FACT CHECK – കോടികള്‍ വിലമതിക്കുന്ന ബെന്‍സിന്‍റെ ജി വാഗണ്‍ മോഡല്‍ വാഹനമാണോ വൈറലായി കര്‍ഷക സമരത്തിന്‍റെ പേരില്‍ പ്രചരിക്കുന്നത്.. വസ്‌തുത ഇതാണ്..

രാഷ്ട്രീയം

ലോകത്തിനു മുന്നിൽ ഇന്ത്യ ഇപ്പോൾ അതിസമ്പന്ന രാജ്യമാണ്.കാരണം സമരം ചെയ്യുന്ന ലോകത്തെ ഒരു ജനതയിലും ഇത്തരം ഒരു കാഴ്ച കാണാനാവില്ല. ബെൻസ് G വാഗണിൽ സമരം ചെയ്യാൻ വരുന്ന പാവപ്പെട്ട കർഷകർ. കുത്തക ബൂർഷ്വാ അമേരിക്കൻ കർഷകന്റെ കയ്യിൽ  ഒരു ഫോർഡ് F 150,  അല്ലെങ്കിൽ പരമാവധി ഡോഡ്ജ് റാം ഹെമി V8. അല്ലാതെ ബെൻസ് G വാഗൺ വാങ്ങാനുള്ള ഡോളറൊന്നും അവരുടെ കയ്യിൽ പോലും കാണില്ല.

ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദിന്റെ പേർസണൽ വണ്ടി ഇതേ G വാഗൺ തന്നെയാണ്.

എന്റെ ചോദ്യം ഇതാണ് : സത്യത്തിൽ ഇവന്മാരൊക്കെ ആരാ?  ഹു ആർ ദിസ്‌ പീപ്പിൾ?  തും സച് മേം കോൻ ഹൊ ഭായി? എന്ന തലക്കെട്ട് നല്‍കി കര്‍ഷക സമരത്തിനെത്തിയ പഞ്ചാബ് സ്വദേശികളായ സിഖ് കര്‍ഷകര്‍ ഒരു ആഡംബര വാഹനത്തിന് മുകളില്‍ ഇരുന്ന് പത്രം വായിക്കുന്ന ചിത്രം ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ആയുഷ് ശശിധരന്‍ എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 390ല്‍ അധികം റിയാക്ഷനുകളും 624ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്.

Facebook PostArchived Link

എന്നാല്‍ പോസ്റ്റില്‍ പ്രചരിക്കുന്നത് പോലെ ചിത്രത്തിലുള്ളത് കോടികള്‍ വിലയുള്ള മെര്‍സിഡസ് ബെന്‍സ് ജി വാഗണ്‍ എന്ന മോഡല്‍ തന്നെയാണോ? കോടികള്‍ വിലയുള്ള ആഡംബര വാഹനത്തില്‍ എത്തുന്ന കര്‍ഷകരാണോ സമരത്തില്‍ പങ്കെടുക്കുന്നത്? വസ്‌തുത പരിശോധിക്കാം.

വസ്‌തുത വിശകലനം

ചിത്രം പരിശോധിച്ചതില്‍ നിന്നും ഒറ്റനോട്ടത്തില്‍ വാഹനം മെര്‍സിഡസ് ബെന്‍സ് ജി വാഗണ്‍ എന്ന മോഡല്‍ ആണെന്ന് തന്നെ തോന്നിക്കുമെങ്കിലും ഇത് മോഡിഫൈഡ് വാഹനമാണെന്നും മന്‍പ്രീത് സിങ് എന്നാണ് ഉടമയുടെ പേരെന്നും ഇദ്ദേഹത്തിന്‍റെ  ഇന്‍സ്റ്റാഗ്രാം പ്രൊഫൈല്‍  സഹിതം പ്രചരിക്കുന്ന പോസ്റ്റിലെ കമന്‍റുകളില്‍ തന്നെ ചിലര്‍ കമന്‍റായി ഇട്ടതായി ശ്രദ്ധയില്‍പ്പെട്ടു. ഇത്തരത്തില്‍ മന്‍പ്രീത് സിങ് എന്ന വ്യക്തിയുടെ ഇന്‍സ്റ്റാഗ്രാം പ്രൊഫൈല്‍ പരിശോധിച്ചതില്‍ നിന്നും വാഹനത്തിന്‍റെ രജിസ്ട്രേഷന്‍ ഉള്‍പ്പടെ കാണാന്‍ കഴിയുന്ന വിധത്തിലുള്ള കൂടുതല്‍ ചിത്രങ്ങള്‍ ഞങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞു. PB 12 Z 8282 എന്നതാണ് ബെന്‍സ് ജി വാഗണ്‍ എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന കോടികള്‍ വിലമതിക്കുമെന്ന് അവകാശവാദം ഉന്നയിക്കുന്ന കര്‍ഷകരുടെ വാഹനത്തിന്‍റെ നമ്പര്‍ എന്നതും കണ്ടെത്താന്‍ കഴിഞ്ഞു. വാഹന രജിസ്ട്രേഷന്‍ സംബന്ധമായ വിവരങ്ങള്‍ ലഭിക്കുന്ന ആപ്പില്‍ രജിസ്ട്രേഷന്‍ നമ്പര്‍ നല്‍കി സെര്‍ച്ച് ചെയ്തപ്പോഴാണ് വാഹനം ജി വാഗണ്‍ അല്ലയെന്ന വസ്‌തുത സ്ഥിരീകരിക്കാന്‍ കഴിഞ്ഞത്. മന്‍പ്രീത് സിങ് എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഫോഴ്‌സ് എന്ന കമ്പനിയുടെ ഗൂര്‍ഖ എന്ന മോഡല്‍ വാഹനമാണിതെന്ന് മനസിലാക്കാന്‍ സാധിച്ചത്. ഗൂഗിളില്‍ ഫോഴ്‌സ് ഗൂര്‍ഖയുടെ വില പരിശോധിച്ചതില്‍ നിന്നും 9.75ലക്ഷം മുതല്‍ 13.30 ലക്ഷം രൂപ മാത്രമാണ് ഈ വാഹനത്തിന് വിപണയിലെ വില വരുന്നതെന്നും കണ്ടെത്താന്‍ സാധിച്ചു. അതായത് 2.31 കോടിയിലധികം വിലവരുന്ന ബെന്‍സ് ജി വാഗണ്‍ എന്ന വാഹനത്തിന്‍റെ മാതൃകയില്‍ മോഡിഫൈ ചെയ്തിരിക്കുന്ന ഫോഴ്‌സിന്‍റെ ഗൂര്‍ഖ എന്ന വാഹനം മാത്രമാണിതെന്നതാണ് വസ്‌തുത.

മന്‍പ്രീത് സിങിന്‍റെ ഇന്‍സ്റ്റാഗ്രാം പ്രൊഫൈലില്‍ പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങള്‍ കാണാം-

Instagram PostArchived Link

ഈ ചിത്രത്തില്‍ വാഹനത്തിന്‍റെ രജിസ്ട്രേഷന്‍ വ്യക്തമായി കാണാന്‍ സധിക്കും-

Instagram PostArchived Link

വാഹന രജിസ്ട്രേഷന്‍ വിവരം ഇപ്രകാരമാണ്-

ഫോഴ്‌സ് ഗൂര്‍ഖയുടെ വില-

നിഗമനം

കോടികള്‍ വിലമതിക്കുന്ന ബെന്‍സിന്‍റെ ജി വാഗണന്‍ എന്ന വാഹനത്തില്‍ കര്‍ഷക സമരത്തില്‍ പങ്കെടുക്കാന്‍ എത്തിയ കര്‍ഷകര്‍ എന്ന പേരില്‍ പ്രചരിക്കുന്നത് ബെന്‍സിന്‍റെ രൂപത്തില്‍ മോഡിഫൈ ചെയ്ത ഫോഴ്‌സ് ഗൂര്‍ഖ എന്ന വാഹനമാണെന്ന് അന്വേഷണത്തില്‍ നിന്നും കണ്ടെത്താന്‍ കഴിഞ്ഞു. അതുകൊണ്ട് തന്നെ പോസ്റ്റ് പ്രചരണങ്ങള്‍ പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Avatar

Title:കോടികള്‍ വിലമതിക്കുന്ന ബെന്‍സിന്‍റെ ജി വാഗണ്‍ മോഡല്‍ വാഹനമാണോ വൈറലായി കര്‍ഷക സമരത്തിന്‍റെ പേരില്‍ പ്രചരിക്കുന്നത്.. വസ്‌തുത ഇതാണ്..

Fact Check By: Dewin Carlos 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •