മൊബൈൽ ഫോണിന്‍റെ ഉപയോഗം കുട്ടികളിൽ കാൻസർ വരുത്തുമോ..?

ആരോഗ്യം

വിവരണം 

Medical Awareness എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2018 ഡിസംബർ 20 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റിന് ഇതുവരെ 9000 ഷെയറുകൾ ലഭിച്ചു കഴിഞ്ഞിട്ടുണ്ട്. കുട്ടികളുടെ മൊബൈൽ ഉപയോഗമവുമായി ബന്ധപ്പെട്ട ഒരു കാര്യമാണ് പോസ്റ്റിലുള്ളത്. ” ഒരു കാരണവശാലും ഒരു കുട്ടിക്കും മൊബൈൽഫോൺ കൊടുക്കരുത്. ഭക്ഷണം വേണമെങ്കിൽ കഴിച്ചാൽ മതി. വേണമെങ്കിൽ മൂന്നു ദിവസം കരഞ്ഞോട്ടെ. പച്ചവെള്ളം മാത്രം കൊടുത്താൽ മതി. എന്ന വാചകങ്ങളും ഏതോ മാധ്യമം പ്രസിദ്ധീകരിച്ച ഒരു വാർത്തയുടെ സ്ക്രീൻഷോട്ടും പോസ്റ്റിൽ നൽകിയിട്ടുണ്ട്. വാർത്ത ഇങ്ങനെയാണ്. ” ശ്രദ്ധിക്കുക. തിരുവനന്തപുരം റീജ്യണൽ കാൻസർ സെന്ററിൽ 10 വയസ്സിനു താഴെയുള്ള 130 കുട്ടികളെ കണ്ണിൽ കാൻസർ ബാധിച്ച്  അഡ്മിറ്റ് ചെയ്തിരിക്കുന്നു. ദിവസത്തിൽ 20 മിനിറ്റിൽ കൂടുതൽ മൊബൈലോ ടാബോ കുട്ടികളെ ഉപയോഗിക്കാൻ അനുവദിക്കരുതെന്ന് അവിടുത്തെ ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു.

archived linkFB post

ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന കാര്യങ്ങൾ എത്രത്തോളം വസ്തുതാപരമാണെന്ന് നമുക്ക് അന്വേഷിച്ചു നോക്കാം 

വസ്തുതാ വിശകലനം 

ഞങ്ങൾ ഈ പോസ്റ്റിന്റെ വസ്തുത അന്വേഷണം നടത്തുന്നതിന് മുമ്പ് ഞങ്ങൾ തന്നെ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ ലിങ്ക് നിങ്ങൾക്കായി ഇവിടെ നൽകുന്നു. ലേഖനത്തിന്റെ പ്രസക്തമായ ഭാഗങ്ങളുടെ സ്ക്രീൻഷോട്ടും നൽകിയിട്ടുണ്ട്.

മൊബൈൽ ഫോൺ ഉപയോഗവും റെറ്റിനോ ബ്ലാസ്റ്റൊമയുമായി എന്തെങ്കിലും ബന്ധമുണ്ടോ…?

തുടർന്ന് ഞങ്ങൾ പോസ്റ്റിനെ കുറിച്ച് കൂടതലറിയാനായി  തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ പിആർഒ യുമായി ബന്ധപ്പെട്ടു. “ഈ പോസ്റ്റ് മാത്രമല്ല ഇത്തരത്തിൽ നിരവധി പോസ്റ്റുകൾ ആർസിസിയുടെ പേരിൽ പ്രചരിക്കുന്നത് ശ്രദ്ധയിൽ പെട്ടിരുന്നു. ഞങ്ങൾ ഇതിനെതിരെ സൈബർ സെല്ലിൽ  പരാതി നൽകുകയും ചെയ്തിരുന്നു. ഇങ്ങനെയുള്ള ഒരു റിപ്പോർട്ടും ഇതുവരെ ഇവിടെ നിന്ന് ഒരു മാധ്യമങ്ങൾക്കും നൽകിയിട്ടില്ല. ഇതൊക്കെ അസത്യമായ വാർത്തകളാണ്.”

Retinoblastoma WikipediaArchived Link
Mayo ClinicArchived Link
Canadian Cancer SocietyArchived Link
SnopesArchived Link
ReutersArchived Link
WebMDArchived Link
Canadian Cancer SocietyArchived Link

കൂടാതെ പോസ്റ്റിൽ നൽകിയിരിക്കുന്ന കാര്യത്തിന്റെ കൂടുതൽ വ്യക്തതയ്ക്കായി ഞങ്ങൾ നേത്രരോഗ ചികിത്സയിൽ പേരുകേട്ട അങ്കമാലിയിലെ ലിറ്റിൽ ഫ്‌ളവർ ആശുപത്രി നേത്ര വിഭാഗം മേധാവിയായ ഡോക്ടർ എലിസബത്ത് ജോസഫിനോട് വിശദീകരണം തേടിയിരുന്നു

“മൊബൈൽ ഏറെനേരം നോക്കിയാൽ കാൻസർ വരുമെന്നൊക്കെ വെറുതെ പറഞ്ഞു പ്രചരിപ്പിക്കുന്നതാണ്. ഇതുവരെ അങ്ങനെയൊരു വാർത്തയോ പഠന റിപ്പോർട്ടുകളോ വന്നിട്ടില്ല. ഏതൊരു അവയവം പോലെ തന്നെയാണ് കണ്ണുകളും. റെസ്റ്റ് ആവശ്യമുണ്ട്. കൂടുതൽ നേരം വായിക്കുമ്പോഴോ ടിവി കാണുമ്പോഴോ ഒക്കെ സ്വാഭാവികമായി കണ്ണുകൾക്ക് ക്ഷീണം അനുഭവപ്പെടാം. മൊബൈലിന്‍റെ കാര്യത്തിലും അങ്ങനെ തന്നെ. മൊബൈലിൽ കുട്ടി എന്തൊക്കെയാണ് കാണുന്നത് എന്നാണ് മാതാപിതാക്കൾ കൂടുതൽ ശ്രദ്ധിക്കേണ്ടത്.

ഞങ്ങളുടെ അന്വേഷണത്തിൽ ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന കാര്യങ്ങൾ പൂർണ്ണമായും തെറ്റാണ് എന്ന് വ്യക്തമായിട്ടുണ്ട്. തിരുവനന്തപുരം ആർസിസിയിൽ ഇത്തരത്തിൽ 10  വയസ്സിനു താഴെയുള്ള 130 കുട്ടികളെ അഡ്മിറ്റ് ചെയ്തിരുന്നു എന്ന വാർത്ത ആർസിസി അധികൃതർ നിഷേധിച്ചിട്ടുണ്ട്. മാത്രമല്ല മൊബൈൽ ഫോൺ ഉപയോഗിച്ചാൽ കാൻസർ വരും എന്ന കാര്യത്തിന് ശാസ്ത്രീയമായ യാതൊരു തെളിവുകളുമില്ല. 

നിഗമനം 

ഈ പോസ്റ്റിൽ നൽകിയിട്ടുള്ള കാര്യം പൂർണ്ണമായും വ്യാജമാണ്. മൊബൈൽ ഉപയോഗം കുട്ടികളിൽ കണ്ണിനു കാൻസർ വരുത്തും എന്ന കാര്യത്തിന് ശാസ്ത്രീയതയില്ല. 130  കുട്ടികളെ കണ്ണിനു കാൻസർ ബാധിച്ച് ആർസിസിയിൽ പ്രവേശിപ്പിച്ചിരുന്നു എന്ന വാർത്ത തെറ്റാണെന്ന് ആർസിസി അധികൃതർ അറിയിച്ചിട്ടുണ്ട്. അതിനാൽ തെറ്റായ ഈ വാർത്ത പ്രചരിപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് മാന്യ വായനക്കാരോട് അഭ്യർത്ഥിക്കുന്നു.

Avatar

Title:മൊബൈൽ ഫോണിന്‍റെ ഉപയോഗം കുട്ടികളിൽ കാൻസർ വരുത്തുമോ..?

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •