Fact Check – വൈറ്റില മേല്‍പ്പാലത്തെ കുറിച്ച് പ്രചരിക്കുന്ന ഈ കഥകള്‍ സത്യമോ.. വസ്‌തുത ഇതാണ്..

രാഷ്ട്രീയം | Politics

വിവരണം

പാലത്തിൽ വലിയ വണ്ടികൾ കയറിയാൽ മുകൾ ഭാഗം മെട്രോ പാലത്തിൽ മുട്ടും എന്ന് ഒരു പോസ്റ്റ്‌ ഇട്ടിരുന്നു. കമ്മികൾ അതിനെ വിഡ്ഢി ത്തം എന്നു പോസ്റ്റ്‌ ചെയ്തു ആ പോസ്റ്റിനെ അവഹേളിച്ചു ദാ ഇപ്പോൾ തെളിവ് ഇന്നുവരെ ഒരു പാലത്തിലും കാണാൻ കഴിയാത്ത ക്രോസ്സ് ബാർ വച്ചു വലിയ വണ്ടികളെ തടഞ്ഞിരിക്കുന്നു അതായത് ടൺ ന്നേജ് കൂടിയ ഹൈറ്റ് കൂടിയ (ഭാരമുള്ള )വണ്ടികൾക്കു പാലത്തിൽ പ്രവേശനം ഇല്ല പാലാരിവട്ടം പാലം പോലും ക്രോസ്സ് ബാർ വയ്ക്കാതെ കാണിച്ച ചങ്ങൂറ്റം ഇവിടെ വലിയ വാഹനങ്ങൾ കയറ്റി പാലം പൊളിയാതിരിക്കാൻ മുൻകൂട്ടി ജാമ്യം എടുത്തിരിക്കുന്നു കാണുക.. എന്ന തലക്കെട്ട് നല്‍കി വൈറ്റില മേല്‍പ്പാലത്തിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് ഒരു ക്രോസ് ബാര്‍ സ്ഥാപിച്ചിരിക്കുന്ന ചിത്രം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഫില്‍ജിന്‍ തോമസ് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് ഇതുവരെ 37ല്‍ അധികം റിയാക്ഷനുകളും 144ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്.

Facebook Post Archived Link 

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഭാരം കൂടിയതും ഉയരും കൂടിയതുമായി വാഹനം കയറാതിരിരിക്കാനാണോ ക്രോസ് ബാര്‍ സ്ഥാപിച്ചത്? നിയമാനുസൃതമായ ഉയരത്തിലുള്ള വാഹനങ്ങള്‍ക്ക് പാലത്തില്‍ പ്രവേശിക്കാന്‍ കഴിയുകയില്ലേ? എന്താണ് വസ്‌തുത എന്ന് പരിശോദിക്കാം.

വസ്‌തുത വിശകലനം

വൈറ്റില മേല്‍പ്പാലവുമായി ബന്ധപ്പെട്ട വിവാദങ്ങളെ കുറിച്ചുള്ള വസ്‌തുത അറിയാന്‍ പാലം നിര്‍മ്മാണത്തിന്‍റെ ചുമതലയുള്ള പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗം കൊടുങ്ങല്ലൂര്‍ ഡിവഷന്‍ അസിസ്റ്റന്‍റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറുമായി ഞങ്ങളുടെ പ്രതിനിധി ഫോണില്‍ ബന്ധപ്പെട്ടു. അദ്ദേഹത്തിന്‍റെ വിശദീകരണം ഇങ്ങനെയാണ്-

വൈറ്റില മേല്‍പ്പാലം നിര്‍മ്മാണം പൂര്‍ത്തീകരണം അവസാനഘട്ടത്തില്‍ എത്തി നില്‍ക്കുമ്പോള്‍ ചിലര്‍ പാലം നിര്‍മ്മാണം അശാസ്ത്രീയമാണെന്ന പേരില്‍ വസ്‌തുത വിരുദ്ധമായ വ്യാജ പ്രചരണങ്ങളുമായി രംഗത്ത് വിന്നിട്ടുണ്ട്. ഒരു വര്‍ഷം മുന്‍പും പാലത്തിലൂടെ പോകുന്ന ഉയരമുള്ള വാഹനങ്ങള്‍ മുകളിലൂടെ കടന്നു പോകുന്ന മെട്രോ പാലത്തില്‍ ഇടിക്കുമെന്നായിരുന്നു വ്യാജ പ്രചരണം. ഇതിനെതിരെ കൊച്ചി സിറ്റി പോലീസ് കമ്മീഷണറിന് പരാതി പൊതുമരാമത്ത് നല്‍കിയിരുന്നു. അതിന് സമാനമായ രീതിയിലുള്ള വസ്‌തുത വിരുദ്ധമായ പ്രചരണമാണ് ഇപ്പോള്‍ ക്രോസ് ബാറിന്‍റെ പേരിലും പ്രചരിക്കുന്നത്. ഇന്ത്യന്‍ റോഡ് ക്രോണ്‍ഗ്രസ് (ഐആര്‍സി) മാനദണ്ഡങ്ങള്‍ പാലിച്ചാണ് ദേശീയപാതയുടെ ഭാഗമായ വൈറ്റില മേല്‍പ്പാലം നിര്‍മ്മിച്ചിരിക്കുന്നത്. ദേശീയപാതയില്‍ സാധരണഗതിയില്‍ പോകുന്ന ഏറ്റവും ഉയരം കൂടിയ ട്രെയിലര്‍ അഥവ കണ്ടെയിനര്‍ വാഹനങ്ങള്‍ക്ക് 4.7 മീറ്റര്‍ ഉയരമാണുള്ളത്. വൈറ്റില മേല്‍പ്പാലവും മെട്രോ പാലവും ഇപ്പോള്‍ സ്ഥാപിച്ചിരിക്കുന്ന ക്രോസ് ബാറിനും 5.5 മീറ്റര്‍ ഉയരമാണുള്ളത്. അതയാത് 4.7 എന്ന നിയമാനുസൃതമായ ഉയരത്തിലുള്ള വാഹനങ്ങള്‍ പാലത്തിലൂടെ കടന്ന് പോകുന്നതിന് യാതൊരു തടസവുമില്ലന്നതാണ് വസ്‌തുത. മെട്രോയുടെ പാലവും വൈറ്റില മേല്‍പ്പാലവും തമ്മിലുള്ള ഉയരം കൃത്യമായി പാലത്തില്‍ തന്നെ ബോര്‍ഡ് സ്ഥാപിച്ച് പരസ്യപ്പെടുത്തിയിട്ടുള്ളതാണ്. ഇനി അഥവ പ്രത്യേക ആവശ്യങ്ങള്‍ക്ക് അതായത് വ്യാവസായിക ആവശ്യങ്ങള്‍ക്കായി മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും യന്ത്രങ്ങള്‍ ഉള്‍പ്പടെയുള്ള സാധനങ്ങളുമായി വരുന്ന അസാധാരണ വലുപ്പമുള്ള വാഹനങ്ങള്‍ പാലത്തിന് സമാന്തരമായ റോഡിലൂടെ പോകണമെന്നതാണ് നിയമമെന്നും ഇവയെല്ലാം ഐആര്‍സിയുമായി ചര്‍ച്ച ചെയ്ത പ്രകാരമുള്ള മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ നടപ്പിലാക്കിയിട്ടുള്ളതാണെന്നും പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗം അസിസ്റ്റന്‍റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. നിയമവിരുദ്ധമായി മാനദണ്ഡങ്ങള്‍ക്ക് എതിരായി പൊതുമരാമത്ത് പ്രവര്‍ത്തിച്ചിട്ടില്ലെന്നും ഉയരത്തിന്‍റെ കാര്യത്തില്‍ സംശയമുള്ളവര്‍ക്ക് അത് അളന്ന് നോക്കി ബോധ്യപ്പെടാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വൈറ്റില മേല്‍പ്പാലത്തിലൂടെ പോകുന്ന ഉയരം കൂടിയ വാഹനങ്ങള്‍ മുകളിലൂടെ കടന്ന് പോകുന്ന മെട്രോ പാലത്തില്‍ ഇടിക്കുമെന്ന തരത്തിലുള്ള പ്രചരണം വ്യാജമാണെന്ന് മുന്‍പ് ഞങ്ങള്‍ കണ്ടെത്തിയിരുന്നു. ഫാക്‌ട് ക്രെസെന്‍ഡോ മലയാളം മുന്‍പ് നടത്തിയ വസ്‌തുത അന്വേഷണം വായിക്കാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക.

നിഗമനം

വൈറ്റില മേല്‍പ്പാലത്തിന്‍റെ പേരില്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണെന്ന് ദേശീയപാത അധികൃതര്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ പോസ്റ്റ് പൂര്‍ണ്ണമായും വ്യാജാണെന്ന് തന്നെ അനുമാനിക്കാം.

Avatar

Title:വൈറ്റില മേല്‍പ്പാലത്തെ കുറിച്ച് പ്രചരിക്കുന്ന ഈ കഥകള്‍ സത്യമോ.. വസ്‌തുത ഇതാണ്..

Fact Check By: Dewin Carlos 

Result: Missing Context