സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസന്‍ വധം; ദേശാഭിമാനി വാര്‍ത്തയുടെ പേരില്‍ വ്യാജ പ്രചരണം..

രാഷ്ട്രീയം

വിവരണം

സിപിഎം പ്രവര്‍ത്തകന്‍ കണ്ണൂര്‍ പുന്നോലില്‍ കെ.ഹരിദാസിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ആര്‍എസ്എസ് നേതാവായ നിജില്‍ ദാസിനെ പിടികൂടിയതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. ഇയാള്‍ ഒളുവില്‍ കഴിഞ്ഞിരുന്ന വീട്ടില്‍ നിന്നുമാണ് ഏപ്രില്‍ 22ന് രാത്രിയോടെ പോലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ ഒളിവില്‍ കഴിയാന്‍ സാഹായിച്ച വീട്ടുടമയും അധ്യാപികയുമായ ധര്‍മ്മടം അണ്ടല്ലൂര്‍ സ്വദേശിനി പി.എം.രേഷ്മയെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നതായി വാര്‍ത്തകള്‍ പുറത്ത് വന്നരുന്നു. അതെസമയം പ്രതിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച രേഷ്മയും കുടുംബവും സിപിഎമ്മുകാരാണെന്നും പാര്‍ട്ടിയുടെ ശക്തികേന്ദ്രത്തിലാണ് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഒളിവില്‍ കഴിഞ്ഞതെന്നുമുള്ള ആരോപണങ്ങള്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഉന്നയിച്ചിരുന്നു. ഇതിനിടയിലാണ് ദേശാഭിമാനി ദിനപത്രം ഏപ്രില്‍ 23ന് പ്രസിദ്ധീകരിച്ച പത്രത്തില്‍ ഈ സംഭവത്തെ കുറിച്ച് നല്‍കിയ വാര്‍ത്തയെന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ ഒരു പത്ര കട്ടിങ്ങ് പ്രചരിക്കാന്‍ തുടങ്ങിയത്. ഹരിദാസിനെ കൊലപ്പെടുത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകനെ പിടികൂടിയത് ഡിവൈഎഫ്ഐ അധ്യാപികയുടെ തന്ത്രത്തിലൂടെയെന്ന തലക്കെട്ടും, തന്ത്രത്തിലൂടെ സ്വന്തം വീട്ടില്‍ വിളിച്ചു വരുത്തി പോലീസിനെ അറിയിക്കുകയായിരുന്നു എന്നും സബ് ഹെഡ്ഡിങ് നല്‍കിയും ദേശാഭിമാനി രേഷ്മയെ കുറിച്ച് വാര്‍ത്ത നല്‍കിയെന്നതാണ് പ്രചരണം. അഷ്റഫ് ഷാസ് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് ഇതുവരെ 97ല്‍ അധികം റിയാക്ഷനുകളും 119ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-

Facebook Post Archived Link 

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ദേശാഭിമാനി ഇത്തരത്തിലൊരു വാര്‍ത്ത നല്‍കിയിട്ടുണ്ടോ? പ്രചരിക്കുന്നത് ദേശാഭിമാനിയില്‍ അച്ചടിച്ചു പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ കട്ടിങ് തന്നെയാണോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

ആദ്യം തന്നെ ദേശാഭിമാനി ഇ-പേപ്പര്‍ അവരുടെ വെബ്‌സൈറ്റിലൂടെ പരിശോധിക്കുകയാണ് ചെയ്തത്. ഏപ്രില്‍ 23 മുതല്‍ 26 വരെയുള്ള കണ്ണൂര്‍ എഡീഷന്‍ പത്രങ്ങള്‍ ഞങ്ങള്‍ പരിശോധിച്ചു. എന്നാല്‍ ഈ ദിവസങ്ങളില്‍ ഒന്നും തന്നെ ദേശാഭിമാനി സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്ന തലക്കെട്ടോടുകൂടിയ വാര്‍ത്ത നല്‍കിയിട്ടില്ലെന്നാണ് കണ്ടെത്താന്‍ കഴിഞ്ഞത്. മാത്രമല്ല ഏപ്രില്‍ 23ന് സംഭവത്തെ കുറിച്ച് ദേശാഭിമാനി നല്‍കിയിരിക്കുന്ന വാര്‍ത്തയുടെ തലക്കെട്ട് ഇപ്രകാരമാണ്.. ഹരിദാസന്‍ വധക്കേസ്, ആര്‍എസ്എസ് നേതാവും അധ്യാപികയും അറസ്റ്റില്‍..  കൊലക്കേസ് പ്രതിക്ക് വീട് വാടകയ്ക്ക് നല്‍കിയതിനാണ് അധ്യാപിക പിടിയിലായതെന്നും വാര്‍ത്തയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ദേശാഭിമാനി ഹരിദാസന്‍ വധകേസ് പ്രതി പിടിയിലായ വാര്‍ത്ത നല്‍കിയത് (ഏപ്രില്‍ 23, 2022)-

ഏപ്രില്‍ 23ന് ദേശാഭിമാനി പത്രത്തിന്‍റെ ആദ്യപുറം ഇങ്ങനെയാണ്-

സമൂഹമാധ്യമങ്ങളില്‍ ഇപ്പോഴുള്ള പ്രചരണത്തെ കുറിച്ച് ദേശാഭിമാനിയുടെ പ്രതികരണം തേടാന്‍ ‍ഞങ്ങളുടെ പ്രതിനിധി ദേശാഭിമാനി കണ്ണൂര്‍ ബ്യൂറോയുമായി ഫോണില്‍ ബന്ധപ്പെട്ടു. ഹകിദാസന്‍ വധവുമായി ബന്ഝപ്പെട്ട് ദേശാഭിമാനിയുടെ പേരില്‍ പ്രചരിക്കുന്നത് എ‍‍ഡിറ്റ് ചെയ്ത വ്യാജ വാര്‍ത്തയാണെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കണ്ണൂര്‍ ബ്യൂറോ ചീഫ് പ്രതികരിച്ചു.

നിഗമനം

ദേശാഭിമാനി ഇത്തരത്തിലൊരു വാര്‍ത്ത നല്‍കിയിട്ടില്ലെന്ന് അവര്‍ തന്നെ മറുപടി നല്‍കിയിട്ടുണ്ട്. കൂടാതെ ഏപ്രില്‍ 23ന് പ്രസിദ്ധീകരിച്ച ദേശാഭിമാനി കണ്ണൂര്‍ എഡിഷന്‍ ഇ-പേപ്പര്‍ പരിശോധിച്ച് ഇത്തരത്തിലൊരു വാര്‍ത്തയില്ല എന്ന് സ്ഥിരീകരിച്ചിട്ടുമുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസന്‍ വധം; ദേശാഭിമാനി വാര്‍ത്തയുടെ പേരില്‍ വ്യാജ പ്രചരണം..

Fact Check By: Dewin Carlos 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •