
വിവരണം
ഇവന്മാരൊക്കെത്തന്നെയാണ് ഡൽഹിയിലും മംഗലാപുരത്തും കലാപമുണ്ടാക്കി സ്വന്തംനാട് കത്തിച്ചത്.
ഇത്തരം മതതീവ്രവാദികളെ കുടുംബത്തോടെ രാജ്യത്തിൽനിന്നും പുറത്താക്കുകയാണ് വേണ്ടത്. എന്ന തലക്കെട്ട് നല്‍കി പഞ്ചാബി തലപ്പാവ് വെച്ച ഒരു യുവാവിന്‍റെ സെല്‍ഫി ചിത്രം ഇപ്പോള്‍ വൈറലാണ്. സിഖ് തലപ്പാവ് ധരിച്ച് കര്‍ഷക സമരം നടത്തുന്ന പോപ്പുലര്‍ ഫ്രണ്ടുകാരന്‍ തീവ്രവാദി നസീര്‍ മുഹമ്മദ് എന്ന പേരില്‍ ഒരു പോസ്റ്റ് വ്യാപകമായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കൂടാതെ ഇതോടൊപ്പം ഇയാളുടെ ഫെയ്‌സ്ബുക്ക് പ്രൊഫൈലിന്‍റെ സ്ക്രീന്‍ഷോട്ടും പോസ്റ്ററില്‍ ചേര്‍ത്തിട്ടുണ്ട്. ഒറ്റനോട്ടത്തില്‍ ബസ് തടയുന്നതെന്ന് തോന്നിക്കുന്ന ചിത്രമാണിത്. നസീര്‍ മുഹമ്മദ് എന്ന പേരിലുള്ള വ്യക്തിയുടെ പ്രൊഫൈലാണ് ഇതില്‍ പരാമര്‍ശിച്ചിട്ടുള്ളത്. വി ലവ് ഭാരതാംബ എന്ന പേരിലുള്ള ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 714ല്‍ അധികം റിയാക്ഷനുകളും 527ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്.

എന്നാല്‍ പ്രചരിക്കുന്നത് പോലെ ചിത്രത്തിലുള്ളത് കര്‍ഷക സമരത്തില്‍ പങ്കെടുത്ത പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകന്‍റെ ചിത്രമാണോ? ഇയാള്‍ സമരത്തില്‍ പങ്കെടുത്ത് ബസ് തടയുകയോ മറ്റോ ചെയ്യുന്നതാണോ സെല്‍ഫിയിലുള്ളത്? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
ആദ്യം തന്നെ Nazeer Mohd എന്ന ഫെയ്‌സ്ബുക്ക് പ്രൊഫൈല്‍ ഞങ്ങള്‍ സെര്‍ച്ച് ചെയ്ത് കണ്ടെത്തുകയാണ് ചെയ്തത്. ഫെയ്‌സ്ബുക്ക് പ്രചരണത്തിന് ഉപയോഗിച്ചിരിക്കുന്ന ചിത്രം അദ്ദേഹത്തിന്‍റെ പ്രൊഫൈലില്‍ ഉണ്ടോയെന്ന് അറിയാന്‍ അധികം സമയം ചിലവാക്കേണ്ടി വന്നില്ല. Nazeer Mohd തന്‍റെ ഫെയ്‌സ്ബുക്ക് പ്രൊഫൈലിലിന് കവര്‍ ഫോട്ടോ ഇട്ടിരിക്കുന്നത് തന്നെ അതെ സെല്‍ഫിയാണ്. എന്നാല്‍ ഇത് ഇപ്പോള്‍ ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭത്തിനിടയില്‍ പങ്കെടുത്ത് സെല്‍ഫിയെടുത്തതല്ലെന്നതാണ് വസ്‌തുത. കാരണം 2020 ഏപ്രില്‍ എട്ടിനാണ് നസീര്‍ മുഹമ്മദ് ആദ്യമായി ഈ ചിത്രം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നതെന്ന് ചിത്രം അപഡേറ്റ് ചെയ്തിരിക്കുന്ന തീയതിയില്‍ നിന്നും തന്നെ വ്യക്തമാണ്. കൂടാതെ കാര്‍ഷിക ബില്ലുമായി ബന്ധപ്പെട്ട മൂന്ന് പ്രധാനപ്പെട്ട ഓര്‍ഡിനന്‍സുകള്‍ ജൂണ്‍ മാസത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചത്. പിന്നീട് രണ്ട് മാസങ്ങള്‍ക്ക് ശേഷം സെപ്റ്റംബറിലാണ് ബില്ല് നിയമമായി നടപ്പിലാക്കിയതും. അതുകൊണ്ട് തന്നെ ഏപ്രിലില്‍ ഫെയ്‌സ്ബുക്കില്‍ നസീര്‍ മുഹമ്മദ് പങ്കുവെച്ച ചിത്രം കര്‍ഷക പ്രക്ഷോഭത്തിന്‍റെ ഭാഗാമായി പങ്കെടുത്തതിന്‍റെയല്ലെന്ന് കൂടുതല്‍ വ്യക്തം.
ഏപ്രില്‍ എട്ടിന് നസീര്‍ മുഹമ്മദ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്ന ചിത്രം കാണാം-

പ്രചരിക്കുന്ന ചിത്രത്തിലുള്ള വ്യക്തി പോപ്പുലര്‍ ഫ്രണ്ട്-എസ്‌ഡിപിഐ പ്രവര്‍ത്തകനാണോ എന്ന് അറിയാന്‍ ഞങ്ങളുടെ പ്രതിനിധി എസ്‌ഡിപിഐ ദേശീയ പ്രസിഡന്‍റും പോപ്പുലര്‍ ഫ്രണ്ട് നേതാവുമായി എം.കെ.ഫൈസുമായി ഫോണില്‍ ബന്ധപ്പെട്ടു. അദ്ദേഹത്തിന്‍റെ പ്രതികരണം ഇങ്ങനെയാണ്-
“പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ടിനോ എസ്‌ഡിപിഐയ്‌ക്കോ സംസ്ഥാന ഘടകങ്ങളും പ്രവര്‍ത്തകരുമില്ല. ഇതുവരെ സംഘടന ഈ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല അതുകൊണ്ട് തന്നെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനാണ് ചിത്രത്തിലുള്ളതെന്നത് വ്യാജ പ്രചരണമാണ്.”
നിഗമനം
ജൂണില്‍ കര്‍ഷക ബില്ല് ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ച് സെപ്റ്റംബറിലാണ് നിയമം പ്രാബല്യത്തില്‍ വന്നത്. ഇപ്പോള്‍ അതുമായി ബന്ധപ്പെട്ട് നടക്കുന്ന സമരത്തില്‍ പങ്കെടുക്കുന്ന വ്യക്തിയുടെ ചിത്രം എന്ന പേരില്‍ പ്രചരിക്കുന്നത് ഓര്‍ഡിനന്‍സ് പോലും പുറപ്പെടുവിക്കുന്നതിന് രണ്ട് മാസം മുന്‍പ് അതായത് ഏപ്രില്‍ 10ന് അദ്ദേഹം തന്നെ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച ചിത്രമാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ പോസ്റ്റ് പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Title:വേഷം മാറി കര്‍ഷക പ്രക്ഷോഭത്തില്‍ പങ്കെടുക്കാന്‍ എത്തിയ ഇസ്ലാം തീവ്രവാദിയുടെ ചിത്രമെന്ന പേരിലുള്ളത് വ്യാജ പ്രചരണം? വസ്‌തുത അറിയാം..
Fact Check By: Dewin CarlosResult: False
