ഇല്ല, ഇങ്ങനെയൊരു മുന്നറിയിപ്പ് കേരള പോലീസ് പുറപ്പെടുവിച്ചിട്ടില്ല

സാമൂഹികം

വിവരണം

Youth Icon Media, SouthViral Health , ആരോഗ്യം, Love Media, PrimeReel Media, Youth Icon Media, Latest Home Designs, ആരോഗ്യം Life Plus, രുചിക്കൂട്ട്,  തുടങ്ങിയ ഫേസ്ബുക്ക് പേജുകളിൽ നിന്നും 2019  മാർച്ച് 21 മുതൽ പല തിയതികളിലായി ഒരു പോസ്റ്റ് പ്രചരിക്കുന്നുണ്ട്. വിവിധ പേജുകളിൽ നിന്നുമായി 44 തവണ പോസ്റ്റ് ചെയ്തിരിക്കുന്ന പേജിന് 20000 ത്തോളം ഷെയറുകൾ ഇതുവരെ ലഭിച്ചിട്ടുണ്ട്. കേരളം പോലീസിന്‍റെ ഒരു മുന്നറിയിപ്പാണ് പോസ്റ്റിലുള്ളത്. വീട്ടമ്മമാർക്കും കുട്ടികൾക്കും കേരളം പോലീസ് മുന്നറിയിപ്പ് എന്നതാണ് തലക്കെട്ട്.

കേരളാ പോലീസിന്‍റെ മുന്നറിയിപ്പ്‌, ജാഗ്രതപാലിക്കുക..

പ്രിയപ്പെട്ടവരെ, അർദ്ധരാത്രി 2 ന്റേയും 4 ന്റേയും ഇടയിലാണ് കവർച്ച നടക്കുന്നത്. മാരകായുധങ്ങളുമായി സംഘടിതമായി വരുന്ന കവർച്ചക്കാരുടെ അടുത്ത ഇര നമ്മൾ ആ വാതിരിക്കാൻ പോലീസ് പറയുന്നചില കാര്യങ്ങൾ ശ്രദ്ധിക്കുന്നത് ഗുണം ചെയ്തേക്കാം

1.കവർച്ച നടന്ന എല്ലാ വീടുകളിലും അടുക്കള വാതിൽ തകർത്താണ് അകത്ത് കയറിയത്, വാതിലിന്‍റെ എല്ലാ ലോക്കും ഭദ്രതയും ഉറപ്പു ള്ളതാക്കുകയും ലോക്ക് ചെയ്തെന്ന് ഉറപ്പ് വരുത്തുകയും ചെയ്യുക, എല്ലാ വാതിലുകളും അടക്കുകയും താക്കോൽ ഉപയോഗിച്ചും പൂട്ടുക, വാതിലിന്‍റെ പുറകിൽ ഇരുമ്പിന്‍റെ പട്ട പിടിപ്പിച്ചാൽ കൂടുതൽ സുരക്ഷ ലഭിക്കും, ജനൽ പാളികൾ രാത്രി അടച്ചിടുക! “അപരിചിതർ ബെല്ലടിച്ചാൽ വാതിൽ തുറക്കാതെ ജനൽ വഴി കാര്യം അന്വേഷിക്കുക”!

2.വീടിനു പുറത്തും അടുക്ക്ളഭാഗത്തും മറ്റു രണ്ടു ഭാഗങ്ങളിലും രാത്രി ലൈറ്റ് ഓഫാക്കാതിരിക്കുക

3.അപരിചിതരായ സന്ദർശകർ, പിരിവുകാർ, പഴയ വസ്ത്ര പാഴ്വസ്തു ശേഖരിക്കുന്നവർ ,യാചകർ,പുതപ്പ് പോലുളളവ വിൽക്കുന്ന കച്ചവടക്കാർ, പ്രാദേശിക വഴികളിലൂടെ ബൈക്കിലോ മറ്റു വാഹനങ്ങളിലോ സംശയാസ്പദമായ രീതിയിൽ സഞ്ചരികുന്നവർ തുടങ്ങിയവരെ വളരെ ശ്രദ്ധിക്കുക, തൊട്ടടുത്ത ജോലി ചെയ്യുന്ന അന്യ സംസ്ഥാന തൊഴിലാളികളുമായി അകലം പാലിക്കുക!

4.കവർച്ചക്കാർക്ക് ഉപയോഗപ്രദമാവുന്ന ഉപകരണങ്ങൾ , ആയുധങ്ങൾ, പാര, മഴു ഗോവണി എന്നിവ വീട്ടിൽ അവർക്ക് കിട്ടാത്ത രീതിയിൽ സുരക്ഷിതമാക്കി വെക്കുക, രാത്രി പുറത്ത് ടാപ്പിൽ നിന്ന് വെള്ളം പോകുന്ന ശബ്ദം കേട്ടാൽ പുറത്ത് ഇറങ്ങരുത്! രാത്രി ഉമ്മറത്ത് കൊച്ചു കുട്ടികളുടെ കരച്ചിൽ കേട്ടാൽ ഉടൻ അയൽ വാസികളെ വിവരം അറിയിക്കുകയും, വാതിൽ തുറക്കാതിരിക്കുകയും ചെയ്യുക.

5.കൂടുതൽ ആഭരണങ്ങൾ അണിയാതിരിക്കുക, പണം ആഭരണം തുടങ്ങിയവ അൾമറ മേശ പോലുള്ളവയിൽ സൂക്ഷിക്കാതിരിക്കുക, കൂടുതൽ വില പിടിപ്പുള്ളവ ബാങ്ക് ലോക്കറിൽ സൂക്ഷിക്കുക! നമ്മുടെ കുഞ്ഞുങ്ങൾക്ക് സ്വർണം, ഗ്യാരണ്ടി ആഭരണങ്ങൾ അണിയിക്കാതിരിക്കുക

6.കവർച്ച നടന്നാൽ ഉടൻ മറ്റുള്ളവരെ അറീക്കുകയും സംഘടിതമായി വാഹനത്തിൽ ഒരേ സമയം നാലു ഭാഗവും അന്വേഷണം നടത്തുക

7.പോലീസ് വരുന്നതിന് മുൻപ് കവർച്ച നടന്ന മുറി, വാതിൽ, അവർ ഉപയോഗിച്ച വസ്തുക്കൾ എന്നിവ തൊടാതിരിക്കുക! തെളിവ് നഷ്ടപ്പെടും

8.വലിയ സംമ്പാദ്ധ്യം ഉള്ളവർ CCTV Camara സ്ഥാപിക്കുക, രാത്രി റെക്കോർഡ് മോഡിൽ ഇടുക

9.കവർച്ച ശ്രമം നടന്നാൽ ആയുധവും വെളിച്ചവും ഇല്ലാതെ ഒറ്റക്ക് പുറത്തിറങ്ങാതിരിക്കുക

10.രാത്രി മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആക്കാതിരിക്കുക, അയൽ വീടുകളിലെ നമ്പർ ശേഖരിച്ചു കാണുന്ന സ്ഥലത്ത് വെക്കുക, പോലീസ് സ്റ്റേഷൻ നമ്പർ എല്ലാ വീട്ടിലും സൂക്ഷിക്കുക.

ഇത്തരം കാര്യങ്ങൾ നിസാരമെന്ന് തോന്നാമെങ്കിലും ഇരകളായി തീർന്നാൽ ഗൗരവമായി തീരും. ഇന്നത്തെ ഇര നാമാവാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുകയും ഈ വിവരം വേഗം മറ്റുള്ളവരിലേക് ഷെയർ ചെയ്യുക.

NB: നിങ്ങളുടെ നാട്ടിലെ ടൗണിലോ മറ്റോ പുതുതായി അപരിചിത രോ അന്യസംസ്താനക്കാരോ വാടകക്ക് താമസിക്കുന്നുണ്ടെങ്കിൽ/ അവരെക്കുറിച്ചുള്ള വിവരം അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിക്കുക റോഡ് വക്കിൽ ആൾ താമസം ഇല്ലാത്ത വീടുകൾ ആർക്കും ഒളിഞ്ഞിരിക്കാൻ പറ്റാത്ത വിധം കതക് സ്ഥാപിക്കുക.

പകൽ പുറത്തിറങ്ങാതെ റൂമിൽ കഴിയുന്നവരെയും ആർഭാഢ ജീവിതം നയിക്കുന്നവരെയും നിരീക്ഷിക്കുക …….

എല്ലാവർക്കും ഷെയര്‍  ചെയുക ഇ സന്ദേശം. ഇനി ഞാൻ ഒന്ന് പറഞ്ഞോട്ടെ, ഈ മെസ്സേജ് നമ്മൾ വീട്ടിൽ ഉള്ള എല്ലാവരെയും വായിച്ചു കേൾപ്പിക്കുക. ഒരു ഭവനത്തിലെ എല്ലാവരും ഇത് സംബന്ധിച്ചു അവബോധം ഉള്ളവർ ആവണം.”

ഇതാണ് മുന്നറിയിപ്പായി നൽകിയിട്ടുള്ളത്.

archived FB post

archived linkarogyam life

പൊതുജനങ്ങൾക്ക് ഏറെ പ്രയോജനകരമായ മുൻകരുതലുകളാണ്  സന്ദേശത്തിലുള്ളത്. പണ്ട് കാലത്തേക്കാളേറെ സാമൂഹിക മാധ്യമങ്ങളിലൂടെ കേരള പോലീസ് പൊതുജനങ്ങളുമായി സംവദിക്കുന്നുണ്ട്. അവരുടെ ഫേസ്ബുക്ക് പേജ് ഏറെ സജീവമാണ്. യഥാർത്ഥത്തിൽ കേരള പോലീസ് ഇത്തരത്തിൽ ഒരു മുന്നറിയിപ്പ് നൽകിയിരുന്നോ..? എങ്കിൽ ഏതു മാധ്യമത്തിലൂടെയാണ് അവർ ഇത് പങ്കു വച്ചത്..? ഈ ചോദ്യങ്ങളുടെ ഉത്തരങ്ങൾ തേടാം :

വസ്തുതാ വിശകലനം

ഞങ്ങൾ ഈ മുന്നറിയിപ്പിനെ പറ്റി  ഓൺലൈൻ അന്വേഷിച്ചപ്പോൾ നിരവധി ഫേസ്‌ബുക്ക് പേജുകളും പ്രാദേശിക വാർത്താ മാധ്യമങ്ങളും ഇതേ വാർത്ത നല്കിയിട്ടുള്ളതായി കാണാൻ സാധിച്ചു.ഇത്രയും അധികം പ്രചാരം കിട്ടിയ നിലയ്ക്ക് ഈ വാർത്ത കേരളാ പോലീസ് ഫേസ്‌ബുക്ക് പേജിലൂടെ പങ്കുവച്ചതാകാം എന്ന അനുമാനത്തിൽ  ഞങ്ങൾ കേരളം പോലീസിന്‍റെ ഒഫീഷ്യൽ ഫേസ്‌ബുക്ക് പേജ് പരിശോധിച്ച് നോക്കി. എന്നാൽ ഈ മുന്നറിയിപ്പ് അവർ പേജിൽ നൽകിയിട്ടില്ല എന്നാണ് കണ്ടെത്താൻ കഴിഞ്ഞത്.

ഫേസ്‌ബുക്ക്  പേജിൽ നൽകാതെ മറ്റെവിടെയെങ്കിലും അവർ പത്താക്കുറിപ്പായി നല്കിയുകയോ അവരുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുകയോ ചെയ്തോ എന്നറിയാൻ ഞങ്ങൾ കേരളം പോലീസ് മീഡിയ സെൽ ഡെപ്യൂട്ടി ഡയറക്ടർ പ്രമോദ് കുമാറുമായി ബന്ധപ്പെട്ടിരുന്നു. കേരള പോലീസിന്‍റെ പേരിൽ പ്രചരിക്കുന്ന ഈ മുന്നറിയിപ്പ് ശ്രദ്ധയിൽ പെട്ടിരുന്നു എന്നും എന്നാൽ കേരളാ പോലീസുമായി ഇതിനു യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം മറുപടി നൽകി.”കേരള പോലീസിന്‍റെ മീഡിയ സെല്ലിനെ നിയന്ത്രണത്തിലുള്ള ഫേസ്‌ബുക്ക് പേജ് വഴിയോ അടിയന്തിര സന്ദർഭങ്ങളിൽ പത്രക്കുറിപ്പ് മാധ്യമങ്ങൾക്ക് കൈമാറിയോ അല്ലെങ്കിൽ പത്രക്കുറിപ്പ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചോ ആണ് ഞങ്ങൾ പൊതു ജനങ്ങളോട് സാധാരണ സംവദിക്കാറുള്ളത്. വാർത്തയിൽ നൽകിയിട്ടുള്ള മുൻകരുതലുകൾ ഇക്കാലത്ത് ഏറെ പ്രസക്തമാണെങ്കിലും അത് ഞങ്ങൾ നൽകിയതല്ല. ഈ പോസ്റ്റുമായി യാതൊരു ബന്ധവും ഞങ്ങൾക്കില്ല.”

മാത്രമല്ല കേരള പോലീസിന്‍റെ ഒഫീഷ്യൽ ഫേസ്‌ബുക്ക് പേജിൽ തങ്ങളുടെ പേരിൽ പ്രചരിക്കുന്ന വ്യാജ വാർത്തകൾക്കെതിരെ ജാഗരൂകരായിരിക്കണമെന്ന് അവർ മറ്റൊരു മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

archived FB post kerala police

ഞങ്ങളുടെ അന്വേഷണത്തിൽ നിന്നും വ്യക്തമാകുന്നത് ഈ പോസ്റ്റിൽ നൽകിയിട്ടുള്ള മുന്നറിയിപ്പ് അധികാരിത ലഭിക്കാനായി കേരള പോലീസിന്റെ പേരിൽ പ്രചരിപ്പിക്കുന്ന ഒന്ന് മാത്രമാണ് എന്നാണ്‌.

നിഗമനം

വാർത്തയിൽ നൽകിയിട്ടുള്ള മുന്നറിയിപ്പ് കേരള പോലീസ് പുറപ്പെടുവിച്ചതല്ല. മറ്റാരോ എഴുതി  തയ്യാറാക്കിയ കുറിപ്പ് കേരള പോലീസിന്റെ പേരിൽ പ്രചരിപ്പിക്കുകയാണ്. മാന്യ വായനക്കാർ വസ്തുത മനസ്സിലാക്കി കേരള പോലീസിന്റെ പേരിൽ വാർത്ത ഷെയർ ചെയ്യരുതെന്ന് ഞങ്ങൾ അപേക്ഷിക്കുന്നു

Avatar

Title:ഇല്ല, ഇങ്ങനെയൊരു മുന്നറിയിപ്പ് കേരള പോലീസ് പുറപ്പെടുവിച്ചിട്ടില്ല

Fact Check By: Deepa M 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •