വാഹനാപകട സമയത്ത് പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ ഇന്‍ഷുറന്‍സ് പരിരക്ഷയില്ല: പ്രചരണത്തിന്‍റെ സത്യം ഇതാണ്

ദേശീയം സാമൂഹികം

വിവരണം 

കഴിഞ്ഞ ഏതാനും ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ ഒരു സന്ദേശം പ്രചരിക്കുന്നുണ്ട്. വാഹനങ്ങളില്‍ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ ഇനി മുതല്‍ വാഹനങ്ങൾ അപകടത്തിൽ പെടുമ്പോൾ ഇന്‍ഷുറന്‍സ് ക്ലെയിം ലഭിക്കില്ല എന്നാണത്. ഈ സന്ദേശത്തോടൊപ്പം ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്പ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഒരു സര്‍ക്കുലറിന്റെ സ്ക്രീൻഷോട്ടും നൽകിയിട്ടുണ്ട്. വാട്ട്സ് ആപ്പ് ഗ്രൂപ്പുകളിലും ഫേസ്ബുക്കിലും സന്ദേശത്തിനു വളരെയേറെ പ്രചാരമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

archived linkFB post

 “വാഹന ഇൻഷുറൻസ് പരിരക്ഷ : പുക പരിശോധന സർട്ടിഫിക്കറ്റ് നിർബന്ധം

അപകടത്തിൽപ്പെടുന്ന വാഹനങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതിന് രണ്ടായിരത്തിഇരുപത്‌ ആഗസ്റ്റ് ഇരുപതിന് ശേഷം പുക പരിശോധന സർട്ടിഫിക്കറ്റ് നിർബന്ധമാക്കി.

സുപ്രീം കോടതിയാണ് ഇത് സംബന്ധിച്ച നിർദ്ദേശം ഇൻഷുറൻസ് കമ്പനികൾക്ക് നൽകിയത്. പുക പരിശോധന സർട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങൾക്ക് ഇനി മുതൽ യാതൊരുവിധ ഇൻഷൂറൻസ് പരിരക്ഷയും ലഭിക്കുന്നതല്ല.”

എന്ന വിവരണമാണ് പോസ്റ്റിൽ നൽകിയിരിക്കുന്നത്. എന്നാൽ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങള്‍ അപകടത്തില്‍പെട്ടാല്‍ ഇന്‍ഷുറന്‍സ് ക്ലെയിം ലഭിക്കില്ലെന്ന പ്രചരണം വാസ്തവത്തിൽ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. 

വാസ്തവം ഇതാണ് 

ഇൻഷുറൻസ് റഗുലേറ്ററി അതോറിറ്റി ഇത്തരത്തിൽ ഒരു അറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല. യഥാർത്ഥത്തിൽ അവരുടെ സർക്കുലറിലുള്ളത് വാലിഡിറ്റിയുള്ള  പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ ഇന്‍ഷുറന്‍സ് പോളിസി പുതുക്കി നല്‍കേണ്ടതില്ല എന്ന് ഇന്‍ഷൂറന്‍സ് കമ്പനി അധികൃതര്‍ക്കുള്ള നിര്‍ദ്ദേശമാണ്. 

സുപ്രീം കോടതിയുടെ നിര്‍ദേശ പ്രകാരം  ഐആര്‍ഡിഎഐ പുറപ്പെടുവിച്ച അറിയിപ്പ് ഡല്‍ഹി-എന്‍സിആറിലേക്കാണ് നിലവിൽ നൽകിയിട്ടുള്ളത്. മറ്റ് സംസ്ഥാനങ്ങളുടെ കാര്യം സർക്കുലറിൽ ഇപ്പോൾ വ്യക്തമാക്കിയിട്ടില്ല. പക്ഷെ എല്ലാ സംസ്ഥാങ്ങളിലേയ്ക്കും ചിലപ്പോൾ ഈ നിർദ്ദേശം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 

സാമൂഹ്യ മാധ്യമങ്ങളില്‍ പുക പരിശോധന സര്‍ട്ടിഫിക്കറ്റുമായി നടക്കുന്ന പ്രചരണം തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണെന്ന് സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് ഫേസ്ബുക്ക് പേജില്‍ അറിയിപ്പ് നല്‍കിയിരുന്നു.

archived link

ഈ വാര്‍ത്ത തെറ്റാണെന്നും ഇത് വായിച്ചു ആരും പരിഭ്രാന്തരാകേണ്ടതില്ലെന്നും കേരള പോലീസ് അവരുടെ ഔദ്യോഗിക ഫേസ്ബുക്ക് ബുക്ക് പേജിലൂടെ അറിയിച്ചിരുന്നു. 

archived link

ഡല്‍ഹിയില്‍ പുക മലിനീകരണം മറ്റ് സംസ്ഥാനങ്ങളെക്കാള്‍ കൂടുതലാണെന്ന് പഠനങ്ങള്‍ തെളിയിച്ചിരുന്നു. വാഹനങ്ങള്‍ അന്തരീക്ഷത്തിലേയ്ക്ക് വമിപ്പിക്കുന്ന പുക പരിസ്ഥിതിക്ക് ഗുരുതരമായ പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. കൃത്യമായ പരിശോധന കാലാകാലങ്ങളില്‍ നടത്തി വാഹനത്തിന്‍റെ പുകയുടെ അളവ് നിയന്ത്രിക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ് നിര്‍ദ്ദേശിക്കുന്നു. ഒപ്പം സാമൂഹ്യ മാധ്യമങ്ങളിലെ ഈ പ്രചരണത്തില്‍ വാസ്തവമില്ലെന്നും അറിയിക്കുന്നു.

നിഗമനം

പോസ്റ്റില്‍ നല്‍കിയിരിക്കുന്ന വാര്‍ത്ത തെറ്റാണ്.  അപകടത്തില്‍പ്പെടുന്ന സമയത്ത് പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനത്തിന് ഇന്‍ഷുറന്‍സ് ക്ലെയിം ലഭിക്കില്ല എന്നല്ല, ഐ‌ആര്‍‌ഡി‌എ സര്‍ക്കുലറില്‍ ഉള്ളത്. മറിച്ച് വാഹന ഇന്‍ഷൂറന്‍സ് പുതുക്കി നല്‍കണമെങ്കില്‍ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് വേണം എന്ന നിര്‍ദ്ദേശം ഡെല്‍ഹി-എന്‍‌സി‌ആറില്‍ പ്രാവര്‍ത്തികമാക്കുന്നു എന്ന നിര്‍ദ്ദേശമാണുള്ളത്.

Avatar

Title:വാഹനാപകട സമയത്ത് പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ ഇന്‍ഷുറന്‍സ് പരിരക്ഷയില്ല: പ്രചരണത്തിന്‍റെ സത്യം ഇതാണ്

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •