FACT CHECK: രാഹുല്‍ ഗാന്ധി വിവാഹിതനാണെന്നും രണ്ടു കുട്ടികളുടെ പിതാവാണെന്നുമുള്ള പ്രചാരണത്തിന്‍റെ യാഥാര്‍ത്ഥ്യമറിയൂ…

അന്തര്‍ദേശിയ൦ രാഷ്ട്രീയം

വിവരണം 

രാഹുല്‍ ഗാന്ധി ഈയിടെയായി  സാമൂഹ്യ മാധ്യമ പ്രചരണങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. അദ്ദേഹത്തെ കുറിച്ചുള്ള ചില പ്രചരണങ്ങള്‍ക്ക് മുകളില്‍ ഞങ്ങള്‍ തന്നെ വസ്തുതാ അന്വേഷണം നടത്തിയിരുന്നു.

അവ താഴെയുള്ള ലിങ്കുകളില്‍ നിന്നും വായിക്കാം 

FACT CHECK: ന്യായ് പദ്ധതി കേരളത്തില്‍ മാത്രമായി നടപ്പാക്കാന്‍ ആവില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു എന്നത് വ്യാജ പ്രചരണമാണ്…

FACT CHECK: ‘മുഖ്യമന്ത്രി പിണറായി വിജയന്‍ കേരള ജനതയ്ക്ക് പ്രിയങ്കരന്‍’ എന്ന് രാഹുല്‍ ഗാന്ധി പ്രശംസിച്ചു എന്നത് വ്യാജ പ്രചാരണമാണ്…

ഇപ്പോള്‍ രാഹുല്‍ ഗാന്ധിയെ കുറിച്ച് പ്രചരിക്കുന്ന മറ്റൊരു പോസ്റ്റ് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു. 

രാഹുല്‍ ഗാന്ധി ഒരു യുവതിയോടൊപ്പമുള്ള രണ്ടു ചിത്രങ്ങളും ഒപ്പം “വീക്കിലീക്സിൻ്റ് വെളിപ്പെടുത്തൽ..!

രാഹുൽ ഗണ്ഡി വിവാഹിതൻ എന്നും വധു ചിത്രത്തിൽ കാണുന്ന കൊളംബിയക്കാരി എന്നും ഇവർക്ക് 14 വയസ്സുള്ള മകൻ നിയാക്ക്, 10 വയസ്സുള്ള മകൾ മൈനക്ക് എന്നിങ്ങനെ രണ്ടു കുട്ടികൾ ഉണ്ടെന്നും വെളുപ്പെടുത്തൽ..!!!

രാഹുൽ ബാച്ചിലറായ യുവാവ് എന്നു പറഞ്ഞ് കോൺഗ്രസ് ഇന്ത്യക്കാരെ കബളിപ്പിക്കുകയാണന്നും വെളിപ്പെടുത്തൽ..!” എന്ന വാചകങ്ങളുമാണ് പോസ്റ്റില്‍ നല്‍കിയിട്ടുള്ളത്. 

അതായത് രാഹുല്‍ ഗാന്ധി വിവാഹിതന്‍ ആണെന്നും ചിത്രത്തിലുള്ളത് കൊളംബിയക്കാരി വധുവാണെന്നും ഇവര്‍ക്ക് രണ്ടു മക്കളുണ്ട് എന്നുമാണ് പോസ്റ്റിലെ വാദം. 

archived linkFB post

എന്നാല്‍ ഇത് വെറും വ്യാജ പ്രചരണമാണെന്ന് ഫാക്റ്റ് ക്രെസണ്ടോ കണ്ടെത്തി. പ്രചാരണത്തിന് പിന്നിലെ യാഥാര്‍ത്ഥ്യം എന്താണെന്ന് നമുക്ക് അന്വേഷിക്കാം

വസ്തുതാ വിശകലനം 

ഞങ്ങള്‍ പോസ്റ്റിലെ ചിത്രങ്ങളുടെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കി. പോസ്റ്റിലെ പ്രചരണം തെറ്റാണെന്ന് തെളിയിക്കുന്ന വിവരങ്ങള്‍ ലഭ്യമായി. 

ഒന്നാമത്തെ ചിത്രം 

ആദ്യത്തെ ചിത്രത്തില്‍ രാഹുല്‍ ഗാന്ധിയുടെ ഒപ്പമുള്ള യുവതി സ്പാനിഷ്-ഓസ്‌ട്രേലിയൻ നടിയായ നതാലിയ രമോസ് ആണ്. നതാലിയ നോറ റാമോസ് കോഹൻ എന്നാണ് മുഴുവന്‍ പേര്. നതാലിയയ്ക്ക് യുഎസ് പൗരത്വമുണ്ട്. ആജ് തക്  എന്ന മാധ്യമം 2017 സെപ്റ്റംബര്‍ 17 ന് പ്രസിദ്ധീകരിച്ച ഒരു വാര്‍ത്തയില്‍ ഇതേ ചിത്രം നല്‍കിയിട്ടുണ്ട്. 

കോണ്‍ഗ്രസ്സ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കണ്ടു മുട്ടിയതില്‍ സന്തോഷമുണ്ടെന്ന വിവരണത്തോടെ ഇതേ ചിത്രവും മറ്റു ചില ചിത്രങ്ങളും നതാലിയ രമോസ് തന്‍റെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍   അക്കൌണ്ടുകളില്‍ നല്‍കിയിരുന്നു. ഇക്കാര്യമാണ് ആജ് തക് വാര്‍ത്തയുടെ ആധാരം. 

nathalia | archived link

രാഹുല്‍ ഗാന്ധി വിവാഹിതനാണെന്ന് വിക്കിലീക്സ് പറഞ്ഞതായി ചില പ്രചാരണങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ എല്ലാ ഭാഷകളിലും നടക്കുന്നുണ്ടെങ്കിലും വിക്കിലീക്സിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍  ഇങ്ങനെയൊരു വാര്‍ത്ത നല്‍കിയിട്ടില്ല. രാഹുല്‍ ഗാന്ധിയുമായി ബന്ധപ്പെട്ട 8000 ലധികം വാര്‍ത്തകള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. 

ഇനി രണ്ടാമത്തെ ചിത്രം 

ഈ ചിത്രം മഹിള കോണ്‍ഗ്രസ്സ് നേതാവായിരുന്ന ബര്‍ഖ ശുക്ല പുറത്തു വിട്ടതാണ് എന്ന വിവരണത്തോടെ മാധ്യമ പ്രവര്‍ത്തകനായ രാഹുല്‍ കന്വാല്‍ 2017 ഏപ്രില്‍ 22 ന് തന്‍റെ ഫേസ്ബുക്ക് പേജില്‍ പങ്കു വച്ചിരുന്നു. 

Rahul Kanwal | archived link

രാഹുല്‍ ഗാന്ധി പാര്‍ട്ടിയെ നയിക്കാന്‍ കഴിവില്ലാത്തയാളാണ് എന്ന് ബര്‍ഖ ശുക്ല പരസ്യ പ്രസ്താവന നടത്തിയിരുന്നു. തുടര്‍ന്ന് അവര്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താവുകയും ചെയ്തു.  എബിപി ന്യൂസ് പ്രസിദ്ധീകരിച്ച ഒരു വീഡിയോയില്‍ ബര്‍ഖ ശുക്ല രാഹുല്‍ ഗാന്ധിയുടെ ഇതേ ചിത്രം ഉയര്‍ത്തി കാട്ടി വിശദീകരണം നടത്തുന്നുണ്ട്

രണ്ടാമത്തെ ചിത്രത്തിലെ യുവതി രാഹുല്‍ ഗാന്ധിയുടെ പെണ്‍ സുഹൃത്ത് അല്ലെന്നും എബിപി ലൈവ് ഇറ്റലിയിലെ കുടുംബ സുഹൃത്ത് ആണെന്നും മനസ്സിലാക്കിയതായി അറിയിക്കുന്നു. മറ്റു കുടുംബ സുഹൃത്തുക്കള്‍ക്കൊപ്പം ഭക്ഷണശാലയില്‍ ഭക്ഷണം കഴിക്കുന്ന ചിത്രമാണുള്ളത്

രാഹുല്‍ ഗാന്ധിയെ കുറിച്ച് പോസ്റ്റില്‍ നല്‍കിയ വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ആദ്യത്തെ ചിത്രത്തെ കുറിച്ച് ഞങ്ങളുടെ ഹിന്ദി ടീം വസ്തുത അന്വേഷണം നടത്തിയിരുന്നു. 

ലിങ്ക്: क्या राहुल गांधी शादीशुदा है और उनकी फॅमिली लन्दन में रहती है ? 

നിഗമനം

പോസ്റ്റിലെ വാര്‍ത്ത പൂര്‍ണ്ണമായും തെറ്റാണ്. രാഹുല്‍ ഗാന്ധി വിവാഹിതനാണെന്ന് വിക്കി ലീക്സ് വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടില്ല. ചിത്രങ്ങളില്‍ രാഹുലിന്‍റെ കൂടെയുള്ള യുവതികളില്‍ ആദ്യത്തെയാള്‍ സ്പാനിഷ് നടിയായ നതാലിയ ആണ്. രണ്ടാമത്തെ ചിത്രത്തില്‍ കാണുന്നത് ഇറ്റലിയിലെ കുടുംബ സുഹൃത്താണ്.

Avatar

Title:രാഹുല്‍ ഗാന്ധി വിവാഹിതനാണെന്നും രണ്ടു കുട്ടികളുടെ പിതാവാണെന്നുമുള്ള പ്രചാരണത്തിന്‍റെ യാഥാര്‍ത്ഥ്യമറിയൂ…

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •