
വിവരണം
കേരള സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ ഭക്ഷ്യധാന്യ കിറ്റ് നിര്‍ത്തലാക്കണം.. ഹര്‍ജിയുമായി രമേശ് ചെന്നിത്തല ഹൈക്കോടതിയില്‍.. ഈ അന്നം മുടക്കിക്കുള്ളത് കേരളജനത കൊടുത്തിരിക്കും.. എന്ന പേരില്‍ കൊണ്ടോട്ടി സഖാക്കള്‍ എന്ന ഫെയ്‌സ്ബുക്ക് പേജിലൂടെ ഒരു പോസ്റ്റ് പ്രചരിക്കുന്നുണ്ട്. 379ല്‍ അധികം റിയാക്ഷനുകളും 450ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാര്‍ കോവിഡ് പശ്ചാത്തലത്തിലും ഓണം പോലെയുള്ള വിശേഷ വേളകളിലും നല്‍കി വരുന്ന സൗജന്യ ഭക്ഷ്യവസ്‌തുക്കളുടെ കിറ്റ് വിതരണം തിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല ഹൈക്കോടതിയെ സമീപിച്ചു എന്നതാണ് പോസ്റ്റില്‍ ഉന്നയിക്കുന്ന അവകാശവാദം.
എന്നാല്‍ യഥാര്‍ത്ഥത്തില്‍ രമേശ് ചെന്നിത്തല ഇത്തരമൊരു ആവ്ശ്യം ഉന്നയിച്ച് ഹൈക്കോടതിയില്‍ സമീപിച്ചിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
ആദ്യമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സര്‍ക്കാര്‍ ഭക്ഷ്യവസ്‌തു വിതരണം നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജ്ജി സമര്‍പ്പിച്ചു എന്ന പേരില്‍ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ എന്നാണ് ഞങ്ങള്‍ പരിശോധിച്ചത്. എന്നാല്‍ കീവേര്‍ഡുകള്‍ ഉപയോഗിച്ച് സെര്‍ച്ച് ചെയ്തെങ്കിലും ഇത്തരത്തില്‍ ഒരു വാര്‍ത്ത കണ്ടെത്താന്‍ കഴിഞ്ഞില്ല.
അതുകൊണ്ട് തന്നെ ഞങ്ങളുടെ പ്രതിനിധി രമേശ് ചെന്നിത്തലയുടെ പ്രൈവറ്റ് സെക്രട്ടറി സുമോദുമായി ഫോണില്‍ ബന്ധപ്പെട്ട് വിവരങ്ങള്‍ അന്വേഷിച്ചു. അദ്ദേഹത്തിന്‍റെ മറുപടി ഇങ്ങനെയാണ്-
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഭക്ഷ്യവിതരണം നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു എന്നത് തികച്ചും വ്യാജമായ പ്രചരണമാണ്. അദ്ദേഹം ഇത്തരമൊരു ആവശ്യം ഉന്നയിച്ച് കോടതിയെ സമീപിക്കുകയോ മറ്റ് മാര്‍ഗങ്ങള്‍ സ്വീകരിക്കുകയോ ചെയ്തിട്ടില്ല. രാഷ്ട്രീയപരമായ അഭിപ്രായ വ്യത്യാസങ്ങളുടെ പേരില്‍ ബോധപൂര്‍വ്വം ജനങ്ങളെ തെറ്റദ്ധരിപ്പിക്കാന്‍ ചിലര്‍ ശ്രമിക്കുന്നതിന്‍റെ ഭാഗമാണ് ഈ വ്യാജപ്രചരണമെന്നും സുമോദ് വ്യക്തമാക്കി.
നിഗമനം
സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ ഭക്ഷ്യവസ്‌തുക്കളുടെ കിറ്റ് നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടില്ലെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ നിന്നും വ്യക്തമായി. അതുകൊണ്ട് തന്നെ പോസ്റ്റ് പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Title:സര്‍ക്കാരിന്‍റെ സൗജന്യ ഭക്ഷ്യവസ്‌തു വിതരണം നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല ഹൈക്കോടതിയെ സമീപിച്ചു എന്ന പ്രചരണം വ്യാജം.. വസ്‌തുത ഇതാണ്..
Fact Check By: Dewin CarlosResult: False
