
പ്രചരണം
കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സിതരാമന്‍ പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥരോടൊപ്പം കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്ന ഒരു ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ ഇന്നലെ മുതല്‍ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്. ഒപ്പം നല്‍കിയിരിക്കുന്ന വിവരണ പ്രകാരം അവര്‍ 44 രാജ്യങ്ങളിലെ ഇന്ത്യന്‍ സൈനിക പ്രതിനിധികളുടെ മീറ്റിംഗ് വിളിച്ചതാണ് എന്ന് അറിയിക്കുന്നു. ഇത്തരത്തില്‍ പ്രചരിക്കുന്ന ഒരു ചിത്രത്തോടോപ്പമുള്ള വാചകങ്ങള്‍ ഇതാണ്: 44 രാജ്യങ്ങളിലെ ഇന്ത്യന്‍ പ്രതിനിധികളുടെ മീറ്റിംഗ് വിളിച്ചതാണ്. അത് നയിക്കുന്നത് ആരാണെന്ന് കണ്ടോ.. അതാണ് നവോത്ഥാനം.. അല്ലാതെ നാട്ടിലും വീട്ടിലും വിലയില്ലാത്ത കുറേ ഊളകളെ പ്രച്ഛന്ന വേഷം കെട്ടിച്ച് മല കയറ്റുന്നതും വനിതാ മതിലും ചുംബന സമരവും അല്ല..

വളരെ പോസിറ്റീവായ ഒരു സന്ദേശമാണ് പോസ്റ്റിലൂടെ പങ്കുവയ്ക്കാന്‍ ശ്രമിക്കുന്നതെങ്കിലും പോസ്റ്റിലെ ചിത്രത്തിന്‍റെതായി നല്‍കിയിരിക്കുന്ന വിവരണം തെറ്റാണെന്ന് ഫാക്റ്റ് ക്രെസണ്ടോ കണ്ടെത്തി. വിശദാംശങ്ങള്‍ പറയാം
വസ്തുത ഇതാണ്
പലരും പോസ്റ്റ് ഷെയര്‍ ചെയ്യുന്നതായി ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു.

ഞങ്ങള്‍ ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ 2017 ലെ പല മാധ്യമങ്ങളും ഇതേപ്പറ്റി വാര്‍ത്ത നല്‍കിയിട്ടുണ്ട് എന്ന് മനസ്സിലായി.

2017 ഒക്ടോബര്‍ 10 ന് ഇതേ ചിത്രത്തോടൊപ്പം നല്‍കിയിട്ടുള്ള വാര്‍ത്ത ഇങ്ങനെ: “ന്യൂഡൽഹി, ഇന്ത്യ – ഒക്ടോബർ 10: 2017 ഒക്ടോബർ 10 ന് ഡല്‍ഹിയിലെ വായു ഭവനിൽ നടന്ന വ്യോമസേനാ കമാൻഡേഴ്‌സ് കോൺഫറൻസിന്റെ ഉദ്ഘാടന സമ്മേളനത്തിൽ പ്രതിരോധ മന്ത്രി നിർമല സീതാരാമൻ വ്യോമസേനാ കമാൻഡർമാരെ അഭിസംബോധന ചെയ്തു. ചീഫ് എയർ മാർഷൻ ബിരേന്ദർ സിംഗ് ധനോവ ഇടതുവശത്ത്.”
ഇതേ വിവരണം തന്നെയാണ് എല്ലാ മാധ്യമങ്ങളും നല്‍കിയിട്ടുള്ളത്. കഴിഞ്ഞ കേന്ദ്ര മന്ത്രിസഭയില്‍ നിര്‍മല സിതാരാമന്‍ പ്രതിരോധ വകുപ്പാണ് ഭരിച്ചിരുന്നത്. അക്കാലത്ത് വ്യോമസേനയുടെ കമാണ്ടര്‍മാരുമായി നടത്തിയ ഒരു യോഗത്തിന്റെ ചിത്രമാണിത്.
യോഗം സംബന്ധിച്ച് എ എന്‍ ഐ ന്യൂസ് നല്‍കിയ ഒരു ട്വീറ്റ് കാണാം:
Defense Minister Nirmala Sitharaman & IAF Chief BS Dhanoa at Air Force Commanders’ Conference being held at Air Force HQ in Delhi. pic.twitter.com/PCnuGNLPkQ
— ANI (@ANI) October 10, 2017
ഇന്ത്യയ്ക്ക് ചില രാജ്യങ്ങളില്‍ സൈനിക താവളങ്ങളുണ്ട്. അവ എയര്‍ ഫോഴ്‌സ് സ്റ്റെഷനുകളും നേവല്‍ ബേസുകളുമാണ്. മറ്റുള്ള രാജ്യങ്ങളില്‍ വിന്യസിപ്പിചിരിക്കുന്ന ഇന്ത്യയുടെ പ്രതിരോധ ഉദ്യോഗസ്ഥരുമായി എന്തെങ്കിലും യോഗം നടന്നതായി ഇതുവരെ വാര്‍ത്തകള്‍ ഒന്നുമില്ല.
കേന്ദ്ര പ്രതിരോധ മന്ത്രിയായിരുന്ന കാലത്ത് 2017 ഒക്ടോബറില്‍ നിര്‍മല സിതാരാമന്‍ ഡല്‍ഹിയില്‍ വച്ച് വ്യോമസേനയുടെ കമാണ്ടര്‍മാരുമായി നടത്തിയ യോഗത്തില്‍ നിന്നുള്ള ചിത്രമാണിത്. ഇതേ വായു ഭവനില്‍ ഇതേ രീതിയില്‍ തന്നെ മറ്റു യോഗങ്ങളിലും മന്ത്രി പങ്കെടുത്തിട്ടുണ്ട്. കാഴചയില്‍ ഇത്തരം ചിത്രങ്ങള്‍ ഒരേ പോലെ തോന്നും.
നിഗമനം
പോസ്റ്റിലെ ചിത്രത്തെ പറ്റി നല്‍കിയിട്ടുള്ള വിവരണം പൂര്‍ണ്ണമായും തെറ്റാണ്. നിര്‍മല സിതാരാമന്‍ കേന്ദ്ര പ്രതിരോധ മന്ത്രിയായിരുന്ന കാലത്ത് 2017 ഒക്ടോബറില്‍ നിര്‍മല സിതാരാമന്‍ ഡല്‍ഹിയില്‍ വച്ച് വ്യോമസേനയുടെ കമാണ്ടര്‍മാരുമായി നടത്തിയ യോഗത്തില്‍ നിന്നുള്ള ചിത്രമാണിത്. അല്ലാതെ മറ്റു രാജ്യങ്ങളില്‍ ഇന്ത്യ വിന്യസിപ്പിചിരിക്കുന്ന സൈനിക പ്രതിനിധികളുമായുള്ള യോഗമല്ല.

Title:44 രാജ്യങ്ങളിലെ ഇന്ത്യന്‍ പ്രതിനിധികളുടെ മീറ്റിംഗ് വിളിച്ച് നിര്‍മല സിതരാമന്‍ എന്ന പ്രചരണത്തിന്‍റെ യാഥാര്‍ത്ഥ്യം…
Fact Check By: Vasuki SResult: False
