
വിവരണം
കരിപ്പൂരില്‍ സിപിഎം പ്രവര്‍ത്തകന്‍റെ മലദ്വാരത്തില്‍ നിന്നും 30 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടി.. എന്ന പേരില്‍ ഒരു പോസ്റ്റര്‍ കഴിഞ്ഞ കുറച്ച് നാളുകളായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മീഡിയ വണ്‍ ചാനലില്‍ വന്ന വാര്‍ത്ത എന്ന പേരില്‍ ഒരു സ്ക്രീന്‍ഷോട്ട് മാതൃകയിലാണ് ഈ പോസ്റ്റ് പ്രചരിക്കുന്നത്. കൊണ്ടോട്ടി സഖാക്കള്‍ എന്ന പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 1,300ല്‍ അധികം ഷെയറുകളും 273ല്‍ അധികം റിയാക്ഷനുകളും ലഭിച്ചിട്ടുണ്ട്.

എന്നാല്‍ ഇത്തരത്തില്‍ കരിപ്പൂരില്‍ സിപിഎം പ്രവര്‍ത്തകനില്‍ നിന്നും 30 ലക്ഷത്തിന്‍റെ സ്വര്‍ണ്ണം പിടികൂടിയിട്ടുണ്ടോ? ഇങ്ങനെയൊരു വാര്‍ത്ത മീഡിയ വണ്‍ ചാനല്‍ നല്‍കിയട്ടുണ്ടോ? വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ടാണോ പോസ്റ്റില്‍ പ്രചരിക്കുന്നത്? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
മീഡിയ വണ്ണിന്‍റെയും മാധ്യമത്തിന്‍റെയും ഹെഡ് ഓഫിസായ കോഴിക്കോടുള്ള സ്റ്റുഡിയോയില്‍ ഞങ്ങളുടെ പ്രതിനിധി ഫോണില്‍ ബന്ധപ്പെടുകയും സ്ക്രീന്‍ഷോട്ടിനെ കുറിച്ച് അന്വേഷിക്കുകയും ചെയ്തു. അവര്‍ നല്‍കിയ മറുപടി ഇങ്ങനെയാണ്-
സ്ക്രീന്‍ഷോട്ട് വ്യാജമായി പ്രചരിപ്പിക്കുന്നതാണെന്ന് വ്യക്തം. മീഡിയ വണ്‍ ഇത്തരമൊരു വാര്‍ത്ത നല്‍കിയിട്ടില്ല. ചിത്രത്തില്‍ ഉപോയിഗിച്ചിരിക്കുന്ന ഫോണ്ടും തങ്ങളുടേതല്ല. ഇത്തരം എഡിറ്റ് സ്ക്രീന്‍ഷോട്ടുകള്‍ സ്ഥിരമായി പ്രചരിക്കാറുണ്ടെന്നും ഇത്തരം വ്യാജ പ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മീഡിയ വണ്‍ പ്രതിനിധി അറിയിച്ചു. മാത്രമല്ല സിപിഎം പ്രവര്‍ത്തകനെ ഇത്തരമൊരു കേസുമായി ബന്ധപ്പെട്ട് പിടികൂടിയതായി കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ഞങ്ങളുടെ അന്വേഷണത്തില്‍ വ്യക്തമായി.
കൂടാതെ സ്ക്രീന്‍ഷോട്ടില്‍ തീയതി മാര്‍ച്ച് 4 എന്നതും വ്യക്തമായി കാണാന്‍ കഴിയുന്നുണ്ട്. എന്നാല്‍ ജൂണ്‍ 23നാണ് ഫെയ്‌സ്ബുക്കില്‍ ഈ സ്ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചിരിക്കുന്നത്.
സ്ക്രീന്‍ഷോട്ടിലെ തീയതി വ്യക്തമായി കാണാം-

നിഗമനം
മീഡിയ വണ്‍ അധികൃതര്‍ തന്നെ ഇത്തരമൊരു വാര്‍ത്തയുടെ പേരിലുള്ള സ്ക്രീന്‍ഷോട്ട് വ്യാജമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പോസ്റ്റ് പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Title:കരിപ്പൂര്‍ വിമാനത്താവളത്തില്‍ സിപിഎം പ്രവര്‍ത്തകനെ 30 ലക്ഷത്തിന്‍റെ സ്വര്‍ണ്ണവുമായി പിടികൂടി എന്ന പ്രചരണം വ്യാജം..
Fact Check By: Dewin CarlosResult: False
