ബിജെപിക്ക് വേണ്ടി മാര്‍ച്ചില്‍ പങ്കെടുത്ത യുവതിയാണോ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി? വസ്‌തുത ഇതാണ്..

രാഷ്ട്രീയം | Politics

വിവരണം

അടിപൊളി ബിജെപിക്ക് വേണ്ടി പണിയെടുത്തതിന് സീറ്റ് കോണ്‍ഗ്രസ് വക.. എന്ന തലക്കെട്ട് നല്‍കി ഒരു പെണ്‍കുട്ടിയുടെ രണ്ട് ചിത്രങ്ങള്‍ ചേര്‍ത്തുള്ള പോസ്റ്റ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പില്‍ വെള്ളറിട ബ്ലോക്ക് ഡിവഷനിലെ സ്ഥാനാര്‍ത്ഥിയായ ആനി പ്രസാദ് ജെ.പിയുടെ ചിത്രം ഉപയോഗിച്ചാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരണം നടക്കുന്നത്. ആനി പ്രസാദ് കുറച്ച് നാളുകള്‍ക്ക് മുന്‍പ് ബിജെപിയുടെ സമരത്തില്‍ പങ്കെടുക്കുകയും പോലീസുകാരുമായി അടിപിടിയുണ്ടാക്കുന്ന ചിത്രവും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു എന്നതാണ് അവകാശവാദം. വിശാഖ് വിജയന്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും ഇത്തരത്തില്‍ പങ്കുവെച്ചിരിക്കുന്ന ചിത്രത്തിന് ഇതുവരെ 164ല്‍ അധികം റിയാക്ഷനുകളും 57ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്. 

Facebook Post Archived Link 

എന്നാല്‍ ബിജെപിയുടെ പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്ത അതെ പെണ്‍കുട്ടി തന്നെയാണോ വെള്ളറിട ബ്ലോക്ക് ഡിവിഷന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്? ബിജെപിയുടെ മാര്‍ച്ചിലെ സംഘര്‍ഷത്തിന്‍റെ ചിത്രമാണോ പോസ്റ്റിനൊപ്പം പ്രചരിപ്പിക്കുന്നത്? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

ആദ്യം തന്നെ ആനി പ്രസാദ് ജെ.പി.എന്ന വ്യക്തിയുടെ പ്രൊഫൈല്‍ ഫെയ്‌സ്ബുക്കില്‍ ലഭ്യമാണോ എന്നാണ് ഞങ്ങള്‍ അന്വേഷിച്ചത്. സെര്‍ച്ച് ചെയ്തപ്പോള്‍ തന്നെ ആനി പ്രസാദ് ജെ.പി വെള്ളറിട എന്ന പേരുള്ള പ്രൊഫൈല്‍ കണ്ടെത്താന്‍ കഴിഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതിന്‍റെ പോസ്റ്ററുകള്‍ പ്രൊഫൈലില്‍ പങ്കുവെച്ചിട്ടുണ്ട്. കൂടാതെ യൂത്ത് കോണ്‍ഗ്രസിന്‍റെ നിരവധി സമരങ്ങളില്‍ ആനി പ്രസാദ് പങ്കെടുത്ത ചിത്രവും പ്രൊഫൈലില്‍ കാണാന്‍ സാധിച്ചു. 

പിന്നീട് ബിജെപിയുടെ സമരത്തില്‍ പങ്കെടുത്ത ചിത്രമെന്ന പേരില്‍ ആരോപണം ഉന്നയിക്കപ്പെട്ട ചിത്രത്തെ കുറിച്ചാണ് അന്വേഷണം നടത്തിയത്. പോസ്റ്റില്‍ ഉപയോഗിച്ച് പൊലീസ് സംഘര്‍ഷത്തിന്‍റെ ചിത്രം ക്രോപ്പ് ചെയ്തത് റിവേഴ്‌സ് ഇമേജ് സെര്‍ച്ച് ചിയ്തപ്പോള്‍ മാതൃഭൂമി ഓണ്‍ലൈനില്‍  സെപ്റ്റംബര്‍ 17 ചിത്രങ്ങളിലൂടെ എന്ന തലക്കെട്ട് നല്‍കിയ തലസ്ഥാനനഗരിയില്‍ നടന്ന പൊതുപരിപാടികളുടെയും സമരങ്ങളുടെയും ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നതായി കാണാന്‍ കഴിഞ്ഞു. ചിത്രങ്ങളുടെ നീണ്ട നിരയില്‍ ഏറ്റവും ഒടുവില്‍ നല്‍കിയിരിക്കുന്ന ചിത്രം ആനി പ്രസാദ് പോലീസുമായി കയ്യേറ്റത്തില്‍ കലാശിച്ചതിന്‍റേതാണ്. സെപ്റ്റംബര്‍ 16ന് സംഭവത്തിന് ആസപ്ദമായ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിന്‍റെ മറ്റ് ചില ചിത്രങ്ങള്‍ ആനി പ്രസാദ് തന്‍റെ ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ പങ്കുവെച്ചിട്ടുണ്ട്. ഇതെ വേഷത്തില്‍ തന്നെയുള്ള ചിത്രങ്ങളാണിവ. അതായത് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനിടയില്‍ പോലീസുമായി ഉണ്ടായ സംഘര്‍ഷത്തിന്‍റെ ചിത്രമാണ് ബിജെപിയുടെ മാര്‍ച്ചില്‍ പങ്കെടുത്ത യുവതി കോണ്‍ഗ്രസില്‍ മത്സരിക്കുന്നു എന്ന പേരില്‍ പ്രചരിപ്പിക്കുന്നതെന്ന് വ്യക്തം.

ആരോപണവിധേയായ വെള്ളറിട ബ്ലോക്ക് ഡിവിഷന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആനി പ്രസാദ് ജെ.പിയുമായി ഞങ്ങളുടെ പ്രതിനിധി ഫോണി‍ല്‍ ബന്ധപ്പെട്ടു. ആനിയുടെ പ്രതികരണം ഇങ്ങനെയാണ്-

ഫെയ്‌സ്ബുക്കില്‍ തന്‍റെ ചിത്രം ബിജെപിയുടെ പേരില്‍ പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇത് തികച്ചും അടിസ്ഥാന രഹിതമായ പ്രചരണമാണ്. ചെറുപ്പം മുതല്‍ കെഎസ്‌യു തലത്തില്‍ പ്രരവര്‍ത്തിച്ച വന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകയാണ്. നിലവില്‍ യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്നുണ്ട്. പാറശാല മണ്ഡലത്തിലെ വെള്ളറിടയില്‍ നിന്നും ബ്ലോക്ക് ഡിവിഷനിലേക്ക് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിട്ടാണ് താന്‍ മത്സരിക്കുന്നതെന്നും വ്യാജ പ്രചപണങ്ങള്‍ വിശ്വസിക്കരുതെന്നും ആനി പ്രസാദ് പറഞ്ഞു.

ആനി പ്രസാദ് തന്‍റെ ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ പങ്കുവെച്ചിരിക്കുന്ന യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിന്‍റെ ചിത്രങ്ങള്‍-

മാതൃഭൂമി അവരുടെ വെബ്‌സൈറ്റില്‍ പങ്കുവെച്ച ചിത്രം-

നിഗമനം

കെഎസ്‌യു മുതല്‍ പ്രവര്‍ത്തിച്ച് നിലവില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ ഭാരവാഹിയായി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് താന്‍ എന്ന് ആനി പ്രസാദ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനിടയില്‍ പോലീസുമായി ഉണ്ടായ സംഘര്‍ഷത്തിന്‍റെ ചിത്രമാണ് ബിജെപി മാര്‍ച്ച് എന്ന പേരില്‍ പ്രചരിപ്പിക്കുന്നതെന്ന് ഞങ്ങളുടെ അന്വേഷണത്തിലും വ്യക്തമായിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം പൂര്‍ണ്ണണായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Avatar

Title:ബിജെപിക്ക് വേണ്ടി മാര്‍ച്ചില്‍ പങ്കെടുത്ത യുവതിയാണോ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി? വസ്‌തുത ഇതാണ്..

Fact Check By: Dewin Carlos 

Result: False