
സങ്കുചിതമായ നയങ്ങളും ഭീകര ശിക്ഷാവിധികളും താലിബാനെ മുഖമുദ്രയാണ്. അഫ്ഗാനിസ്ഥാനിൽ കഴിഞ്ഞ ഓഗസ്റ്റ് മാസം താലിബാൻ ഭരണം ഏറ്റെടുത്തതോടെ ലോകരാഷ്ട്രങ്ങൾ ആശങ്കയോടെയാണ് ഭരണത്തെ വീക്ഷിക്കുന്നത്. സ്ത്രീ സ്വാതന്ത്ര്യത്തിന് യാതൊരു പ്രാധാന്യവും കൊടുക്കാത്ത സംഘടനയാണ് താലിബാൻ. താലിബാനുമായി ബന്ധപ്പെട്ട് ഇപ്പോൾ ഒരു വാർത്ത സാമൂഹ്യമാധ്യമങ്ങളും പ്രചരിക്കുന്നുണ്ട്.
പ്രചരണം
അഫ്ഗാനിസ്ഥാനിലെ ദേശീയ വനിതാ വോളിബോൾ ടീം അംഗം മഹ്ജാബിന്‍ ഹാകിമിയെ താലിബാൻ കഴുത്തറുത്ത് കൊന്നു എന്നാണ് വാർത്ത. ചിത്രത്തോടൊപ്പം നൽകിയിരിക്കുന്ന പ്രചരണം ഇങ്ങനെയാണ്: “ഇത് മെഹ്‌ജുബിൻ ഹാകിമി.
അഫ്ഘാൻ നാഷണൽ വിമൻസ് വോളി ടീമിലെ മിടുക്കിയായ കളിക്കാരി.
ഇങ്ങനെ ചിരിച്ചു നിൽക്കുന്ന ഹാകിമിയുടെ വേർപ്പെടുത്തിയ ശിരസ്സിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വന്ന് തുടങ്ങിയതിന് ശേഷമാണ് ഇന്നലെ അവരുടെ കോച്ച് കാര്യം വെളിപ്പെടുത്തുന്നത്.
രണ്ടാഴ്ച മുൻപ് താലിബൻ ഹാകിമിയെ തലയറുത്ത് കൊന്ന കാര്യം😥😥😥
ഓർക്കുക താലിബാൻ വിസ്മയമാകുന്നത് താലിബാനികൾക്ക് മാത്രമാണ്”

താലിബാൻ ഇതുവരെയുള്ള ചരിത്രമെടുത്താൽ ഇത് ഒരു അവിശ്വസനീയ കാര്യമല്ല എങ്കിലും ഹാകിമിയെ കൊലചെയ്തത് താലിബാൻ അല്ല എന്നാണ് ഞങ്ങളുടെ അന്വേഷണത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞത്.
വസ്തുത ഇങ്ങനെ
ഞങ്ങൾ വിവിധ കീവേഡുകൾ ഉപയോഗിച്ച് ആദ്യം ഗൂഗിളില്‍ തിരഞ്ഞു. ലഭിച്ച മാധ്യമ വാര്‍ത്തകളും ചില സാമൂഹ്യ മാധ്യമ പ്രചാരണങ്ങളും കൊലയ്ക്ക് പിന്നില്‍ താലിബാന്‍ തന്നെയാണെന്ന് ശരിവയ്ക്കുന്നു. അതിനാല്‍ ഞങ്ങള്‍ ഇതിനെക്കുറിച്ചുള്ള സത്യാവസ്ഥ അറിയാൻ അഫ്ഗാൻ ടീമിനോട് അന്വേഷിച്ചു. അഫ്ഗാൻ സർക്കാർ വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ ആരോപണങ്ങൾ നിഷേധിച്ചതായി അവര്‍ അറിയിച്ചു.”സമാനമായ അടിസ്ഥാനരഹിതമായ ആരോപണങ്ങൾക്കെതിരെ അഫ്ഗാനിസ്ഥാന്‍റെ രഹസ്യാന്വേഷണ വിഭാഗം ഒന്നിലധികം തവണ വിശദീകരിച്ചിട്ടുണ്ട്.
ഞങ്ങളുടെ അഫ്ഗാന്‍ പ്രതിനിധി കൊല്ലപ്പെട്ട ഹാകിമിയുടെ കുടുംബാംഗ വുമായി സംസാരിച്ചിരുന്നു. അദ്ദേഹത്തിന്‍റെ വാക്കുകള്‍ പ്രകാരം അഫ്ഗാൻ വനിതാ ദേശീയ വോളിബോൾ ടീമിലെ അംഗമായ മഹ്ജുബിൻ ഹക്കിമി, താലിബാൻ കാബൂളിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് തന്നെ കൊല്ലപ്പെട്ടിരുന്നു. കൊലപാതകത്തിൽ താലിബാന് പങ്കില്ലെന്നും കുടുംബത്തെ താലിബാൻ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഹക്കിമിയുടെ കുടുംബത്തിന് കൊലയാളിയെ അറിയാമെങ്കിലും അത് വെളിപ്പെടുത്താൻ താല്‍പര്യപ്പെടുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
അഫ്‌ഗാനിലെ ഞങ്ങളുടെ പ്രതിനിധി പിന്നീട് കൊല്ലപ്പെട്ട മെഹ്മജാബിന്‍റെ പിതാവ് സർവാർ ഹാകിമിയുമായി സംസാരിച്ചു. പിതാവിന്റെ വാക്കുകൾ ഇങ്ങനെ: “മെഹ്ജബീനെ കൊന്നത് താലിബാൻ അല്ല. ഹിജ്‌റി കാബൂളിലാണ് സംഭവം നടന്നത്. ചില സോഷ്യൽ മീഡിയ പോസ്റ്റുകൾ അവകാശപ്പെടുന്നത് പോലെ മഹ്ജബീൻ ആത്മഹത്യ ചെയ്തിട്ടില്ല. അവളുടെ ഭർത്താവിന്‍റെ കുടുംബം മഹ്ജബീനെ കൊലപ്പെടുത്തിയാണ്. സംഭവത്തിന് ദിവസങ്ങൾക്ക് മുമ്പ് അവൾ വളരെ സന്തോഷവതിയായിരുന്നു, കാരണം അവൾക്ക് യുഎസിൽ നിന്ന് സ്കോളർഷിപ്പ് ലഭിച്ചിരുന്നു, പക്ഷേ അവളുടെ ഭർത്താവ് അവൾ പോകുന്നതിന് എതിരായിരുന്നു.
ഈ വിഷയത്തിൽ താലിബാൻ ഞങ്ങളെ ഭീഷണിപ്പെടുത്തിയിട്ടില്ല, എന്നാൽ മഹ്ജബീൻ അഫ്ഗാനിസ്ഥാനിലെ സുരക്ഷാ സേനയുമായി ചേർന്ന് പ്രവർത്തിച്ചിട്ടുണ്ട്. ഇതുമൂലം താലിബാനിൽ നിന്ന് ഭീഷണി ഉണ്ടാകുമെന്ന് ആശങ്കയുണ്ടായിരുന്നു”
അഫ്ഗാൻ വനിതാ വോളിബോള്‍ കളിക്കാരി മഹ്ജാബിൻ കൊല്ലപ്പെട്ടതിൽ താലിബാന് പങ്കില്ലെന്ന് താലിബാന്‍റെ പൊളിറ്റിക്കൽ ബ്യൂറോയുടെ വക്താവ് മുഹമ്മദ് നയിം ട്വീറ്റ് ചെയ്തു. വാർത്ത കളവാണെന്നും മുൻ സർക്കാരിന്‍റെ കാലത്താണ് സംഭവം നടന്നതെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമ പ്രവര്‍ത്തകയായ ദീപ കെ. പേരന്‍റ് പോസ്റ്റ് ചെയ്ത ട്വീറ്റ് പ്രകാരം അവര്‍ മകളുടെ മരണത്തെക്കുറിച്ച് ഹക്കിമിയുടെ കുടുംബത്തോട് സംസാരിച്ചതായി അറിയിക്കുന്നു. ഹക്കിമിയുടെ കുടുംബവുമായി നടത്തിയ സംഭാഷണത്തിൽ നിന്ന് മഹ്ജാബിൻ ഹക്കിമിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച വാർത്ത തെറ്റിദ്ധരിപ്പിക്കുന്നതാണ്. ബാനു ഹക്കിമിയുടെ മരണവുമായി ബന്ധപ്പെട്ട ട്വീറ്റുകൾ ഹക്കിമിയുടെ കുടുംബം ഡിലീറ്റ് ചെയ്തതായും ട്വീറ്റില്‍ പറയുന്നു.
അഫ്ഗാനിലെ പ്രാദേശിക ദിനപത്രത്തിന്‍റെ ഉടമയും മാനേജിംഗ് ഡയറക്ടറുമായ സാക്കി ദരിയാബിയും തന്‍റെ ട്വിറ്റർ പേജിൽ മഹ്‌ജബിൻ ഹക്കിമിയുടെ കൊലപാതകത്തോട് പ്രതികരിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. കൊലപാതകത്തിന്‍റെ ഉത്തരാവാദിത്തം താലിബാന് മുകളില്‍ ആരോപിക്കുന്ന തരത്തിലുള്ള വാർത്ത തെറ്റാണെന്ന് ട്വീറ്റില്‍ അദ്ദേഹം പറയുന്നു. കാബൂളിന്‍റെ പതനത്തിന് 10 ദിവസം മുമ്പ് മിസ് ഹക്കിമി ആത്മഹത്യ ചെയ്തുവെന്ന് ദരിയാബി പറയുന്നു. സമൂഹത്തില്‍ മാനസികവും സുരക്ഷാപരവുമായ പ്രത്യാഘാതങ്ങൾ കുറയ്ക്കുകയാണ് തന്റെ ട്വീറ്റിന്റെ ലക്ഷ്യമെന്ന് സാക്കി ദരിയാബി പറഞ്ഞു.
അഫ്ഗാനിസ്ഥാനിലെ വാര്‍ത്താ ചാനലായ ടോലോ ന്യൂസിന്‍റെ തലവന്‍ മിർആഘാ പോപലും ഈ വാർത്ത തെറ്റാണെന്ന് ഒരു ട്വീറ്റിലൂടെ അറിയിച്ചിട്ടുണ്ട്. ന്യൂസ് യൂണിറ്റിൽ പോപ്പൽ ജോലി ചെയ്യുന്നതിനിടെ കാബൂൾ പതനത്തിന് 10 ദിവസം മുമ്പ് മഹ്‌ജാബിൻ ഹക്കിമി ആത്മഹത്യ ചെയ്തിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
അഫ്ഗാൻ ദേശീയ വനിതാ വോളിബോൾ ടീം അംഗം മഹ്‌ജുബിൻ ഹക്കിമിയുടെ കൊലപാതകത്തിൽ താലിബാന് പങ്കില്ലെന്ന് റിപ്പോർട്ട് പ്രസിദ്ധീകരിച്ചതിന് പിന്നാലെ നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കളും അഫ്ഗാനിസ്ഥാനില്‍ വാര്‍ത്ത പങ്കുവച്ചിട്ടുണ്ട്.

ഹക്കിമിയുടെ ശവസംസ്‌കാരം നടന്നത് കാബൂളിന്‍റെ പതനത്തിന് മുമ്പാണ് എന്ന് പലരും അറിയിക്കുന്നു. ഹക്കിമിയുടെ അനുശോചന ചടങ്ങിന്‍റെ തീയതി 13 ഓഗസ്റ്റ് 2021 ആണെന്നും, അതേസമയം താലിബാൻ കാബൂൾ പിടിച്ചടക്കിയത് 2021 ഓഗസ്റ്റ് 15 ന് ആണെന്നും കാണിക്കുന്നു.
ഞങ്ങളുടെ അഫ്ഗാന്‍ ടീം നടത്തിയ ഫാക്റ്റ് ചെക്ക് വായിക്കാന്‍:
ماهجبین حکیمی چندین روز قبل از سقوط کابل کشته شده است
നിഗമനം
പോസ്റ്റിലെ പ്രചരണം തെറ്റാണ്. അഫ്ഗാൻ ദേശീയ വനിതാ വോളിബോൾ ടീം അംഗം മഹ്‌ജുബിൻ ഹക്കിമിയുടെ കൊലപാതകത്തിന് പിന്നില്‍ താലിബാന്‍ അല്ല. ഇക്കാര്യം താലിബാനും ഹാക്കിമിയുടെ കുടുംബവും വിശദമാക്കിയിട്ടുണ്ട്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
അപ്ഡേറ്റ്:
മെഹ്ജാബിൻ ഹാകിമിയുടെ പിതാവ് മകളുടെ മരണശേഷമുള്ള ചിത്രം ഫാക്ട് ക്രെസൻഡോയ്ക്ക് കൈമാറിയത് താഴെ കൊടുക്കുന്നു…


Title:അഫ്ഗാനിസ്ഥാനിലെ ദേശീയ വനിതാ വോളിബോൾ ടീം അംഗം മഹ്ജാബിന്‍ ഹാകിമിയെ കൊന്നത് താലിബാനല്ല… സത്യമറിയൂ…
Fact Check By: Vasuki SResult: False
