‘ചേർത്തലയിൽ ആർഎസ്എസ് പ്രവർത്തകർ വൃദ്ധനെ ക്രൂരമായി ചവിട്ടിക്കൊന്നു’ എന്ന വാര്‍ത്തയുടെ യാഥാര്‍ഥ്യമറിയൂ…

സാമൂഹികം

വിവരണം

ഇന്നലെ അതായത് ജൂൺ ഇരുപത്തിരണ്ടാം തീയതി ചേർത്തല അർത്തുങ്കൽ നടന്ന സംഘർഷത്തിനിടയിൽ ഒരാൾ കൊല്ലപ്പെട്ട വാർത്ത സാമൂഹ്യ മാധ്യമങ്ങളിലും വാര്‍ത്താ മാധ്യമങ്ങളിലും  പ്രചരിക്കുന്നുണ്ട്. 

ഈ വാർത്ത സത്യമാണോ എന്ന് അന്വേഷിച്ച് ഞങ്ങൾക്ക് വായനക്കാരിൽ ചിലർ സന്ദേശം അയച്ചിരുന്നു. 

ഈ വാർത്ത ഫെയ്സ്ബുക്കിലും കൂടാതെ ചില ഓൺലൈൻ മാധ്യമങ്ങളിലും പ്രചരിക്കുന്നതായി ഞങ്ങൾ അന്വേഷിച്ചപ്പോൾ കണ്ടെത്തി. ഫേസ്ബുക്കിൽ പ്രചരിക്കുന്ന ഒരു വാർത്ത താഴെ നൽകുന്നു. 

archived linkFB post

ചേർത്തലയിൽ ആർഎസ്എസ് പ്രവർത്തകർ വൃദ്ധനെ ക്രൂരമായി ചവിട്ടിക്കൊന്നു രണ്ടുപേർ അറസ്റ്റിൽ ആർഎസ്എസ് നാടിന് ആപത്ത്

എന്നാണ് പോസ്റ്റിലൂടെ പ്രചരിപ്പിക്കുന്ന വാർത്ത. എന്നാൽ ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ സംഭവത്തിന് പിന്നിൽ ആർഎസ്എസിന് യാതൊരു ബന്ധവും ഇല്ല എന്നാണ് മനസ്സിലാക്കാന്‍ സാധിച്ചത്.  ഞങ്ങളുടെ അന്വേഷണവും അന്വേഷണത്തിന് വിശദാംശങ്ങളും താഴെ കൊടുക്കുന്നു.  

വസ്തുത വിശകലനം 

ഞങ്ങൾ ഈ വാർത്തയെക്കുറിച്ച് അന്വേഷിക്കാൻ ആദ്യം അർത്തുങ്കൽ പോലീസ് സ്റ്റേഷനിൽ വിളിച്ചിരുന്നു. അവിടെ നിന്നും ഞങ്ങൾക്ക് ലഭിച്ച വിശദീകരണം ഇങ്ങനെയാണ് “ഏതാനും നാളായി തുടർന്ന് പോരുന്ന വഴി തർക്കമാണ് സംഘട്ടനത്തിൽ കലാശിച്ചത്. കൊല്ലപ്പെട്ട വയോധികന്‍റെ പുരയിടത്തിലൂടെ അറസ്റ്റിലായ സുന്ദരേശ്വര റാവു, ശ്രീധര റാവു എന്നിവർ ബൈക്കിൽ പോകുമ്പോൾ വയോധികൻ ഇവരെ തടയുകയും ഇത് സംഘർഷത്തിൽ എത്തുകയുമായിരുന്നു. മണിയനെ ഇവർ ശാരീരിക ഉപദ്രവം ഏല്‍പ്പിച്ചതായി പറയപ്പെടുന്നു. കൊല്ലാന്‍ വേണ്ടി മനപൂര്‍വം ചെയ്തതല്ല എന്നാണ് പ്രാഥമിക നിഗമനം. മണിയനെ കുറ്റക്കാര്‍  പിടിച്ചു തള്ളിയപ്പോള്‍ അദ്ദേഹം താഴെവീണു. അങ്ങനെ ആന്തരികമായി ക്ഷതമുണ്ടായിരിക്കാം എന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. ഇവര്‍ തമ്മിലുള്ള സംഘര്‍ഷത്തിന് കാരണം അതിര്‍ത്തി തര്‍ക്കമാണ്. പാര്‍ട്ടി  സംബന്ധമായ യാതൊരു പ്രശ്നങ്ങളും ഈ തര്‍ക്കത്തിലില്ല.  കുഴഞ്ഞുവീണ മണിയനെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന വഴിയാണ് മരണം സംഭവിച്ചത്. പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ട് കിട്ടി കഴിഞ്ഞാൽ മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളൂ

ഈ സംഭവത്തിന് ആർഎസ്എസ് എന്നല്ല ഒരു സംഘടനയുമായും യാതൊരു ബന്ധവുമില്ല. സ്റ്റേഷനിലെ സിഐ എ. അല്‍ജബര്‍ ആണ് ഇക്കാര്യം അറിയിച്ചത്. കൂടാതെ ആലപ്പുഴയിലെ ആർഎസ്എസ് നേതൃത്വവുമായി ഞങ്ങൾ ബന്ധപ്പെട്ടിരുന്നു. കുറ്റാരോപിതര്‍ ആര്‍‌എസ്‌എസ് പ്രവര്‍ത്തകരൊന്നുമല്ല,  ആര്‍‌എസ്‌എസ് അനുഭാവികളാണ് എന്നു മാത്രം. എന്നാല്‍ ഈ വിഷയത്തിന് ആര്‍‌എസ്‌എസുമായി യാതൊരു ബന്ധവുമില്ല. എന്നാണ് ജില്ലയുടെ ചുമതലയുള്ള ജയകൃഷ്ണന്‍ എന്ന പ്രവര്‍ത്തകന്‍ ഞങ്ങള്‍ക്ക് മറുപടി നല്‍കിയത്.

മുഖ്യധാരാ മാധ്യമങ്ങള്‍ ഈ വാര്‍ത്ത പ്രസിദ്ധീരിച്ചിട്ടുണ്ട്. എന്നാല്‍ വയോധികനെ ചവിട്ടിയാണ് കൊന്നതെന്നോ കുറ്റക്കാര്‍ ആര്‍‌എസ്‌എസ് പ്രവര്‍ത്തകരാണെന്നോ പരാമര്‍ശമില്ല. 

archived linkmanoramanews
archived linksamakalikamalayalam

അതിനാൽ ആർഎസ്എസ് പ്രവർത്തകർ വൃദ്ധനെ ക്രൂരമായി ചവിട്ടിക്കൊന്നു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്ത അടിസ്ഥാനരഹിതമാണ്.

നിഗമനം 

പോസ്റ്റില്‍ നൽകിയിരിക്കുന്ന വാർത്ത അടിസ്ഥാനരഹിതമാണ്. കാലങ്ങളായി നിലനിന്ന രണ്ട് കുടുംബങ്ങൾ തമ്മിൽ നിലനിന്ന അതിർത്തി തർക്കത്തെ തുടർന്ന് ഉണ്ടായ സംഘർഷം സംഘട്ടനത്തിൽ ചെലുത്തുകയും മരിച്ച വയോധികനെ പ്രതികൾ എന്ന് ആരോപിക്കപ്പെട്ടവർ ഉപദ്രവിക്കുകയും ചെയ്തിട്ടുണ്ട്. ഇവര്‍ ചവിട്ടി കൊന്നു എന്ന കാര്യത്തിന് സ്ഥിരീകരണമില്ല. ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന വഴിയാണ് മരണം സംഭവിച്ചത്. പോസ്റ്റുമാർട്ടം റിപ്പോർട്ട് വന്നാൽ മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളൂ എന്ന് അന്വേഷണവുമായി ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചിട്ടുണ്ട്. 

Avatar

Title:‘ചേർത്തലയിൽ ആർഎസ്എസ് പ്രവർത്തകർ വൃദ്ധനെ ക്രൂരമായി ചവിട്ടിക്കൊന്നു’ എന്ന വാര്‍ത്തയുടെ യാഥാര്‍ഥ്യമറിയൂ…

Fact Check By: Vasuki S 

Result: Partly False