ഇന്ത്യയുടെ ഹിമ ദാസ് സ്വർണ്ണം നേടിയത് 2022 കോമൺവെൽത്ത് ഗെയിംസിലല്ല… യാഥാര്‍ഥ്യമറിയൂ…

രാഷ്ട്രീയം | Politics

ഇംഗ്ലണ്ടിലെ ബർമിങ്ഹാമിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസില്‍  ഇന്ത്യയുടെ ഹിമ ദാസ് സ്വർണ്ണം നേടി എന്നൊരു വാർത്ത സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു. 

പ്രചരണം 

ഇംഗ്ലണ്ടിലെ ബിർമിംഗ്ഹാമിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസ്-2022 ൽ ഹിമ ദാസ്  അത്ലക്റ്റിക്സില്‍ സ്വർണം നേടിയെന്ന വാര്‍ത്തയാണ്  പലരും പങ്കുവയ്ക്കുന്നത്. ഹിമ ദാസിന്‍റെ ചിത്രത്തോടൊപ്പം നല്കിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെ: “കോമൺവെൽത്ത് ഗെയിംസ് 400 മീറ്റർ റെസിൽ ഇന്ത്യയുടെ ഹിമ ദാസ് സ്വർണം നേടി.അഭിനന്ദനങ്ങൾ ❤❤ 

FB postarchived link

ലോക U20 ചാമ്പ്യൻഷിപ്പിലെ വനിതകളുടെ 400 മീറ്റർ ഫൈനലിൽ ഇന്ത്യൻ സ്പ്രിന്‍റര്‍ ഹിമ ദാസ് സ്വർണം നേടിയതിന്‍റെ പഴയ വാര്‍ത്തയാണ് ഇപ്പോള്‍ പ്രചരിപ്പിക്കുന്നത് എന്നു അന്വേഷണത്തില്‍ വ്യക്തമായി. 

വസ്തുത ഇങ്ങനെ 

2022 ലെ കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ 200 മീറ്ററിലും 4×100 മീറ്ററിലും ഇന്ത്യയുടെ വനിതാ റിലേ ടീമിന്‍റെ ഭാഗമാണ് ഹിമ ദാസ്. ഗെയിംസില്‍ ട്രാക്ക് ഇവന്‍റുകള്‍ ഇനിയും ആരംഭിച്ചിട്ടില്ല. ഓഗസ്റ്റിലെ അടുത്ത ആഴ്ചയാകും ഇവ നടത്തുക. 215 അംഗ (111 പുരുഷന്മാരും 104 സ്ത്രീകളും) ഇന്ത്യൻ സംഘം 2022 ജൂലൈ 28-ന് ആരംഭിച്ച ബർമിംഗ്ഹാം CWG 2022-ൽ 15 കായിക ഇനങ്ങളിൽ പങ്കെടുക്കാന്‍ പോയിരുന്നു. 2022 ഓഗസ്റ്റ് 8 വരെയാണ് മല്‍സരങ്ങള്‍.  

ബിർമിംഗ്ഹാം കോമൺവെൽത്ത് ഗെയിംസിൽ സ്വർണ്ണ മെഡൽ നേടിയതിന് ദാസിനെ അഭിനന്ദിച്ചു കൊണ്ട് മുൻ ക്രിക്കറ്റ് താരം വീരേന്ദർ സെവാഗ്,  ബിജെപി ദേശീയ വക്താവ് സംബിത് പത്ര തുടങ്ങിയവര്‍ സത്യമറിയാതെ ഈ വാര്‍ത്ത ട്വിറ്റര്‍ ഹാന്‍ഡിലുകളില്‍ പങ്കുവച്ചിരുന്നു. പിന്നീട് ട്വീറ്റുകള്‍ നീക്കം ചെയ്യുകയാണ് ഉണ്ടായത്. 

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ അത്ലറ്റിക്സ് മത്സരങ്ങള്‍ ഇതുവരെ ആരംഭിച്ചിട്ടില്ല. മാരത്തണ്‍ മത്സരങ്ങളോടെയാണ് ട്രാക്ക് മത്സരങ്ങള്‍ തുടങ്ങുക. രണ്ടാം തീയതി മാത്രമാണ് സ്പ്രിന്‍റ് ഇനങ്ങള്‍ തുടങ്ങുക. ഇതറിയാതെയാണ് 400 മീറ്ററില്‍ മത്സരിക്കുന്ന ഹിമ ദാസിന്‍റെ വീഡിയോയും ചിത്രങ്ങളും സെവാഗ് അടക്കം പലരും പങ്കുവെച്ചത്.

2018 ജൂലൈയിൽ ഫിൻലൻഡിലെ ടാംപെരെയിൽ നടന്ന ലോക U20 ചാമ്പ്യൻഷിപ്പിൽ ഹിമ ദാസ് വനിതകളുടെ 400 മീറ്റർ ഫൈനലിൽ സ്വർണം നേടിയതിന്‍റെ വാര്‍ത്തയാണ് ഇപ്പോഴത്തേത് എന്ന മട്ടില്‍ പ്രചരിപ്പിക്കുന്നത്. ഹിമ ദാസ് പങ്കെടുക്കുന്ന ഇവന്‍റുകൾ – 200 മീറ്റർ, 4×100 മീറ്റർ റിലേ മത്സരങ്ങൾ ഓഗസ്റ്റ് ആദ്യവാരം ആരംഭിക്കും. 

കോമണ്‍വെല്‍ത്ത് ഗെയിംസ് ഭാരദ്വേഹനത്തില്‍ സങ്കേത് സാര്‍ഗറിനാണ് ഇന്ത്യയില്‍ ആദ്യ മെഡല്‍ ലഭിച്ചത്.  സങ്കേത് വെള്ളി മെഡലാണ് സ്വന്തമാക്കിയത്. പരിക്കുണ്ടായതിനാലാണ് സങ്കേതിന് സ്വര്‍ണം നഷ്ടപ്പെട്ടത് എന്നാണ് വാര്‍ത്തകള്‍. 

കൂടാതെ, 2018 ജൂലൈ 12 മുതലുള്ള നിരവധി വാർത്താ റിപ്പോർട്ടുകളും അന്വേഷണത്തില്‍ ഞങ്ങൾക്ക് ലഭിച്ചു. ഫിൻ‌ലൻഡിലെ ടാംപെറിൽ നടന്ന IAAF U20 അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ 400 മീറ്റർ ഫൈനലിൽ സ്വർണം നേടി  ഹിമാ ദാസ് ചരിത്രം സൃഷ്ടിച്ചതിനെ കുറിച്ച് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു. 

ഹിമാ ദാസിന് കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ ഇതുവരെ മെഡല്‍ ലഭിച്ചിട്ടില്ല.. 

നിഗമനം 

പോസ്റ്റിലെ പ്രചരണം തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. ഹിമാ ദാസിന് കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ ഇതുവരെ മെഡല്‍ ലഭിച്ചിട്ടില്ല. 2018 ലെ U20 അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ 400 മീറ്റർ മല്‍സരത്തില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ വാര്‍ത്തയാണ് ഇപ്പോഴത്തെ കോമണ്‍ വെല്‍ത്ത് ഗെയിംസുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നത്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ഇന്ത്യയുടെ ഹിമ ദാസ് സ്വർണ്ണം നേടിയത് 2022 കോമൺവെൽത്ത് ഗെയിംസിലല്ല… യാഥാര്‍ഥ്യമറിയൂ…

Fact Check By: Vasuki S 

Result: False