FACT CHECK – പി.ജയരാജന്‍ ബിജെപിയിലേക്ക് എന്ന് വീണ്ടും വ്യാജ പ്രചരണം.. വസ്‌തുത അറിയാം..

രാഷ്ട്രീയം

വിവരണം

പാര്‍ട്ടി സീറ്റ് നിഷേധിച്ചു.. പി.ജയരാജന്‍ ബിജെപിയിലേക്ക്.. എന്ന പേരില്‍ ഒരു പോസ്റ്റ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. കേസരി എന്ന പേരിലുള്ള ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 110ല്‍ അധികം റിയാക്ഷനുകളും 210ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്.

Facebook PostArchived Link

എന്നാല്‍ യഥാര്‍ത്ഥത്തില്‍ പി.ജയരാജന്‍ ബിജെപിയിലേക്ക് എന്ന ഈ പ്രചരണം വസ്‌തുതാപരമാണോ. ജയരാജന് സീറ്റ് നിഷേധിച്ചെന്ന പ്രചരണത്തെ കുറിച്ച് ജയരാജന്‍റെ പ്രതികരണം എന്താണ്? വസ്‌തുത അറിയാം.

വസ്‌തുത വിശകലനം

മുതിര്‍ന്ന സിപിഎം സംസ്ഥാന നേതാവും സിപിഎം മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായ പി.ജയരാജനെതിരെയുള്ള പ്രചരണത്തെ കുറിച്ചറിയാന്‍ സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫിസ് മുഖാന്തരം പി.ജയരാജനുമായി ഞങ്ങളുടെ പ്രതിനിധി ബന്ധപ്പെട്ടു. അദ്ദേഹത്തിന്‍റെ മറുപടി ഇങ്ങനെയാണ്-

സിപിഎമ്മില്‍ നിന്ന് ആരൊക്കെയാണ് സ്ഥാനാര്‍ത്ഥിയാകേണ്ടതെന്നുള്ള ചര്‍ച്ചകളെ കുറിച്ചൊക്കെ പാര്‍ട്ടിയാണ് തീരുമാനം എടുക്കുന്നത്. ഇതുവരെ നിയമസഭ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് സിപിഎം ചര്‍ച്ചകള്‍ നടത്തിയിട്ടില്ല.

കഴിഞ്ഞ കുറെ കാലങ്ങളായി സംഘപരിവാര്‍-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തനിക്കെതിരെ ഇത്തരം വ്യാജ പ്രചരണവുമായി രംഗത്ത് വരാറുണ്ട്. പ്രത്യേകിച്ച് തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഇവര്‍ സ്ഥിരമായി പി.ജയരാജന്‍ ബിജെപിയിലേക്ക് എന്ന പേരില്‍ പ്രചരിപ്പിക്കും. ഇത്തരം പ്രചരണങ്ങള്‍ മുഖവുരയ്ക്ക് എടുക്കാറില്ലെന്നും ഇത്തരം പ്രചരണങ്ങളോടും പ്രചരിപ്പിക്കുന്നവരോടും അവജ്ഞമാത്രമാണെന്നും ജയരാജന്‍ പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍ നയിക്കുന്ന ഇടത് മുന്നണിയുടെ വികസന മുന്നേറ്റ ജാഥയുടെ ഭാഗമായി കണ്ണൂര്‍ ജില്ലയിലെ പര്യടനത്തില്‍ പങ്കെടുത്ത ശേഷം മടങ്ങി എത്തിയപ്പോഴാണ് ഇത്തരക്കാരുടെ വ്യാജ പ്രചരണം കേള്‍ക്കുന്നതെന്നും ജയരാജന്‍ വ്യക്തമാക്കി.

നിഗമനം

സീറ്റ് നിഷേധവും ബിജെപി പ്രവേശനവുമെല്ലാം വ്യാജ പ്രചാരണങ്ങള്‍ മാത്രമാണെന്ന് പി.ജയരാജന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് പോസ്റ്റ് പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Avatar

Title:പി.ജയരാജന്‍ ബിജെപിയിലേക്ക് എന്ന് വീണ്ടും വ്യാജ പ്രചരണം.. വസ്‌തുത അറിയാം..

Fact Check By: Dewin Carlos 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •