
വിവരണം
Jacobc Mathew എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും മറുനാടൻ ഷാജി എന്ന ഗ്രൂപ്പിലേക്ക് 2019 ജൂലൈ 24 ന് പോസ്റ്റ് ചെയ്ത ഒരു ചിത്രമാണിത്. ചിത്രത്തിൽ മുൻ എംപിയും എഐസിസി കർണാടക ഇൻ ചാർജ് ജനറൽ സെക്രട്ടറിയുമായ കെസി വേണുഗോപാലും കർണാടകയിലെ നിയുക്ത മുഖ്യമന്ത്രി യെദിയൂരപ്പയും കർണ്ണാടക നിയമസഭയിലെ മറ്റൊരു മന്ത്രിയായിരുന്ന ശോഭാ കാരന്ദ്‌ലാജിയും ചേർന്നുള്ള ഒരു ചിത്രവും ഒപ്പം “ഈ വിജയം ആഘോഷിക്കുന്ന എല്ലാ കോൺഗ്രസ്സ് കാർക്കും സമർപ്പിക്കുന്നു.
വേണുജിക്ക് എത്ര ക്യാഷ് കിട്ടിക്കാണും.?” എന്ന വാചകവും നൽകിയിട്ടുണ്ട്. ചിത്രത്തിൽ യെദിയൂരപ്പ കെസി വേണുഗോപാലിനു പൂച്ചെണ്ടു നൽകുന്ന ദൃശ്യമാണുള്ളത്.

archived link | FB post |
അതായത് പോസ്റ്റിൽ ആരോപിക്കുന്നത് കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേർന്നതിന് കെസി വേണുഗോപാൽ പണം വാങ്ങി. ആ അവസരത്തിൽ നിന്നുള്ള ചിത്രമാണിത് എന്നാണ്. നമുക്ക് ചിത്രത്തിന്‍റെ വസ്തുത അറിയാൻ ശ്രമിക്കാം.
വസ്തുതാ വിശകലനം
ഞങ്ങൾ ഈ ചിത്രം ഗൂഗിൾ reverse image വഴി പരിശോധിച്ചു നോക്കി. yeddyurappa.in എന്ന വെബ്‌സൈറ്റിൽ ഇതും ഇതോടനുബന്ധിച്ച മറ്റു നിരവധി ചിത്രങ്ങളും നൽകിയിട്ടുണ്ട്.


archived link | yeddyurappa |
കൂടാതെ ഞങ്ങൾക്ക് ഹിന്ദുബിസിനസ്സ് ലൈന്‍ ഇതേ ചിത്രവുമായി 2011 ജൂൺ 24 ന് പ്രസിദ്ധീകരിച്ച ഒരു വാർത്ത ലഭിച്ചു. വാർത്തയുടെ സ്ക്രീൻഷോട്ട് താഴെ കൊടുക്കുന്നു.

archived link | thehindubusinessline |
വാർത്തയുടെ പ്രസക്ത ഭാഗങ്ങളുടെ പരിഭാഷ ഇങ്ങനെയാണ്:
മൈസൂരിനും കോഴിക്കോട് (കാലിക്കട്ട്) നും ഇടയിലുള്ള 400 കെവി ഡി / സി ലൈന്‍ സ്റ്റേജ് -2 ന്റെ തെക്കൻ പവർ ഗ്രിഡ് വേഗത്തിലാക്കാൻ കേരളം കർണാടക സർക്കാരിന്‍റെ സഹായം തേടിയിട്ടുണ്ട്.
കേന്ദ്ര വൈദ്യുതി സഹമന്ത്രി കെ സി വേണുഗോപാൽ വ്യാഴാഴ്ച കർണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുടെ ഇടപെടൽ തേടി. ട്രാൻസ്മിഷൻ ലൈൻ, പവർ ഗ്രിഡിന്‍റെ പ്രാധാന്യം, ഇരു സംസ്ഥാനങ്ങൾക്കും ലഭിക്കുന്ന നേട്ടങ്ങൾ എന്നിവയെക്കുറിച്ച് മന്ത്രി മുഖ്യമന്ത്രിയെ അറിയിച്ചു.
മൈസൂർ-കോഴിക്കോട് 50 കിലോമീറ്റർ വൈദ്യുതി ലൈനിന് കർണാടക ഭാഗത്തുള്ള കോഫി പ്ലാന്‍റേഴ്സ്, കേരളത്തിലെ ഫോറസ്റ്റ് ക്ലിയറൻസ് പ്രശ്നം, പ്രാദേശിക എതിര്‍പ്പ് എന്നിവ കാരണം കാലതാമസം നേരിടുന്നു. പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (പിജിസിഎൽ) ആണ് ട്രാൻസ്മിഷൻ ലൈൻ സ്ഥാപിക്കുന്നത്. ഇത് തെക്കൻ പവർ ഗ്രിഡിന്റെ ഭാഗമാണ്. കേന്ദ്ര വൈദ്യുതി മന്ത്രാലയം ഇതിനായി ഇരു സംസ്ഥാന സർക്കാരുകളുമായി ചര്ച്ച ചെയ്യാമെന്ന് ഏറ്റിട്ടുണ്ട്.
കർണാടക മുഖ്യമന്ത്രിയെ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിച്ച വേണുഗോപാൽ, വടക്കൻ കേരളത്തിന് പ്രത്യേകിച്ച് കോഴിക്കോട് നഗരത്തിന് വൈദ്യുതി പ്രക്ഷേപണ പാത വളരെ നിർണായകമാണെന്ന് അറിയിച്ചു. .
മൈസൂർ, കൊടഗു ജില്ലകളിൽ 50 കിലോമീറ്റർ ദൂരത്തിൽ കർണാടകയിലെ ജോലികൾ സ്തംഭിചിരിക്കുകയാണ്. ജനങ്ങൾക്കും പരിസ്ഥിതിക്കും ദോഷകരമായ പ്രത്യാഘാതമുണ്ടാകുമെന്ന് ഭയന്ന് പ്രദേശവാസികൾ എതിര്‍പ്പുമായി രംഗത്ത് വന്നിട്ടുണ്ട്.
കർണാടക മുഖ്യമന്ത്രി പ്രദേശവാസികളുമായി കൂടിക്കാഴ്ച നടത്തി പദ്ധതി തടസ്സങ്ങൾ പരിഹരിക്കാൻ സഹായിക്കുമെന്ന് പറഞ്ഞു. ”വേണുഗോപാൽ കൂട്ടിച്ചേർത്തു.
നിർദ്ദിഷ്ട വൈദ്യുതി പ്രക്ഷേപണ പാത തെക്കൻ കുടകു വഴി കോഴിക്കോട് എത്തും.”
കൂടാതെ ഞങ്ങൾ കെസി വേണുഗോപാലിന്റെ ഓഫീസുമായി ബന്ധപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ പേഴ്സണൽ സ്ഥാഫായ ശരത് ഞങ്ങളുടെ പ്രതിനിധിയെ അറിയിച്ചത് ഇതൊരു പഴയ ചിത്രമാണെന്നാണ്. “അദ്ദേഹം കേന്ദ്ര വൈദ്യുതി മന്ത്രിയായിരുന്ന കാലത്ത് 2011 ൽ കോഴിക്കോടുള്ള ഒരു പവർഗ്രിഡ് പദ്ധതിയെ പറ്റിയുള്ള ചർച്ചയ്ക്കായി അന്നത്തെ കർണാടക മുഖ്യമന്ത്രിയായ യെദിയൂരപ്പയെ സന്ദർശിച്ച സമയത്തുള്ള ചിത്രമാണിത്. ഞങ്ങൾ ഈ പോസ്റ്റ് കണ്ടിട്ടില്ല. എങ്കിലും ഉറപ്പിച്ചു പറയുന്നു ഇത് തീർത്തും വ്യാജമായ ആരോപണമാണ്.”
ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമാകുന്നത് ഈ ചിത്രം 2011 ൽ കെസി വേണുഗോപാൽ കേന്ദ്ര മന്ത്രിയായിരുന്ന സമയത്ത് പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ മൈസൂർ – കോഴിക്കോട് 50 കിലോമീറ്റർ വൈദ്യുതി ലൈൻ സ്ഥാപിക്കുന്നതിനുള്ള തടസ്സങ്ങൾ നീക്കുന്ന കാര്യം ചർച്ച ചെയ്യാൻ അന്നത്തെ കർണാടക മുഖ്യമന്ത്രിയായിരുന്ന യെദിയൂരപ്പയെ സന്ദർശിച്ച സമയത്തുള്ളതാണ്. 9 വര്ഷം പഴയ ചിത്രമാണ് കോൺഗ്രസ്സ് എംഎൽഎമാർ ബിജെപിയിൽ ചേർന്ന കാര്യവുമായി ബന്ധപ്പെടുത്തി തെറ്റിദ്ധാരണ സൃഷ്ടിക്കാൻ ഉപയോഗിക്കുന്നത്.
നിഗമനം
ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന കാര്യം പൂർണ്ണമായും വ്യാജമാണ്. 2011 ലെ ചിത്രം തെറ്റിദ്ധാരണ സൃഷ്ടിക്കാനായി പ്രചരിപ്പിക്കുന്നതാണ്. കെസി വേണുഗോപാലിന്‍റെ ഓഫിസിൽ നിന്നും ചിത്രത്തെ കുറിച്ച് വ്യക്തമായ വിശദീകരണം ഞങ്ങൾക്ക് തന്നിട്ടുണ്ട്. അതിനാൽ തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന ഈ പോസ്റ്റ് പ്രചരിപ്പിക്കാതിരിക്കാൻ മാന്യ വായനക്കാർ ശ്രദ്ധിക്കണമെന്ന് ഞങ്ങൾ അപേക്ഷിക്കുന്നു

Title:കെസി വേണുഗോപാലും യദിയൂരപ്പയും ചേർന്നുള്ള ചിത്രം ഏതു സന്ദർഭത്തിലേതാണ്…?
Fact Check By: Vasuki SResult: False
