
വിവരണം
ജീവന്‍ വേണോ പ്രാണന്‍ വേണോ പൊക്കോ നിങ്ങള്‍ പാക്കിസ്ഥാനില്‍ എന്ന് തുടങ്ങുന്ന മുദ്രാവാക്യം ഉയര്‍ത്തി ശൂലവുമേന്തി കാവി മുണ്ടും ഉടത്ത് പ്രകടനം നടത്തുന്ന യുവാക്കള്‍ പൊതുസ്ഥലത്ത് നടത്തുന്ന പ്രസംഗവും അതെ തുടര്‍ന്നുണ്ടാകുന്ന സംഘര്‍ഷവുമാണ് ഫെയ്‌സ്ബുക്കില്‍ കഴിഞ്ഞ കുറച്ചു നാളുകളായി ഒരു വീഡിയോയിലൂടെ പ്രചരിക്കുന്നത്. ആര്‍എസ്എസ് ആ പറയുന്നേ എന്ന മുദ്രാവാക്യം കൂടിയായപ്പോള്‍ വീഡിയോയില്‍ കാണുന്ന യുവാക്കള്‍ ആര്‍എസ്എസ് ആണെന്ന് ധരിച്ചാണ് പലരും വീഡിയോ പങ്കുവയ്‌ക്കുന്നത്. മനുസ്‌മൃതിയാണ് ഇവിടുത്തെ നിയമം അത് അനുസരിച്ച് ജീവിക്കുന്നവര്‍ ഇവിടെ ജീവിച്ചാല്‍ മതിയെന്ന് ആക്രോശിച്ച് ചോദ്യം ചെയ്യാന്‍ വന്ന മുസ്‌ലിം യുവാവിനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ മറ്റുള്ള മുസ്‌ലിം സമുദായത്തില്‍പ്പെട്ടവര്‍ അവരെ സംരക്ഷിക്കാന്‍ എത്തുകയും പ്രകോപനപരമായി മുദ്രാവാക്യം ഉയര്‍ത്തുകയും പ്രസംഗിക്കുകയും ചെയ്യുന്ന ആര്‍എസ്എസ് എന്ന് അവകാശപ്പെടുന്ന യുവാക്കളെ കീഴ്‌പ്പെടുത്തുകയും ചെയ്യുന്നു. ഇത്രയും വരെ മാത്രമെ പ്രചരിക്കുന്ന വീഡിയോയിലുള്ളു. ഗുജറാത്ത് മോഡൽ പക്ഷേ അവസാനം സംഭവിച്ചത് എന്ന തലക്കെട്ട് നല്‍കി യഥാര്‍ത്ഥത്തില്‍ സംഭിവിച്ചതാണെന്ന വിധമാണ് ജെയിംസ് ജെയിംസ് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ ഈ വീഡിയോ അപ്‌ലോഡ‍് ചെയ്ത് പ്രചരിപ്പിച്ചിരിക്കുന്നത്. വീഡിയോയുടെ ഉള്ളടക്കത്തെ ചൊല്ലി ഇരു മതവിഭാഗങ്ങളില്‍പ്പെട്ടവര്‍ തമ്മില്‍ കമന്‍റ് ബോക്‌സിലും തര്‍ക്കങ്ങളും അധിക്ഷേപങ്ങളും നടത്തുന്നുമുണ്ട്. 2019 മാര്‍ച്ച് നാലിന് അപ്‌ലോഡ് ചെയ്തിരിക്കുന്ന വീഡിയോ ഇതുവരെ 22,000ല്‍ അധികം പേര്‍ ഷെയര്‍ ചെയ്യുകയും 28,000ല്‍ അധികം പേര്‍ ലൈക്ക് ചെയ്യുകയും ചെയ്തിട്ടുണ്ട്.
എന്നാല്‍ പൊതുസ്ഥലത്ത് പ്രകോപനപരമായി മുദ്രാവാക്യം മുഴക്കിയതിനും പ്രസംഗിച്ചതിനും ആര്‍എസ്എസ് പ്രവര്‍ത്തകരെ മുസ്‌ലിം യുവാക്കള്‍ ചോദ്യം ചെയ്യുകയും ബലംപ്രയോഗിച്ച് കീഴ്‌പ്പെടുത്തുകയും ചെയ്യുന്ന യഥാര്‍ത്ഥ വീഡിയോ തന്നെയാണോ ഇത്? ഇത്തരത്തില്‍ വര്‍ഗീയമായ എന്തെങ്കിലും തരത്തിലുള്ള സംഘട്ടനങ്ങള്‍ കേരളത്തില്‍ ഈ അടുത്തകാലത്ത് നടന്നിട്ടുണ്ടോ? വിഷയത്തിന് പിന്നലെ വാസ്‌തവം എന്താണെന്നത് പരിശോധിക്കാം.
വസ്‌തുത വിശകലനം
2019 ഫെബ്രുവരി 28 ന് ഗുജറാത്ത് വംശഹത്യയുടെ അനുസ്മരണത്തോട് അനുബന്ധിച്ചു കാംപസ് ഫ്രണ്ട് മഞ്ചേരി ഏരിയക്ക് കീഴിൽ സംഘടിപ്പിച്ച തെരുവുനാടകത്തിന്‍റെയും ഫ്ലാഷ്‌മോബിന്‍റെയും വീഡിയോയുടെ ഒരു ഭാഗം മാത്രമാണ് ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്ന വീഡിയോ. ഈ വിഷയം ക്യാംപസ് ഫ്രണ്ട് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. വീഡിയോ ക്രോപ്പ് ചെയ്‌ത് പ്രചരിപ്പിച്ച് പ്രകോപനപരമായി രീതിയില്‍ ദുരുപയോഗിക്കുന്നു എന്ന് ചൂണ്ടിക്കാണിച്ച് ക്യാംപ്‌സ് ഫ്രണ്ട് ഓഫ് ഇന്ത്യ മലപ്പുറം ഈസ്റ്റ് കമ്മിറ്റി പോലീസില്‍ പരാതിയും നല്‍കിയിരുന്നു. മാര്‍ച്ച് മാസം മുതലാണ് വീഡിയോ ഒരു ഭാഗം മാത്രമായി കട്ട് ചെയ്‌ത് മതസ്പര്‍ദ്ദ വളര്‍ത്തും വിധം പ്രചരിപ്പിക്കാന്‍ തുടങ്ങിയത്. ക്യാംപസ് ഫ്രണ്ട് മലപ്പുറം ഈസ്റ്റ് വിഷയം സംബന്ധിച്ച് പരാതി കൊടുത്തിന്‍റെ വിശദവിവരങ്ങള്‍ അവരുടെ തന്നെ ഫെയ്‌സ്ബുക്ക് പേജില്‍ മാര്‍ച്ച് 7നു പങ്കുവച്ചിരുന്നു. പോസ്റ്റ് കാണാം-

യൂ ട്യൂബില്‍ തെരുവ്നാടകത്തിന്‍റെ പൂര്‍ണമായ വീഡിയോ കാണാം-
നിഗമനം
ഗുജറാത്ത് വംശഹത്യയുടെ അനുസ്‌മരണത്തിന്‍റെ ഭാഗമായി ക്യാംപസ് ഫ്രണ്ട് എന്ന വിദ്യാര്‍ത്ഥി സംഘടന നടത്തിയ ഫ്ലാഷ്മോബും-തെരുവ് നാടകവും മാത്രമാണ് വീഡിയോയില്‍ ഉള്ളത്. ആര്‍എസ്എസുമായി യാതൊരു ബന്ധവും ഈ വീഡിയോയ്ക്കില്ല. മാത്രമല്ല കാവിയും വെള്ളയും വസ്ത്രങ്ങള്‍ ധരിച്ച് എത്തുന്നത് ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ തന്നെയാണെന്നും ഇതോടെ വക്തമായി കഴിഞ്ഞിട്ടുണ്ട്. പൂര്‍ണമായ വീഡിയോ പങ്കുവയ്ക്കാതെ ക്രോപ്പ് ചെയ്ത വീഡിയോ പ്രചരിപ്പിക്കുന്ന ജനങ്ങളില്‍ തെറ്റദ്ധാരണയുണ്ടാവാനും മതസ്പര്‍ദ്ദയുണ്ടാക്കാനും കാരണമാകും. അതുകൊണ്ട് തന്നെ ഇത്തരം വൈകാരികമായ വിഷയങ്ങള്‍ സംബന്ധമായ പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുമ്പോള്‍ ജനങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്.

Title:പ്രകൊപനപരമായ മുദ്രാവാക്യവും തെരുവ് പ്രസംഗവും നടത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകരെ മുസ്‌ലിം സമുദായത്തില്‍പ്പെട്ടവര്‍ ആക്രമിച്ചോ?
Fact Check By: Harishankar PrasadResult: False
