ഈ വീഡിയോ പൗരത്വ ബില്ലിനെതിരെ പ്രതിഷേധിച്ച് ജിഹാദികൾ ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങൾ കത്തിക്കുന്നതിന്‍റെതല്ല.

രാഷ്ട്രീയം

വിവരണം 

സംഘപരിവാർ ഐച്ചേരി

എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2020 ജനുവരി ഒന്ന് മുതൽ പ്രചരിക്കുന്ന ഒരു വീഡിയോയാണ് ഇവിടെ നൽകിയിരിക്കുന്നത്. “#ഹിന്ദു #ദൈവങ്ങളുടെ #ഫോട്ടോ #കത്തിച്ചു #പൗരത്വബില്ലിനെതിരെ #ജിഹാദി #പ്രതിഷേധം.

മറുപടി പറയണം #കോൺഗ്രസ്സും #കമ്മ്യൂണിസ്റ്റും…” എന്ന അടിക്കുറിപ്പിൽ പോസ്റ്റിൽ നൽകിയിരിക്കുന്നത് ഒരു സംഘം ആളുകൾ മുദ്രാവാക്യങ്ങൾ മുഴക്കി പ്രതിഷേധിച്ചുകൊണ്ട് ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങൾ ശേഖരിക്കുകയും അവ കൂട്ടത്തോടെ കത്തിച്ചു കളയുകയും ചെയ്യുന്ന ദൃശ്യങ്ങളാണുള്ളത്. 

archived linkFB post

പൗരത്വ ബില്ലിനെതിരെ  ജിഹാദികൾ ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങൾ കത്തിച്ചു കളയുന്ന ദൃശ്യങ്ങളാണിത് എന്ന് പോസ്റ്റ് അവകാശപ്പെടുന്നു. സംഭവം എവിടെയാണ് നടന്നത്, ഏതു സംഘടനയാണ് ഇത് ചെയ്യുന്നത് എന്ന കാര്യങ്ങളൊന്നും പോസ്റ്റിൽ വ്യക്തമാക്കിയിട്ടില്ല. 

ഈ സംഭവം യാഥാർത്ഥത്തിൽ പോസ്റ്റിൽ നൽകിയിരിക്കുന്നത് പോലെ പൗരത്വ ബില്ലിനെതിരെ പ്രതിഷേധിക്കുന്നതിന്‍റെ ഭാഗമായി ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങൾ കത്തിക്കുന്ന ദൃശ്യങ്ങളാണോ…? നമുക്ക് അന്വേഷണത്തിലൂടെ അറിയാം 

വസ്തുതാ വിശകലനം 

ഇതേ വീഡിയോ നിരവധി ഫേസ്ബുക്ക് പേജുകളില്‍ നിന്ന് പ്രചരിക്കുന്നുണ്ട് എന്ന് കീ വേര്‍ഡ് സെര്‍ച്ചില്‍ മനസ്സിലായി.

ഞങ്ങൾ ഇൻവിഡ് എന്ന വീഡിയോ അനലൈസിങ് ടൂളുപയോഗിച്ച് പോസ്റ്റിലെ വീഡിയോ വിവിധ ഫ്രയിമുകളായി വിഭജിച്ച് ആ സ്ക്രീൻഷോട്ടുകൾ ഉപയോഗിച്ച് ഓൺലൈനിൽ തിരഞ്ഞു നോക്കി. അപ്പോൾ ഈ വീഡിയോ പൗരത്വ ബില്ലിനെതിരെയുള്ള പ്രതിഷേധത്തിന്‍റെ ഭാഗമായി ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങൾ കത്തിക്കുന്നതല്ല എന്ന് മനസ്സിലായി. കാരണം ഈ വീഡിയോ 2018  ഓഗസ്റ്റ് മുതൽ ഇന്‍റർനെറ്റിൽ പ്രചരിക്കുന്നതാണ്. അന്വേഷണത്തിൽ ഞങ്ങൾക്ക് ലഭിച്ചതിൽ നിന്ന് ചില ഉദാഹരണങ്ങൾ താഴെ കൊടുക്കുന്നു.

archived linkyoutube
archived linkfacebook
archived linktwitter
2018 ഓഗസ്റ്റ് 14 നു Shwetha Gurumurthy  എന്ന പ്രൊഫൈലിൽ നിന്നും പ്രസിദ്ധീകരിച്ച പോസ്റ്റിൽ  “ഭരണഘടയുടെ പകർപ്പുകൾ കത്തിച്ചു കളഞ്ഞ സംഘികളുടെ നടപടിയിൽ പ്രതിഷേധിച്ച് യുവ അംബേദ്ക്കറിസ്റ്റുകൾ ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങൾ കത്തിക്കുന്നു” എന്ന അടിക്കുറിപ്പോടെ ഈ വീഡിയോ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

മാംഗ്ളൂരിലാണ് സംഭവം എന്ന് കണ്ടതുമൂലം ഞങ്ങൾ വീഡിയോയിലെ സംഭാഷണം കന്നഡ ഭാഷയിരിക്കാം എന്ന് ഊഹിച്ച്  ബാംഗ്ലൂർ നിവാസിയും യൽ ആഡ് വർക്സ് എന്ന കമ്പനിയിൽ ഗ്രാഫിക് ഡിസൈനറുമായ അനിത സുരേഷിനോട് സംഭാഷണത്തിന്‍റെ അർത്ഥം അന്വേഷിച്ചു. “സംഘപരിവാർ,  ഭരണഘടനയ്ക്ക് എതിരായവർ, അംബേദ്കറിനെ എതിർക്കുന്നവർ, ബ്രാഹ്മണിസം ആഗ്രഹിക്കുന്നവർ, വേദ ക്രമം, ബ്രാഹ്മണ്യം, ഹിന്ദു മതം മുർദാബാദ്, ഇവയെല്ലാം തുലയട്ടെ.. അംബേദ്ക്കർ സിന്ദാബാദ്… ഇതൊക്കെയാണ് കന്നഡ ഭാഷയില്‍ അവർ വിളിച്ചു പറയുന്നത് എന്ന് മറുപടി ലഭിച്ചു.

ഈ വീഡിയോ എപ്പോഴാണ് ആദ്യമായി അപ്‌ലോഡ് ചെയ്യപ്പെട്ടതെന്നും സംഭവം യഥാർത്ഥത്തിൽ എന്താണെന്നും വ്യക്തമായ വിവരങ്ങൾ ഞങ്ങൾക്ക്  ലഭിച്ചില്ല. എന്നാൽ ഈ സംഭവത്തിനു പൗരത്വ ബില്ലുമായി യാതൊരു ബന്ധവുമില്ല എന്ന് വ്യക്തമാണ്. 

നിഗമനം 

ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വീഡിയോയുടെ ഒപ്പം നൽകിയിരിക്കുന്ന വിവരണം പൂർണ്ണമായും തെറ്റാണ്. പൗരത്വ ബില്ലിനെതിരെ ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങൾ കത്തിച്ച്  ജിഹാദികൾ പ്രതിഷേധിക്കുന്നത്തിന്‍റെ ദൃശ്യങ്ങളല്ല പോസ്റ്റിലുള്ളത്. മംഗലാപുരത്ത് ആർഎസ്എസുകാർ ഭരണഘടനയുടെ കോപ്പി കത്തിച്ചതിനെതിരെ അംബേദ്‌കർ സേന പ്രവർത്തകർ പ്രതിഷേധ സൂചകമായി ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങൾ കത്തിച്ചു കളയുന്നതിന്‍റെ വീഡിയോ ആണെന്ന് അനുമാനിക്കുന്നു. 2018 ഓഗസ്റ്റിലാണ് വീഡിയോ ആദ്യമായി ഇന്‍റർനെറ്റിൽ പ്രത്യക്ഷപ്പെട്ടിരുന്നു.  അതുകൊണ്ട് തന്നെ വീഡിയോയ്ക്ക് പൗരത്വ ബില്ലിനെതിരെയുള്ള പ്രതിഷേധവുമായി യാതൊരു ബന്ധവുമില്ല എന്നു വ്യക്തമാണ്. 

ചില വസ്തുതാ അന്വേഷണ വെബ്സൈറ്റുകള്‍ ഇതേ വീഡിയോയുടെ മുകളില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. വീഡിയോയുടെ ഒപ്പം നല്കിയിരിക്കുന്ന വിവരണം തെറ്റാണ് എന്ന നിഗമനത്തിലാണ് അവരും എത്തിച്ചേര്‍ന്നത്.  

Avatar

Title:ഈ വീഡിയോ പൗരത്വ ബില്ലിനെതിരെ പ്രതിഷേധിച്ച് ജിഹാദികൾ ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങൾ കത്തിക്കുന്നതിന്‍റെതല്ല.

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •