
വിവരണം
ഇടുക്കിയിൽ പിണറായി സർക്കാർ നാല് ലക്ഷത്തി നാൽപതിനായിരം രൂപ ചിലവിട്ട് പ്രത്യേക മെറ്റീരിയൽ ഉപയോഗിച്ച് നിർമിച്ച പുതിയ അണക്കെട്ട് കേരളത്തിലെ ഓരോ പൗരനും കണ്ടിരിക്കണം .
എന്നിട്ട് നിങ്ങൾ തീരുമാനിക്കണം ഇവറ്റകളേയൊക്കെ അടുത്ത തെരെഞെടുപ്പിൽ വിജയിപ്പിക്കണോ വേണമോയെന്ന് .
ഇവരെ സമ്മതിക്കണം അല്ലേ എന്ന തലക്കെട്ട് നല്‍കി ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മൂന്നാറിലേക്ക് യാത്ര പോയപ്പോള്‍ യാദൃശ്ചികമായി ഒരു അണക്കെട്ട് കണ്ടെന്നും 4,40,000 രൂപ മുതല്‍മുടക്കില്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍മ്മിച്ച പാലമാണിതെന്നും പറഞ്ഞ് വിവരിക്കുന്ന വീഡിയോ ആക്ഷേപ ഹാസ്യ രൂപേണയാണ് അവതരിപ്പിച്ചിരിക്കുന്നത്. വെറും മരത്തടിയുടെ കഷണങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്ന അണക്കെട്ട് വന്‍ അഴിമതിയുടെ തെളിവാണെന്നാണ് വീഡിയോയിലൂടെ യുവാവ് പ്രചരിപ്പിക്കുന്നത്. മലപ്പുറത്തെ ലീഗുകാര്‍ എന്ന പേരിലുള്ള പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 28ല്‍ അധികം റിയാക്ഷനുകളും 48ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്.
എന്നാല്‍ യഥാര്‍ത്ഥത്തില്‍ 4,40,000 രൂപ മുതല്‍ മുടക്കി സംസ്ഥാന സര്‍ക്കാര്‍ നിര്‍മ്മിച്ച അണക്കെട്ട് പദ്ധതിയാണോ ഇത്? സര്‍ക്കാര്‍ പദ്ധതി പ്രകാരം നിര്‍മ്മിക്കുന്ന അണക്കെട്ടിന് അരികില്‍ നിന്നാണ് യുവാക്കള്‍ വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
പ്രചരണത്തെ കുറിച്ചുള്ള വസ്‌തുത അറിയാന്‍ മൂന്നാര്‍ ഗ്രാമപഞ്ചായത്തുമായി ഞങ്ങളുടെ പ്രതിനിധി ഫോണില്‍ ബന്ധപ്പെട്ടു. വീഡിയോ തികച്ചും അടിസ്ഥാന രഹിതമാണെന്ന് പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കി. ചെറു തണ്ണീര്‍ത്തടം സംരക്ഷിക്കുന്നതിനും മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി പ്രകാരം തൊഴിലുറപ്പ് തൊഴിലാളികള്‍ നിര്‍മ്മിക്കുന്ന ബ്രഷ്‌വുഡ് ചെക്ക് ഡാമാണ് ഇവിടെ നിര്‍മ്മിച്ചിരിക്കുന്നത്. അതും നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുമില്ല. ജല ദൗര്‍ലഭ്യമുള്ള ഗ്രാമീണ മേഖലകളില്‍ വെള്ളം തടഞ്ഞു നിര്‍ത്താനും ജലമണ്ണ് സംരക്ഷണത്തിന്‍റെ ഭാഗമായിട്ടുമാണ് ചെക്ക് ഡാം നിര്‍മ്മിക്കുന്നത്. ഇതുപോലെ സമാനമായ നിര്‍മ്മാണങ്ങള്‍ പഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കുന്നുണ്ടെന്നും ഇതിന് വേണ്ടി വരുന്ന ആകെ തുകയാണ് അടങ്കല്‍ തുകയായി ബോര്‍ഡില്‍ രേഖപ്പെടുത്തിരിയിരിക്കുന്നതെന്നും പഞ്ചായത്ത് അധികാരികള്‍ വ്യക്തമാക്കി. പൊതുമരാമത്ത് വകുപ്പോ കെഎസ്ഇബിയോ നിര്‍മ്മിക്കുന്ന അണക്കെട്ടുകള്‍ പോലെയുള്ളവയല്ല ബ്രഷ്‌വുഡ് ചെക്ക് ഡാമെന്ന് പോലുമുള്ള പ്രാഥമിക അറിവില്ലാതെയാണ് ചിലര്‍ അവരുടെ അറിവില്ലായിമ മറ്റുള്ളവരെ തെറ്റ്ദ്ധരിപ്പിക്കാന്‍ ഉപയോഗിക്കുന്നതെന്നും പഞ്ചായത്ത് അധികൃതര്‍ വിമര്‍ശിച്ചു. വ്യാജ പ്രചരണത്തിനെതിരെ നിയമ നടപടിക്ക് ഒരുങ്ങുകയാണ് ഇപ്പോള്‍ മൂന്നാര്‍ ഗ്രാമപഞ്ചായത്ത്.
മനോരമ ന്യൂസില്‍ വ്യാജ പ്രചരണത്തെ കുറിച്ച് വന്ന വാര്‍ത്ത റിപ്പോര്‍ട്ട് കാണാം-
നിഗമനം
തൊഴിലുറപ്പ് പദ്ധതി പ്രകാരം തൊഴിലാളികള്‍ നിര്‍മ്മിക്കുന്ന ബ്രഷ് വുഡ് ചെക്ക് ഡാം നിര്‍മ്മാണത്തെ കുറിച്ചുള്ള തെറ്റായ വിവരമാണ് വീഡിയോയിലൂടെ പ്രചരിപ്പിച്ചിരിക്കുന്നതെന്ന് വ്യക്തമായി കഴിഞ്ഞു. അതുകൊണ്ട് തന്നെ പ്രചരണം പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Title:മൂന്നാറില്‍ ഡാം നിര്‍മ്മാണത്തിലെ അപാകതകളും അഴിമതികളും യുവാവ് പറയുന്ന വിവരങ്ങള്‍ അടിസ്ഥാന രഹിതം.. വസ്‌തുത അറിയാം..
Fact Check By: Dewin CarlosResult: False
