ഇ.പി.ജയരാജന്‍ ബിജെപിയിലേക്ക് എന്ന സമൂഹമാധ്യമങ്ങളിലെ പ്രചരണം വ്യാജം.. വസ്‌തുത ഇതാണ്..

രാഷ്ട്രീയം

വിവരണം

എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ സജീവ രാഷ്ട്രീയത്തില്‍ നിന്നും പിന്‍മാറുന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സിപിഎമ്മിനോടും സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളോടുമുള്ള അതൃപ്തിയിാണ് ജയരാജന്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ നിന്നും വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇ.പി.ജയരാജന്‍ ബിജെപിയിലേക്ക് എന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരണം നടക്കുന്നത്. ഇ.പി.ജയരാജന്‍ ബിജിപിയിലേക്ക്.. എന്ന തലക്കെട്ട് നല്‍കി ഹുസൈന്‍ ഇളേടത്ത് ഹുസൈന്‍ ഇളേടത്ത് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റിന്  ഇതുവരെ 24ല്‍ അധികം റിയാക്ഷനുകളും നിരവധി ഷെയറുകളും ലഭിച്ചിട്ടുണ്ട്-

Facebook Post Archived Screenshot 

എന്നാല്‍ യഥാര്‍ത്ഥത്തില്‍ എല്‍ഡിഎഫ് കണ്‍വീനറും മുന്‍ മന്ത്രിയുമായിരുന്ന ഇ.പി.ജയരാജന്‍ സിപിഎമ്മിനോടും സര്‍ക്കാരിനോടുമുള്ള അതൃപ്തി മൂലമാണോ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ നിന്നും മാറി നില്‍ക്കുന്നത്? അദ്ദേഹം ബിജെപിയിലേക്ക് എന്ന പ്രചരണം വസ്‌തുതാപരമാണോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് അറിയാം.

വസ്‌തുത ഇതാണ്

ഫാക്‌ട് ക്രെസെന്‍‍ഡോ മലയാളം ഇ.പി.ജയരാജനുമായി ഫോണില്‍ ബന്ധപ്പെട്ടു വിവാദങ്ങളെ കുറിച്ച് അന്വേഷിച്ചതില്‍ നിന്നും അദ്ദേഹം നല്‍കിയ മറുപടി ഇങ്ങനെയാണ്. കടുത്ത ആരോഗ്യ പ്രശ്നങ്ങളുള്ളതിനാല്‍ സിപിഎമ്മില്‍ അവധിക്ക് അപേക്ഷിച്ചിരുന്നു. പാര്‍ട്ടി ഇത് അംഗീകരിക്കുകയും ചെയ്തു. ഇതെ തുടര്‍ന്ന് തിരുവനന്തപുരത്ത് ഗവര്‍ണര്‍ക്കെതിരെ എല്‍ഡിഎഫ് സംഘടപ്പിച്ച സമര പരിപാടികളില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. ആരോഗ്യ പ്രശ്നങ്ങള്‍ വകവയ്ക്കാതെ നേരത്തെ തീരുമാനിച്ച ചില പരിപാടികളില്‍ പങ്കെടുത്തതോടെ ആരോഗ്യ പ്രശ്നങ്ങള്‍ രൂക്ഷമായെന്നും ഇതെ തുടര്‍ന്നുള്ള ഊഹ പോഹങ്ങളുടെ പേരിലാണ് മാധ്യമങ്ങള്‍ അപവാദ പ്രചരണങ്ങള്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയിലേക്ക് പോകുമെന്ന പ്രചരണവും കോണ്‍ഗ്രസുകാര്‍ മെനഞ്ഞ കഥ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇ.പി.ജയരാജനെതിരെ ഉയര്‍ന്ന പ്രചരണങ്ങളുടെ സാഹചര്യത്തില്‍ അദ്ദേഹം തന്‍റെ ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ച പോസ്റ്റ്-

Facebook Post 

നിഗമനം

പ്രചരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് ഇ.പി.ജയരാജന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:ഇ.പി.ജയരാജന്‍ ബിജെപിയിലേക്ക് എന്ന സമൂഹമാധ്യമങ്ങളിലെ പ്രചരണം വ്യാജം.. വസ്‌തുത ഇതാണ്..

Fact Check By: Dewin Carlos 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •