FACT CHECK – നിവിന്‍ പോളി കോണ്‍ഗ്രസില്‍ ചേര്‍ന്നു എന്ന പേരില്‍ വ്യാജ പ്രചരണം.. വസ്‌തുത ഇതാണ്..

രാഷ്ട്രീയം

വിവരണം

നിവിന്‍ പോളി കോണ്‍ഗ്രസില്‍.. പ്രതിപക്ഷ നേതാവില്‍ നിന്നും കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചു. കണ്ണിന് കുളിര്‍മ്മ ഏകുന്ന കാഴ്ച്ച.. എന്ന തലക്കെട്ട് നല്‍കി രമേശ് ചെന്നിത്തലയ്ക്കും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ഒപ്പം സെല്‍ഫി എടുക്കുന്ന ചലച്ചിത്രതാരം നിവിന്‍ പോളിയുടെ ചിത്രം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കേസരി എന്ന പേരിലുള്ള പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 177ല്‍ അധികം റിയാക്ഷനുകളും 231ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്.

Facebook PostArchived Link

എന്നാല്‍ ചലച്ചിത്ര താരം നിവിന്‍ പോളി കോണ്‍ഗ്രസില്‍ അംഗത്വം എടുത്തോ? പ്രതിപക്ഷ നേതാവില്‍ നിന്നും അംഗത്വം സ്വീകരിക്കുന്ന ചിത്രമാണോ ഇപ്പോള്‍ പ്രചരിക്കുന്നത്? വസ്‌തുത പരിശോധിക്കാം.

വസ്‌തുത വിശകലനം

ആദ്യം തന്നെ രമേശ് ചെന്നിത്തല, നിവിന്‍ പോളി എന്ന കീ വേര്‍ഡുകള്‍ ഉപയോഗിച്ച് ഗൂഗിളില്‍ സെര്‍ച്ച് ചെയ്തതില്‍ നിന്നും ഏഷ്യാനെറ്റ് ന്യൂസിന്‍റെ വാര്‍ത്തയുടെ യൂട്യൂബ് ലിങ്കാണ് കണ്ടെത്താന്‍ കഴിഞ്ഞത്. ലിങ്ക് പരിശോധിച്ചതില്‍ നിന്നും 2016 ഫെബ്രുവരി 17ന് ഏഷ്യാനെറ്റ് റിപ്പോര്‍ട്ട് ചെയ്ത ഒരു വാര്‍ത്തയാണ് യൂട്യൂബില്‍ പങ്കുവെച്ചിരിക്കുന്നതെന്ന് കണ്ടെത്തി. കേരള പോലീസിനെ കുറിച്ചുള്ള കഥ അവതരിപ്പിച്ച നിവിന്‍ പോളിയുടെ സൂപ്പര്‍ഹിറ്റ് സിനിമയായ ആക്ഷന്‍ ഹീറോ ബിജു എന്ന സിനിമ പുറത്തിറങ്ങിയ ശേഷം അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തല അദ്ദേഹത്തിന്‍റെ ഓഫിസിലേക്ക് നിവിന്‍ പോളിയെ വിളിച്ച് വരുത്തി അഭിനന്ദിച്ചിതിനെ കുറിച്ചാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ സന്ദര്‍ഭത്തില്‍ നിവിന്‍ പോളി ആഭ്യന്തര മന്ത്രിയായ രമേശ് ചെന്നിത്തലയുമൊത്ത് സെല്‍ഫി എടുക്കുന്നതും വാര്‍ത്തയിലുണ്ട്. ഇപ്പോള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നത്തലയില്‍ നിന്നും നിവിന്‍ പോളി കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ച ശേഷമുള്ള ചിത്രമെന്ന പേരില്‍ പ്രചരിക്കുന്നതെന്ന് ഇതോടെ വ്യക്തമായി കഴിഞ്ഞു.

കൂടാതെ നിവിന്‍ പോളിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായും ഞങ്ങളുടെ പ്രതിനിധി ഫോണില്‍ ബന്ധപ്പെട്ടു അദ്ദേഹത്തിന്‍റെ മറുപടി ഇങ്ങനെയാണ്-

കോണ്‍ഗ്രസിനെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെയും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും ബഹുമാനിക്കുന്ന വ്യക്തിയാണ് നിവിന്‍. ഇതുവരെ ഒരു പാര്‍ട്ടിയുടെ അംഗത്വം അദ്ദേഹം സ്വീകരിച്ചിട്ടില്ലെന്നും വ്യക്തമാക്കി. മാധ്യമങ്ങളിലും ഇത്തരത്തില്‍ നിവിന്‍ പോളി കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചു എന്ന തരത്തില്‍ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

കീവേര്‍‍ഡ് സെര്‍ച്ചില്‍ ലഭിച്ച റിസള്‍ട്ട് ഇപ്രകാരമാണ്-

യൂട്യൂബ് വീഡിയോ-

രമേശ് ചെന്നിത്തലയ്ക്ക് ഒപ്പം നിവിന്‍ സെല്‍ഫി എടുക്കുന്നത് വീഡിയോയില്‍ കാണാം (യൂട്യൂബ് സ്ക്രീന്‍ഷോട്ട്)-

നിഗമനം

2016ല്‍ കേരള പോലീസിനെ കുറിച്ചുള്ള കഥ അവതരിപ്പിച്ച് പുറത്തിറങ്ങിയ ആക്ഷന്‍ ഹീറോ ബിജു എന്ന സിനിമയെ അഭിന്ദിക്കാനായി അന്നത്തെ ആഭ്യന്തരമന്ത്രിയായ രമേശ് ചെന്നിത്തല അദ്ദേഹത്തിന്‍റെ ഓഫിസിലേക്ക് നിവിന്‍ പോളിയെ ക്ഷണിച്ചപ്പോള്‍ എടുത്ത സെല്‍ഫി ചിത്രമാണ് ഇപ്പോള്‍ നിവിന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു എന്ന പേരില്‍ പ്രചരിക്കുന്നതെന്ന് വ്യക്തമായി കഴിഞ്ഞു. കൂടാതെ നിവിന്‍ പോളി ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും അംഗമല്ലെന്ന് അദ്ദേഹത്തിന്‍റെ പ്രൈവറ്റ് സെക്രട്ടറി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Avatar

Title:നിവിന്‍ പോളി കോണ്‍ഗ്രസില്‍ ചേര്‍ന്നു എന്ന പേരില്‍ വ്യാജ പ്രചരണം.. വസ്‌തുത ഇതാണ്..

Fact Check By: Dewin Carlos 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published. Required fields are marked *