ഗുജറാത്ത് കലാപം നടന്ന കാലത്ത് ഇന്ത്യ ഭരിച്ചത് കോണ്‍ഗ്രസാണോ?

രാഷ്ട്രീയം

വിവരണം

ഗുജറാത്ത് കലാപം നടക്കുമ്പോള്‍ എല്ലാ അധികാരവും ഭരണ സംവിധാനങ്ങളും കോണ്‍ഗ്രസിന്‍റെ കയ്യിലുണ്ടായിരുന്നു. സിബിഐ എന്‍ഐഎ തുടങ്ങിയ സകല സന്നാഹങ്ങളും കോണ്‍ഗ്രസിന്‍റെ കയ്യിലായിരുന്നു. എന്നിട്ടും അവര്‍ നേരാവണ്ണം ഗുജറാത്ത് കലാപത്തെ കുറിച്ച് അന്വേഷണം നടത്തിയില്ല. അന്വേഷിച്ചെങ്കില്‍ ഇന്ന് മോദിയും അമിത് ഷായും ജയില്‍ ആയേനെ. കോണ്‍ഗ്രസ് കാണിച്ച അലംഭാവത്തിന് രാജ്യം ഇന്ന് വലിയ വിലയാണ് നല്‍കി കൊണ്ടിരിക്കുന്നത്. ഇത്തരമൊരു ഉള്ളടക്കം നല്‍കി നമ്മള്‍ സഖാക്കള്‍ എന്ന ഗ്രൂപ്പില്‍ ഒരു പോസ്റ്റ് ഓഗസ്റ്റ് 24 മുതല്‍ പ്രചരിക്കുന്നുണ്ട്. നൗഷു മോന്‍ എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന ഈ പോസ്റ്റിന്  ഇതുവരെ 172ല്‍ അധികം ഷെയറുകളും 313ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്-

Archived Link

എന്നാല്‍ ഗുജറാത്ത് കലാപം നടന്ന സമയത്ത് കേന്ദ്രം ഭരിച്ചിരുന്നത് കോണ്‍ഗ്രസാണോ? എന്‍ഐഎ പോലെയുള്ള കുറ്റാന്വേഷണ അജേന്‍സികള്‍ അന്നുണ്ടായിരുന്നോ? എന്താണ് പോസ്റ്റിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

ഗൂഗിളില്‍ ഗുജറാത്ത് കലാപത്തെ കുറിച്ച് സെര്‍ച്ച് ചെയ്യുമ്പോള്‍ തന്നെ അത് സംഭവിച്ച വര്‍ഷം കണ്ടെത്താന്‍ കഴിയും. 2002ല്‍ ആയിരുന്നു യഥാര്‍ത്ഥത്തില്‍ ഗുജറാത്ത് കലാപം നടന്നതെന്നതാണ് വസ്തുത. pmindia.gov.in  എന്ന ഔദ്യോഗിക വെബ്‌സൈറ്റില്‍ മുന്‍ പ്രധാനമന്ത്രിമാരുടെ പട്ടിക പരിശോധിച്ചാല്‍ അവര്‍ ഏതൊക്കെ വര്‍ഷങ്ങളിലാണ് ഇന്ത്യ ഭരിച്ചിരുന്നതെന്ന് ഉള്‍പ്പടെയുള്ള വിവരങ്ങള്‍ മനസിലാക്കാന്‍ കഴിയും. പട്ടികയില്‍ 2002ല്‍ ഇന്ത്യയിലെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പൈയാണ്. അതായത് 1998-2004 വരെയുള്ള ഭരണം എന്‍ഡിഎയുടെ കീഴിലായിരുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ പ്രതിപക്ഷത്ത് മാത്രമായിരുന്നു. ഗുജറാത്ത് സര്‍ക്കാര്‍ ഭരിച്ചതാവട്ടെ ഇന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയായ നരേന്ദ്ര മോദിയുമാണ്. അദ്ദേഹമായിരുന്നു ഗുജറാത്ത് കലാപ സമയത്തെ ഗുജറാത്ത് മുഖ്യമന്ത്രി. കലാപത്തെ കുറിച്ചുള്ള അന്വേഷണത്തില്‍ വീഴ്ച്ചവരുത്തി എന്ന പോസ്റ്റിലെ പരാമര്‍ശത്തില്‍ എന്‍ഐഎയുടെ കാര്യവും പറയുന്നുണ്ട്. എന്നാല്‍ എന്‍ഐഎ (നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി) രൂപീകരിച്ചത് 2008 ഡിസംബര്‍ 31ന് ആണെന്നതാണ് മറ്റൊരു വസ്‌തുത. അതായത് 2002ല്‍ ഗുജറാത്ത് കലാപം നടക്കുമ്പോള്‍ എന്‍ഐഎ എന്ന അന്വേഷണ ഏജന്‍സി ഇന്ത്യയില്‍ രൂപീകരിച്ചിട്ടില്ല.എന്‍ഐഎയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍  രൂപീകരിച്ച വര്‍ഷം കൃത്യമായി നല്‍കിയിട്ടുണ്ട്.

നിഗമനം

2002ല്‍ നടന്ന ഗുജറാത്ത് കലാപസമയത്ത് കോണ്‍ഗ്രസ് ഭരണമായിരുന്നു എന്നത് അടിസ്ഥാന രഹിതമാണെന്നും അന്ന് എന്‍ഡിഎ ഭരണമായിരുന്നു ഇന്ത്യയിലുണ്ടായിരുന്നതെന്നും ഞ്ങ്ങളുടെ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഗുജറാത്ത് അന്ന് ഭരിച്ചിരുന്നതും ബിജെപി തന്നെയാണ്. എന്‍ഐഎ എന്ന അന്വേഷണ ഏജന്‍സി തന്നെ നിലവില്‍ വന്നത് 2002 അവസാനമാണ്. അതുകൊണ്ട് തന്നെ പോസ്റ്റില്‍ ഉന്നയിച്ചിരിക്കുന്ന മുഴുവന്‍ കാര്യങ്ങളും അടിസ്ഥാനരഹിതവും വ്യാജവുമാണെന്നും അനുമാനിക്കാം.

Avatar

Title:ഗുജറാത്ത് കലാപം നടന്ന കാലത്ത് ഇന്ത്യ ഭരിച്ചത് കോണ്‍ഗ്രസാണോ?

Fact Check By: Dewin Carlos 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •