ബോധംകെട്ടു വീണ മാധ്യമപ്രവർത്തകന്റെ ഷൂസ് പ്രിയങ്ക ഗാന്ധിയുടെ കയ്യിൽ വെച്ചു കൊടുത്തതാണോ…?

രാഷ്ട്രീയം
ചിത്രം കടപ്പാട്: ദി ഇന്ത്യന്‍ എക്സ്പ്രസ്സ്‌

വിവരണം

രാഹുൽ  ഗാന്ധി വയനാട്ടിൽ  നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ  ഏപ്രിൽ 4ന് കേരളത്തിൽ വന്നപ്പോൾ അത് സംസ്ഥാന -ദേശിയ തലങ്ങളിൽ  വലിയൊരു വാർത്തയായിരുന്നു. ഈ വാർത്ത ദേശിയ മാധ്യമങ്ങളോടൊപ്പം സംസ്ഥാനത്തെ പ്രമുഖ മാധ്യമങ്ങളും  കവർ ചെയ്തിരുന്നു. അതിനൊപ്പം സാമുഹിക മാധ്യമങ്ങളിലും ഈ സംഭവത്തെ ചൊല്ലി ചർച്ചകളുണ്ടായി.

രാഹുൽ ഗാന്ധിയുടെ റോഡ് ഷോ കഴിയാറായപ്പോൾ വാഹനത്തിൽ സ്ഥാപിച്ചിരുന്ന കൈവരി തകർന്ന്  മൂന്ന് മാധ്യമ പ്രവർത്തകർക്ക് പരിക്കേറ്റു. അപ്പോൾ അവരെ സഹായിക്കാൻ രാഹുലും പ്രിയങ്കയും ഓടിച്ചെന്നു. രാഹുൽ  പരിക്കുപറ്റിയ മാധ്യമ പ്രവർത്തകനെ സഹായിക്കുന്ന നേരത്ത് അദ്ദേഹത്തിന്റെ സഹോദരി പ്രിയങ്ക ഗാന്ധി പരിക്കുപറ്റിയ  മാധ്യമ പ്രവർത്തകന്റെ ഷൂസ് കയ്യിലെടുത്തു നില്കുന്നത് നമ്മളെല്ലാവരും കണ്ടതാണ്. ഈ പശ്ചാത്തലത്തിൽ 2019 ഏപ്രിൽ 5ന്, Think Over Kerala എന്ന ഫേസ്ബുക്ക്  പേജ്, “എജ്ജാതി ദുരന്തങ്ങൾ. എവിടെ പോയാലും വീഴാനുള്ള മാധ്യമപ്രവർത്തകരെ കൂടെ കൊണ്ടുപോകുമോ അതോ അവിടുന്ന് സംഘടിപ്പിക്കുമോ. എവിടെ പരിപാടി അവതരിപ്പിച്ചാലും തോൽവി ആണല്ലോ” എന്ന വാചകത്തോടൊപ്പം ഒരു ചിത്രം പ്രസിദ്ധീകരിച്ചു. പ്രസിദ്ധീകരിച്ച ചിത്രത്തിൽ  എഴുതിയിട്ടുള്ള വാചകം ഇപ്രകാരം: “നാടകം ആദ്യ രംഗം!!! പത്രക്കാരൻ ബോധംകെട്ട് വീഴുന്നു, നായകൻ ഓടിയടക്കുന്നു. സംവിധായകൻ നായികയുടെ കയ്യിൽ ബോധംകെട്ടവന്റെ ചെരുപ്പ് തിരുകി കയറ്റുന്നു. വലിയ പ്രാധാന്യത്തോടെ മാമാ മീഡിയകൾ പ്രസിദ്ധീകരിക്കുന്നു.

Archived Link

പ്രസിദ്ധീകരിച്ചിട്ട്  വെറും നാലുമണിക്കൂറിൽ 1500 ലധികം ഷെയറുകൾ ലഭിച്ചു. യഥാര്‍ത്ഥത്തിൽ  പ്രിയങ്ക ഗാന്ധിയുടെ കയ്യിൽ  ഷൂ  വെച്ചതാണോ അതോ പ്രിയങ്ക ഗാന്ധി സ്വയം ഷൂ എടുത്തതാണോ എന്നു  നമുക്ക് പരിശോധിക്കാം.

Archived Link

ഏപ്രിൽ  5ന് Cpim Cyber Poralikal പ്രസിദ്ധികരിച്ച ഈ വീഡിയോയ്‌ക്കൊപ്പം  പ്രചരിപ്പിക്കുന്ന വാചകം ഇപ്രകാരം:

“വയനാട്ടിൽ   കോൺഗ്രസ്സിന്റെ രക്ഷിക്കൽ  നാടകത്തിന്റെ സ്ക്രിപ്റ്റ് പുറത്ത് :

സീൻ 1 : സുരക്ഷാ ഉദ്യോഗസ്ഥനിൽ നിന്ന് ഷൂ പിടിച്ചു വാങ്ങുന്നു

സീൻ 2 : ഷൂ നിലത്തിടുന്നു

സീൻ 3 : നിലത്തിട്ട ഷൂ എടുക്കുന്നു

സീൻ 4 : ഷൂ കയ്യിലെടുത്ത് കാമറകൾക്ക് മുന്നിലേക്ക്

#OruWayanadanDrama #PwoliTricks #DramaQueen”

രണ്ട് മണിക്കൂറിനുള്ളിൽ  ഈ പോസ്റ്റിനു ലഭിച്ചത് 300 ലധികം ഷെയറുകളാണ്. വീഡിയോ ദൃശ്യങ്ങൾ  അത്രയ്ക്ക്  വ്യക്തമല്ല എങ്കിലും  ഒറ്റ നോട്ടത്തിൽ പ്രിയങ്ക ഗാന്ധി കൈകൊണ്ട്  ഒരാളെ തട്ടുന്നതായി  കാണാം. അത് ചുവന്ന വട്ടം ഉപയോഗിച്ച് അടയാളപ്പെടുത്തിയിട്ട്  പ്രിയങ്ക ഗാന്ധി സുരക്ഷ ഉദ്യോഗസ്ഥനോട് ഷൂ പിടിച്ചു  വാങ്ങുന്നു എന്നാണ് പോസ്റ്റിൽ  പറയുന്നത്. എന്നിട്ട്  ഷൂ സ്വയം താഴെയിട്ട ശേഷം വീണ്ടും കയ്യിലെടുത്ത് കാമറയുടെ മുന്നിൽ വന്നു എന്നാണ്‌  പോസ്റ്റിൽ പറയുന്നത്. യഥാർത്ഥത്തിൽ  പ്രിയങ്ക ഗാന്ധിയുടെ കയ്യിൽ  ഷൂ  വെച്ചതാണോ അതോ പ്രിയങ്ക ഗാന്ധി സ്വയം ഷൂ എടുത്തതാണോ എന്നു  നമുക്ക് പരിശോധിക്കാം.

വസ്തുത വിശകലനം

രാഹുൽ ഗാന്ധിയുടെ റോഡ്‌ ഷോ  പല മാധ്യമങ്ങളും റിപ്പോർട്ട്‌ ചെയ്തിരുന്നു. ഈ സംഭവത്തിന്‍റെ പല വിഡിയോകളും  ഓൺലൈനിൽ  നമുക്ക് ലഭ്യമാണ്. ഇതേപ്പറ്റി  ഞങ്ങൾ  യൂട്യുബിൽ  തിരഞ്ഞു നോക്കിയപ്പോൾ  ലഭിച്ച ഫലങ്ങൾ  ഇപ്രകാരം:

സംഭവത്തോടനുബന്ധിച്ച്  സംസ്ഥാന മാധ്യമങ്ങളും ദേശീയ മാധ്യമങ്ങളും  പ്രസിദ്ധീകരിച്ച നിരവധി  വീഡിയോകൾ  യുട്യുബിൽ ലഭ്യമാണ്. സംഭവത്തെ അവലംബിച്ച്  ഞങ്ങൾക്ക്  മാതൃഭൂമി പ്രസിദ്ധീകരിച്ച ഒരു വീഡിയോ ലഭിച്ചു. ഈ വീഡിയോ മാതൃഭൂമി അവരുടെ യൂട്യുബ് ചാനലിൽ   ഏപ്രിൽ  4ന് ആണ് പ്രസിദ്ധീകരിച്ചത്.

Archived Link

ഈ വിഡിയോയിൽ  ഒരു മിനിറ്റ് അഞ്ച് സെക്കൻറ്  കഴിയുമ്പോൾ പ്രിയങ്ക ഗാന്ധി കുനിഞ്ഞു  ഷൂ  എടുക്കുന്നത് നമുക്ക് കാണാം.

രണ്ടു സെക്കൻറ് കഴിഞ്ഞ്  നിവരുമ്പോൾ  പ്രിയങ്കയുടെ കയ്യിൽ  ഷൂ നമുക്ക് വ്യക്തമായി കാണാൻ  സാധിക്കുന്നു.

പ്രിയങ്ക ഗാന്ധി  പരിക്കേറ്റു  ബോധംകെട്ടു വീണ മാധ്യമ പ്രവർത്തകന്‍റെ  ഷൂ സ്വയം കയ്യിലെടുത്തിരുന്നു. ആരും ഷൂ അവരുടെ കയ്യിൽ വെക്കുന്ന ദൃശ്യങ്ങൾ വീഡിയോയിൽ കാണാനില്ല.

രണ്ടാമത്തെ  പോസ്റ്റിൽ  കാണിക്കുന്ന  വീഡിയോ  തുടക്കം മുതൽ  സുക്ഷിച്ചു നോക്കിയാൽ  പ്രിയങ്കയുടെ കയ്യിൽ തന്നെ ഷൂ ഉണ്ടായിരുന്നു  എന്നു നമുക്ക്  വ്യക്തമായി കാണാം. ഞങ്ങൾ വായനക്കാർക്കു  വേണ്ടി വീഡിയോ സ്ലോ മോഷനിൽ   താഴെ അപ്‌ലോഡ്‌ ചെയ്തിട്ടുണ്ട്. ചുവന്ന  വട്ടത്തിൽ  കാണുന്നത്  ഷൂആണ്. ആദ്യം മുതൽ  ഷൂ പ്രിയങ്കയുടെ കയ്യിൽ  ഉണ്ടായിരുന്നു , പിന്നെ ആരോ കൈ  പിടിച്ചപ്പോൾ  പ്രിയങ്ക ഉടനെ  അവരുടെ കൈ  തട്ടി മാറ്റി. അങ്ങനെ കൈ തട്ടിയതു കൊണ്ട്  പ്രിയങ്കയുടെ കയ്യിൽനിന്നും  ഷൂ താഴെ വീണു. അത് കുനിഞ്ഞെടുത്ത്  പിന്നെയും അവർ  നടത്തം തുടർന്നു, ഇതാണ് നമുക്ക് വീഡിയോയിൽ  വ്യക്തമാകുന്നത്.

നിഗമനം

ഈ വാർത്ത‍ വ്യാജമാണ്. പ്രിയങ്ക ഗാന്ധിയുടെ കയ്യിൽ ആരും ബോധംകെട്ടു വീണ മാധ്യമ പ്രവർത്തകന്‍റെ  ചെരിപ്പ് തിരുകി വെച്ചിട്ടില്ല, വീഡിയോ ശ്രദ്ധിച്ചാൽ  അവർ  സ്വയം ഷൂ  കയ്യിലെടുത്തതാണെന്ന്  വ്യക്തമാകുന്നു.  പ്രച്ചരിപിക്കുന വീഡിയോയില്‍ തുടക്കത്തില്‍ തന്നെ പ്രിയങ്ക ഗാന്ധിയുടെ കയ്യില്‍ ഷൂ വ്യക്തം ആയി നമുക്ക് കാണാം.

വീഡിയോ കടപ്പാട്: മാതൃഭുമി

Avatar

Title:ബോധംകെട്ടു വീണ മാധ്യമപ്രവർത്തകന്റെ ഷൂസ് പ്രിയങ്ക ഗാന്ധിയുടെ കയ്യിൽ വെച്ചു കൊടുത്തതാണോ…?

Fact Check By: Harish Nair 

Result: False

 • 13
 •  
 •  
 •  
 •  
 •  
 •  
 •  
  13
  Shares