
വിവരണം
നിയമസഭ തെരഞ്ഞെടുപ്പ് അടുത്തതോടെ വിവിധ രാഷ്ട്രീയ പാർട്ടികൾ സ്ഥാനാർഥികളെ നിർണയിക്കുന്ന ചർച്ചകളിലാണ്. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിലും പ്രചരണം ശക്തമാണ്. ഇത്തരത്തിൽ പ്രചരിക്കുന്ന ഒരു വാർത്ത ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു. റിപ്പോർട്ടർ ചാനൽ മേധാവി എം വി നികേഷ് കുമാറിന്‍റെ ചിത്രവും ഒപ്പം “സിപിഎം നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസം നികേഷ് കുമാർ അഴീക്കോട് നിന്ന് ബി.ജെ.പി. സ്ഥാനാർഥിയായി മത്സരിക്കും എന്ന് സൂചന” എന്ന വാചകങ്ങളും ചേർത്താണ് പോസ്റ്റ് പ്രചരിപ്പിക്കുന്നത്.

നികേഷ് കുമാർ കഴിഞ്ഞ തവണ സി.പി.എം ടിക്കറ്റിൽ അഴീക്കോട് നിന്നും നിയമസഭയിലേക്ക് മത്സരിച്ചിരുന്നു. എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന കെ എം ഷാജി നികേഷിനെതിരെ വിജയം നേടി. ഇത്തവണ സിപിഎമ്മുമായി അഭിപ്രായവ്യത്യാസം ആണെന്നും അതിനാൽ ബിജെപി സ്ഥാനാർത്ഥിയായി അഴീക്കോട് നിന്ന് മത്സരിക്കുമെന്നുമാണ് പോസ്റ്റിൽ അവകാശപ്പെടുന്നത്. ഞങ്ങൾ വാർത്തയെപ്പറ്റി പ്രചരണത്തെ പറ്റി അന്വേഷിച്ചു. ഇത് വെറും വ്യാജ പ്രചരണം മാത്രമാണെന്ന് കണ്ടെത്തുകയും ചെയ്തു. വിശദാംശങ്ങൾ പറയാം
വസ്തുത വിശകലനം
ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ മുകളിലെ പ്രചരണം വൈറലായി കഴിഞ്ഞിട്ടുണ്ട്.

എം വി നികേഷ് കുമാർ റിപ്പോര്‍ട്ടര്‍ ചാനല്‍ മേധാവി ആയതിനാൽ ഇത്തരത്തിൽ ഒരു കാര്യം ഉണ്ടായാൽ അവർ വാർത്തയിൽ തീർച്ചയായും ഉൾപ്പെടുത്തും. എന്നാൽ അവരുടെ മാധ്യമ വെബ്സൈറ്റിലോ ഫേസ്ബുക്ക് പേജിലോ ഇത്തരത്തിലൊരു വാർത്ത നൽകിയിട്ടില്ല.
കൂടാതെ മാധ്യമങ്ങളിലൊന്നും ഇങ്ങനെ ഒരു വാർത്ത നൽകിയിട്ടില്ല.
അതിനാൽ കൂടുതൽ വ്യക്തതയ്ക്കായി ഞങ്ങൾ എംവി നികേഷ് കുമാറിനോട് സംസാരിച്ചു. അദ്ദേഹം ഞങ്ങളുടെ പ്രതിനിധി അറിയിച്ചത് ഇങ്ങനെയാണ് “ഇത് വെറും വ്യാജപ്രചാരണം മാത്രമാണ്. ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് ഞാന്‍ ഒരിടത്തും പറഞ്ഞിട്ടില്ല. സിപിഎം നേതൃത്വവുമായി അഭിപ്രായ വ്യത്യാസമുണ്ടെന്നും ഒരിടത്തും പറഞ്ഞിട്ടില്ല. രാഷ്ട്രീയ ലക്ഷ്യങ്ങളോടെ എനിക്കെതിരെ വ്യാജ പ്രചാരണം നടത്തുകയാണ്.”
കൂടാതെ ഞങ്ങൾ ബിജെപിയുടെ വക്താവ് സന്ദീപ് വാര്യരോടും ഇക്കാര്യം അന്വേഷിച്ചു. അദ്ദേഹം നൽകിയ മറുപടി ഇതാണ്: “ഇത് വ്യാജ പ്രചരണമാണ്. കേരളത്തിൽ നിയമസഭ തിരഞ്ഞെടുപ്പിനെ കുറിച്ച് പാർട്ടി നേതൃത്വം ചർച്ചകൾ നടത്തി വരുന്നതേയുള്ളൂ. ഇതുവരെ ഔദ്യോഗിക തീരുമാനങ്ങൾ ഒന്നുമായിട്ടില്ല. നികേഷ് കുമാർ അഴിക്കോട് നിന്നും ബി ജെ പി സ്ഥാനാർഥിയായി മത്സരിക്കും എന്നത് തീർത്തും വ്യാജപ്രചരണം മാത്രമാണ്.”
ഈ പോസ്റ്റിലൂടെ നടത്തുന്നത് വെറും വ്യാജ പ്രചരണം മാത്രമാണെന്ന്
അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
നിഗമനം
പോസ്റ്റിലെ വാർത്ത പൂർണമായും തെറ്റാണ്. നികേഷ് കുമാറിന് സിപിഎം നേതൃത്വം അഭിപ്രായവ്യത്യാസം ഉണ്ടെന്നും അതിനാൽ അഴീക്കോട് നിന്ന് ബി ജെ പി സ്ഥാനാർഥിയായി മത്സരിക്കും എന്ന് സൂചനയുണ്ടെന്നുമുള്ള തരത്തിൽ പ്രചരിക്കുന്ന വാർത്തകളെല്ലാം അടിസ്ഥാനരഹിതമാണ്.

Title:‘നികേഷ് കുമാർ അഴീക്കോട് നിന്ന് ബി.ജെ.പി. സ്ഥാനാർഥിയായി മത്സരിക്കും എന്ന് സൂചന’ – എന്ന് വ്യാജ പ്രചരണം…
Fact Check By: Vasuki SResult: False
