മദ്രസകളിലെ അധ്യാപകര്‍ക്ക് ശമ്പളം നല്‍കുന്നത് സര്‍ക്കാരല്ല, ക്ഷേമനിധി ബോര്‍ഡാണ്…

രാഷ്ട്രീയം

വിവരണം

കേരളത്തിലെ മദ്രസ അധ്യാപകരുടെ നിയമനവും വേതനവുമായി ബന്ധപ്പെട്ട് ഒരു പോസ്റ്റ് സാമൂഹ്യ മാധ്യമങ്ങളില്‍  പ്രചരിക്കുന്നത് നിങ്ങളുടെ ശ്രദ്ധയില്‍ പെട്ടു കാണും. അത് ഇങ്ങനെയാണ്: 

എല്ലാവരുടേയും വിചിന്തനത്തിന്

ഈ അടുത്ത ദിവസങ്ങളിലായി കേരളത്തിലെ മദ്രസകളുടെ എണ്ണം സംബന്ധിച്ച് സോഷ്യൽ മീഡിയകളിൽ ചർച്ചകൾ നടക്കുന്നുണ്ട്.

ഈ കണക്കുകൾ ഞെട്ടിപ്പിക്കുന്നത്.

1- കേരളത്തിലെ ആകെ ജനസംഖ്യ: 35699443.

2 – കേരളത്തിലെ മുസ്ലീം ജനസംഖ്യ: 8873472. (26%)

3 – കേരളത്തിലെ മദ്രസകളുടെ എണ്ണം: 21683.

4- കേരളത്തിലെ മദ്രസ അദ്ധ്യാപകരുടെ എണ്ണം: 204683.

5- കേരളത്തിലെ പഞ്ചായത്തുകളുടെ എണ്ണം: 941.

6- ശരാശരി ഒരു പഞ്ചായത്തിലെ മദ്രസകളുടെ എണ്ണം (21683/941) = 23 മദ്രസകൾ. NB : വാർഡ് ഒന്നിന് ഒന്നിൽ കൂടുതൽ മദ്രസകൾ.

7- ഒരു മദ്രസ അദ്ധ്യാപകന്റെ ശമ്പളം = 25000/- പ്രതിമാസം (മണിക്കൂറിന് 300 രൂപ നിരക്കിൽ ശമ്പളം പറ്റുന്നവർ പുറമേ ).

8- ഒരു മാസം മദ്രസ അദ്ധ്യാപകർക്കായി ഖജനാവിൽ നിന്നും കൊടുക്കുന്ന ശമ്പളം:( 204683x 25000 ) = 5117075000.

9- ഒരു മാസം മദ്രസ അദ്ധ്യാപകർക്ക് കൊടുക്കുന്ന പെൻഷൻ (പിണറായി ഗവൺമെന്റ് നടപ്പിലാക്കിയത് ): 6000 x 200000 = 1200000000.

10- ആകെ ഒരു മാസം മദ്രസ ശമ്പളവും, പെൻഷനും കൂടി ഖജനാവിൽ നിന്നും നൽകുന്ന പണം:( 5117075000 + 1200000000) = 6317075000/-

11- ഒരു വർഷം കേരളത്തിൽ മദ്രസ ശമ്പളവും പെൻഷനും കൂടി ചിലവഴിയ്ക്കുന്ന പണം (6317075000 x 12 ) = 75804900000 (ഏഴായിരത്തി അഞ്ഞൂറ്റി എൺപത് കോടി നാൽപത്തി ഒൻപത് ലക്ഷം രൂപ) NB : ഈ സംഖ്യ പരിശോധിയ്ക്കുന്നവർ കാൽക്കുലേറ്റർ ഉപയോഗിച്ചിട്ട് കാര്യമില്ല. സംഖ്യയുടെ വലിപ്പം കൊണ്ട്, എറർ കാണിയ്ക്കും.

വിവരങ്ങൾക്ക് കടപ്പാട്: ബഹു: ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി – കെ.ടി ജലീൽ നിയമസഭയിൽ അവതരിപ്പിച്ച വിവരങ്ങൾ.

ഇനി ഒരു ചോദ്യം, നിങ്ങൾക്കില്ലാത്ത എന്ത് പ്രത്യേകതയാണ് ഈ സമുദായത്തിന് ഉള്ളത്?

ഹിന്ദുവിന്റെയും, കൃസ്ത്യാനിയുടേയും, മുസ്ലീമിന്റയും ഒക്കെ നികുതി പണമാണ് ഈ രീതിയിൽ ദുരുപയോഗിയ്ക്കപ്പെടുന്നത്. ഇനിയും ഈ അനീതി അനുവദിയ്ക്കണമോ?

archived linkFB Post

ഈ പോസ്റ്റിന് വന്‍ പ്രചാരം ലഭിക്കുന്നുണ്ട്. എന്നാല്‍ ഈ പോസ്റ്റില്‍ നല്കിയിരിക്കുന്നതുപോലെ മദ്രസ അധ്യാപര്‍ക്ക് ശമ്പളം നല്‍കുന്നത് സര്‍ക്കാര്‍ ഖജനാവില്‍ നിന്നുമല്ല, ഇത്തരത്തില്‍ മദ്രസ അധ്യാപര്‍ക്ക് സര്‍ക്കാര്‍ ഖജനാവില്‍ നിന്നും നല്‍കുന്ന ശമ്പളത്തിന്റെ കണക്ക്  മന്ത്രി കെ ടി ജലീല്‍ നിയമസഭയില്‍ അവതരിപ്പിചിട്ടുമില്ല. 

വസ്തുതാ വിശകലനം

ഞങ്ങള്‍ ഈ വാര്‍ത്തയെ പറ്റി കൂടുതല്‍ അന്വേഷിച്ചപ്പോള്‍ സര്‍ക്കാര്‍ മദ്രസ അധ്യാപകര്‍ക്കായി രൂപീകരിച്ച ക്ഷേമനിധിയുടെ വിശദാംശങ്ങള്‍  ലഭിച്ചു. അതില്‍ വ്യക്തമായി എഴുതിയിട്ടുണ്ട്, മദ്രസ അധ്യാപകര്‍ക്ക് ശമ്പളം നല്‍കുന്നത് എങ്ങിനെയാണെന്ന്. ചുവന്ന വരയുള്ള വരികള്‍ ശ്രദ്ധിക്കുക: 

വിജ്ഞാപനം മുഴുവന്‍ വായിച്ചാല്‍ വസ്തുതകള്‍ വ്യക്തമാകുന്നതാണ്. 

മന്ത്രി കെ ടി ജലീല്‍ മദ്രസ അധ്യാപകരുടെ പ്രശ്നങ്ങളെ പറ്റിയും ക്ഷേമനിധി ബോര്‍ഡിനെ പറ്റിയും  കഴിഞ്ഞ വര്‍ഷം നിയമസഭയില്‍ അവതരിപ്പിച്ച കാര്യങ്ങള്‍ താഴെയുള്ള വീഡിയോയില്‍ കാണാം.

ഇതേപ്പറ്റി കൂടുതലറിയാന്‍ ഞങ്ങള്‍ മന്ത്രി കെ ടി ജലീലിന്റെ ഓഫീസുമായി ബന്ധപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്‍റെ പെഴ്സണല്‍ സ്റ്റാഫ് അംഗം ഷറഫുദ്ദീന്‍ ഞങ്ങളുടെ പ്രതിനിധിക്ക് നല്‍കിയ വിശദീകരണം ഇങ്ങനെയാണ്: മദ്രസ അധ്യാപര്‍ക്ക് സര്‍ക്കാര്‍ ശമ്പളം നല്‍കുന്നില്ല. മദ്രസ അധ്യാപകര്‍ക്ക് സര്‍ക്കാര്‍ ഒരു ക്ഷേമനിധി രൂപീകരിച്ചു നല്‍കിയിട്ടുണ്ട്. ശമ്പളയിനത്തില്‍ സര്‍ക്കാര്‍ ധന സഹായം നല്‍കുന്നില്ല.  ഇതില്‍ മദ്രസ മാനേജ്മെന്റും  മദ്രസയിലെ അധ്യാപരും അംഗങ്ങളാണ്. ഇരു കൂട്ടരും  ഇതില്‍ പണം നിക്ഷേപിക്കേണ്ടതുണ്ട്. ഈ പണം സൂക്ഷിക്കുന്നത് സര്‍ക്കാര്‍ ട്രഷറിയിലാണ്. ഇതിന്‍റെ പലിശ പോലും ക്ഷേമനിധി യഥാര്‍ഥത്തില്‍ വാങ്ങുന്നില്ല. ഈ ക്ഷേമനിധി രൂപീകരിച്ചു നല്‍കിയപ്പോള്‍ കോര്‍പ്പസ് ധനം സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ഇതല്ലാതെ യാതൊരു ഫണ്ടും സര്‍ക്കാരിന്റെതില്ല. മദ്രസകളിലെ അധ്യാപകര്‍ക്ക്  ഏകീകൃത ശമ്പളമല്ല ലഭിക്കുന്നത്. ഓരോ മഹല്ലുകളുടെയും വരുമാനസ്ഥിതിക്കനുസരിച്ചാണ് ശമ്പളം ലഭിക്കുക.  ഇപ്പോള്‍ പരമാവധി ശമ്പളം 6000 രൂപയാണ്. 

അതുപോലെ മദ്രസ അധ്യാപകര്‍ക്ക് നല്‍കുന്ന പെന്‍ഷനെ പറ്റി പോസ്റ്റില്‍ നല്‍കിയിരിക്കുന്ന കണക്കും വസ്തുതാ വിരുദ്ധമാണ്. സര്‍ക്കാര്‍ ക്ഷേമ പെന്‍ഷനുകള്‍ വാങ്ങുന്നവര്‍ക്ക് നിലവില്‍ ഇതിന് അര്‍ഹതയില്ല. ക്ഷേമനിധിയില്‍ അംഗങ്ങളായി ഉള്ളവര്‍  തന്നെ ഇതുവരെ ഒരു ലക്ഷം പോലും ആയിട്ടില്ല. പിന്നെങ്ങനെയാണ് രണ്ടുലക്ഷം പേര്‍ക്ക് പെന്‍ഷന്‍ നല്‍കി എന്ന് പറയാന്‍ കഴിയുക. അഞ്ഞൂറില്‍ താഴെ പേരാണ് ഇതുവരെ പെന്‍ഷന്‍ വാങ്ങാനുള്ളത്. ഇത് വെറും വ്യാജ പ്രചരണം മാത്രമാണ്

കൂടുതല്‍ വിവരങ്ങള്‍ സംസ്ഥാന ന്യൂനപക്ഷ ക്ഷേമനിധി വെബ്സൈറ്റില്‍  ലഭ്യമാണ്. 

പോസ്റ്റിലെ വാര്‍ത്ത വസ്തുതാപരമായി തെറ്റാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. 

നിഗമനം 

ഈ പോസ്റ്റിലെ വാര്‍ത്ത വസ്തുതാപരമായി തെറ്റാണ്. മദ്രസ അധ്യാപകര്‍ക്ക് ശമ്പളം നല്‍കുന്നത് സര്‍ക്കാര്‍ ഖജനാവില്‍ നിന്നുമല്ല. ഇവരുടെ പെന്‍ഷന്‍ സംബന്ധിച്ച് പോസ്റ്റില്‍ നല്‍കിയിട്ടുള്ളതും തെറ്റായ വാര്‍ത്തയാണ്.

Avatar

Title:മദ്രസകളിലെ അധ്യാപകര്‍ക്ക് ശമ്പളം നല്‍കുന്നത് സര്‍ക്കാരല്ല, ക്ഷേമനിധി ബോര്‍ഡാണ്…

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •