അമേരിക്കൻ പ്രസിഡണ്ട് ട്രംപ് കലിസന്ധാരണ മന്ത്രം എക്സിക്യൂട്ടീവ് ഓർഡറായി നൽകിയെന്ന വാർത്ത തെറ്റാണ്

Coronavirus അന്തർദേശിയ൦

വിവരണം 

കഴിഞ്ഞ രണ്ടു മൂന്നു ദിവസം മുതൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചു തുടങ്ങിയ അമേരിക്കൻ പ്രസിഡണ്ട്  ട്രംപിന്‍റെ എക്സിക്യൂട്ടീവ് ഓർഡർ നിങ്ങൾ കണ്ടിട്ടുണ്ടാകും.ഹരേ രാമാ ഹരേ രാമാ ഹരേ കൃഷ്ണ ഹരേകൃഷ്ണ എന്ന നാമജപം എല്ലാവരും ഉരുവിടുക എന്നുള്ള  ഇംഗ്ലീഷിലെ എഴുത്ത് അദ്ദേഹം ഉയർത്തി പിടിക്കുന്ന ചിത്രത്തോടൊപ്പം ഏത് മന്ത്രം,ഏത് നാമജപംരക്ഷിക്കും എന്ന് അമേരിക്കൻ പ്രസിഡന്‍റ് റൊണാൾഡ്‌ ട്രംപ് ജനതയോട് നിർദ്ദേശിക്കുന്നു എന്ന വിവരണം നൽകിയിട്ടുണ്ട്. കൂടാതെ ഈ മന്ത്രജപത്തിന്‍റെ പ്രാധാന്യം വിവരണത്തിൽ നൽകിയിട്ടുണ്ട്. 

archived linkFB post

ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🙏🙏🙏🙏🙏🙏 ഹരി ഓം പാടുക നാവേ ആവോളം പാടണം

നാരായണ എന്ന നാലക്ഷരം ….എങ്ങും നിറയട്ടെ മനസ്സിൽ നിറയട്ടെ ഹരി നാരായണ നാമ മന്ത്രം കലി യുഗ ദുരിതങ്ങൾ.. മറികടകടക്കാൻ എന്തു ചെയ്യണം?

കലിയുഗത്തിലെ ദുരിതങ്ങള്‍ മറികടക്കാന്‍ എന്തു ചെയ്യണം എന്ന് നാരദ മഹര്‍ഷിക്ക് സംശയം. ആശങ്ക അകറ്റാനായി നാരദര്‍ ബ്രഹ്മാവിന്‍റെ അടുത്തെത്തി. നാരായണ മന്ത്രം ജപിച്ചാല്‍ കലിയുഗ ദുരിതങ്ങള്‍ മറികടക്കാനാവും എന്നായിരുന്നു ബ്രഹ്മാവിന്റെ ഉപദേശം. ബ്രഹ്മാവ് നാരായണ നാമം നാരദര്‍ക്ക് ഉപദേശിച്ചു കൊടുക്കുകയും ചെയ്തു;

“ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ

ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ “

ലൌകിക ജീവിതം നയിക്കുന്ന സാധാരണക്കാര്‍ക്ക് മുക്തി നേടാനുള്ള പരമമായ മാര്‍ഗമാണ് നാമജപം. നാമജപത്തിലൂടെ സാലോക്യം,സാമീപ്യം, സായൂജ്യം, സാരൂപ്യം എന്നീ നാല് മുക്തികളും പ്രാപ്യമാവുമെന്നായിരുന്നു ബ്രഹ്മോപദേശം.

ഭക്തര്‍ ബ്രഹ്മ ലോകത്തിലോ വിഷ്ണു ലോകത്തിലോ ശിവലോകത്തിലോ എത്തിച്ചേരുന്നതിനെ സാലോക്യ മുക്തി എന്നും ഭഗവാന്‍റെ സമീപത്ത് എത്തിച്ചേരുന്നതിനെ സാമീപ്യ മുക്തി എന്നും ഭഗവാന്‍റെ രൂ‍പത്തെ പ്രാപിക്കുന്നത് സാരൂപ്യ മുക്തി എന്നും ഭഗവാനില്‍ ലയിച്ചു ചേരുന്നതിനെ സായൂജ്യ മുക്തി എന്നും അറിയപ്പെടുന്നു.

കലിയുഗത്തില്‍ മനുഷ്യ മനസ്സിന് ചിന്താ ശേഷി കുറയുകയും മലീമസപ്പെടുകയും ചെയ്യുന്നു. ദിവസേനയുള്ള നാപജപത്തിലൂടെ മനസ്സിന് തെളിച്ചം ഉണ്ടാക്കാന്‍ കഴിയും. തെളിച്ചമുള്ള മനസ്സില്‍ ദുര്‍ചിന്തകള്‍ കുറയുകയും ഏകാഗ്രത വര്‍ദ്ധിക്കുകയും ചെയ്യുമെന്ന് മുനിശ്രേഷ്ഠര്‍ ഉപദേശിക്കുന്നു.

മൂന്നു കോടി നാമം ജപിക്കുന്ന ആള്‍ക്ക് രോഗപീഡ ഉണ്ടാവില്ല. നാല് കോടി നാമം ജപിക്കുന്ന ആളിന് ദാരിദ്ര മുക്തി നേടാനാവും. അഞ്ചു കോടി നാമം ജപിക്കുന്ന ആള്‍ക്ക് അയാള്‍ ജ്ഞാനിയായി തീരും. ആറ് കോടി നാമം ജപിച്ചാല്‍ മനസ്സ് ശത്രു വിമുക്തമാവും (അനാവശ്യ ചിന്തകള്‍ അലട്ടാതിരിക്കും). ഏഴ് കോടി നാമം ജപിച്ചാല്‍ ആദ്ധ്യാത്മികമായി ഏറെ ഉയരെ എത്തുകയും ആയുസ്സ് വര്‍ദ്ധിക്കുകയും ചെയ്യും. ഒമ്പത് കോടി നാമം ജപിച്ചാല്‍ പവിത്രമായ മരണം സംഭവ്യമാവും പത്ത് കോടി നാമം ജപിച്ചാല്‍ സ്വപ്നത്തില്‍ ഭഗവല്‍ ദര്‍ശനമുണ്ടാവും എന്നും മുനിവര്യന്‍‌മാര്‍ ഉപദേശിക്കുന്നു.

നിഷ്ഠയോ നിയമങ്ങളോ കൂടാതെ വിശ്വാസത്തോടും അര്‍പ്പണ മനോഭാവത്തോടും മുക്തി നേടാന്‍ കലിയുഗത്തില്‍ ഉപദേശിക്കപ്പെട്ടിരിക്കുന്ന മാര്‍ഗ്ഗമാണ് നാമജപം. ശുദ്ധമായ സ്ഥലത്ത് ഇരുന്ന് നിത്യേന നാമജപം നടത്തുന്നത് ഗ്രഹപ്പിഴകള്‍ ഒഴിഞ്ഞു പോവാനുള്ള ഉത്തമ മാര്‍ഗമായും ആചാര്യന്മാര്‍ പറയുന്നു..നമ്മുടെ പൂർവികൻമാർ മുതിർന്നവർ നമുക്ക് പറഞ്ഞു തന്നത് .. ആ ഭാരതീയ സംസ്കാരം.. ഇപ്പോൾ.. വിദേശീയർ പോലും പിൻ തുടരുന്നു……. ആ ആചാര്യ പരമ്പരക്ക് പ്രണാമം 🙏” എന്നാണ്  മുഴുവൻ വിവരണം.

ഡൊണാൾഡ് ട്രംപ് ഇങ്ങനെ ഒരു എക്സിക്യൂട്ടീവ് ഓർഡർ ഇറക്കിയിട്ടില്ല. യാഥാര്‍ഥ്യം  ഇതാണ്:

വസ്തുതാ വിശകലനം 

ഞങ്ങൾ ഈ ചിത്രത്തിന്‍റെ  റിവേഴ്‌സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ ഞങ്ങൾക്ക് ലഭിച്ച വിവരങ്ങൾ നിങ്ങളുമായി പങ്കിടാം.

ഇത് മാത്രമല്ല, തമാശയ്ക്കായി സൃഷ്ടിച്ച നിരവധി എക്സിക്യൂട്ടീവ് ഓര്‍ഡറുകളുടെ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാണ്.

എന്താണ് ഈ എക്സിക്യൂട്ടീവ് ഓർഡർ ? 

അമേരിക്കൻ ബാർ അസ്സോസിയേഷന്‍ വെബ്‌സൈറ്റിൽ ലഭ്യമായ വിവരമനുസരിച്ച് ഫെഡറൽ ഗവൺമെന്‍റിന്‍റെ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്ന അമേരിക്കൻ പ്രസിഡന്‍റിന്‍റെ ഒപ്പിട്ട, നിർദ്ദേശമാണ് എക്സിക്യൂട്ടീവ് ഉത്തരവ്.  അമേരിക്കന്‍ ഗവൺമെന്‍റിന്‍റെ ഏറ്റവും സാധാരണമായ “പ്രസിഡന്‍റ്” രേഖകളിൽ ഒന്ന് എക്സിക്യൂട്ടീവ് ഉത്തരവാണ്. ജോർജ്ജ് വാഷിംഗ്ടൺ അധികാരമേറ്റതിനുശേഷം ഓരോ അമേരിക്കൻ പ്രസിഡന്‍റും കുറഞ്ഞത് ഒരെണ്ണമെങ്കിലും പുറപ്പെടുവിച്ചിട്ടുണ്ട് ഇതുവരെ ഏതാണ്ട് 13,731 ൽ കൂടുതൽ എക്സിക്യൂട്ടീവ് ഓര്‍ഡറുകളുണ്ട്. അവയെ “തൽക്ഷണ നിയമം” എന്ന് വിശേഷിപ്പിക്കാം.  അവ സീരീസായി ആണ് പുറത്തിറക്കുന്നത്.  അതിനാൽ എക്സിക്യൂട്ടീവ് ഓർഡറുകൾ അവരുടെ നിയുക്ത നമ്പർ അല്ലെങ്കിൽ വിഷയം ഉപയോഗിച്ച് പരാമർശിക്കാം. 

എക്സിക്യൂട്ടീവ് ഉത്തരവുകൾ നിയമനിർമ്മാണമല്ല; അവയ്ക്ക് കോൺഗ്രസിന്‍റെ അനുമതി ആവശ്യമില്ല എന്നാല്‍  കോൺഗ്രസിന് അവയെ മറികടക്കാൻ കഴിയില്ല. ധനസഹായം നീക്കംചെയ്യുന്നത് പോലെ നടപ്പിലാക്കാന്‍ ബുദ്ധിമുട്ടുള്ളതോ അസാധ്യമോ ആയ നിയമനിർമ്മാണം കോൺഗ്രസിന് പാസാക്കാനാകും. എന്നാല്‍ ഒരു സിറ്റിംഗ് യുഎസ് പ്രസിഡന്‍റിന് മാത്രമേ നിലവിലുള്ള എക്സിക്യൂട്ടീവ് ഉത്തരവ് അസാധുവാക്കാൻ കഴിയൂ.

ഡൊണാൾഡ് ട്രംപ് ഇതുവരെ പുറത്തിറക്കിയ മുഴുവൻ എക്സിക്യൂട്ടീവ് ഓർഡറുകളും സിഎൻബി ന്യൂസ് വെബ്‌സൈറ്റിൽ ലഭ്യമാണ്. അതിൽ ഇത്തരത്തിൽ ഒരു ഓർഡർ ലഭ്യമല്ല. ഇത് കൃത്രിമമായി സൃഷ്‌ടിച്ച വ്യാജ എക്സിക്യൂട്ടീവ് ഓർഡർ ആണ്.   

ട്രംപിന്‍റെ എക്സിക്യൂട്ടീവ് ഓർഡർ മെമെ സ്വന്തമായി ഉണ്ടാക്കാൻ സഹായിക്കുന്ന ഒരു വെബ്‌സൈറ്റ് ഇതിനിടെ ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടു. അതിൽ വാചകങ്ങൾ എഴുതി നൽകിയാൽ ട്രംപിന്‍റെ കൈയ്യൊപ്പുള്ള മെമെ എളുപ്പത്തിൽ  തയ്യാറാക്കാം. പോസ്റ്റില്‍ നല്കിയിരിക്കുന്ന ചിത്രം ഇതരത്തില്‍ സൃഷ്ടിച്ചതാവാം.

പോസ്റ്റിൽ നല്കിയ പോലുള്ള ഹരേരാമാ ഹരേകൃഷ്ണ നാമജപം എഴുതിയ എക്സിക്യൂട്ടീവ് ഓർഡർ ട്രംപ് നൽകിയിട്ടില്ല. 

നിഗമനം 

ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത പൂർണ്ണമായും  തെറ്റാണ്.ഹരേരാമ ഹരേ കൃഷ്ണ നാപജപം എല്ലാവരും നടത്തണം എന്നൊരു എക്സിക്യൂട്ടീവ് ഓർഡർ ഇതുവരെ ഡൊണാൾഡ് ട്രംപ് ഇറക്കിയിട്ടില്ല.  ഇത്തരത്തില്‍ വരുന്നതെല്ലാം വ്യാജ വാർത്തകളാണ്

Avatar

Title:അമേരിക്കൻ പ്രസിഡണ്ട് ട്രംപ് കലിസന്ധാരണ മന്ത്രം എക്സിക്യൂട്ടീവ് ഓർഡറായി നൽകിയെന്ന വാർത്ത തെറ്റാണ്

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •