FACT CHECK: ‘ബിജെപി ഫാസിസ്റ്റ് പാർട്ടി അല്ല നിലപാടിലുറച്ച് കാരാട്ടിന്‍റെ ലേഖനം’ എന്ന പ്രചരണത്തിന്‍റെ വസ്തുത അറിയൂ…

രാഷ്ട്രീയം

പ്രചരണം 

പ്രകാശ് കാരാട്ട് എന്ന മുതിര്‍ന്ന കമ്മ്യുണിസ്റ്റ് നേതാവിനെ ബിജെപിയുമായി  ബന്ധപ്പെടുത്തി  ചില പ്രചാരണങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഇടയ്ക്ക് പ്രത്യക്ഷപ്പെടാറുണ്ട്. ഇവയുടെ മുകളില്‍ ഫാക്റ്റ് ക്രെസണ്ടോ അന്വേഷണം നടത്തുകയും തെറ്റാണെന്ന് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ലേഖനങ്ങള്‍ താഴെ വായിക്കാം: 

FACT CHECK: മുതിര്‍ന്ന സി.പി. എം നേതാവ് പ്രകാശ് കാരാട്ടിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്ന വ്യാജ പ്രസ്താവനയുടെ സത്യാവസ്ഥ ഇങ്ങനെ…

നരേന്ദ്ര മോദിയെ പ്രകാശ്‌ കാരാട്ട് കെട്ടിപ്പിടിക്കുന്ന ചിത്രം യഥാർത്ഥമാണോ…?

FACT CHECK – സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേരുമെന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

ഇക്കഴിഞ്ഞ ദിവസം മുതൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രകാശ് കാരാട്ടിനെ കുറിച്ച് ഒരു പ്രചരണം നടക്കുന്നുണ്ട്. ബിജെപി ഫാസിസ്റ്റ് പാർട്ടി അല്ല എന്ന് കാരാട്ട് പറഞ്ഞു എന്നാണ് പോസ്റ്റിലൂടെ അവകാശപ്പെടുന്നത്. പോസ്റ്റർ രൂപത്തിൽ പ്രചരിക്കുന്ന എന്ന പോസ്റ്റിലെ വാചകങ്ങൾ ഇങ്ങനെയാണ്: വീണ്ടും കാരാട്ട്… ബിജെപി ഫാസിസ്റ്റ് പാർട്ടി അല്ല… നിലപാടിലുറച്ച് കാരാട്ടിന്‍റെ ദേശാഭിമാനി ലേഖനം… ബിജെപി ഫാസിസ്റ്റ് പാർട്ടി എന്ന് വിളിക്കാനാവില്ല രാഷ്ട്രീയ എതിരാളികളും വിരോധികളും ഇന്ന് ബിജെപി എന്ന മഹാപ്രസ്ഥാനത്തെ ആരാധിക്കുന്നു കാരണം ബിജെപിയാണ് ഭാരതത്തിന്‍റെ ആത്മാവ്. 

archived linkFB post

ഞങ്ങൾ പ്രചരണത്തെ കുറിച്ച് കൂടുതൽ അന്വേഷിച്ചു. ഇത് തെറ്റായ ഒരു പ്രചരണമാണെന്ന് കണ്ടെത്തുകയും ചെയ്തു. വിശദാംശങ്ങൾ പറയാം.

വസ്തുത ഇതാണ്

2016 ജൂലൈ 28 ന് ദേശാഭിമാനി പത്രത്തിൽ വന്ന ഒരു ലേഖനമാണ് ഇത്തരത്തിൽ ഒരു പ്രചാരണത്തിന് ആധാരം. ഫാസിസവും ഇന്ത്യൻ ഭരണവർഗവും  എന്ന തലക്കെട്ടിൽ പ്രകാശ് കാരാട്ട് അതിൽ ഒരു ലേഖനം എഴുതിയിരുന്നു. ബിജെപി സർക്കാർ അധികാരമേറ്റപ്പോൾ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഉണ്ടായ വലത്തുപക്ഷ ചായ്‌വ്  വിലയിരുത്തണമെന്നും ഫാസിസം ഇന്ത്യയിൽ സ്ഥാപിതമായിട്ടുണ്ടോ എന്നുമുള്ള ഒരു ചർച്ചയായിരുന്നു ഈ ലേഖനം. ഇതിനായി കാരാട്ട് ബിജെപി എന്താണ്… ആർഎസ്എസ് എന്താണ്… എന്ന് അദ്ദേഹത്തിന്‍റെ അഭിപ്രായങ്ങൾ ലേഖനത്തില്‍ പറയുന്നു. അദ്ദേഹത്തിന്‍റെ ലേഖനത്തിൽ ഒരു പാരഗ്രാഫിൽ പറയുന്ന ഒരു വാചകം മാത്രം ആ സന്ദർഭത്തിൽ നിന്നും അടർത്തിയെടുത്ത് മറ്റൊരു തരത്തിൽ പ്രചരിപ്പിക്കുകയാണ് ചെയ്യുന്നത്. 

ലേഖനം മുഴുവൻ വായിച്ചാൽ കാര്യം വ്യക്തമാകും

“ഇവ ശരിയായ രീതിയില്‍ വിശദീകരിക്കപ്പെട്ടാല്‍മാത്രമേ മോഡി സര്‍ക്കാരിനും ബിജെപിക്കുമെതിരെ ശരിയായ തന്ത്രം രൂപപ്പെടുത്താനും പ്രക്ഷോഭങ്ങള്‍ വളര്‍ത്താനും കഴിയൂ. ഇതിനായി ബിജെപിയുടെ സ്വഭാവം എന്താണെന്ന് ആദ്യമായി നിര്‍വചിക്കേണ്ടതുണ്ട്. ഒരു സാധാരണ ബൂര്‍ഷ്വാ പാര്‍ടി മാത്രമല്ല ബിജെപി. രാഷ്ട്രീയ സ്വയംസേവക് സംഘുമായി (ആര്‍എസ്എസ്) ബന്ധമുള്ള പാര്‍ട്ടിയാണത്. ഭൂരിപക്ഷ വര്‍ഗീയതയെ പ്രതിനിധാനംചെയ്യുന്ന വലതുപക്ഷ പാര്‍ടി. അര്‍ധഫാസിസ്റ്റ് പ്രത്യയശാസ്ത്രമുള്ള ആര്‍എസ്എസുമായി ബന്ധമുള്ളതുകൊണ്ടുതന്നെ സാഹചര്യങ്ങള്‍ അനുകൂലമായാല്‍ ബിജെപി സ്വേച്ഛാധിപത്യകക്ഷിയായി മാറാനുള്ള സാധ്യതയേറെയാണ്. അതുകൊണ്ടുതന്നെ ബിജെപി ഒരു പിന്തിരിപ്പന്‍ പാര്‍ട്ടിയാണെന്ന് പറയാം. എന്നാല്‍, അതിനെ ഫാസിസ്റ്റ് പാര്‍ട്ടിയെന്ന് വിളിക്കാന്‍ കഴിയില്ല.”

തുടര്‍ന്ന് അദ്ദേഹം പറയുന്ന കാര്യങ്ങള്‍ നോക്കുക: 

ബിജെപിക്കും അവരുടെ രക്ഷാധികാരിയായ ആര്‍എസ്എസിനുമെതിരെ രാഷ്ട്രീയമായും പ്രത്യയശാസ്ത്രപരമായും മാത്രമല്ല, സാമൂഹ്യതലത്തിലും സാംസ്കാരികതലത്തിലുംകൂടി പോരാടേണ്ടതുണ്ട്. സിപിഐ എമ്മിന്റെ അഭിപ്രായത്തില്‍, ബിജെപിക്കും വലതുപക്ഷ വര്‍ഗീയശക്തികള്‍ക്കുമെതിരെയുള്ള പോരാട്ടം വര്‍ഗീയതയ്ക്കെതിരെയും നവഉദാരവല്‍ക്കരണനയത്തിനെതിരെയുമുള്ള സമരത്തെ കൂട്ടിയോജിപ്പിച്ചാണ് നടത്തേണ്ടത്. പ്രധാന ഭരണവര്‍ഗ പാര്‍ടികളായ–ബിജെപിയും കോണ്‍ഗ്രസും–മാറിമാറി ഭരണവര്‍ഗങ്ങള്‍ക്കായി നവ ഉദാരവല്‍ക്കരണക്രമം നിലനിര്‍ത്തുന്നതിനാല്‍ ബിജെപിക്കെതിരെയുള്ള രാഷ്ട്രീയസമരം ഭരണവര്‍ഗത്തിലെ മറ്റൊരു കക്ഷിയുമായി ചേര്‍ന്ന് നടത്താനാകില്ല. 

രാജ്യത്ത് നിലവിലുള്ള സാഹചര്യത്തില്‍ ആവശ്യമായിട്ടുള്ളത് വര്‍ഗീയതയ്ക്കെതിരെ വിപുലമായ ജനാധിപത്യ–മതനിരപേക്ഷ ശക്തികളുടെ കൂട്ടായ്മയാണ്. അതോടൊപ്പം ജനകീയപ്രസ്ഥാനങ്ങളും വര്‍ഗസമരവും അടിസ്ഥാനമാക്കിയുള്ള ഇടതുപക്ഷ–ജനാധിപത്യശക്തികളുടെ രാഷ്ട്രീയസഖ്യവും കെട്ടിപ്പടുക്കണം. ഈ ദ്വിമുഖസമീപനത്തിലൂടെമാത്രമേ വലതുപക്ഷശക്തികളെ ചെറുക്കാനും പരാജയപ്പെടുത്താനും കഴിയൂ” എന്നിങ്ങനെ ബിജെപിയെ വിമര്‍ശിക്കുന്ന നിലപാടാണ് അദ്ദേഹം ലേഖനത്തില്‍ ഉടനീളം സ്വീകരിച്ചിരിക്കുന്നത്. 

കൂടുതല്‍ വ്യക്തതയ്ക്കായി ഞങ്ങള്‍ പ്രകാശ് കാരാട്ടുമായി സംസാരിച്ചിരുന്നു. അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്: “ഞാന്‍ ബിജെപിയെ പുകഴ്ത്തി സംസാരിച്ചു എന്നൊക്കെ അടിസ്ഥാന രഹിതമായി പ്രചരിപ്പിക്കുന്നതാണ്. 2016 ല്‍ ഞാന്‍ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ പ്രധാനമായും ചര്‍ച്ച ചെയ്തത് ഫാസിസമായിരുന്നു. ഫാസിസം ഇന്ത്യയില്‍ വന്നിട്ടുണ്ടോ…? ആ സമയത്ത്  ഞങ്ങളുടെ പാര്‍ട്ടി അങ്ങനെയൊരു നിഗമനത്തില്‍ എത്തിയിരുന്നില്ല. ബിജെപി ഒരു സാമുദായിക വലത്-പിന്തിരിപ്പൻ പാർട്ടിയാണ്, അത് ഒരു ഫാസിസ്റ്റ് സംഘടനയായ ആർ‌എസ്‌എസിന്‍റെ നിയന്ത്രണത്തിലാണ്.” ഇങ്ങനെയാണ് ഞാന്‍ പറഞ്ഞത്. അത് ലേഖനത്തില്‍ വ്യക്തവുമാണ്. എന്‍റെ വാക്കുകള്‍ ദുരുപയോഗം ചെയ്തിരിക്കുകയാണ്.”

അദ്ദേഹം വാട്ട്സ് അപ്പില്‍ നല്‍കിയ മറുപടി:

2016 ല്‍ ദേശാഭിമാനി പത്രത്തില്‍ പ്രകാശ് കാരാട്ട് എഴുതിയ ലേഖനത്തിലെ ഒരു വാചകം മാത്രമെടുത്ത് അദ്ദേഹം ബിജെപിക്ക് അനുകൂലമായി സംസാരിച്ചു എന്ന് തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന മട്ടില്‍  പ്രചരിപ്പിക്കുകയാണ് എന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

നിഗമനം 

പോസ്റ്റിലെ പ്രചരണം തെറ്റാണ്. പോസ്റ്റില്‍ ആരോപിക്കുന്നതുപോലെ പ്രകാശ് കാരാട്ട് ബിജെപി അനുകൂല പ്രസ്താവന നടത്തുക ആയിരുന്നില്ല. ഫാസിസത്തെ കുറിച്ച് എഴുതിയ ലേഖനത്തില്‍ നിന്നും ഒരു വാചകം മാത്രം അടര്‍ത്തിയെടുത്ത് തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന രീതിയില്‍ പ്രചരിപ്പിക്കുകയാണ് ചെയ്തിട്ടുള്ളത്. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:‘ബിജെപി ഫാസിസ്റ്റ് പാർട്ടി അല്ല നിലപാടിലുറച്ച് കാരാട്ടിന്‍റെ ലേഖനം’ എന്ന പ്രചരണത്തിന്‍റെ വസ്തുത അറിയൂ…

Fact Check By: Vasuki S 

Result: Missing Context

  •  
  •  
  •  
  •  
  •  
  •  
  •  
  •