
വിവരണം
നിങ്ങളുടെ അനുവാദം കൂടാതെ മറ്റൊരാള്‍ നിങ്ങളുടെ ഫോട്ടോ ഉപയോഗിച്ചതായി നിങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ.. നിങ്ങളുടെ വാളില്‍ മോശമായ ഫോട്ടകള്‍ ടാഗ് ചെയ്യപ്പെട്ടിട്ടുണ്ടോ.. ഫേക്ക് ഐഡിയില്‍ നിന്നും നിങ്ങളെ ആരെങ്കിലും ശല്യം ചെയ്യുന്നുണ്ടോ.. ഓണ്‍ലൈന്‍ വഴി ഏതെങ്കിലും തരത്തിലുള്ള ഭീഷണി നിങ്ങള്‍ക്ക് നേരിടേണ്ടി വരുന്നുണ്ടോ.. ഉണ്ടെങ്കില്‍ ഉടന്‍ കംപ്ലെയിന്റ് ചെയ്യുക ഫോണ്‍ – 0471 2449090, 2556179, cyberps@keralapolice.gov.in എന്ന ഒരു സന്ദേശത്തിന്റെ സ്ക്രീന്‍ഷോട്ടും ചില പോസ്റ്റുകളും ഏറെ നാളുകളായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കേരള പോലീസിന്റെ സൈബര്‍ വിഭാഗത്തില്‍ പരാതി രജിസ്ടര്‍ ചെയ്യാനുള്ള വിവരങ്ങളാണ് ഇവ എന്ന പേരിലാണ് പലരും ഈ പോസ്റ്റ് വാട്സാപ്പിലൂടെയും ഫെയ്സ്ബുക്കിലൂടെയും പ്രചരിപ്പിക്കുന്നത്. യാത്ര മൊഴി എന്ന പേരിലൊരു ഫെയ്സ്ബുക്ക് പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 32ല്‍ അധികം റിയക്ഷനുകളും 35ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്.
വാട്സാപ്പില്‍ പ്രചരിക്കുന്ന പോസ്റ്റര്‍-
എന്നാല്‍ യഥാര്‍ത്ഥത്തില്‍ പോസ്റ്റില്‍ നല്‍കിയിരിക്കുന്ന ഫോണ്‍ നമ്പറിലൂടെയും ഇ-മെയില്‍ വിലാസത്തിലൂടെയും സൈബര്‍ പരാതികള്‍ കേരള പോലീസിന് നല്കാന് സാധിക്കുമോ? പ്രചരിക്കുന്ന ഫോണ്‍ നമ്പറും ഇ-മെയില്‍ ഐഡിയും കേരള പോലീസ് സൈബര്‍ വിഭാഗത്തിന്റെയും സൈബര്‍ സെല്ലിന്റെയോ തന്നെയാണോ? ഇത് ഇപ്പോഴും നിലവിലുള്ള നമ്പറും മെയില്‍ ഐഡിയും തന്നെയാണോ? വസ്തുത പരിശോധിക്കാം.
വസ്തുത വിശകലനം
പോസ്റ്റില്‍ നല്‍കിയിരിക്കുന്ന രണ്ട് ഫോണ്‍ നമ്പറുകളിലും ആദ്യം തന്നെ ഞങ്ങള്‍ വിളിച്ച് നോക്കുകയാണ് ചെയ്തത്. എന്നാല്‍ ഇവ രണ്ടും ഇപ്പോള്‍ നിലവിലില്ലെന്ന പ്രതികരണമാണ് ലഭിക്കുന്നത്. അതുകൊണ്ട് തന്നെ ഈ നമ്പര്‍ യഥാര്‍ത്ഥത്തില്‍ സൈബര്‍ പോലീസ് വിഭാഗത്തിന്റെ ഔദ്യോഗിക നമ്പര്‍ തന്നെയാണോ എന്ന് അറിയാന്‍ ഞങ്ങളുടെ പ്രതിനിധി സംസ്ഥാന പോലീസ് മീഡിയ സെന്ററുമായി ഫോണില്‍ ബന്ധപ്പെട്ടു. മീഡയ സെന്റര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ വി.പി.പ്രമോദ് കുമാര്‍ ഫോണ്‍ നമ്പറുകളും ഇ-മെയില്‍ ഐഡിയും പരിശോധിച്ച ശേഷം ഞങ്ങള്‍ക്ക് നല്കിയ വിവരങ്ങള്‍ ഇപ്രകാരമാണ്-
ഈ രണ്ട് നമ്പറുകളും നിലവിലില്ലാത്തതാണ്. ഇ-മെയില്‍ ഐഡിയും ഇപ്പോള്‍ നിലവിലില്ല. പോസ്റ്റില്‍ നല്‍കിയിരിക്കുന്ന ഇ-മെയില്‍ ഐഡിയും ഘടന തന്നെ മാറ്റം വന്നിട്ട് ഏകദേശം അഞ്ച് വര്‍ഷമെങ്കിലും ആയിട്ടുണ്ട്. അതായത് സര്‍ക്കാരിന്റെ ഔദ്യോഗിക ഇ മെയില്‍ ഐഡി അവസാനിക്കുന്നത് kerala.gov.in എന്നാണ്. ഫെയ്സ്ബുക്ക് പോസ്റ്റില്‍ നല്‍കിയിരിക്കുന്നത് keralapolice.gov.in എന്നാണ്. പോലീസിന്റെ സൈബര്‍ വിഭാഗത്തിന് ഓണ്‍ലൈന്‍ പരാതി നല്‍കാനും അവരെ ബന്ധപ്പെടാനും നല്‍കിയിരിക്കുന്ന ഈ വിവരങ്ങള്‍ പൂര്‍ണ്ണമായും തെറ്റാണെന്നും https://keralapolice.gov.in/page/cyber-crime-police-station എന്ന വെബ്സൈറ്റില്‍ യഥാര്‍ത്ഥ വിവരങ്ങള്‍ ലഭ്യമാണെന്നും പ്രോമദ് കമുാര്‍ വ്യക്തമാക്കി.
കേരള പോലീസിന്റെ ഔദ്യോഗിക വെബ്സൈറ്റ് പരിശോധിച്ചതില്‍ നിന്നും സൈബര്‍ കുറ്റകൃത്യങ്ങള്‍ അറിയിക്കാനുള്ള നിലവിലെ ഇ-മെയില്‍ ഐഡിും ഫോണ്‍ നമ്പറും കണ്ടെത്താന്‍ കഴിഞ്ഞു. 0471- 2322090 cyberps.pol@kerala.gov.in എന്നതാണ് ഫോണ്‍ നമ്പറും ഇമെയില്‍ ഐഡിയും.
കേരള പോലീസ് സൈബര്‍ വിഭാഗം വെബ്സൈറ്റ്-
നിഗമനം
കേരള പോലീസ് സൈബര്‍ വിഭാഗത്തിന്റെ നിലവിലില്ലാത്ത ഇമെയില്‍ ഐഡിയും ഫോണ്‍ നമ്പറുമാണ് പോസ്റ്റില്‍ നല്‍കിയിരിക്കുന്നതെന്ന് വ്യക്തമായി കഴിഞ്ഞു. അതുകൊണ്ട് തന്നെ പോസ്റ്റ് വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Title:സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് എതിരെ പരാതി നല്‍കാനുള്ള കേരള പോലീസിന്റെ ഫോണ്‍ നമ്പറും ഇമെയില്‍ ഐഡിയുമാണോ ഇത്?
Fact Check By: Dewin CarlosResult: False
