരളി റിപ്പോര്‍ട്ടര്‍ പറഞ്ഞത്. അതിനാല്‍ പ്രതികാര നടപടിയെന്ന എന്ന ആരോപണവും വസ്‌തുത വിരുദ്ധമാണ്.

നിഗമനം

യൂണിവേഴ്‌സിറ്റി കോളജുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ ഒടുവിലായി ഉയര്‍ന്ന് വന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് മേലധികാരികള്‍ തന്നെ വ്യക്തമാക്കി കഴിഞ്ഞു. ഇല്ലാത്ത സ്ഥലംമാറ്റ ഉത്തരവിനെ കുറിച്ച് ചര്‍ച്ച ചെയ്‌ത് ജനങ്ങളിലേക്ക് തെറ്റ്ദ്ധരണ പടര്‍ത്താന്‍ മാത്രമെ ഇത്തരം പോസ്റ്റുകള്‍ക്ക് സാധിക്കുകയുള്ളു. അതുകൊണ്ട് തന്നെ വസ്‌തുത വിരുദ്ധമായ ഇത്തരം വ്യാജപ്രചരണങ്ങള്‍ കൂടുതല്‍ പങ്കുവയ്ക്കാതെ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണം.

Avatar

Title:എസ്എഫ്ഐ നേതാവിന്‍റെ വീട്ടില്‍ റെയ്‍ഡ് നടത്തിയ എസ്ഐയെ പ്രതികാര നടപടിയായി സ്ഥലം മാറ്റിയോ?

Fact Check By: Dewin Carlos 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •