കാന്‍സര്‍ പ്രതിരോധത്തിനായി ആര്‍‌സി‌സിയിലെ ഡോക്ടര്‍മാര്‍ ഇങ്ങനെ സന്ദേശം നല്‍കിയിട്ടില്ല… സത്യമറിയൂ…

ആരോഗ്യം

ക്യാൻസർ രോഗ പ്രതിരോധവുമായി ബന്ധപ്പെട്ട്  കാലാകാലങ്ങളായി സാമൂഹ്യ മാധ്യമങ്ങളിൽ ഒരു സന്ദേശം പ്രചരിക്കുന്നുണ്ട് 

പ്രചരണം

തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്‍ററിലെ ഡോക്ടർ നൽകിയ സന്ദേശമാണ് എന്ന നിലയിലാണ് കാൻസർ രോഗപ്രതിരോധ സന്ദേശം പ്രചരിക്കുന്നത്. സന്ദേശം ഇങ്ങനെ: തിരുവനന്തപുരം റീജ്യണൽ ക്യാൻസർ സെന്ററിലെ ഡോക്ടർമാരുടെ നിർദ്ദേശം…

ഉപ്പ്, പഞ്ചസാര, പുളി, മോര്, പാൽ, വിനെഗർ (അഥവാ സൊർക), അച്ചാർ, ഉണക്കമുന്തിരി, ഈത്തപ്പഴം, ശർക്കര, കുടംപുളി എന്നീ സാധനങ്ങൾ പ്ലാസ്റ്റിക് പാത്രത്തിൽ ഇട്ടു സൂക്ഷിക്കുന്നത് മൂലം നിങ്ങൾ കാൻസറിനെ വിളിച്ചു വരുത്തലാണ് ചെയ്യുന്നത്. ഇതൊരു മുഖ്യ കാരണമായി ഡോക്ടർമാർ പറയുന്നുണ്ട്.

അതേ പോലെ തന്നെ, വീട്ടിൽ ഉപയോഗിച്ച് വരുന്ന അലുമിനിയം പാത്രങ്ങൾക്കും കാൻസർ ഉണ്ടാക്കുന്നതിൽ പങ്കുണ്ട്. അലുമിനിയം പാത്രങ്ങളിൽ പാൽ, മോര് മുതലായവ കാച്ചി ഉപയോഗിക്കുന്നത്, കറി വെയ്ക്കുന്നത്, എല്ലാം ഇതിനു കാരണം ആണ്. പ്രഷർ കുക്കർ അലുമിനിയം ആണെന്ന് പറഞ്ഞു തരേണ്ട കാര്യം ഇല്ലല്ലോ. സംഭവിക്കുന്നത് : അലുമിനിയം ചൂടാവുന്ന സമയത്തു അലുമിനിയം സൾഫേറ്റ് എന്ന രാസ വസ്തു ഭക്ഷണത്തിൽ കലരുന്നു. കുറച്ചു നാളുകൾ ഉപയോഗിച്ച കുക്കർ ആണെങ്കിൽ നിങ്ങൾക് അതിന്റെ ഉള്ളിലേക്കു നോക്കിയാൽ ചെറിയ ചെറിയ കുഴികൾ കാണാം. ആ കുഴികളിൽ ഉണ്ടായിരുന്ന രാസവസ്തു ഇപ്പോ നിങ്ങളുടെ ശരീരത്തിൽ ആണെന്ന് മാത്രം.

*ഇത് ഏറ്റവും ബാധിക്കുന്നതു നമ്മുടെയൊക്കെ മക്കളെയാണ്.

*പ്രതിവിധി: അലുമിനിയം പാത്രങ്ങൾക്ക് പകരം ഇരുംബ്, സ്റ്റീൽ തുടങ്ങിയവ ഉപയോഗിക്കാം. പ്ലാസ്റ്റിക്കിനു പകരം ചില്ല് പത്രങ്ങളോ ചെമ്പു പാത്രങ്ങളോ ഉപയോഗിക്കാം.

ഈ വിവരം എല്ലാവരിലും നിങ്ങൾ എത്തിച്ചു കൊടുക്കുക. അതി മാരകമായ, ജീവിതത്തെ ഒന്നായി കാർന്നു തിന്നുന്ന കാൻസറിനെ നമുക് നമ്മളെക്കൊണ്ട് ആവും വിധം തുരത്തി ഓടിക്കാം.

കടപ്പാട്.”

FB postarchived link

ഞങ്ങൾ സന്ദേശത്തെ കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോൾ തെറ്റായ പ്രചരണമാണ് നടത്തുന്നത് എന്ന് വ്യക്തമായി.  

വസ്തുത ഇങ്ങനെ

സന്ദേശത്തിന്‍റെ യാഥാർഥ്യം അറിയാനായി ഞങ്ങൾ റീജ്യണൽ ക്യാൻസർ സെന്‍റർ പബ്ലിക് റിലേഷൻസ് ഓഫീസർ പി സുരേന്ദ്രൻ നായരുമായി സംസാരിച്ചു. അദ്ദേഹം പറഞ്ഞത് ഇത് പൂർണ്ണമായും തെറ്റായ പ്രചരണം ആണെന്നാണ്. “വർഷങ്ങളായി ഈ സന്ദേശം സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. യഥാർത്ഥത്തിൽ റീജിയണൽ കാൻസർ സെന്‍ററിലെ ഡോക്ടർമാർ ആരും തന്നെ ഇത്തരത്തിൽ ഒരു സന്ദേശം ആർക്കും എവിടെയും നൽകിയിട്ടില്ല. ഇതിനെതിരെ ഞങ്ങൾ സൈബർസെല്ലിൽ മുമ്പ് പരാതി നൽകിയിരുന്നു. എങ്കിലും ഓരോ വര്‍ഷവും ഇത് പ്രചരിക്കാറുണ്ട്.”  

പ്രചരിക്കുന്ന സന്ദേശത്തിൽ എന്തെങ്കിലും വസ്തുത ഉണ്ടോ എന്ന് അറിയാനായി ഞങ്ങൾ റീജിയണൽ ക്യാൻസർ സെന്‍ററിലെ  ഡോ.  കലാവതിയുമായി സംസാരിച്ചു. അവര്‍ ഞങ്ങളെ അറിയിച്ചത് ഇങ്ങനെയാണ്: “ഇത് പൂർണ്ണമായും വ്യാജ പ്രചരണമാണ്. RCC യിലെ ഡോക്ടർമാർ ഇങ്ങനെ ഒരു സന്ദേശം നൽകിയിട്ടില്ല. മാത്രമല്ല ഇതിൽ പറയുന്ന കാര്യങ്ങൾ മുഴുവൻ പ്രാവർത്തികമാക്കി ലോകത്ത് ഒരിക്കലും ആർക്കും ജീവിക്കാനാവില്ല. ഒന്നും ആർക്കും കഴിക്കാനും ആവില്ല. ഇത്തരം സന്ദേശങ്ങൾക്ക് യാതൊരു ശാസ്ത്രീയ അടിത്തറയുമില്ല.  ഏതൊരു രോഗത്തിനെതിരെയും മുൻകരുതലുകൾ എടുക്കുന്നത് നല്ലതാണ്. പക്ഷെ ശാസ്ത്രീയ അടിത്തറയില്ലാതെ പ്രചരിക്കുന്ന ഈ സന്ദേശം തിരുവനന്തപുരത്തെ ഡോക്ടർമാരുടെ പേരില്‍ ആരോ  പ്രചരിപ്പിച്ചതാണ്.”  

നിഗമനം 

 പോസ്റ്റിലെ സന്ദേശം യാതൊരു ശാസ്ത്രീയ അടിത്തറയും ഇല്ലാത്തതാണ് റീജിയണൽ കാൻസർ സെന്‍ററിലെ ഡോക്ടർമാർ ഇത്തരത്തിൽ ഒരു സന്ദേശം നൽകിയിട്ടില്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ശാസ്ത്രീയ അടിത്തറയില്ലാതെ പ്രചരിക്കുന്ന ഇത്തരം സന്ദേശങ്ങൾ ദയവായി പങ്കുവയ്ക്കാതിരിക്കുക. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:കാന്‍സര്‍ പ്രതിരോധത്തിനായി ആര്‍‌സി‌സിയിലെ ഡോക്ടര്‍മാര്‍ ഇങ്ങനെ സന്ദേശം നല്‍കിയിട്ടില്ല… സത്യമറിയൂ…

Fact Check By: Vasuki S 

Result: False