
വിവരണം
എകെജി സെന്റര്‍ ആക്രമണം നടന്നിട്ട് ദിവസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. സിപിഎം ആസ്ഥാനത്ത് ബോംബ് ആക്രമണം നടന്നത് ജൂണ്‍ 30ന് ആയിരുന്നു. എന്നാല്‍ കേസില്‍ സിപിഎം പ്രവര്‍ത്തര്‍ തന്നെ പിടിയിലായി എന്ന പേരില്‍ മീഡിയ വണ്‍ നല്കിയ വാര്‍ത്തയുടെ ന്യൂസ് കാര്‍ഡ് സഹിതമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. എകെജി സെന്റര്‍ ആക്രമണം വെഞ്ഞാറമ്മൂട് സ്വദേശിയായ സിപിഎം പ്രവര്ത്തകന് അറസ്റ്റില്‍ എന്നതാണ് വാര്‍ത്തയുടെ ഉള്ളടക്കം. അഭിജിത്ത് അമ്പു എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ച പോസ്റ്റിന് ഇതുവരെ 50ല്‍ അധികം റിയാക്ഷനുകളും 18ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-

എന്നാല്‍ യഥാര്‍ത്ഥത്തില്‍ എകെജി സെന്റര്‍ ആക്രമണ കേസില്‍ സിപിഎം പ്രവര്ത്തകന് അറസ്റ്റിലായിട്ടുണ്ടോ? മീഡിയ വണ്‍ യഥാര്‍ത്ഥത്തില്‍ ഇത്തരത്തിലൊരു വാര്‍ത്ത നല്‍കിയിട്ടുണ്ടോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്തുത എന്ന് പരിശോധിക്കാം.
വസ്തുത വിശകലനം
ആദ്യം തന്നെ മീഡിയ വണ്‍ ചാനലിന്റെ ഔദ്യോഗിക വെബ്സൈറ്റിലും അവരുടെ സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകളിലും ഇത്തരത്തിലൊരു വാര്‍ത്തയോ ന്യൂസ് കാര്‍ഡോ പങ്കുവെച്ചിട്ടുണ്ടോ എന്ന് പരിശോധിച്ചെങ്കിലും യാതൊന്നും തന്നെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. അതിനാല്‍ ഞങ്ങളുടെ പ്രതിനിധി മീഡിയ വണ്‍ വെബ് ഡെസ്കുമായി ഫോണില്‍ ബന്ധപ്പെട്ട് സംഭവത്തെ കുരിച്ച് അന്വേഷിച്ചു. അവര്‍ നല്കിയ മറുപടി ഇങ്ങനെയാണ്-
മീഡിയ വണ്‍ ഇത്തരത്തില്‍ ഒരു വാര്‍ത്ത നല്‍കിയിട്ടില്ല. മീഡിയ വണ്‍ ലോഗോ ദുരുപയോഗം ചെയ്ത് വ്യാജ പ്രചരണം നടത്തുന്നതാണ് ചിലര്‍. ഇത്തരത്തില്‍ വ്യാജ പ്രചരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും വെബ് ഡെസ്ക് പ്രതിനിധി അറിയിച്ചു.
വ്യാജ പ്രചരണത്തിനെതിരെ മീഡിയ വണ്‍ പങ്കുവെച്ച ന്യൂസ് കാര്‍ഡും അവര്‍ ഞങ്ങള്‍ക്ക് കൈമാറി.
വ്യാജ പ്രചരണത്തിനെതിരെ മീഡിയ വണ്‍ പങ്കുവെച്ച ന്യൂസ് കാര്‍ഡ്-

കൂടാതെ സിപിഎം സംസ്ഥാന കമ്മിറ്റി ഓഫിസായ എകെജി സെന്ററില്‍ ബോംബ് ആക്രമണം നടത്തിയ കേസില്‍ ഇതുവരെ പ്രതിയെ പോലീസിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
എകെജി സെന്റര്‍ ആക്രമണത്തില്‍ രണ്ട് കോണ്‍ഗ്രസ് പ്രരവര്ത്തകരെ പോലീസ് പിടികൂടി എന്ന പേരില്‍ മനോരമ ന്യൂസിന്റെ വ്യാജ സെക്രീന്ഷോട്ട് ഉപയോഗിച്ച് പ്രചരണം നടത്തിയതില്‍ ഞങ്ങള്‍ മുന്‍പ് സമാനമായ ഫാക്ട് ചെക്ക് ചെയ്തിരുന്നു. ഫാക്ട് ചെക്ക് ഇവിടെ വായിക്കാം.
നിഗമനം
എകെജി സെന്റര്‍ ആക്രമണത്തില്‍ വെഞ്ഞാറമ്മൂട് സ്വദേശിയായ സിപിഎം പ്രവര്‍ത്തകനെ പിടികൂടിയെന്ന് മീഡിയ വണ്‍ വാര്‍ത്ത നല്‍കിയിട്ടില്ല. പ്രചരണം വ്യാജമാണെന്ന് മീഡിയ വണ്‍ പ്രതിനിധികള്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തില്‍ ഇതുവരെ പോലീസ് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:എകെജി സെന്റര്‍ ആക്രമണ കേസില്‍ സിപിഎം പ്രവര്ത്തകന് പിടിയിലെന്ന പ്രചരണം വ്യാജം.. വസ്തുത ഇതാണ്..
Fact Check By: Dewin CarlosResult: False
