
വിവരണം
ഈയിടെ മരുന്നുകളുടെ കൂട്ടത്തിൽ ഏറ്റവും അധികം ഉയർന്നു കേൾക്കുന്ന പേരാണ് ഹൈഡ്രോക്‌സി ക്ളോറോക്വിൻ. 2020 മാർച്ച് 17 ന്, ഇറ്റാലിയൻ മെഡിസിൻസ് ഏജൻസിയുടെ ഐഫ സയന്റിഫിക് ടെക്നിക്കൽ കമ്മീഷൻ COVID-19 ചികിത്സയ്ക്കായി ക്ലോറോക്വിൻ, ഹൈഡ്രോക്സിക്ലോറോക്വിൻ എന്നിവയുടെ ഓഫ്-ലേബൽ ഉപയോഗം ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് അനുകൂല അഭിപ്രായം പ്രകടിപ്പിച്ചു. ഈ മരുന്ന് കോവിഡ് പ്രതിരോധത്തിനായി ഉപയോഗിക്കുമെന്ന് വാർത്തകൾ വന്നതിനെ തുടർന്ന് മരുന്നിന്റെ ലോകത്തെ ഏറ്റവും വലിയ ഉത്പാദകരായ ഇന്ത്യയോട് ലോകരാജ്യങ്ങൾ ഇത് ആവശ്യപ്പെട്ടു തുടങ്ങി. ഹൈഡ്രോ ക്ളോറോക്വിൻ കോവിഡ് 19 നെതിരെയുള്ള മരുന്നല്ല. എന്നാൽ പ്രതിരോധിക്കുന്ന കാര്യത്തിൽ ഫലപ്രദമാണ് എന്ന് പറയപ്പെടുന്നു.

ഇപ്പോൾ പുതുതായി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചു വരുന്ന ഒരു പോസ്റ്റിൽ പറയുന്നത് ഹൈഡ്രോക്ളോറോക്വിൻ ഇന്ത്യയിൽ കണ്ടുപിടിച്ചതാണ് എന്നാണ്. പുരാതന രസതന്ത്രജ്ഞനായിരുന്ന പ്രഫുല്ല ചന്ദ്ര റേ യാണ് കണ്ടുപിടിത്തത്തിന് പിന്നിൽ എന്നാണു പോസ്റ്റിലെ അവകാശവാദം.
പോസ്റ്റിലെ വിവരണം ഇങ്ങനെ: ഇന്ന് ലോക മരുന്ന് വിപണിയിൽ ഏറെ മുഴങ്ങി കേൾക്കുന്ന പേരാണ് “ഹൈഡ്രോക്സി ക്ലോറോക്വിൻ”.
ഇന്ത്യൻ രസതന്ത്രത്തിന്റെ പിതാവ് എന്നറിയപ്പടുന്ന, അദ്ധ്യാപകനും, ഗവേഷകനും ആയിരുന്ന ” ആചാര്യ പ്രഫുല്ല ചന്ദ്രറേ യുടെ ” നീണ്ട കാല ഗവേഷണങ്ങളുടെ ഫലമാണു ഇന്നത്തെ ഈ ജീവൻ രക്ഷാ മരുന്നിന്റെ കണ്ട്പിടിത്തം എന്ന് അറിയുമ്പോഴാണു ഇതിന്റെ ഉൽപ്പാദനത്തിൽ ഇന്ത്യയ്ക്ക് എങ്ങിനെ മേൽക്കോയ്മ വന്നുവെന്ന ചോദ്യത്തിന് ഉത്തരം ലഭിക്കുന്നത്. അദ്ദേഹം സ്ഥാപിച്ച “ബംഗാൾ കെമിക്കൽസാണു” ഇന്നും പ്രസ്തുത മരുന്നിന്റെ ലോക വിപണിയിലെ 70% ഉൽപ്പാദകർ.
എന്തിനും ഏതിനും സായിപ്പിനെ സ്തുതിച്ചും,ആ സ്തുതി കേട്ടും വളർന്ന നമുക്ക് നമ്മുടെ മുറ്റത്തെ മുല്ലയുടെ സുഗന്ധം ഒരിക്കലും മനസ്സിലാവില്ലല്ലോ…
ഇതേ വാർത്തയുടെ ഇംഗ്ലീഷ് പരിഭാഷയിൽ നൽകിയ ഫേസ്‌ബുക്ക് പോസ്റ്റിന്റെ സ്ക്രീൻഷോട്ടും പ്രഫുല്ല ചന്ദ്ര റേയുടെ തപാൽ വകുപ്പ് സ്റ്റാമ്പിൽ ഉൾപ്പെടുത്തിയ ചിത്രവും പോസ്റ്റിൽ നൽകിയിട്ടുണ്ട്.
ഹൈഡ്രോക്ളോറോക്വിൻ കണ്ടുപിടിത്തവുമായി പ്രഫുല്ല ചന്ദ്ര റേയ്ക്ക് യാതൊരു ബന്ധവുമില്ല. വിശദാംശങ്ങൾ ഇങ്ങനെയാണ്:
വസ്തുതാ വിശകലനം
ഞങ്ങൾ ഹൈഡ്രോക്സിക്ളോറോക്വിൻ മരുന്നിന്റെ ചരിത്രം അറിയാനായി ഓൺലൈനിൽ തിരഞ്ഞപ്പോൾ ഇത് 1934 ൽ അമേരിക്കയിലെ ബെയർ കമ്പനി കണ്ടുപിടിച്ചതാണ് എന്ന വിവരം ലഭിച്ചു.

മരുന്നിനെ പറ്റി ലഭ്യമായ വിവരണങ്ങളിലെല്ലാം ഇത് തന്നെയാണ് നൽകിയിരിക്കുന്നത്. മലേറിയ എന്ന രോഗത്തിന് 100 ശതമാനം ശമനം ഹൈഡ്രോക്ളോറോക്വിൻ നൽകുന്നു. ഏതാണ്ട് 1638 മുതൽ ഹൈഡ്രോക്ളോറോക്വിന്റെ പ്രാഥമിക രൂപം കണ്ടുപിടിക്കപ്പെട്ടിരുന്നു.
ഹൈഡ്രോക്സിക്ളോറോക്വിൻ കഥ ആരംഭിക്കുന്നത് 1638 ൽ പെറുവിലെ വൈസ്രോയിയുടെ ഭാര്യക്ക് മലേറിയ പിടിപെട്ടപ്പോഴാണ്. അംഗീകൃത തെറാപ്പിക്കു പകരം, ഒരു ഇൻകാൻ ഹെർബലിസ്റ്റ് ഒരു മരത്തിന്റെ പുറംതൊലി ഉപയോഗിച്ച് ചികിത്സിച്ചു. (ഒടുവിൽ വൈസ്രോയിയുടെ ഭാര്യയുടെ പേരായ കൗണ്ടസ്-സിൻചോന ട്രീ എന്ന് നാമകരണം ചെയ്തു). വൈസ്രോയ് സ്പെയിനിലേക്ക് മടങ്ങിയെത്തിയപ്പോൾ, പൊതു ഉപയോഗത്തിനായി അദ്ദേഹം പൊടിയുടെ വലിയ സാധനങ്ങൾ കൊണ്ടുവന്നു, അത് അക്കാലത്ത് സഭയുടെ നിയന്ത്രണത്തിലായിരുന്നു, അതിനാൽ അതിനെ “ജെസ്യൂട്ടിന്റെ പൊടി” എന്ന് വിളിച്ചിരുന്നു.
സജീവമായ പദാർത്ഥമായ ക്വിനൈൻ പുറംതൊലിയിൽ നിന്ന് വേർപെടുത്താൻ ഏകദേശം രണ്ട് നൂറ്റാണ്ടുകളെടുത്തു.
അടുത്ത നൂറ്റാണ്ടിൽ, ക്വിനൈൻ നാടോടി മരുന്നുകളിലും അമേരിക്കയിലെ തെക്കൻ സംസ്ഥാനങ്ങളിലെ മലേറിയ ചികിത്സയ്ക്കും ഒരു സാധാരണ ഘടകമായി മാറി. 1940 കളോടെ, ക്വിനൈൻ, അല്ലെങ്കിൽ അതിന്റെ ഡെറിവേറ്റീവ് ക്ലോറോക്വിൻ, മലേറിയ വിരുദ്ധ സ്വഭാവങ്ങളാൽ അംഗീകരിക്കപ്പെടുകയും രണ്ടാം ലോക മഹായുദ്ധ കാലത്ത് പസഫിക്കിൽ യുദ്ധം ചെയ്യുന്ന സൈനികർക്കിടയിൽ ഉപയോഗിക്കുകയും ചെയ്തു. എന്നിരുന്നാലും, ഈ സംയുക്തത്തിന് കാര്യമായ വിഷാംശം ഉണ്ടെന്ന് പിന്നെട് കണ്ടെത്തി 1945 ൽ, ഹൈഡ്രോക്സിലേഷൻ വഴി ഈ സംയുക്തത്തിന്റെ പരിഷ്കരണം ഹൈഡ്രോക്സിക്ളോറോക്വിന്‍റെ വികാസത്തിലേക്ക് നയിച്ചു, ഇതിന് വിഷാംശം കുറവാണെന്ന് ബോധ്യപ്പെട്ടതിനെ തുടര്ന്ന് മാറ്റമില്ലാതെ, ഇപ്പൊഴും ഉപയോഗത്തിലാണ്.


1901 ൽ പ്രഫുല്ല ചന്ദ്ര റേ പശ്ചിമ ബംഗാളിൽ ആരംഭിച്ച ബംഗാൾ കെമിക്കൽസ് ഫാർമസ്യുട്ടിക്കൽസ് വർക്സ് ലിമിറ്റഡ് (ഇപ്പോൾ ബിപിസിഎൽ എന്നറിയപ്പെടുന്നു) എന്ന സ്ഥാപനം ഈ മരുന്ന് നിർമ്മിക്കുന്ന ഇന്ത്യയിലെ പ്രമുഖ കമ്പനിയാണ്. എന്നാൽ മരുന്ന് കണ്ടുപിടിച്ചത് ഇന്ത്യയിലാണെന്നോ പ്രഫുല്ല ചന്ദ്ര റേയാണ് മരുന്ന് കണ്ടുപിടിച്ചതെന്നോ ഇതിനു അർത്ഥമില്ല. ഈ മരുന്ന് മലേറിയയ്ക്ക് മാത്രമല്ല, റുമാറ്റിക് രോഗങ്ങൾക്കും ഉപയോഗിക്കുന്നതാണ്.
ലോകാരോഗ്യ സംഘടന അവശ്യമരുന്നുകളുടെ പട്ടികയിൽ ഈ മരുന്ന് പെടുത്തിയിട്ടുണ്ട്. ഇപ്ക, സിഡാസ് കാഡില തുടങ്ങിയ കമ്പനികളും ഈ മരുന്ന് ഉത്പാദിപ്പിക്കുന്നുണ്ട്. ലോകത്തെ മൊത്തം വിതരണത്തിന്റെ 70 ശതമാനം നിർമ്മിക്കുന്നത് ഇന്ത്യയാണ്. എന്നാൽ ബംഗാൾ കെമിക്കൽസ് ആൻഡ് വർക്കേഴ്സ് എന്ന കമ്പനി മാത്രമല്ല, മറ്റു മരുന്ന് ഉത്പാദകർ കൂടി ചേർന്നാണ് ഈ ശതമാനം പൂര്‍ത്തിയാക്കുന്നത്. പോസ്റ്റിൽ നൽകിയിരിക്കുന്ന വാദം തെറ്റാണ്. ഹൈഡ്രോക്സി ക്ളോറോക്വിൻ മരുന്ന് കണ്ടുപിടിച്ചത് പ്രഫുല്ല ചന്ദ്ര റേയല്ല. ഇന്ത്യയിലുമല്ല. അമേരിക്കയിലാണ് മരുന്നിന്റെ പൂർണ്ണരൂപം വികസിപ്പിച്ചെടുത്തത്. ബെയർ എന്ന പ്രമുഖ മരുന്ന് ഉത്പാദകരാനാണ് ഇതിനു പിന്നിൽ.
നിഗമനം
ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത പൂർണ്ണമായും തെറ്റാണ്. കോവിഡിനെതിരെ പരീക്ഷണാർത്ഥം നൽകി വരുന്ന ഹൈഡ്രോക്സി ക്ളോറോക്വിൻ മരുന്ന് കണ്ടുപിടിച്ചത് പ്രഫുല്ല ചന്ദ്ര റേയല്ല, ഇന്ത്യയിലുമല്ല, മരുന്ന് ആദ്യമായി കണ്ടുപിടിച്ചത്. പെറുവിൽ 1638 ൽ ആരംഭിച്ച മരുന്ന് ഗവേഷണം ഇന്നത്തെ രൂപത്തിൽ എത്തിച്ചത് അമേരിക്കയിലെ ബെയർ എന്ന മരുന്ന് ഉത്പാദകരാണ്.

Title:ഹൈഡ്രോക്സിക്ലോറോക്വിൻ എന്ന മരുന്ന് കണ്ടുപിടിച്ചത് പ്രഫുല്ല ചന്ദ്ര റേയല്ല.. അമേരിക്കയിലെ ബെയർ കമ്പനിയാണ്…
Fact Check By: Vasuki SResult: False
