
വിവരണം
ആരും ചിരിക്കരുത് ,
ഇതാണ് താനൂരിൽ ചങ്കൻ ഉൽഘാടിച്ച തട്ടിക്കൂട്ട് ഫയർ ആന്റ് റെസ്ക്യൂ സ്റ്റേഷൻ എന്ന തലക്കെട്ട് നല്‍കി അഗ്നിശരക്ഷാ സേനയുടെ രണ്ട് വാഹനങ്ങള്‍ ഒരു ഷെഡ്ഡില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന ചിത്രം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത ഫയര്‍ ആന്‍ഡ് റെസ്‌ക്യു സ്റ്റേഷനാണാണിതെന്ന് പരോക്ഷമായി ആരോപണം ഉന്നയിച്ചാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ഓഫിസ് കെട്ടിടം ഇല്ലാതെ ഒരു ഷെഡ്ഡ് മാത്രമായി നിര്‍മ്മിച്ച് ഉദ്ഘാടനം നടത്തിയെന്നാണ് പോസ്റ്റിലെ പ്രധാന ആക്ഷേപം. അഡ്വ റഫീഖ് താനൂര്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 139ല്‍ അധികം റിയാക്ഷനുകളും 1,900ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്.

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഓഫിസ് കെട്ടിടമില്ലാതെ വെറും ഷെഡ്ഡ് മാത്രം നിര്‍മ്മിച്ചാണോ മുഖ്യമന്ത്രി ഫയര്‍സ്റ്റേഷന്‍ എന്ന പേരില്‍ താനൂരില്‍ ഉദ്ഘാടനം ചെയ്തത്? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
മലപ്പുറം ജില്ലയിലെ താനൂരില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പുതിയ അഗ്നിരക്ഷാ സേന ഓഫിസ് ഉദ്ഘാടനം ചെയ്തത്. എന്നാല്‍ ഇത് വെറും ഒരു ഷെഡ്ഡ് മാത്രമാണെന്ന് ആരോപിച്ചാണ് ഇപ്പോള്‍ പ്രചരണം നടക്കുന്നത്. എന്നാല്‍ ഓഫിസ് കെട്ടിടം ഇല്ലാതെ അഗ്നിരക്ഷാസേനയുടെ വാഹനം പാര്‍ക്ക് ചെയ്യാനുള്ള ഷെഡ്ഡ് മാത്രമാണോ താനൂരില്‍ നിര്‍മ്മിച്ചതെന്നും ഇതാണോ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തതെന്നും അറിയാന്‍ ഞങ്ങളുടെ പ്രതിനിധി മലപ്പുറം ജില്ലാ ഫയര്‍ ഓഫിസറുമായി ഫോണില്‍ ബന്ധപ്പെട്ടു. അദ്ദേഹത്തിന്‍റെ മറുപടി ഇങ്ങനെയാണ്-
ഓഫിസ് കെട്ടിടം ഉള്‍പ്പടെ ജീവനക്കാരുടെ നിയമനം ഉള്‍പ്പടെ പൂര്‍ത്തീകരിച്ചാണ് താനൂരില്‍ ഫയര്‍ സറ്റേഷന്‍ ആരംഭിച്ചിരിക്കുന്നത്. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തതോടെ ഓഫിസ് പൂര്‍ണ്ണമായി പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. വാടക കെട്ടിടത്തിലാണ് ഓഫിസ് പ്രവര്‍ത്തിക്കുന്നത്. പല സര്‍ക്കാര്‍ ഓഫിസുകള്‍ ഇത്തരത്തില്‍ വാടക കെട്ടിടങ്ങളില്‍ ദീര്‍ഘകാലത്തേക്ക് പ്രവര്‍ത്തിക്കുന്നുണ്ട്. ഓഫിസ് കെട്ടിടത്തിന്‍റെ ചിത്രവും നല്‍കാന്‍ തയ്യാറാണ്. മറിച്ചുള്ള പ്രചരണങ്ങള്‍ വസ്‌തുത വിരുദ്ധമാണെന്നും ജില്ലാ ഫയര്‍ ആൻഡ് റെസ്‌ക്യൂ ഓഫിസര്‍ വ്യക്തമാക്കി.
ഓഫിസ് കെട്ടിടത്തിന്‍റെ ചിത്രം-

നിഗമനം
താനൂരില്‍ ഓഫിസ് കെട്ടിടം ഉള്‍പ്പടെയാണ് അഗ്നിരക്ഷാസേന ഓഫിസ് ആരംഭിച്ചതെന്ന് കെട്ടിടത്തിന്‍റെ ചിത്രം ഉള്‍പ്പടെ സ്ഥിരീകരിച്ച ശേഷം ജില്ലാ ഫയര്‍ ഓഫിസര്‍ വ്യക്തമാക്കി കഴിഞ്ഞു. അതില്‍ പ്രചരണം പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Title:താനൂരില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത ഫയര്‍ സ്റ്റേഷനുമായി ബന്ധപ്പെട്ട പ്രചരണങ്ങള്‍ക്ക് പിന്നിലെ വസ്‌തുത ഇതാണ്..
Fact Check By: Dewin CarlosResult: False
