പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഏറ്റവും മികച്ച പ്രധാനമന്ത്രിയായി യുനെസ്കോ തെരെഞ്ഞെടുത്തോ…?

അന്തര്‍ദേശീയ ദേശീയം

വിവരണം 

Viswambhara Panicker എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 ഒക്ടോബർ 10 മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. പോസ്റ്റിന്  ഇതുവരെ 2200 ലധികം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. “തകർക്കാനാകില്ല, തളർത്താനാകില്ല, രാമരാജ്യത്തെ ഈ സഹ്യപുത്രനെ… എന്ന തലക്കെട്ടോടെ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത ഇതാണ്: മോദിജിയെ ലോകത്തിലെ മികച്ച പ്രധാനമന്ത്രിയായി UNESCO തെരെഞ്ഞെടുത്തു. ലോകത്തിലെ 380 രാജ്യങ്ങളുടെ പ്രധാനമന്ത്രിമാരെ പിന്തള്ളിയാണ് ഭാരതപുത്രൻ ഒന്നാം സ്ഥാനത്തെത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രവും പോസ്റ്റിനൊപ്പമുണ്ട്. 

archived linkFB post

യുനെസ്കോ ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര  മോദിയെ ലോകത്തിലെ ഏറ്റവും മികച്ച പ്രധാനമന്ത്രിയായി തെരെഞ്ഞെടുത്തു എന്നാണ് പോസ്റ്റിലെ അവകാശവാദം. നമുക്ക് വാർത്തയെ പറ്റി  ഒന്ന് അന്വേഷിച്ചു നോക്കാം.

വസ്തുതാ വിശകലനം 

ഞങ്ങൾ ഈ വാർത്തയുടെ കീ വേർഡ്സ്  ഉപയോഗിച്ച് ഓൺലൈനിൽ തിരഞ്ഞപ്പോൾ ഇത് വ്യാജപ്രചാരണമാണെന്നും യുനെസ്കോ ഇതുവരെ  ഏറ്റവും മികച്ച പ്രധാനമന്ത്രിയെ തെരെഞ്ഞെടുത്തിട്ടില്ലെന്നും വസ്‍തുത അന്വേഷണം നടത്തിയ ചില വെബ്‌സൈറ്റുകളുടെയും മാധ്യമങ്ങളുടെയും ലിങ്കുകൾ ഞങ്ങൾക്ക് ലഭിച്ചു. അവ താഴെ കൊടുക്കുന്നു.

archived linkfactly
archived linkindiatoday
archived linknewsmobile
archived linkfactcheck.afp

കൂടാതെ ഞങ്ങൾ യുനെസ്കോയുടെ വെബ്‌സൈറ്റ് പരിശോധിച്ചപ്പോൾ യുനെസ്കോയുടെ പേരിൽ ലോകമെമ്പാടും പ്രചരിക്കുന്ന വിവിധ അഭ്യൂഹങ്ങളെയും വ്യാജ വാർത്തകളെയും കുറിച്ചുള്ള ഒരു ലേഖനം കണ്ടെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലോകത്തിലെ ഏറ്റവും മികച്ച പ്രധാനമന്ത്രിയായി പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട വാർത്തകൾ  ഏറെ പ്രചരിച്ച കിംവദന്തികളിലൊന്നാണെന്ന് ആ ലേഖനത്തിൽ കാണാം

archived linkunesco

പ്രധാനമന്ത്രി മോദിയെക്കുറിച്ചുള്ള ഈ തെറ്റായ വിവരങ്ങൾ പുതിയതല്ല. ഇതേ വാർത്ത 3 വർഷം മുമ്പ് വൈറലായിരുന്നു, ഇപ്പോൾ  ഇത് വീണ്ടും പ്രചരിക്കുന്നു എന്ന് മാത്രം.

പോസ്റ്റിലെ   അവകാശവാദം പൂർണ്ണമായും  തെറ്റാണ്. മോദിക്കോ മറ്റേതെങ്കിലും രാഷ്ട്രീയ നേതാക്കൾക്കോ ​​യുനെസ്കോ ഒരിക്കലും “മികച്ച പ്രധാനമന്ത്രി”  അവാർഡ് നൽകിയിട്ടില്ല.

മാത്രമല്ല പോസ്റ്റിൽ നല്കിയിരിക്കുന്ന മറ്റൊരു വാദഗതി ലോകത്തെ 380 രാജ്യങ്ങളുടെ പ്രധാനമന്ത്രിമാരുടെ  ഇടയിൽ നിന്നുമാണ് മോഡി ഒന്നാമനായത് എന്നാണ്. 

എന്നാൽ ലോകരാഷ്ടങ്ങളുടെ എണ്ണം സംബന്ധിച്ച കണക്കുകളുടെ വ്യക്തതയ്ക്കായി ഞങ്ങൾ ഗൂഗിള്‍ പരിശോധിച്ചപ്പോൾ ലഭിച്ചത് ലോകത്തിൽ ആകെ 195 രാജ്യങ്ങൾ മാത്രമാണ് ഉള്ളതെന്നാണ്.

ഈ പോസ്റ്റിൽ നൽകിയിരിക്കുന്നത് തെറ്റായ വാർത്തയാണെന്നു ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

നിഗമനം 

ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത പൂർണ്ണമായും തെറ്റാണ്. യുനെസ്‌കോ ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലോകത്തിലെ ഏറ്റവും മികച്ച പ്രധാനമന്ത്രിയായി തെരെഞ്ഞെടുത്തിട്ടില്ല. ഇത്തരത്തിൽ നടക്കുന്നതെല്ലാം വ്യാജ പ്രചാരണമാണെന്ന് യുനെസ്കോ അവരുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നൽകിയിട്ടുണ്ട്. അതിനാൽ തെറ്റായ വാർത്ത പ്രചരിപ്പിക്കുന്ന ഈ പോസ്റ്റ് ഷെയർ ചെയ്യരുതെന്ന് ഞങ്ങൾ മാന്യ വായനക്കാരോട് അഭ്യർത്ഥിക്കുന്നു

Avatar

Title:പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഏറ്റവും മികച്ച പ്രധാനമന്ത്രിയായി യുനെസ്കോ തെരെഞ്ഞെടുത്തോ…?

Fact Check By: Vasuki S 

Result: False