പൗരത്വ ബില്ലിനെതിരെ എ.എം.ആരിഫ് എംപി വോട്ട് ചെയ്തില്ലെന്ന പ്രചരണം സത്യമാണോ?

രാഷ്ട്രീയം

രാജ്യത്തെ ദളിത്-മുസ്‌ലിം ന്യൂനപക്ഷങ്ങളെ വേട്ടയാടുക എന്ന ലക്ഷ്യത്തോടെ ലോക്‌സഭയില്‍ അവതരിപ്പിച്ച പൗരത്വ ബില്ലിന്‍റെ നിര്‍ണായക വോട്ടെടുപ്പില്‍ നിന്നും എ.എം.ആരിഫ് എംപി മുങ്ങി എന്ന പേരില്‍ നിരവധി പോസ്റ്റുകള്‍ ഫെയ്‌സ്ബുക്കില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മുസ്ലിം ലീഗ് എംപിമാരെ സഭയില്‍ എത്തിക്കുന്ന തിരക്കിനിടയില്‍ ആലപ്പുഴ തരി മുങ്ങി,, എന്ന തലക്കെട്ട് നല്‍കിയാണ് പോസ്റ്റ് പ്രചരിക്കുന്നത്. സയ്യിദ് മുഹമ്മദ് ഷാഫി എന്ന പേരിലുള്ള പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന്  ഇതുവരെ 11ല്‍ അധികം ഷെയറുകളും 10ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്.

Archived Link

എന്നാല്‍ യഥാര്‍ഥത്തില്‍ സിപിഎം നേതാവും എംപിയുമായ ആരിഫ് പൗരത്വ ബില്ല് വോട്ടെടുപ്പില്‍ പങ്കെടുക്കാതെ മുങ്ങിയിരുന്നോ? ആക്ഷേപം വാസ്‌തവമാണോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

ലോക്‌സഭയില്‍ പൗരത്വ ബില്ല് സംബന്ധിച്ച ചര്‍ച്ചകളില്‍ നിന്നും വിട്ടു നിന്നോയെന്നും വോട്ടെടുപ്പില്‍ പങ്കെടുത്തില്ലേയെന്നും അറിയാന്‍ ഞങ്ങളുടെ പ്രതിനിധി എ.എം.ആരിഫ് എംപിയെ തന്നെ ഫോണില്‍ ബന്ധപ്പെട്ടു. അദ്ദേഹം പറഞ്ഞതിങ്ങനെയാണ്-

ലോക്‌സഭയില്‍ നവംബര്‍ 9ന് ആരിഫ് എംപി പൗരത്വം ബില്ലിനെ എതിര്‍ത്ത് പ്രസംഗിച്ചപ്പോള്‍-

പ്രതിഷേധം-

നുണപ്രചരണത്തിനെതിരെ പിന്നീട് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച വിശദീകരണം. (രേഖമൂലം എതിര്‍പ്പ് രേഖപ്പെടുത്തിയതിന്‍റെ പകര്‍പ്പും പത്രവാര്‍ത്ത കട്ടിങും സഹിതം)-

ഇന്നലെ.രാവിലെ,പൗരത്വബിൽ,ചർച്ചയ്ക്ക് എടുക്കുമ്പോൾ ഞാൻ സഭയിലില്ലായിരുന്നു എന്ന നിലയിൽ സാമൂഹ്യ മാധ്യമങ്ങളിൽ ചില ചർച്ചകൾ വന്നിരുന്നതായി അറിഞ്ഞു. സൈബർ മുസ്ലീം ലീഗ് പ്രവർത്തകരുടെ ഭാഗത്ത് നിന്ന് ആണ് ആ പ്രചാരണം നടന്നതെന്ന് ആണ് അറിഞ്ഞത്. എന്റെ സാന്നിദ്ധ്യത്തെ അവർ ശ്രദ്ധിക്കുന്നുണ്ട് എന്നറിഞ്ഞതിൽ സന്തോഷം.

രാവിലെ മുതൽ ഞാൻ സഭയിലുണ്ട്. പൗരത്വ ബില്ലിൽ ഞാൻ ഇന്നലെ ചില ഭേദഗതി നിർദ്ദേശങ്ങൾ സമർപ്പിച്ചിരുന്നു. ഒപ്പം തന്നെ,അവതരണാനുമതിക്കതിരെ കേരളത്തിൽ നിന്ന് ഞാൻ ഉൾപ്പെടെ കുറച്ചു പേർ നോട്ടീസ് നൽകിയിരുന്നതാണ്. എങ്കിലും എന്നെ സംസാരിക്കുവാൻ ആ ഘട്ടത്തിൽ സ്പീക്കർ അനുവദിച്ചിരുന്നില്ല. കൃത്യമായ കാരണം നോട്ടീസിൽ കാണിച്ചിട്ടില്ല എന്ന പേരിൽ ആണ് സ്പീക്കർ അവസരം നിഷേധിച്ചത്.
ഇത് പിന്നീട് സ്പീക്കർക്ക് മുന്നിൽ കൃത്യമായി ബോധ്യപ്പെടുത്തിയിരുന്നു. പരിശോധിച്ചപ്പോൾ കൃത്യമായ കാരണങ്ങൾ നോട്ടീസിൽ പറഞ്ഞിട്ടുണ്ടെന്ന് ബോധ്യം വന്നതുകൊണ്ട്.. CPIM ന് അനുവദിച്ച സമയത്തിലും അൽപ്പം അധിക സമയം, സഖാവ് വെങ്കിടേശൻ MP ഉപയോഗിച്ചിരുന്നു എങ്കിൽ പോലും എനിക്ക് സഭയിൽ സംസാരിക്കാൻ അനുമതി നൽകി.അനുവദിച്ച് കിട്ടിയ ചുരുങ്ങിയ സമയം കൊണ്ട് ബില്ലിന്റെ പിന്നിലെ BJP യുടെ വർഗ്ഗീയ രാഷ്ട്രീയ അജൻഡ തുറന്നുകാട്ടാൻ കഴിഞ്ഞു എന്നാണ് കരുതുന്നത്. ബില്ലിനെതിരെ സഭയിൽ വോട്ട് ചെയ്തു എങ്കിലും,ലോക് സഭയിൽ പാസ്സാക്കിയെടുക്കാൻ അവർക്കു കഴിഞ്ഞു. ഭരണഘടനാവിരുദ്ധമായ.നിയമത്തെ,കോടതിയിൽ ചോദ്യം ചെയ്യുന്നതുൾപ്പെടെയുള്ള നടപടികൾ ഉണ്ടാകും. ഒപ്പം തന്നെ,പാർലമെന്റിന് പുറത്ത് എല്ലാ വിഭാഗം ജനങ്ങളെയും യോജിപ്പിച്ച് ജനാധിപത്യത്തിന്റെയും,മതേതരത്വത്തിന്റെയും, സംരക്ഷണത്തിനായി പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കും.

സഭയിൽ നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം..

ക്യത്യമായ കാരണങ്ങളോടെ ഞാനീ ബില്ലിനെ എതിർക്കുന്നു.

ഈ പാർലമെന്റിൽ നവാഗതരായ എന്നെപ്പോലുള്ളവർ കടന്ന് വന്നത്, സഭയുടെ സംയുക്ത സമ്മേളനത്തിൽ ബഹുമാനപ്പെട്ട രാഷ്ട്രപതിയുടെ പ്രസംഗത്തിൽ, എക്കാലത്തെയും മഹാനായ സാമൂഹ്യ പരിഷ്കർത്താവായിരുന്ന ശ്രീനാരായണ ഗുരുദേവന്റെ മനോഹരമായ രണ്ടു വരികൾ
ഉദ്ധരിക്കുന്നത് കേട്ടുകൊണ്ടാണ്..

‘ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ ഏവരും, സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത് ‘

പക്ഷേ എല്ലാം മാറുന്നു. എല്ലാം വെറുപ്പിനും ഭയത്തിനും വഴി മാറ്റുന്നു. പറയുന്നത് ഒന്ന് പ്രവർത്തിക്കുന്നത് നിങ്ങളുടെ അജൻഡകൾക്കനുസരിച്ചും ആകുന്നു.
അതുകൊണ്ട് ഞാൻ ഈ ബില്ലിനെ എതിർക്കുന്നു.

ഈ ബിൽ, ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്ക് നിരക്കാത്തതും, പ്രീ ആമ്പിളിനും, മാലിക അവകാശങ്ങളായ 14 , 25 അനുശ്ചേദങ്ങൾക്കും, വിരുദ്ധവുമാണ്. എനിക്ക് മുൻപ് സംസാരിച്ചവർ ഇതിന്റെ ഭരണഘടനാ സാധുത ഇല്ലായ്മയെ കുറിച്ച് പറഞ്ഞു കഴിഞ്ഞു .ഇത് രണ്ടു സഭകളിലും പാസ്സായാലും, ഇത് ഉയർന്ന കോടതിയിൽ ചോദ്യം ചെയ്യപ്പെടുമെന്നുള്ളത് തീർച്ചയാണ്.

എന്തുതന്നെ ആയാലും ഈ ഭേദഗതി നിർദ്ദേശ ബിൽ രാജ്യത്തിന്റെ അഖണ്ഡതയെ അപകടകരമായി ബാധിക്കും എന്ന കാര്യം ഉറപ്പിച്ച് പറയാൻ ഞാൻ ആഗ്രഹിക്കുന്നു.
ഒരു കാര്യം നാം ഓർമ്മിക്കേണ്ടതാണ്. ഇൻഡ്യാ വിഭജനകാലത്ത്,ഗാന്ധിജി വിഭജനത്തെ എതിർത്ത് പറഞ്ഞത് ‘തന്റെ ഹൃദയത്തെ രണ്ടായി പിളർക്കുന്നു ‘ എന്നായിരുന്നു.BJP സർക്കാർ ഇൻഡ്യയുടെ ഹൃദയത്തെ ഈ പൗരത്വ നിയമം കൊണ്ട് രണ്ടായി പിളർക്കാൻ ശ്രമിക്കുന്നു.

ഈ ഭേദഗതിയനുസരിച്ച് ഇൻഡ്യൻ പൗരത്വം കിട്ടാനുള്ള എളുപ്പമാർഗ്ഗം ‘ഘർ വാപസി’ ആണ്.ഈ ഭേദഗതിയിൽ പറയുന്ന പട്ടികയിൽ പെടുന്ന 6 മതങ്ങളിലേക്ക്, ഒരു മുസ്ലീം തന്റെ വിശ്വാസത്തെ ഉപേക്ഷിച്ച് ചെന്നാൽ പൗരത്വം ഉറപ്പാക്കാമെന്ന നിലയാണ്.

ഈ സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെയും, സർക്കാരിന്റെ സാമ്പത്തിക നയവൈകല്യത്താൽ ദുരിതമനുഭവിക്കുന്നവരുടെ, എതിർപ്പുകളെയും പ്രക്ഷോഭങ്ങളെയും, വഴിതിരിച്ചുവിടാനുമാണ് ഇത്തരം കത്തുന്ന, വികാരപരമായ വിഷയങ്ങൾ കൊണ്ടുവന്നു കൊണ്ട്, ഈ സർക്കാർ ശ്രമിക്കുന്നത്.
എക്കാലത്തും ഈ കളി നടക്കില്ല എന്ന് മാത്രം ഓർമ്മിപ്പിക്കുന്നു.

ജനാധിപത്യ മതേതര രാഷ്ട്രമായ ഇൻഡ്യയെ ഒരു മതാധിഷ്ഠിത രാജ്യമാക്കാൻ ശ്രമിക്കരുത് എന്ന് നിങ്ങളോട് ഞാൻ വിനയ പുരസ്സരം അപേക്ഷിക്കുകയാണ്.
ജർമ്മനിയിൽ ഹിറ്റ്ലറിന്റെയും തന്ത്രം,മതത്തിന്റെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുക എന്നതായിരുന്നു.
BJP സർക്കാരിന്റെ ഈ ഭിന്നിപ്പിക്കൽ രാഷ്ട്രീയത്തെ ശക്തമായി എതിർക്കുന്നു.

ഈ പൗരത്വ നിയമ ഭേദഗതി ബില്ലിനെ ശക്തമായി എതിർക്കുന്നു.

നിഗമനം

രേഖമൂലം ബില്ലിനെതിരെയുള്ള എതിര്‍പ്പ് രേഖപ്പെടുത്തുകയും പ്രസംഗിക്കുകയും പ്രതിഷേധത്തില്‍ പങ്കെടുക്കുകയും ചെയ്തതിന്‍റെ തെളിവുകള്‍ ആരിഫ് എംപി തന്നെ പുറത്തുവിട്ടുണ്ട്. മാത്രമല്ല ബില്ലിനെതിരെ വോട്ട് ചെയ്തവരുടെ പട്ടികയില്‍ ആരിഫ് എംപിയുടെ പേരും മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പത്ര വാര്‍ത്ത കട്ടിങില്‍ ഇത് വ്യക്തമാണ്. അതുകൊണ്ട് തന്നെ മറിച്ചുള്ള പ്രചരണങ്ങള്‍ പൂര്‍ണമായും വസ്‌തുത വിരുദ്ധമാണെന്ന് തന്നെ അനുമാനിക്കാം.

Avatar

Title:പൗരത്വ ബില്ലിനെതിരെ എ.എം.ആരിഫ് എംപി വോട്ട് ചെയ്തില്ലെന്ന പ്രചരണം സത്യമാണോ?

Fact Check By: Dewin Carlos 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •