മേഘാലയിൽ വാഹന അപകടത്തില്‍ ജവാന്മാർ മരിച്ചു എന്നത് തെറ്റായ വാര്‍ത്തയാണ്…

ദേശീയം

വിവരണം 

മറിഞ്ഞു കിടക്കുന്ന ഒരു ബസിന്‍റെയും സമീപത്ത് പട്ടാള യൂണിഫോമിൽ  നിൽക്കുന്ന കുറച്ച് ആളുകളുടെയും ചിത്രവുമായി ഒരു വാർത്ത സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. ഫേസ്‌ബുക്കിൽ ഇത്തരത്തിൽ പ്രചരിക്കുന്ന ഒരു പോസ്റ്റിന് രണ്ടു ദിവസങ്ങൾ കൊണ്ട് 3200 ഷെയറുകൾ ലഭിച്ചിട്ടുണ്ട്. ചിത്രത്തിനൊപ്പം നൽകിയിരിക്കുന്ന വാർത്ത ഇതാണ് “ഇന്ന് മേഘാലയിൽ ഉണ്ടായ വാഹന അപകടത്തിൽ നമ്മുടെ 12 ധീര ജവാന്മാർ മരണപ്പെട്ടു. കണ്ണീരിൽ കുതിർന്ന ആദരാജ്ഞലികൾ”.  പോസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത് 2020 ഏപ്രിൽ 26 നാണ്. അതായത് അന്നേ  ദിവസം മേഘാലയയിൽ ബസ് അപകടത്തിൽ 12 ജവാന്മാർ മരിച്ചു എന്നാണ് പോസ്റ്റിലെ അവകാശവാദം.

archived linkFB post

ഈ വാര്‍ത്തയ്ക്ക് ഫേസ്ബുക്ക് ഉപയോക്താക്കള്‍ക്കിടയില്‍ വ്യാപകമായ പ്രചരണമാണ് ലഭിച്ചത്. 

എന്നാൽ ഈ വാർത്ത തെറ്റാണ്. മറിഞ്ഞു കിടക്കുന്ന ഈ  ബസിന്‍റെ ചിത്രത്തിന് പിന്നിലുള്ള യഥാർത്ഥ വാർത്ത ഇതാണ്:

വസ്തുതാ വിശകലനം 

ഞങ്ങൾ ഈ ചിത്രത്തിന്‍റെ റിവേഴ്‌സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ ഇതുമായി ബന്ധപ്പെട്ട മാധ്യമ വാർത്തകൾ ലഭിച്ചു. 

നോര്‍ത്ത്ഈസ്റ്റ്നൌ എന്ന മാധ്യമം ഇതേ ചിത്രം തന്നെ ഉപയോഗിച്ച് വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്ന തീയതി 2019 ഒക്ടോബര്‍ 31 ആണ്. 

archived linknenow

വാര്‍ത്തയുടെ പരിഭാഷ:  ഈസ്റ്റ് ജയന്തിയ ഹിൽസിലെ ഉമൈതിരയിലെ ഒരു കനാലിലേയ്ക്ക് ബസ് മറിഞ്ഞ് ഒരാൾ മരിച്ചു. 20 ബിഎസ്എഫ് ജവാൻമാർ ഉൾപ്പെടെ 22 പേർക്ക് പരിക്കേറ്റു.

93 ബിഎൻ ‘എ’ കോയ് ഓഫ് ബോർഡർ സെക്യൂരിറ്റി ഫോഴ്‌സാണ് (ബി.എസ്.എഫ്) ബസിലുണ്ടായിരുന്നത് എന്ന് പോലീസ് പറഞ്ഞു.

ബസിന്റെ സിവിലിയൻ സഹായി ജെ. ഗോഗോയിയാണ് മരിച്ചത്.

സിവിലിയൻ ഡ്രൈവർമാരായ പ്രഞ്ജൽ സൈകിയ, ബാബ ഗോഗോയ് എന്നിവരും പരിക്കേറ്റ മറ്റ് രണ്ട് സിവിലിയന്മാരാണ്.

പരിക്കേറ്റ എല്ലാവരെയും മേഘാലയയിലെ ക്ലീഹ്രിയാത്ത് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ചു.

 “ഈസ്റ്റ് ജയന്തിയ ഹിൽസിൽ വൈകുന്നേരം 4:30 ഓടെ, രജിസ്ട്രേഷൻ നമ്പർ AS-05C-2034 ഉള്ള അമിതവേഗ ബസ് റോഡിൽ നിന്ന് മറിഞ്ഞ് ഉമൈറയിലെ ഒരു കനാലിലേയ്ക്ക് (ഏകദേശം 100 അടി) വീണു..” ഈസ്റ്റ് ജയന്തിയ ഹിൽസിലെ പോലീസ് സൂപ്രണ്ട് ലക്കഡോർ സിയെം നോർത്ത് ഈസ്റ്റ് നൌവിനോട് പറഞ്ഞു,

ബി‌എൻ‌എഫിലെ 20 ഓളം ബി‌എസ്‌എഫ് ഉദ്യോഗസ്ഥർ ബസിൽ ഉണ്ടായിരുന്നു.

അവരിൽ ഭൂരിഭാഗത്തിനും പരിക്കേറ്റു. പരിക്കേറ്റ എല്ലാവരെയും ക്ലീഹ്രിയാത്ത് സിഎച്ച്സിയിലേക്ക് മാറ്റി.” 

കൂടാതെ പരിക്കേറ്റ ജവാന്മാരുടെ പേര് വിവരങ്ങൾ വാർത്തയിൽ നൽകിയിട്ടുണ്ട്. വാർത്ത പ്രസിദ്ധീകരിച്ചിരിക്കുന്ന തിയതി 2019 ഒക്ടോബർ 31 ആണെന്ന് വായനക്കാർ ശ്രദ്ധിച്ചു കാണും. 

ഫാക്റ്റ്ലി എന്ന വസ്തുതാ അന്വേഷണ വെബ്‌സൈറ്റ് ഇതേ വാർത്തയുടെയുടെ മുകളിൽ 2019  നവംബർ മാസം  വസ്തുത അന്വേഷണം നടത്തിയിരുന്നു. ബിഎസ്എഫിന്റെ ഷഹില്ലോങ്ങിലുള്ള ഹെഡ് ക്വാർട്ടേഴ്‌സുമായി അവരുടെ പ്രതിനിധി ബന്ധപ്പെട്ടതായും അപകടത്തിൽ തദ്ദേശീയനായ  ഒരാൾ മാത്രമാണ് മരിച്ചത് എന്നും ബിഎസ്എഫ് ജവാന്മാർക്ക് പരിക്കേൽക്കുക മാത്രമേ ചെയ്തിട്ടുള്ളു, അവരുടെ പരിക്ക് മരണ കാരണമാകുന്നത്ര ഗുരുതരമല്ല എന്ന് രേഖാമൂലം വിശദീകരണം നൽകിയതായും ലേഖനത്തിൽ ചേർത്തിട്ടുണ്ട്. 

കൂടാതെ അപകടത്തിൽ പെട്ട ജവാന്മാർ ചികിത്സയിലാണ് എന്ന വാർത്ത നോർത്ത്ഈസ്റ്റ്നൗ നവംബർ 2 ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

archived linknenow

മേഘാലയയിൽ ബിഎസ്എഫ് ജവാന്മാർ ഉൾപ്പെട്ട ബസ്സപകടത്തിൽ 12  ജവാന്മാർ മരിച്ചു എന്ന മട്ടിൽ പ്രചരിക്കുന്ന വാർത്ത തെറ്റാണ്. സംഭവം നടന്നത് 2019 ഒക്ടോബർ മാസത്തിലാണ്. ഇപ്പോഴൊന്നുമല്ല. 

നിഗമനം 

പോസ്റ്റിലെ വാർത്ത പൂർണ്ണമായും തെറ്റാണ്. മേഘാലയയിൽ ബിഎസ്എഫ് ജവാന്മാർ ഉൾപ്പെട്ട ബസ് അപകടം നടന്നത് 2019 ഒക്ടോബർ മാസത്തിലാണ്. അപകടത്തിൽ ബിഎസ്എഫ് ജവാന്മാരിൽ ഒരാൾ പോലും മരിച്ചിട്ടില്ല. തദ്ദേശീയനായ ബസ് ജീവനക്കാരൻ മാത്രമാണ് അപകടത്തിൽ മരിച്ചത്. ഇതല്ലാതെയുള്ള വാർത്തകളൊക്കെ തെറ്റായ പ്രചാരണങ്ങളാണ്.

Avatar

Title:മേഘാലയിൽ വാഹന അപകടത്തില്‍ ജവാന്മാർ മരിച്ചു എന്നത് തെറ്റായ വാര്‍ത്തയാണ്…

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •