FACT CHECK: മകന്‍റെ വീട്ടിൽ കുളിക്കാൻ പോയ ഉമ്മയ്ക്ക് പിഴശിക്ഷ നല്‍കിയിട്ടില്ല. വസ്തുത അറിയൂ…

സാമൂഹികം

കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി സര്‍ക്കാര്‍ പോതുജനങ്ങള്‍ക്ക് നിരവധി മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ട്. ഇത് ജനങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്താനും പാലിക്കാത്തവരുടെ മേല്‍ നടപടികള്‍ സ്വീകരിക്കാനും  സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നിയമിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹ്യ മാധ്യമങ്ങളിൽ ഒരു വീഡിയോ വൈറൽ ആയിരുന്നു.  മാസ്ക് ധരിക്കാതെ റോഡിലൂടെ നടക്കുന്ന പ്രായമായ ഒരു ഉമ്മയെ കോവിഡ് പ്രോട്ടോകോൾ എൻഫോഴ്സ്മെൻറ് ഉദ്യോഗസ്ഥർ തടഞ്ഞു നിർത്തി ചോദ്യം ചെയ്യുന്നതാണ് വീഡിയോയിൽ കാണുന്നത്. താൻ മകന്‍റെ വീട്ടിൽ കുളിക്കാൻ പോവുകയാണെന്ന് ഉമ്മ പറയുന്നുണ്ട്. ഉദ്യോഗസ്ഥർ കടലാസിൽ എന്തോ കുറിക്കുന്നതും മകളുടെ കയ്യിൽ നൽകിയാൽ മതിയെന്നും പറയുന്നതും വീഡിയോയിൽ കാണാം.  വയോധികയില്‍ നിന്ന് 500 രൂപ പിഴ ഈടാക്കി എന്നാണ് പോസ്റ്റ് അവകാശപ്പെടുന്നത്. 

Archived linkFB post

ഇത്തരത്തിൽ പ്രചരിക്കുന്ന മറ്റൊരു  പോസ്റ്റില്‍ നൽകിയിട്ടുള്ള വിവരണം ഇങ്ങനെയാണ്:  “വൈറൽ video.. പ്രതിഷേധം ആളിക്കത്തുന്നു 

മകന്റെ വീട്ടിൽ കുളിക്കാൻ പോയ ഉമ്മയ്ക്ക് പിഴശിക്ഷ.. കുടിയന്മാർക്ക് പോലീസ് കാവലും.

ഇതാണോ കരുതലിന്റെ സർക്കാർ!!”

Archived linkFB post

ചില പോസ്റ്റുകളില്‍ ഒപ്പം നൽകിയിരിക്കുന്നത് ഒരു യൂട്യൂബ് വീഡിയോ ആണ് വീഡിയോയിൽ അവതാരകന്‍ ഇക്കാര്യം തന്നെയാണ് പറയുന്നത്. മകൻറെ വീട്ടിൽ കുളിക്കാൻ പോയ ഉമ്മയ്ക്ക് 500 രൂപ പിഴശിക്ഷ ഈടാക്കിയെന്നും എന്നിട്ട് അതിന്‍റെ വീഡിയോ ചിത്രീകരിച്ച് ഉദ്യോഗസ്ഥര്‍ പ്രചരിപ്പിച്ചു എന്നും.  

അതായത് ഈ ഉമ്മയ്ക്ക് പോലീസ് 500 രൂപ പിഴശിക്ഷ ഈടാക്കി എന്നാണ് പോസ്റ്റ് ഉന്നയിക്കുന്ന അവകാശവാദം. ഞങ്ങൾ വീഡിയോയെ കുറിച്ച് അന്വേഷിച്ചു. പോലീസിനെതിരെ തെറ്റായ പ്രചരണമാണ് വീഡിയോ ഉപയോഗിച്ച് നടത്തുന്നതെന്ന് കണ്ടെത്തി.

വസ്തുത ഇതാണ് 

ഉമ്മയെ പിടിച്ച് നിർത്തി ചോദ്യം ചെയ്യുന്നത് യഥാർത്ഥത്തിൽ പോലീസ് അല്ല. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സർക്കാർ ചുമതലപ്പെടുത്തിയിരിക്കുന്ന സ്ക്വാഡിലെ സെക്ടറല്‍ മജിസ്ട്രേറ്റ് പദവിയിലുള്ള ഉദ്യോഗസ്ഥയാണ്. കൃഷി അസിസ്റ്റൻറ് ഡയറക്ടർ കൂടിയാണ് ഉമ്മയെ ‘ചോദ്യംചെയ്യുന്ന’ ഉദ്യോഗസ്ഥ.  

മാസ്ക് ധരിക്കാത്ത വയോധികയ്ക്ക് പോലീസ് പിഴചുമത്തി എന്ന പ്രചാരണം വസ്തുതാ വിരുദ്ധമാണെന്നും ആ വീഡിയോയിൽ പോലീസുദ്യോഗസ്ഥർ ആരും തന്നെ ഇല്ല എന്നിരിക്കെ പോലീസിനെതിരെ വ്യാജപ്രചാരണം ആണ് നടത്തുന്നത് എന്നും വിശദമാക്കി കേരള പോലീസ് ഒരു ഫേസ്ബുക്ക് പോസ്റ്റ് പ്രസിദ്ധീകരിച്ചിരുന്നു. കൂടാതെ പോസ്റ്റിൽ നൽകിയിരിക്കുന്ന അറിയിപ്പ് പ്രകാരം വയസ്സായ ഉമ്മയ്ക്ക് പിഴ ചുമത്തിയിട്ടില്ല. വീട്ടുകാർ അറിയുന്നതിന് താക്കീതായി നോട്ടീസ് നൽകുകയാണുണ്ടായത് ഇക്കാര്യം ഉദ്യോഗസ്ഥ വിശദമാക്കിയിട്ടുണ്ട് എന്നും പോസ്റ്റില്‍ നല്‍കിയിട്ടുണ്ട്. 

പോസ്റ്റ് താഴെ: 

Archived link

വീഡിയോയിലെ സംഭാഷണം ശ്രദ്ധിച്ചാല്‍ വയോധികയ്ക്ക് ഉദ്യോഗസ്ഥര്‍ പിഴ ഇട്ടിട്ടില്ല എന്ന് വ്യക്തമാകും. മാസ്ക് ഇല്ലാതെ ഇങ്ങനെ പുറത്തിറങ്ങി നടക്കരുത് എന്നും ഇങ്ങനെ നടന്നാല്‍ നടപടിയുണ്ടാകും എന്നാണ് ഉദ്യോഗസ്ഥ പറയുന്നത്. ഞങ്ങള്‍ തരുന്ന നോട്ടീസ് മക്കള്‍ക്ക് കൊടുക്കണമെന്നും അവര്‍ക്ക് അപ്പോള്‍ കാര്യം മനസ്സിലാകും എന്നും പറയുന്നുണ്ട്. 

കൂടുതൽ വ്യക്തതയ്ക്കായി  ഞങ്ങൾ കേരള പോലീസ് മീഡിയ സെൽ ഡപ്യൂട്ടി ഡയറക്ടർ പി.വി പ്രമോദ് കുമാറുമായി സംസാരിച്ചിരുന്നു. അദ്ദേഹം ഞങ്ങളെ അറിയിച്ചത് പോലീസുകാര്‍ക്കെതിരെ തെറ്റായ  പ്രചരണത്തിനായി ഉപയോഗിക്കുന്ന വീഡിയോ ആണിത് എന്നാണ്. വീഡിയോയ്ക്ക് പോലീസുമായി യാതൊരു ബന്ധവുമില്ല. വീഡിയോയിലുള്ളത്  സെക്ടറൽ മജിസ്ട്രേറ്റ് റാങ്കിലുള്ള ഉദ്യോഗസ്ഥയാണ്.  സംഭവത്തെ കുറിച്ച് ബന്ധപ്പെട്ട തഹസിൽദാർക്ക് അവര്‍ വിശദീകരണം നൽകിയിട്ടുണ്ട്.  ഈ ഉദ്യോഗസ്ഥ അടങ്ങിയ ടീം പോലീസിന്‍റെ ഭാഗമല്ല.”

പോസ്റ്റിലെ വീഡിയോയിൽ വയോധികയായ ഉമ്മയ്ക്ക് പോലീസ് ഉദ്യോഗസ്ഥർ പിഴചുമത്തി എന്ന് പറയുന്നത് തെറ്റായ പ്രചരണമാണ് എന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

നിഗമനം 

പോസ്റ്റിലെ വാർത്ത തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്.  മകന്‍റെ വീട്ടിൽ കുളിക്കാൻ പോയ ഉമ്മയ്ക്ക് പിഴശിക്ഷ നല്‍കിയിട്ടില്ല, മാത്രമല്ല വീഡിയോയിൽ ഉമ്മയോട് സംസാരിക്കുന്നത് കേരള പോലീസ് അല്ല. സർക്കാർ കോവിഡ് പ്രതിരോധ സ്ക്വാഡിലെ സെക്റ്ററൽ മജിസ്ട്രേറ്റ് റാങ്കിലെ ഉദ്യോഗസ്ഥയാണ് വീഡിയോയിലുള്ളത്. പോലീസ് വകുപ്പുമായി ഈ സ്ക്വാഡിന് ബന്ധമില്ല. ഇക്കാര്യം വ്യക്തമാക്കി പോലീസ് വിശദീകരണം നൽകിയിട്ടുണ്ട്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:മകന്‍റെ വീട്ടിൽ കുളിക്കാൻ പോയ ഉമ്മയ്ക്ക് പിഴശിക്ഷ നല്‍കിയിട്ടില്ല. വസ്തുത അറിയൂ…

Fact Check By: Vasuki S 

Result: False