FACT CHECK – ആലപ്പുഴ ബൈപ്പാസിന്‍റെ ജോയിന്‍റ് അടര്‍ന്നു വീണു എന്ന പ്രചരണം വ്യാജം; വസ്‌തുത അറിയാം..

സാമൂഹികം

വിവരണം

ആലപ്പുഴ എലിവേറ്റഡ് ബൈപ്പാസിന്റെ ഒരു ജോയിന്റ് അടർന്നു വീണു.. പണിത കമ്പനി പാലാരിവട്ടം ഫെയിം ആർ.ഡി.എസ്. തന്നെയാണ്…. എന്ന തലക്കെട്ട് നല്‍കി ആലപ്പുഴ ബൈപ്പാസിന്‍റെ ഒരു ഭാഹത്തെ സിമിന്‍റ് പ്ലാസ്റ്റരിങ് അടര്‍ന്ന് മാറിയ ഒരു ചിത്രം കഴിഞ്ഞ ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

സുരേഷന്‍ ബാലകൃഷ്ണന്‍ എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 139ല്‍ അധികം റിയാക്ഷനുകളും 158ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്.

ഇതാണ് കോണ്‍ക്രീറ്റ് പ്ലാസ്റ്ററിങ് അടര്‍ന്നു വീണു എന്ന പേരില്‍ പ്രചരിക്കുന്ന ചിത്രം-

Facebook PostArchived Link

എന്നാല്‍ ചിത്രത്തില്‍ കാണുന്നത് പോലെ ബൈപാസിന്‍റെ ജോയിന്‍റ് അടര്‍ന്നു വീണു എന്നത് വാസ്‌തവമാണോ. ഇത് പാലത്തിന്‍റെ ബലക്കുറവും ഗുണനിലവാരമില്ലായിമയും അഴിമതിയും സൂചിപ്പിക്കുന്നതാണോ. വസ്‌തുത പരിശോധിക്കാം.

വസ്‌തുത വിശകലനം

പാലാരിവട്ടം പാലം നിര്‍മ്മിച്ച ആര്‍‍ഡിഎസ് എന്ന കമ്പനി പിന്നീട് കരിമ്പട്ടികയില്‍ ആകുകയും അഴിമതിയുടെ പേരില്‍ ഏറെ വിമര്‍ശനങ്ങള്‍ കേള്‍ക്കുകയും ചെയ്ത കമ്പനിയാണ്. അതെ കമ്പനി നിര്‍മ്മിച്ച പാലം ആയതിനാല്‍ ഗുണനിലവാരത്തില്‍ വീഴ്ച്ചയുണ്ടായിട്ടുണ്ടോയെന്നും ഇത് പാലാരിവട്ടം പോലെ ബലക്ഷയമുണ്ടാകുമോയെന്നും സമൂഹമാധ്യമങ്ങളില്‍ ചിലര്‍ ആശങ്കയോടെ ചര്‍ച്ചകള്‍ നടത്തുന്നുമുണ്ട്. അതിനിടയിലാണ് ആലപ്പുഴ ബൈപ്പാസ് നിര്‍മ്മാണം 99 ശതമാനം പൂര്‍ത്തീകരിച്ചപ്പോള്‍ ജോയിന്‍റ് അടര്‍ന്നു വീണു എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ ഒരു ചിത്രം സഹിതം പ്രചരിക്കാന്‍ തുടങ്ങിയത്. ഒറ്റനോട്ടത്തില്‍ ഗുരുതരമായ വീഴ്ച്ചയെ തുടര്‍ന്നുള്ള നിര്‍മ്മാണത്തിലെ പാളിച്ചയായി തന്നെ ഇത് തോന്നിയേക്കും. എന്നാല്‍ ഇത് ബലക്ഷയം മൂലം തകര്‍ന്നു വീണ ഭാഗമാണോ. വസ്‌തുത അറിയാനായി ഞങ്ങളുടെ പ്രതിനിധി ദേശീയപാത വിഭാഗം പൊതുമരാമത്ത് വകുപ്പ് എക്‌സ്ക്യൂട്ടീവ് എന്‍ജിനീയറുമായി ഫോണില്‍ ബന്ധപ്പെട്ടു. അദ്ദേഹം നല്‍കിയ വിശദീകരണം ഇങ്ങനെയാണ്-

ഗര്‍ഡറുകള്‍ക്ക് മുകളിലെ രണ്ട് സ്പാനുകള്‍ക്ക് ഇടിയിലുള്ള എക്‌സ്പാന്‍ഷന്‍ ജോയിന്‍റുകളില്‍ രണ്ടാമത് കോണ്‍ക്രീറ്റ് ചെയ്യാനായി ആദ്യഘട്ട പ്രവര്‍ത്തനത്തിന് ശേഷം ജാക്ക് ഹാമര്‍ ഉപയോഗിച്ച് പൊളിച്ച് മാറ്റുന്ന സ്വാഭാവിക പ്രക്രിയയാണിത്. സ്ട്രിപ്പ് സീല്‍ എക്‌സ്പാന്‍ഷന്‍ ജോയിന്‍റിന്‍റെ ജോലികള്‍ക്കായി ഹാമര്‍ ഉപയോഗിച്ച് പൊളിച്ചു മാറ്റിയപ്പോള്‍ അടര്‍ന്നിട്ടും താഴെ സിമിന്‍റ് പ്ലാസ്റ്ററിങ് അടര്‍ന്നു വീണ ശേഷമുള്ള ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ തെറ്റായ സന്ദേശം നല്‍കി പ്രചരിപ്പിക്കുന്നത്. അന്തരീക്ഷതാപം മൂലമുണ്ടാകുന്ന മര്‍ദ്ദമൊഴിവാക്കാനാണ് സട്രിപ്പ് സീല്‍ എക്‌സപാന്‍ഷന്‍ ജോയിന്‍റില്‍ ഇത്തരത്തില്‍ ഒരു പ്രക്രിയ നടത്തുന്നത്. സ്വാഭാവികമായി ഇത്തരത്തില്‍ കോണ്‍ക്രീറ്റ് പ്ലാസ്റ്ററിങ് അടര്‍ന്ന് മാറുമ്പോള്‍ അത് രണ്ടാമത് സിമിന്‍റ് ചെയ്ത് പൂര്‍വസ്ഥിതിയിലേക്ക് മാറ്റുകയും ചെയ്യും. ചിത്രത്തില്‍ കാണുന്ന ഭാഗത്ത പില്ലറിന് മുകളില്‍ പ്ലാസ്റ്ററിങ് പൂര്‍ത്തീകരിച്ചിട്ടുണ്ട്. ആലപ്പുഴ ബൈപ്പാസ് സാങ്കേതികമായ എല്ലാ പരിശോധനകളും പൂര്‍ത്തകരിച്ചിട്ടുണ്ട്. ഭാരപരിശോധനയും ബലപരിശോധനയുമെല്ലാം പൂര്‍ത്തീകരിച്ച് ഉദ്ഘാടനത്തിന് ഏതാനം നാളുകള്‍ മാത്രം ബാക്കിനില്‍ക്കെ അപൂര്‍ണ്ണമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വ്യക്തമായ ധരണയില്ലാതെ ജനങ്ങള്‍ ഇത്തരം വ്യാജപ്രചരണങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. ഇത്തരത്തിലെന്ത് സംശയമുണ്ടെങ്കിലും പൊതുജനങ്ങള്‍ക്ക് പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട് വ്യക്തത വരുത്താം. എന്നാല്‍ പലരും സത്യം അറിയാന്‍ ശ്രമിക്കാത്തതാണ് ഇത്തരം ആശയക്കുഴപ്പങ്ങള്‍ക്ക് കാരണമെന്നും പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പറഞ്ഞു.

ആലപ്പുഴ ബൈപ്പസിന്‍റെ ജോയിന്‍റ് അടര്‍ന്നു എന്ന് അവകാശവാദം ഉന്നയിച്ച് പ്രചരിച്ച ചിത്രം ബൈപ്പാസിന്‍റെ മേല്‍പ്പാലത്തിന്‍റെ 39-ാം പില്ലറിലാണെന്ന് ഞങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞു. എക്‌സ്പാന്‍ഷന്‍ ജോയിന്‍റിലെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിച്ച് പ്ലാസ്റ്ററിങ് ഉള്‍പ്പടെ പൊതുമരാമത്ത് വകുപ്പ് ഇടപെട്ട് പൂര്‍ത്തീകരിച്ചിട്ടുണ്ടെന്ന് ഞങ്ങളുടെ പ്രതിനിധി സ്ഥലം സന്ദര്‍ശിച്ച് ബോധ്യപ്പെടുകയും ചെയ്തു.

സട്രിപ് സീല്‍ എക്‌സ്പെന്‍ഷന്‍ ജോയിന്‍റ് നിര്‍മ്മാണ പ്രവര്‍ത്തനത്തിനിടയിലുള്ള ചിത്രവും ഇപ്പോള്‍ അതായത് 2020 ഡിസംബര്‍ 12നുള്ള ചിത്രം തമ്മിലുള്ള താരതമ്യം കാണാം. പ്ലാസ്റ്ററിങ് ഉള്‍പ്പടെയുള്ള പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടെന്ന് ചിത്രത്തില്‍ വ്യക്തമായി കാണാം-

നിഗമനം

ഗര്‍ഡറുകള്‍ക്ക് മുകളിലെ സ്പാനുകള്‍ക്ക് ഇടയില്‍ ചെയ്യുന്ന സ്ട്രിപ് സീല്‍ എക്‌സ്പാന്‍ഷന്‍ ജോലികള്‍ക്കിടിയിലുള്ള ചിത്രമാണ് ജോയിന്‍റ് അടര്‍ന്നു വീണു എന്ന തരത്തില്‍ പ്രചരിപ്പിച്ചതെന്ന് വ്യക്തമാണ്. ജോയിന്‍റ് എക്‌സ്പാന്‍ഷന്‍ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ച ശേഷം പൊളിച്ചുമാറ്റിയ പ്ലാസ്റ്ററിങ് ഉള്‍പ്പടെ വീണ്ടും ചെയ്ത് പൂര്‍വ്വസ്ഥിതിയിലാക്കുകയും ചെയ്തിട്ടുണ്ട്. അതിനാല്‍ പ്രചരണം പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Avatar

Title:ആലപ്പുഴ ബൈപ്പാസിന്‍റെ ജോയിന്‍റ് അടര്‍ന്നു വീണു എന്ന പ്രചരണം വ്യാജം; വസ്‌തുത അറിയാം..

Fact Check By: Dewin Carlos 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •