
വിവരണം
ഇന്ധന വില വര്‍ധനയില്‍ പ്രതിഷേധിച്ച് എറണാകുളം ഡിസിസി സംഘടിപ്പിച്ച റോഡ് ഉപരോധത്തനിടയില്‍ ഉണ്ടായ നാടകീയ രംഗങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെയും മുഖ്യധാരമാധ്യമങ്ങളിലെയും പ്രധാന ചര്‍ച്ചാ വിഷയം. നടന്‍ ജോജു ജോര്‍ജ്ജ് ഉപരോധം അവസാനിപ്പക്കണമെന്നും വാഹനങ്ങള്‍ കടത്തി വിടണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും അദ്ദേഹത്തിന്‍റെ വാഹനം തല്ലി തകര്‍ക്കുകയും ചെയ്ത ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ജോജു മദ്യപിച്ച് കോണ്‍ഗ്രസിന്‍റെ പരിപാടി അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചു എന്നാണ് കോണ്‍ഗ്രസ് ആരോപണം. അത്തരത്തിലൊരു പോസ്റ്റാണ് സൈബര്‍ കോണ്‍ഗ്രസ് എന്ന ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്നത്. ഇന്ധന വില വര്‍ദ്ധനവിനെതിരെ കോണ്‍ഗ്രസ് സംഘടിപ്പിച്ച വഴി തടയില്‍ സമരത്തിലേക്ക് മദ്യലഹരിയില്‍ വാഹനം ഓടിച്ച് കയറ്റാന്‍ ശ്രമിച്ച സിനിമ നടന്‍ പിടിയില്‍.. എന്ന പേരില്‍ ജോജുവിന്‍റെ ചിത്രം സഹിതം നല്‍കിയാണ് സൈബര്‍ കോണ്‍ഗ്രസ് എന്ന പേജ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിന് 4,600ല്‍ അധികം റിയാക്ഷനുകളും 586ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്.

എന്നാല്‍ യഥാര്‍ത്ഥത്തില്‍ മദ്യപിച്ചാണോ നടന്‍ ജോജു വാഹനം ഓടിച്ചെത്തിത്? മദ്യലഹരിയില്‍ വാഹനം ഓടിച്ച് പ്രതിഷേധത്തിനിടയില്‍ അദ്ദേഹം കയറ്റാന്‍ അദ്ദേഹം ശ്രമിച്ചോ? പോലീസ് ജോജുവിനെ അറസ്റ്റ് ചെയ്തോ? എന്താണ് വസ്‌തുത എന്ന് അറിയാം.
വസ്‌തുത വിശകലനം
കൊച്ചി സിറ്റി പോലീസുമായി ഞങ്ങളുടെ പ്രതിനിധി ഫോണില്‍ ബന്ധപ്പെട്ടതില്‍ നിന്നും സംഭവത്തെ കുറിച്ച് ലഭിച്ച വിവരങ്ങള്‍ ഇപ്രകാരമാണ്-
നവംബര്‍ ഒന്ന് രാവിലെയായിരുന്നു ഇടപ്പള്ള-വൈറ്റില ബൈപ്പാസ് റോഡില്‍ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ധന വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് റോഡ് ഉപരോധം നടന്നത്. 15 മിനിറ്റ് നേരം റോഡ് ഉപരോധം എന്ന് അറിയിച്ച് തുടങ്ങിയ ഉപരോധം ഒരു മണിക്കൂര്‍ നീണ്ടു. തിരക്കേറിയ റോഡില്‍ വലിയ ഗതാഗത കുരുക്ക് രൂപപ്പെട്ടു. ഇതിനിടയില്‍ നടന്‍ ജോജു ജോര്‍ജ്ജും മറ്റ് വാഹനങ്ങളില്‍ ഉണ്ടായിരുന്നു യാത്രക്കാരും വാഹനങ്ങളില്‍ നിന്നും ഇറങ്ങി പ്രതിഷേധ സ്ഥലത്തെത്തി വാഹനങ്ങള്‍ കടത്തി വിടണമെന്ന് ആവശ്യപ്പെട്ടു. ഇതിന്‍റെ പേരില്‍ പിന്നീട് വാക്കേറ്റമുണ്ടായി. അതിന് ശേഷം നേതാക്കള്‍ ഇടപെട്ട് വാഹനങ്ങള്‍ കടത്തി വിടാന്‍ അനുവദിച്ചു. കുറച്ച് വാഹനങ്ങള്‍ കടന്നു പോയതോടെ നടന്‍ ജോജുവിന്‍റെ വാഹനം എത്തിയപ്പോള്‍ പ്രവര്‍ത്തകര്‍ വാഹനത്തിന് ചുറ്റം കൂടുകയും പിന്നിലെ ചില്ല് പ്രവര്‍ത്തകര്‍ അടിച്ച് പൊട്ടിക്കുകയും ചെയ്യുകയായിരുന്നു. അദ്ദേഹത്തിന് നേരെ കയ്യേറ്റ ശ്രമവും നടന്നു. പോലീസ് ഉദ്യോഗസ്ഥര്‍ വലയം തീര്‍ത്ത് ഒരു പോലീസ് ഓഫിസര്‍ ഡ്രൈവ് ചെയ്താണ് വാഹനം കടന്നു പോയത്. എന്നാല്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ജോജു മദ്യപിച്ച് പ്രശ്നമുണ്ടാക്കി എന്ന പരാതി നല്‍കിയെതിനെ തുടര്‍ന്ന് വൈദ്യപരിശോധന നടത്തിയെങ്കിലും അദ്ദേഹം മദ്യപിച്ചിട്ടില്ലെന്ന് റിസള്‍ട്ട് ലഭിക്കുകയും ചെയ്തു. ജോജുവിനെതിരെ നിലവില്‍ ഒരു കേസും രജിസ്ടര്‍ ചെയ്തിട്ടില്ല. മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അസഭ്യം പറഞ്ഞു എന്നും കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു എന്ന് ആരോപിച്ചു പരാതി ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇതുവരെയുള്ള അന്വേഷണത്തിന് ഇതിന് യാതൊരു തെളിവുകളും ലഭിച്ചിട്ടില്ല. വ്യക്തമായ തെളിവുണ്ടെങ്കില്‍ മാത്രമെ കേസ് എടുക്കുകയുള്ളു.
അതെസമയം ജോജുവിന്‍റെ കാര്‍ അടിച്ച് തകര്‍ത്തതിനും അദ്ദേഹത്തെ മര്‍ദ്ദിക്കാന്‍ ശ്രമിച്ചതിനും റോഡ് ഉപരോധിച്ചതിനും കോണ്‍ഗ്രസ് നേതാക്കള്‍ക്കും കാറിന് ചുറ്റം കൂടിയ കണ്ടാല്‍ തിരിച്ചറിയുന്നവര്‍ക്കും എതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്ടര്‍ ചെയ്തിട്ടുണ്ടെന്നും കുറ്റക്കാരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പോലീസ് അറിയിച്ചു.
കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ കേസിനെ കുറിച്ച് വിശദീകരിക്കുന്നു-
(മനോരമ ന്യൂസ്)
നിഗമനം
നടന്‍ ജോജു മദ്യപിച്ചിട്ടില്ലെന്ന് വൈദ്യപരിശോധനയില്‍ തന്നെ തെളിഞ്ഞിട്ടുണ്ട്. പ്രതിഷേധത്തിലേക്ക് വാഹനം ഓടിച്ച് കയറ്റാന്‍ ശ്രമിച്ചു എന്ന ആരോപണവും തെറ്റാണ്. വാഹനം അടിച്ച് തകര്‍ത്തതിനും കയ്യേറ്റ ശ്രമത്തിനും റോഡ് ഉപരോധത്തിനും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:മദ്യലഹരിയില്‍ കോണ്‍ഗ്രസ് പ്രതിഷേധ സമരത്തിലേക്ക് വാഹനം ഓടിച്ച് കയറ്റാന്‍ ശ്രമിച്ച നടന്‍ ജോജുവിനെ പോലീസ് അറസ്റ്റ് ചെയ്തോ? എന്താണ് വസ്‌തുത എന്ന് അറിയാം..
Fact Check By: Dewin CarlosResult: False
